Wednesday, May 14, 2014

കുറഞ്ഞ പലിശയില്‍ വായ്പ ലഭ്യമാക്കാന്‍ നടപടിയെടുക്കും -ഉമ്മന്‍ചാണ്ടി:

കുറഞ്ഞ പലിശയില്‍ വായ്പ ലഭ്യമാക്കാന്‍ നടപടിയെടുക്കും -ഉമ്മന്‍ചാണ്ടി:
ജനങ്ങള്‍ക്ക് കുറഞ്ഞ പലിശയില്‍ വായ്പ ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ സംസ്ഥാന തലത്തില്‍ സ്റ്റേറ്റ് ബാങ്കിങ് കമ്മറ്റി വിളിച്ചുചേര്‍ക്കും. കൂടാതെ കലക്ടര്‍മാരുടെ നേതൃത്വത്തില്‍ ജില്ലാതല കമ്മറ്റിയും ചേരും. വായ്പ ലഭ്യമാക്കുന്നതിന് സംവിധാനം ഒരുക്കാന്‍ സഹകരണവകുപ്പ് മന്ത്രിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

സര്‍ക്കാര്‍ നിയന്ത്രണ വായ്പാസ്ഥാപനങ്ങള്‍ ആര്‍.ബി.ഐയുടെ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തും. കുടുംബശ്രീ, മത്സ്യഫെഡ് എന്നിവയിലൂടെ ചെറുകിട വായ്പ ലഭ്യമാക്കുന്ന കാര്യവും സര്‍ക്കാരിന്‍െറ പരിഗണനയിലുണ്ടെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

COMMENT: പൊതു മേഖലാ ബാങ്കുകൾ സ്വകാര്യ ബാങ്കുകൾ സഹകരണ ബാങ്കുകൾ തുടങ്ങി സർക്കാർ നിയമങ്ങൾക്കനുസൃതമായി പ്രവർത്തിക്കുന്ന ധനകാര്യ സ്ഥാപനങ്ങൾ സാധാരണക്കാർക്കും വിശിഷ്യാ പാവപ്പെട്ടവർക്കും വായ്പ നിഷേധിക്കുന്നതാണ് ഒരു പരിധിവരെ ബ്ലേഡ് മാഫിയ വളരാൻ കാരണമായത്.
നിരവധി മുട്ടു ന്യായങ്ങൾ നിരത്തി നീട്ടിക്കൊണ്ടു പോകുന്ന സ്ഥിതി വിശേഷമാണ് ബാങ്കുകളുടെ ഭാഗത്ത്‌ നിന്ന് കണ്ടു വരുന്നത്. ഇങ്ങനെ നീട്ടി കൊണ്ടു പോകുമ്പോൾ ആവശ്യക്കാരൻ താനെ ശ്രമം ഉപേക്ഷിച്ചു പൊയ്ക്കൊള്ളും അല്ലെങ്കിൽ കൊള്ളപ്പലിശക്കാരുടെ ബളേഡിന് കഴുത്തു വെച്ച് കൊടുക്കും എന്ന് ഇക്കൂട്ടർക്ക് നന്നായറിയാം. കൂടാതെ ബളേഡു മഫിയക്കാരും ബാങ്ക് കാരും തമ്മിൽ അവിഹിത കൂട്ടു കെട്ടും ഉണ്ടെന്നു പറയപ്പെടുന്നു. ബാങ്കിന്റെ കാശു തന്നെയാണ് പലപ്പോഴും ബളേഡു കാർ മറിച്ചു കൊടുക്കുന്നത്. ബാങ്ക് മാനേജർ മാർക്ക് കമ്മീഷനും ലഭിയ്ക്കും പണം തിരികെ വങ്ങേണ്ട ഉത്തര വാദിത്ത്വം ബളേഡു ഗുണ്ടകൾ ഏറ്റെടുക്കുകയും ചെയ്യും. ചുരുക്കിപ്പറഞ്ഞാൽ കൈ നനയാതെ മീൻ പിടിക്കാം.
ഇതിനൊക്കെ ഒരു പരിഹാരം സർക്കാരിന്റെ ഭാഗത്ത്‌ നിന്നും ഉണ്ടാകുമോ?

Monday, December 30, 2013

ഗ്രീന്‍ മുബാസറ/ മരുഭൂമിയിലെ ഹരിത സ്വപ്‌നങ്ങള്‍ /Green Mubazzara

  • 03 മാര്‍ച്ച് 2013
  • ഗ്രീന്‍ മുബാസറ
    19 കുഭം 1188






  • ഗ്രീന്‍ മുബാസ്സറ

  • മരുഭൂമിയിലെ ഹരിത സ്വപ്‌നങ്ങള്‍  

    പുന്നയൂര്‍ക്കുളം സെയ് നുദീന്‍
  • ജബല്‍ ഹാഫിത്- യുഎഇയുടെ "കണ്ണാ"യ അല്‍ ഐനിലാണ് രാജ്യത്തെ ഏറ്റവും ഉയരംകൂടിയ ഈ പര്‍വതം. സമുദ്രനിരപ്പില്‍നിന്ന് 4100 അടിയോളം ഉയരത്തില്‍ ചാരനിറമുള്ള മണ്‍കൂനകളും പാറക്കെട്ടുകളും. മഴ പെയ്യാത്ത ഈ നാട്ടില്‍ മറ്റെന്ത് പ്രതീക്ഷിക്കാനാണ് എന്നാണ് ചോദ്യമെങ്കില്‍ തെറ്റി. ജബല്‍ ഹാഫിതിന്റെ അടിവാരമായ മുബാസ്സറയിലെ മടുപ്പിക്കുന്ന നരച്ച മൊട്ടക്കുന്നുകള്‍ മാറിക്കഴിഞ്ഞു. പ്രകൃതിയുടെ കാഠിന്യത്തെ വിനീതമായി വെല്ലുവിളിച്ചുകൊണ്ട് മരുഭൂമിയെ ഹരിതാഭമാക്കാന്‍ നിശ്ചയാര്‍ഢ്യത്തോടെ മനുഷ്യന്‍ നടത്തിയ പരിശ്രമങ്ങള്‍ സാര്‍ഥകം. ഇവിടം ഇപ്പോള്‍ ഗ്രീന്‍ മുബാസ്സറ. കണ്ടുകണ്ടങ്ങിരിക്കുന്ന കാടുകള്‍ ദിനങ്ങള്‍കൊണ്ട് കണ്ടില്ലെന്നു വരുത്തുന്ന മലയാളിക്ക് ഒരു പാഠമാണ് മുബാസ്സറ.

    വനവിസ്തൃതിയും നെല്‍പ്പാടങ്ങളും കഴിഞ്ഞ രണ്ടു ദശാബ്ദത്തിനിടെ പകുതിയാക്കി മാറ്റിയവരാണ് നമ്മള്‍. ഫലമോ ഈ സീസണില്‍ മഴയിലുണ്ടായ കുറവ് ഏകദേശം 35 ശതമാനം. ജനുവരിയില്‍ത്തന്നെ സര്‍ക്കാര്‍ പ്രഖ്യാപിച്ചു- കേരളം വരള്‍ച്ചബാധിത പ്രദേശം. ഭൗമശാസ്ത്ര പഠനങ്ങള്‍ വെളിപ്പെടുത്തുന്നു- ഹരിത കേരളത്തിന്റെ മൂന്നില്‍രണ്ടുഭാഗം മരുഭൂമിയാകുന്നതിന്റെ ലക്ഷണങ്ങള്‍. കുടിവെള്ളം കിട്ടാതെ തൊണ്ടപൊട്ടി ചാവുന്ന കാലം വിദൂരത്തല്ലെന്ന് വിദഗ്ധര്‍. ഇങ്ങനെ സ്വയംകുഴിച്ച ആര്‍ത്തിയുടെ കുഴിയില്‍ വീണുകിടക്കുന്ന മലയാളി കാണണം, കടുത്ത വേനലും പൊടിക്കാറ്റും പിന്നെ കഠിനശൈത്യവും മാത്രമുള്ള ഒരു പ്രദേശത്തെ എങ്ങനെ മാറ്റിത്തീര്‍ത്തിരിക്കുന്നുവെന്ന്. നമ്മുടെ നാട്ടിലെ വനവല്‍ക്കരണംപോലൊരു പരിപാടിയായിരുന്നില്ല മുബാസ്സറയില്‍ നടന്നത്. വെറുതെ നട്ടുവച്ചതുകൊണ്ടുമാത്രം വൃക്ഷങ്ങള്‍ വളരുന്ന കാലാവസ്ഥയുമല്ലല്ലോ ഇവിടെ. വര്‍ഷത്തില്‍ ഏതാനും ദിവസം മഴ ലഭിച്ചെങ്കിലായി. അതിനാല്‍, വര്‍ഷം മുഴുവന്‍ ജലസേചനം നടത്തണം. കടുത്ത വേനലും കൊടും ശൈത്യവും- ഇതാണ് ഗള്‍ഫില്‍ പ്രകടമായ ഋതുക്കള്‍. മെയ് മുതല്‍ സെപ്തംബര്‍വരെ ഉഷ്ണകാലം. ഒക്ടോബര്‍മുതല്‍ ഫെബ്രുവരിവരെ എല്ലുതുളയ്ക്കുന്ന തണുപ്പ്. അതിനിടയിലെവിടെയോ ജനുവരിയുടെ ഒടുവില്‍ ഒരു നീര്‍ച്ചാലുപോലെ ഏതാനും ആഴ്ചകള്‍മാത്രമുളള വസന്തം. അപ്പോഴാണ് ഈന്തപ്പനകള്‍ പൂക്കുന്നത്. ജൂണ്‍, ജൂലൈ ആകുമ്പോഴേക്കും അന്തരീക്ഷത്തില്‍ ഈന്തപ്പഴത്തിന്റെ കൊതിപ്പിക്കുന്ന ഗന്ധം നിറയും. അത് വിളവെടുപ്പിന്റെ നാളുകള്‍. നവംബര്‍ പിറന്നാല്‍ ദേശാടനപ്പക്ഷികള്‍ കൂട്ടമായി ചിറകടിച്ചെത്തും. ഫെബ്രുവരിവരെ കടല്‍ത്തീരങ്ങളിലും തടാകക്കരയിലും പാര്‍ക്കുകളിലും ഗ്രേറ്റ്ഗള്‍, ബ്ലാക്ക് ഹെഡഡ്ഗള്‍ എന്നീ ഇനത്തില്‍പ്പെട്ട കടല്‍കാക്കകള്‍ പറന്നിറങ്ങും. കേരളത്തില്‍ വന്നുപോകുമായിരുന്ന സൈബീരിയന്‍ കൊക്കുകളെയാണ് ഈ കടല്‍കാക്കകളെ കാണുമ്പോള്‍ നാമോര്‍ക്കുക. ആയിരക്കണക്കിനു കിലോമീറ്ററുകള്‍ കടന്ന് നമ്മുടെ വയലുകളും കൊറ്റിത്താവളങ്ങളും തേടി അവ ഇപ്പോള്‍ വരാറുണ്ടോ?
    ഹരിത വല്കരണം നടക്കുന്ന ചെറു പര്‍വതങ്ങള്‍ 

     സമുദ്രജലമുപയോഗിച്ചാണ് മലമ്പ്രദേശമായ മുബാസ്സറയില്‍ ജലസേചനം നടത്തുന്നത്. കടല്‍വെള്ളത്തിലെ ഉപ്പ് നീക്കംചെയ്തശേഷമാണ് ഉപയോഗിക്കുന്നത്. ഉപയോഗം കഴിഞ്ഞശേഷം ഒഴുക്കിക്കളയുന്ന ജലവും ഡ്രെയിനേജ് ജലവും സംസ്കരിച്ച് ഉപയുക്തമാക്കാറുണ്ട്. മലമുകളിലെങ്ങും നെടുകെയും കുറുകെയും കിടക്കുന്ന ചെറിയ ജലസേചന പൈപ്പുകള്‍ സൂക്ഷ്മനിരീക്ഷണത്തിലേ കാണാനാകൂ. ഇതാണ് ജലസേചനത്തിന്റെ ധമനികള്‍. ചില മരങ്ങള്‍ വലുതായി കഴിഞ്ഞാല്‍ പിന്നെ ജലസേചനം നിര്‍ബന്ധമില്ല. കാഫ് മരങ്ങള്‍ അത്തരത്തില്‍ പെട്ടതാണ്. എന്നാല്‍, ഇത് അപൂര്‍വമായി കാണപ്പെടുന്ന മരുപ്പച്ചകളില്‍പ്പെട്ട സസ്യമാണ്. വംശനാശം നേരിടുന്ന സസ്യയിനത്തില്‍പ്പെട്ടത്. കാഫ് കൂടാതെ വിവിധയിനം അക്കേഷ്യകളും വിവിധയിനം പുല്ലുകളും നന്നായി പിടിപ്പിച്ചിട്ടുണ്ട്.

    കനത്ത വേനലാകുമ്പോള്‍ പലപ്പോഴും സസ്യങ്ങള്‍ ഉണങ്ങാന്‍ തുടങ്ങും. പുല്ലുകളാണ് ആദ്യം കരിഞ്ഞുപോകുക, വേണ്ട ശുശ്രൂഷ നല്‍കിയും പുതിയവ നട്ടുപിടിപ്പിച്ചും ഈ ഹരിതസമ്പത്ത് നിലനിര്‍ത്താന്‍ ഇവിടത്തെ ജനത നടത്തുന്ന പരിശ്രമം കണ്ട് നാം ലജ്ജിക്കണം. അബുദാബി ടൂറിസംവകുപ്പും നഗരസഭയും ജനങ്ങളുടെ സഹകരണത്തോടെ നടത്തുന്ന അശ്രാന്ത പരിശ്രമത്തിന്റെ പരിണതഫലമാണ് ഗ്രീന്‍ മുബാസ്സറ. ഒരു ജനതയുടെ ഹരിത സ്വപ്നങ്ങളുടെ സാക്ഷാല്‍ക്കാരം അസാധ്യമല്ലെന്നതിന്റെ അടയാളം. ഗ്രീന്‍ മുബാസ്സറയില്‍ പല കുന്നുകളും ഭാഗികമായി പച്ചപുതച്ചു കഴിഞ്ഞു. ക്രമേണ മുഖഛായതന്നെ മാറ്റാനാകുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍. ഒമാനോട് അതിരിട്ടു കിടക്കുന്ന ജബല്‍ ഹാഫിതും ഹരിതാഭമാക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ചില ഭാഗങ്ങളില്‍ ഇപ്പോള്‍ത്തന്നെ മരങ്ങളും പുല്ലും പിടിപ്പിച്ചിട്ടുണ്ട്. ജബല്‍ ഹാഫിതിന്റെ 4000 അടി ഉയരത്തില്‍വരെ സഞ്ചരിക്കാന്‍ നല്ല റോഡുണ്ട്. മലമുകളില്‍ റിസോര്‍ട്ടുകളും ഹോട്ടലുകളുമുണ്ട്. ഏറ്റവും മുകളില്‍നിന്ന് ഗ്രീന്‍ മുബാസ്സറയിലേക്കുള്ള കാഴ്ച അതിമനോഹരമാണ്. മലമുകളില്‍ കഫെറ്റീരിയയുണ്ട്. അവിടെയും മലയാളികളുണ്ട്.

    കൊടും തണുപ്പുള്ള ജനുവരിയിലാണ് ഒടുവില്‍ ഞങ്ങള്‍ ജബല്‍ ഹാഫിത് സന്ദര്‍ശിച്ചത്. മൃഗങ്ങളും പക്ഷികളും ജബല്‍ ഹാഫിത് മലയില്‍ ഉണ്ടെങ്കിലും ഒന്നിനെയെങ്കിലും കാണാത്ത സങ്കടത്തിലായിരുന്നു ഞങ്ങള്‍. വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ചുവന്ന ചെറിയ ഒരിനം കുറുക്കന്‍- ചെവിക്ക് അല്‍പ്പം നീളംകൂടും, ഗസല്‍ മാന്‍, താര്‍ (ഒരിനം കാട്ടാട്), ഉടുമ്പുകള്‍, മുയലുകള്‍, വിവിധയിനം പാമ്പുകള്‍ മുതലായവയുമുണ്ട്. തലയില്‍ ഒറ്റക്കൊമ്പോടുകൂടിയ ഒരിനം പാമ്പ് ഉഗ്രവിഷമുള്ളവയാണ്. മഞ്ഞ കലര്‍ന്ന ചുവപ്പ് നിറമുള്ള ഇവ മണല്‍പ്രദേശങ്ങളിലും പര്‍വതങ്ങളിലും വസിക്കുന്നു. അധിവസിക്കുന്ന പ്രദേശത്തെ ചുറ്റുപാടുകളിലെ നിറങ്ങളില്‍നിന്ന് ഇവയെ തിരിച്ചറിയുക എളുപ്പമുള്ള കാര്യമല്ല. മണലിലാണെങ്കില്‍ ഇഴഞ്ഞ പാടുനോക്കി വേണം കണ്ടെത്താന്‍. മലമ്പ്രദേശത്ത് അതും സാധ്യമല്ല. ഇവ കൂടാതെ ഈജിപ്തുകാരായ പരുന്തുകള്‍, ഫാല്‍ക്കന്‍, ചെറിയ ഇനം അറേബ്യന്‍ മൂങ്ങകള്‍, സാന്‍ഡ് പാട്രിഡ്ജ് (തവിട്ടുനിറത്തിലുള്ള വലിയ ഒരിനം കാട), ഹൌബറ മുതലായവയുമുണ്ട്. ഹൌബറ മിക്കവാറും ദേശാടനക്കാലം കഴിയുമ്പോള്‍ മടങ്ങിപ്പോകും. കുരുവികള്‍, ബുള്‍ബുള്‍, അരിപ്രാവുകള്‍ മുതലായവയും ഇവിടെ കാണപ്പെടുന്നു. ബുള്‍ബുള്‍, അരിപ്രാവുകള്‍, ഫാല്‍ക്കന്‍ മുതലായവയെ യാത്രയ്ക്കിടെ ഞങ്ങള്‍ കണ്ടിരുന്നു. ജബല്‍ ഹാഫിതും ഗ്രീന്‍ മുബാസ്സറയും ഒട്ടേറെ സഞ്ചാരികളെ ആകര്‍ഷിക്കുന്ന കേന്ദ്രങ്ങളാണ് ഇപ്പോള്‍. ഒരു കാലത്ത് ഈ മലനിരകള്‍ വൃക്ഷനിബിഡമായിരുന്നെന്നും ഭൂമിയുടെ പാളികളിലുണ്ടായ ചലനങ്ങള്‍മൂലം ഇവിടം വെള്ളത്തിനടിയിലായതാണെന്നും ചില ഗവേഷണങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ഏറെക്കാലം വെള്ളത്തിനടിയിലായിരുന്നതിന്റെ ലക്ഷണങ്ങള്‍ ആര്‍ക്കും നിരീക്ഷിക്കാം. പവിഴപ്പുറ്റുകളുടെ അവശിഷ്ടങ്ങളും കക്കകളുടെയും ശംഖുകളുടെയും മറ്റ് ജലജീവികളുടെയും ഫോസിലുകളും ഇവിടെ കാണാം. മരുഭൂമലകള്‍തന്നെ പുരാതന ജീവികളുടെ അസ്ഥിപഞ്ജരങ്ങളെ ഓര്‍മിപ്പിക്കും. വനനിബിഡമായ പവര്‍വതപ്രദേശങ്ങള്‍ വെള്ളത്തിനടിയിലാകുകയും നൂറ്റാണ്ടുകളുടെ ജൈവ പരിണാമങ്ങളിലൂടെ ഇവിടെ പെട്രോളിയം രൂപപ്പെടുകയും ചെയ്തതായി പഠനങ്ങള്‍ തെളിയിക്കുന്നു. യുഎഇയിലെ പ്രമുഖ പെട്രോളിയം കമ്പനിയായ അഡ്നോക്കിലെ ചില വിദ്യാര്‍ഥികളും പ്രൊഫസര്‍മാരും ബ്രിട്ടീഷ് വിദഗ്ധരും ചേര്‍ന്ന് കുറെ വര്‍ഷങ്ങള്‍ക്കുമുമ്പ് നടത്തിയ ഗവേഷണം ഈ നിരീക്ഷണത്തെ സാധൂകരിക്കുന്നുണ്ട്. അബുദാബി സര്‍ക്കാരിന്റെ ചില രേഖകളും ഇത് ശരിവയ്ക്കുന്നതാണ്. പുരാതന ഗുഹാമനുഷ്യര്‍ നിവസിച്ച ഗുഹകളുടെ ശേഷിപ്പുകളും ഇത്തരം മലകളില്‍ കണ്ടെത്തിയതായി പറയപ്പെടുന്നു. ചരിത്രവും പ്രകൃതിയും സംയോജിക്കുകയാണ് ഗ്രീന്‍ മുബാസ്സറയില്‍. യുഎഇ ലോകത്തിനുമുന്നില്‍വയ്ക്കുന്ന മാതൃകയായി ഇവിടം മാറുന്നു. * അല്‍ ഐന്‍ എന്നാല്‍ അറബിയില്‍ കണ്ണ് എന്നാണ് അര്‍ഥം, ജബല്‍ എന്നാല്‍ പര്‍വതമെന്നും.
  • പര്‍വതത്തില്‍ നാട്ടു പിടിപ്പിച്ച പുല്ലുകള്‍ 
  • പച്ചത്തുരുത്തുകള്‍ പിന്നെയും...
    ഗള്‍ഫ് രാജ്യങ്ങളിലെ ഏറ്റവും ഹരിതാഭമായ നഗരമായി അംഗീകരിക്കപ്പെട്ടുകഴിഞ്ഞ അല്‍ ഐന്‍ അബുദാബി പ്രവിശ്യയിലാണ്. ഈ പാതപിന്തുടര്‍ന്ന് യുഎഇയിലെ ഇതര പ്രവിശ്യകളും മരുഭൂമി ഹരിതവല്‍ക്കരിക്കാനുള്ള കഠിനപരിശ്രമത്തിലാണ്. ദുബായില്‍ ഭരണാധികാരികള്‍ ശ്രദ്ധചെലുത്തുന്നത് കൂടുതലും ക്ലസ്റ്റര്‍ പാര്‍ക്കുകള്‍ നിര്‍മിക്കുന്ന കാര്യത്തിലാണ്. കഴിഞ്ഞ പത്തുവര്‍ഷത്തിനിടയില്‍മാത്രം നിരവധി പാര്‍ക്കുകള്‍ ഇത്തരത്തില്‍ നിര്‍മിച്ചു. അതില്‍ പ്രധാനപ്പെട്ടതാണ് സഅബീല്‍ പാര്‍ക്കും നാദ് അല്‍ ഹമര്‍ പാര്‍ക്കും. കൂടാതെ നിരവധി ചെറുപാര്‍ക്കുകളും. അബുദാബിയിലെ കണ്ടല്‍ക്കാടുകള്‍, ദുബായിലെ റാസ് അല്‍ ഖോര്‍ നീര്‍ത്തടം, കല്‍ബയിലെ കണ്ടല്‍ക്കാടുകള്‍ എന്നിവ അതത് പ്രവിശ്യ സര്‍ക്കാരിന്റെ പ്രത്യേക സംരക്ഷണത്തിന്‍ കീഴിലാണ്. കഴിഞ്ഞവര്‍ഷംവരെയും ഒരു നിയന്ത്രണവും കൂടാതെ സന്ദര്‍ശകര്‍ എത്തിക്കൊണ്ടിരുന്ന കല്‍ബയിലെ മുന്നൂറോളം ഹെക്ടര്‍വരുന്ന കണ്ടല്‍ക്കാടുകളില്‍ 2012 ഒടുവില്‍ ഷാര്‍ജ സര്‍ക്കാര്‍ പ്രവേശനം നിരോധിച്ചിരിക്കുകയാണ്. വലിയ തടാകത്തിനു ചുറ്റും സ്ഥിതിചെയ്യുന്ന ഈ കണ്ടല്‍വനങ്ങള്‍ക്ക് അതിരിട്ടു കിടക്കുന്നത് ഖോര്‍ഫക്കാന്‍ മലനിരകളാണ്. കൂടുതല്‍ സൗകര്യങ്ങളും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിക്കൊണ്ട് ഈ പ്രദേശത്തേക്കുള്ള സന്ദര്‍ശകരുടെ പ്രവേശനം വൈകാതെ സാധ്യമാക്കുമെന്ന് അധികൃതര്‍ പറയുന്നു. ഇപ്പോള്‍ അങ്ങോട്ടുള്ള പാലം അടയ്ക്കുകയും സെക്യൂരിറ്റി പോസ്റ്റ് ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

    March 03, 2013
Tell a Friend

Monday, November 25, 2013

കൊച്ചുബാവയെ സ്മരിക്കുമ്പോള്‍


bava2ടി വി കൊച്ചുബാവ വിട പറഞ്ഞിട്ട് നവംബര്‍ 25 ന് 14 വര്‍ഷം  പൂര്‍ത്തിയാവുന്നു

കൊച്ചു ബാവയുടെ കഥാ ലോകം വളരെ വേറിട്ട ഒന്നാണ്. വളരെ വ്യത്യസ്ഥമായ സമീപനമായിരുന്നു അദ്ദേഹം ഓരോ രചനകള്‍ നടത്തുമ്പോഴും പുലര്‍ത്തിപ്പോന്നത്. ഓരോ രചനകള്‍ക്കും വേണ്ടി അദ്ദേഹം പുതിയ മേച്ചില്‍ പുറങ്ങള്‍ തിരഞ്ഞു. അങ്ങനെ പുതുമകള്‍ സൃഷ്ടിച്ചു കൊണ്ടു വന്ന കഥകളാണ് പലതും. ‘കാള’ എന്ന കഥ ഒരു ഉദാഹരണം. എയിഡ്‌സ് പോലുള്ള മാരക രോഗങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ തുടങ്ങിയ കാലഘട്ടത്തിലാണ് അദ്ദേഹം ‘കാള’ എഴുതുന്നത്. ഈ വിഷയത്തെ ആസ്പദമാക്കിയുള്ള ഒരു കഥ മലയാളത്തില്‍ ആദ്യമായി വന്നത് കൊച്ചു ബാവയുടേതായിരുന്നു. രചനകള്‍ നടത്തുമ്പോള്‍ അദ്ദേഹം തന്റെ കഥാപാത്രങ്ങളുമായി നേരിട്ട് സംവദിച്ചിരുന്നു. ‘പെരുങ്കളിയാട്ടം’ എന്ന നോവല്‍ എഴുതുന്ന കാലത്ത് കൊച്ചുബാവ ആദിവാസികളോടൊപ്പം ഒരാഴ്ച താമസിക്കുകയുണ്ടായി. മറ്റു പല കഥാ കൃത്തുക്കളും തന്റെ പ്രധാന കഥാപാത്രത്തെ പേര് പറഞ്ഞു സംബോധന ചെയ്യുകയോ ‘അയാള്‍’ എന്ന് പ്രയോഗിക്കുകയോ ചെയ്തപ്പോള്‍ കൊച്ചു ബാവയുടെ പല കഥകളിലും പ്രധാന കഥാ പാത്രം ‘ഞാന്‍’ ആയിരുന്നു. ഇങ്ങനെ വായനക്കാരനുമായി ഒരു മാനസിക അടുപ്പം സൃഷ്ടിക്കാനുള്ള ശ്രമങ്ങള്‍
അദ്ദേഹത്തിന്റെ പല കഥകളിലും കാണാന്‍ കഴിയും.
വിഷയം തിരഞ്ഞെടുക്കുന്നതിലുള്ള പുതുമയും ശൈലിയുടെ ശക്തിയും കഥകള്‍ക്ക് കരുത്തു പകര്‍ന്നു. മറ്റു പലരും പൂക്കളെയും പൂമ്പാറ്റകളെയും കുറിച്ചും, മഞ്ഞിനെയും നദികളെയും കുറിച്ചുമൊക്കെ എഴുതിയപ്പോള്‍ കൊച്ചു ബാവയുടെ ശൈലി പരുക്കനും കടുത്ത ജീവിത യാഥാര്‍ത്ഥ്യങ്ങള്‍ പേറുന്നവയുമായിരുന്നു. കടും ചായങ്ങള്‍ നിറഞ്ഞതാണ് കൊച്ചു ബാവയുടെ കഥകള്‍ എന്ന് നിരൂപകര്‍ പറഞ്ഞു. അതിനു അദ്ദേഹത്തിന്റെ  മറുപടി ഇങ്ങനെയായിരുന്നു: ‘കേള്‍ക്കുന്നുണ്ട് , ജീവിതത്തെ ഏങ്കോണിച്ചു കാണുന്നു എന്നൊക്കെ കുറ്റപ്പെടുത്തുന്നുണ്ട് . കുറ്റം ശിരസാ വഹിക്കുന്നു. സുന്ദരമായ തൊലിപ്പുറത്തെ എല്ലും വൈകൃതവും എന്നെ നോക്കി കോക്രി കാണിക്കുന്നല്ലോ എപ്പോഴും. ഇക്കണ്ടു കാണായ ഭൂമിയിലെ സൗമ്യ മധുരമായ കാറ്റിനെക്കുറിച്ചും കിളികളെ കുറിച്ചുമൊക്കെ എഴുതാനാഗ്രഹമില്ലാഞ്ഞല്ല; കിളികള്‍ക്കും പൂക്കള്‍ക്കും എന്നു പറഞ്ഞു കൊണ്ട് കപ്പയില കാടുകളുടെ തണുപ്പിലൂടെ മനസ്സിനെ മേയാന്‍ വിടാന്‍ തന്നെയാണ് താല്പര്യവും. ഈ സൌഖ്യത്തിലിരുന്നു ആഴത്തിലേക്ക് നോക്കുമ്പോഴോ, അല്ലെങ്കില്‍ എഴുതാനിരിക്കുമ്പോഴോ കുപ്പത്തൊട്ടിക്കു മേലെ പിടഞ്ഞുണരുന്ന കുഞ്ഞിക്കണ്ണുകളും ആരാന്റെ കുന്ത മുനയിലുയര്‍ന്ന്  ആകാശം കാണുന്ന ആമിനയുടെ കെട്ടിയോനും റെയില്‍വേ ട്രാക്കില്‍ ജാര സന്തതിയെ ഉപേക്ഷിച്ചോടുന്ന അമ്മയും ഇരുമ്പു ചക്രങ്ങള്‍ക്കിടയില്‍ കുഞ്ഞിക്കരച്ചിലുമൊക്കെയായി പരു പരുത്തു പോകുന്നു അതൊക്കെ…..’
‘വൃദ്ധസദനം’ എന്ന നോവലിലൂടെ വാര്‍ദ്ധക്യത്തിന്റെ കൊടും യാതനകള്‍ അദ്ദേഹം വരച്ചു കാട്ടി. ജീവിതത്തിന്റെ സുഖ സൗകര്യങ്ങല്‍ക്കു പിറകെ കുതിച്ചു പാഞ്ഞ ഒരു യുവ ജനത സ്വന്തം മാതാ പിതാക്കളെ വൃദ്ധസദനത്തിന്റെ രാവണന്‍ കോട്ടകളില്‍ തള്ളുന്ന നെറികെട്ട സംസ്‌കാരത്തിന്റെ നെഞ്ചു തകര്‍ക്കുന്ന കാഴ്ചകളായിരുന്നു കൊച്ചു ബാവ നമുക്ക് കാണിച്ചു തന്നത്. ‘വേവലാതിക്കളി’ എന്ന ചെറു കഥയും വാര്‍ധക്യത്തിന്റെ വിഹ്വലതകള്‍ തന്നെയാണ് പ്രതിപാദിക്കുന്നത്.
‘അടുക്കള’ എന്ന കഥ പുരുഷ മേധാവിത്ത്വത്തിന്റെ അടുക്കള പ്രതിസന്ധികള്‍ തന്നെയാണ്. കോകില അവളുടെ പ്രാഥമിക കര്‍മങ്ങള്‍ പോലും നിറവേറ്റാനാകാതെ ഉദ്യോഗസ്ഥനായ ഭര്‍ത്താവിനെ സന്തോഷിപ്പിക്കാന്‍ പെടുന്ന പാട് ഒരു ഗ്രാമീണ പെണ്‍കൊടിയുടെ പ്രതിസന്ധി  തന്നെയാണ് അനാവരണം ചെയ്യുന്നത്. ഉദ്യോഗസ്ഥന്റെ ക്രൗര്യവും അമര്‍ഷവും പുരുഷ മേല്‍ക്കോയ്മയും കഷണ്ടിയും പറഞ്ഞു കൊണ്ട് ഒരു കറുത്ത ഹാസ്യം തന്നെ വികസിപ്പിച്ചെടുക്കാന്‍ കൊച്ചു ബാവയ്ക്ക് കഴിയുന്നുണ്ട്.
‘റെയില്‍വേസ്‌ടേഷനും’ ‘കുറ്റിപ്പുറത്തെ കുഴലൂത്തുകാരനും’ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട കഥകളാണ്.
‘വില്ലന്മാര്‍ സംസാരിക്കുമ്പോള്‍’ ‘ഉപജന്മം’ എന്നീ ലഘുനോവലുകളും ‘വിരുന്നു മേശയിലേക്ക് നിലവിളികളോടെ’ എന്ന നോവലും അദ്ദേഹത്തിന്റെ ശ്രദ്ധേയമായ രചനകളാണ്.കൊച്ചു ബാവ വേണ്ടത്ര വായിക്കപ്പെടുന്നില്ല എന്ന അഭിപ്രായമുണ്ട്. വായിക്കപ്പെടേണ്ട രചനകളാണ് അദ്ദേഹത്തിന്റേത്.
ഒടുവില്‍ ഞങ്ങള്‍ കണ്ടു മുട്ടിയത് ഷാര്‍ജയില്‍ വെച്ചായിരുന്നു. ഗള്‍ഫ് വോയ്‌സ് മാഗസിന്‍ സംഘടിപ്പിച്ച സാഹിത്യ പരിപാടിയില്‍. ഗള്‍ഫ് വോയ്‌സിന്റെ എഡിറ്റര്‍ ആയിരുന്നു അന്നദ്ദേഹം. ഗള്‍ഫ് വോയ്‌സില്‍  എന്തെങ്കിലും എഴുതാനും എന്നോടാവശ്യപ്പെട്ടു. 1955 ല്‍ തൃശ്ശൂരിലെ കാട്ടൂരിലാണ് കൊച്ചുബാവ  ജനിച്ചത്. നോവല്‍, കഥാസമാഹാരങ്ങള്‍, വിവര്‍ത്തനം എന്നീ വിഭാഗങ്ങളില്‍ 23 കൃതികള്‍ പ്രസിദ്ധപ്പെടുത്തി. ‘വൃദ്ധസദനം’ എന്ന കൃതിക്ക് 1995ലെ ചെറുകാട് അവാര്‍ഡും 1996ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡും ലഭിച്ചു. 1999 നവംബര്‍ 25 ന് അന്തരിച്ചു.
  VARTHAMANAM DAILY EDITORIAL

http://varthamanam.com/?p=41134

Thursday, November 14, 2013

Tuesday, November 12, 2013

ബഹുമാനപ്പെട്ട മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും മറ്റു മന്ത്രിമാരും എം എല്‍ മാരും അറിയാന്‍ സവിനയം,

Wednesday, November 13, 2013

ബഹുമാനപ്പെട്ട മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും മറ്റു മന്ത്രിമാരും എം എല്‍ മാരും അറിയാന്‍ സവിനയം,

Editorial-Letterദേശീയപാത വികസിപ്പിക്കുന്നതിന്റെ ഭാഗമായി ചര്‍ച്ചകള്‍ നടന്നു കൊണ്ടിരിക്കുകയാണല്ലോ. 30 മീറ്റര്‍ ആയി വീതി കൂട്ടാന്‍ വേണ്ട സ്ഥലം മുക്കാലും നേരത്തെ തന്നെ ഏറ്റെടുത്തു വെച്ചതുമാണ്. ഈ സാഹചര്യത്തില്‍ റോഡിനിരുവശവും താമസിക്കുന്ന ജനങ്ങളുടെ അവസ്ഥ കണക്കിലെടുത്തുകൊണ്ട്, അവരുടെ ജീവിക്കാനുള്ള അവകാശം ഹനിക്കാതെ, വളരെ നീതി പൂര്‍വകവും മനുഷ്യാവകാശങ്ങള്‍ സംരക്ഷിച്ചും കൊണ്ടുള്ളതായിരിക്കണം തുടര്‍ന്ന് സ്വീകരിക്കുന്ന നിലപാടുകള്‍. റോഡ് വികസനം ആവശ്യമാണ്. ഞങ്ങള്‍ ആരും പുരോഗമനത്തിന് എതിരുമല്ല. എന്നാല്‍ ഏതു പുരോഗമനവും മനുഷ്യാവകാശ ധ്വംസനം നടക്കാത്ത രീതിയില്‍ ഉള്ളതും നീതി പൂര്‍വകവും ആയിരിക്കണം.
ലക്ഷക്കണക്കിന് വരുന്ന ആളുകളുടെ പാര്‍പ്പിടങ്ങള്‍ ഇല്ലാതാകുന്നതോടെ അവര്‍ തെരുവിലേക്ക് വലിച്ചെറിയപ്പെടുന്ന ഒരു സ്ഥിതി വിശേഷം സംജാതമാകാന്‍ പോകുകയാണ്. ആരോഗദൃഢഗാത്രരും ചെറുപ്പക്കാരും മാത്രമല്ല അവിടങ്ങളില്‍ പാര്‍ക്കുന്നത്. വയോവൃദ്ധരും  ആലംബഹീനരുമയ സ്ത്രീ പുരുഷന്മാര്‍ തനിച്ചു മാത്രം താമസിക്കുന്ന പല വീടുകളും എനിക്ക് നേരിട്ടറിയാം. പല തലമുറകളായി അവിടെ താമസിക്കുന്ന ആളുകളെ വികസനത്തിന്റെ പേരു പറഞ്ഞു ഒരു സുപ്രഭാതത്തില്‍ ചട്ടിയും കലവും എടുത്ത് ഒപ്പം വൃദ്ധരുള്‍പ്പടെയുള്ള ജനങ്ങളെയും തെരുവിലേക്കു വലിച്ചെറിയുന്ന ഒരു സംസ്‌കാരം നമുക്ക് യോജിച്ചതല്ല.
ഈ വിഷയത്തില്‍ പ്രദേശവാസികളായ ജനങ്ങളുമായി ഞാന്‍ നടത്തിയ സംഭാഷണത്തില്‍ മനസ്സിലായ കാര്യം അവിടത്തെ ആളുകള്‍, പ്രത്യേകിച്ചും വൃദ്ധ ജനങ്ങള്‍, വളരെ ഉത്ഖണ്ഠാകുലരും ആശങ്കയില്‍ കഴിയുന്നവരുമാണ് എന്നാണ്. ഏതു നിമിഷവും അവരുടെ പാര്‍പ്പിടങ്ങളും കച്ചവട സ്ഥാപനങ്ങളും തകര്‍ക്കപ്പെടാ വുന്ന അവസ്ഥയിലാണ്. സ്ഥലം ഏറ്റെടുക്കുന്നതോടെ എങ്ങോട്ട് പോകും എന്നറിയാന്‍ പറ്റാത്ത സ്ഥിതിവിശേഷമാനുള്ളത്.
100 മീറ്റര്‍ വിസ്തൃതി വേണമെന്ന് പ്രസ്തുത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചിട്ടില്ലാത്ത ജഡ്ജിമാരും കാര്യങ്ങള്‍ വേണ്ടത്ര മനസ്സിലാക്കാത്ത മന്ത്രി ആര്യാടന്‍ മുഹമ്മദ് പോലുള്ളവരും പ്രതികരിക്കുമ്പോള്‍ ജനങ്ങള്‍ വസ്തുത മനസ്സിലാക്കുന്നുണ്ട് എന്ന കാര്യം വിസ്മരിക്കരുത്. പുറത്തു നിന്നുള്ള ആളുകളുടെ അഭിപ്രായത്തേക്കാള്‍ പ്രദേശ വാസികളായ ആളുകളുടെ വാക്കുകള്‍ക്കാണ്  ചെവി കൊടുക്കേണ്ടത്. കാരണം അവരുടെ സ്ഥലമാണല്ലോ ഏറ്റെടുക്കേണ്ടത്. റോഡിനിരുവശവുമുള്ള ജനവാസ ബാഹുല്യം കണക്കിലെടുത്ത്  ഗോവ, കേരളം എന്നീ സംസ്ഥാനങ്ങള്‍ക്ക് കൂട്ടേണ്ട വീതി 30 മീറ്റര്‍ ആക്കി കൊണ്ട് കേന്ദ്രസര്‍ക്കാര്‍ ഇളവ് അനുവദിച്ചതാണ്. അക്കാര്യം കേന്ദ്ര മന്ത്രി ഓസ്‌കാര്‍ ഫെണാണ്ടസ് കോട്ടയത്ത് നടത്തിയ പത്ര സമ്മേളനത്തില്‍ വിശദീകരിച്ചതുമാണ്. കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെന്നിരിക്കേ 30 മീറ്റര്‍ വീതിയില്‍ ഉടനെ പാത വികസനം തുടങ്ങാത്തത് ബി  ഒ  ടി താല്പര്യം സംരക്ഷിക്കാനുള്ള ചിലരുടെ ഗൂഢ തല്പര്യമാണെന്നാണ് ജനസംസാരം. കാരണം 45 മീറ്ററില്‍ താഴെയാകുമ്പോള്‍ ബി  ഒ  ടി ക്കാര്‍ പദ്ധതി ഏറ്റെടുക്കില്ല. ബി  ഒ  ടി ക്കാരുടെ താല്‍പര്യത്തിലുപരി ജനങ്ങളുടെ ആവാസ വ്യവസ്ഥിതി, പരിസ്ഥിതി സംരക്ഷണം എന്നിത്യാദി കാര്യങ്ങള്‍ക്കാണ് മുന്‍തൂക്കം കൊടുക്കേണ്ടത്. 30 മീറ്ററില്‍ വികസനം സാധ്യമാക്കുമ്പോള്‍ നിലവിലുള്ള പല വീടുകള്‍ക്കും കേടു പാട് പറ്റില്ല. ചുരുങ്ങിയ പാര്‍പ്പിടങ്ങളെ മാത്രമേ ബാധിക്കൂ. എലെവേറ്റര്‍ ഹൈവേ സ്ഥാപിക്കുമ്പോള്‍ ക്ഷേത്രങ്ങള്‍ക്കും പള്ളികള്‍ക്കും എതിരെയുള്ള വീടുകള്‍ ഉള്‍പെടുന്ന സ്ഥലങ്ങള്‍ കൂടി പരിഗണിക്കേണ്ടതാണ്. പല ഭാഗങ്ങളിലും ആരാധനാലയങ്ങള്‍ ഉള്ളത് കൊണ്ട് മൊത്തം എതിര്‍ ഭാഗത്തുനിന്ന് ഏറ്റെടുക്കുമ്പോള്‍ പാവപ്പെട്ട ആളുകളുടെ വീടുകള്‍ അക്കാരണം കൊണ്ട് തന്നെ പൂര്‍ണമായും നഷ്ടപ്പെടാനിടയുണ്ട്.
പ്രധാനമായും ചൂണ്ടിക്കാണിക്കാനുള്ള കാര്യം നേരത്തെ പലപ്പോഴും ചെയ്തത് പോലെ നിരവധി പോലീസ് സന്നാഹങ്ങളുമായി അളവുകാരെ അയച്ച് ജനങ്ങള്‍ക്കിടയില്‍ ഭീതിതമായ അന്തരീക്ഷം സൃഷ്ടിക്കാതെ അവരുടെ പുനരധിവാസം പൂര്‍ണമായും നടപ്പിലാക്കുകയും അതവരെ രേഖാമൂലം ബോദ്ധ്യ പ്പെടുത്തുകയും ചെയ്യേണ്ടതാണ് എന്നാണ്.
ജനങ്ങളാല്‍ തെരെഞ്ഞെടുക്കപ്പെട്ട ഒരു ഭരണകൂടത്തിന് അതില്‍ ഉത്തരവാദിത്വമുണ്ടെന്നുള്ള കാര്യം വിസ്മരിക്കരുത്. പ്രതിപക്ഷത്തിനും ഈ കാര്യത്തില്‍ ഉത്തരവാദിത്വമുണ്ട്. നിര്‍ഭാഗ്യവശാല്‍ ജനങ്ങള്‍  തെരെഞ്ഞെടുത്ത സര്‍ക്കാരും ആവശ്യത്തിനും അനാവശ്യത്തിനും സമരം ചെയ്യുന്ന പ്രതിപക്ഷവും ഈ വിഷയത്തില്‍ നിസ്സംഗത പാലിക്കുന്നത് ഗുരുതരമായ വീഴ്ചയാണ്. സര്‍ക്കാര്‍ ഇനിയും ഈ പ്രദേശങ്ങളില്‍ വേണ്ടത്ര പഠനം നടത്തിയിട്ടില്ല എന്നാണ് മനസ്സിലാക്കേണ്ടത്. വിദഗ്ധ കമ്മിറ്റി പ്രദേശങ്ങള്‍ പഠിക്കേണ്ടതാണ്. കാര്യങ്ങള്‍ വേണ്ടത്ര മനസ്സിലാക്കാതെ ആര്യാടനും അബ്ദുള്ള കുട്ടിയും പോലുള്ളവര്‍ ഘടക വിരുദ്ധമായി കാര്യങ്ങള്‍ കൊട്ടിഘോഷിക്കുന്നത് ശരിയല്ല. ചിലര്‍ വിഭാവനം ചെയ്യുന്ന അറേബ്യന്‍  റോഡുകളുടെ മാതൃക പ്രയോഗികമല്ല.  അറേബ്യന്‍ റോഡുകള്‍ വിശാലമായി വെറുതെ കിടന്ന മരുഭൂമിയിലൂടെയാണ് ഉണ്ടാക്കിയതെന്ന് മറക്കരുത്. നമ്മുടെ റോഡുകള്‍ പലതും നടപ്പാത വികസിച്ചുണ്ടായ റോഡുകളല്ലേ? അല്ലാതെ, പഌന്‍ ചെയുതുണ്ടാക്കിയതാണോ? അങ്ങിനെ വരുമ്പോള്‍ പ്രദേശവാസികളായ ജനങ്ങളുടെ താല്പര്യങ്ങളും കണക്കിലെടുക്കാതെ പറ്റില്ല എന്ന് സവിനയം ഓര്‍മ്മിപ്പിക്കട്ടെ.
-പുന്നയൂര്‍ക്കുളം സൈനുദ്ദീന്‍

www.varthamanam.com
 

Friday, November 1, 2013

SHARJAH INTERNATIONAL BOOK FAIR

DEAR FRIENDS, ALL ARE INVITED TO ATTEND SHARJAH INTERNATIONAL BOOK FAIR (06 TO 16 NOVEMBER 2013) AT SHARJAH EXPO CENTER. WE WILL BE THERE AT DC BOOKS STALL ON FRIDAYS AND SATURDAYS EVENING FROM 5.00 TO 10.00 PM, MY BOOKS ONLINIL SREEJA VILIKKUNNU & BULL FIGHTER ARE AVAILABLE. SEE YOU THERE. TEL: 050-2747784

യാത്ര വാസിത് തണ്ണീർത്തടം സഞ്ചാരികളെ മാടി വിളിക്കുന്നു പുന്നയൂർക്കുളം സെയ്‌നുദ്ദീൻ MATHRUBHUMI 20.12.19 വടക്കൻ ഷാർജയുടെ പ്രാന്ത പ്ര...