Tuesday, December 18, 2012

READ MY ARTICLE IN DESHABHIMANI WEEKLY
ഇടയന്റെ വിളി കേട്ട് ....... ഒട്ടകങ്ങള്‍ 
ദേശാഭിമാനി വാരിക www.deshabhimani.com
മരുഭൂമിയിലെ ഒട്ടക ജീവിതം 
പുന്നയൂര്‍കുളം സെയ് നുദ്ദീന്‍  

 കാഫ് മരങ്ങളില്‍ മഞ്ഞുപെയ്ത നവംബറിലെ കൊടുംതണുപ്പുള്ള പ്രഭാതത്തിലാണ് ഞങ്ങള്‍ മരുഭൂമിയുടെ ഹൃദയം അന്വേഷിച്ച് പുറപ്പെട്ടത്. മരുഭൂമിയില്‍ ആടുമേയ്ക്കുന്നവരും ഒട്ടകങ്ങളെ മേയ്ക്കുന്നവരും ക്രൂരമായി അടിമപ്പണിക്ക് വിധേയരാകുന്നതായും അത്തരം ജോലിക്കാരായ പലരും അവിടെ വച്ച് മരിക്കുകയും ചെയ്യുന്നുവെന്ന ആരോപണങ്ങളും ഈ അന്വേഷണത്തിന് ഞങ്ങളെ പ്രേരിപ്പിച്ചിരുന്നു. എയര്‍പോര്‍ട്ടില്‍ ഇറങ്ങിയാലുടനെ അനന്തമായ മരുഭൂമിയില്‍ ആടുകള്‍ക്കും ഒട്ടകങ്ങള്‍ക്കും ഇടയിലേക്ക് മലയാളികളെ തള്ളുന്നതായും പിന്നീട് ഒന്നൊളിച്ചോടാന്‍ പോലും കഴിയാതെയും നാടും വീടുമായും ബന്ധപ്പെടാനാകാതെയും മരുഭൂമിയില്‍ ആടുജയിലില്‍ അടയ്ക്കുന്നു എന്നും ആരോപണമുണ്ടായിരുന്നു. ""ഏതായാലും ഒന്നു അന്വേഷിച്ചിട്ടുതന്നെ കാര്യം"" അവീറില്‍ ജോലികാരനായ സുഹൃത്ത് അശോകന്‍ പറഞ്ഞു.

ഒരു മനയൂര്‍ക്കാരന്‍ മുയ്നുദ്ദീന്‍ ഇരുപതിലേറെ വര്‍ഷമായി ഷെയ്ഖിന്റെ കൊട്ടാരത്തില്‍ ജോലി ചെയ്യുന്നയാളാണ്. മരുഭൂമിയുടെ ഭൂമിശാസ്ത്രം നന്നായി അറിയാം. അദ്ദേഹവും മറ്റൊരു സുഹൃത്തും അവീറില്‍നിന്ന് ഒമാന്‍ അതിര്‍ത്തിയിലേക്കു തിരിയുന്ന വഴിയില്‍ ഞങ്ങളെ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. ഞങ്ങളുടെ മിത്സുബിഷി കാര്‍ അവിടെ നിര്‍ത്തി പിന്നീട് മുയ്നുവിന്റെ ലാന്‍ഡ് റോവറിലായി യാത്ര. വാഹനത്തിനും ഏകദേശം മരുഭൂമിയുടെ നിറമാണ്. ട്രാക്ടറിന്റേതെന്നു തോന്നിക്കുന്ന വീതികൂടിയ നാലു ഗ്രിപ്പോടുകൂടിയ ടയറുകള്‍. വാഹനം പെട്ടെന്ന് മെയിന്‍ റോഡില്‍നിന്ന് മരുഭൂമിയിലെക്ക് തിരിച്ചു. അങ്ങിങ്ങ് മരുപ്പച്ചകളും അലഞ്ഞു തിരിയുന്ന ഒട്ടകങ്ങളും. മഞ്ഞയും ഇളംചുവപ്പും നിറത്തിലുള്ള മരുപ്രദേശങ്ങളും. ചെറിയ തിരയിളക്കമുള്ള ശാന്തമായ സ്വര്‍ണസമുദ്രംപോലെ മരുഭൂമി ഞങ്ങള്‍ക്കു മുന്നില്‍ക്കിടന്നു. മൂടല്‍മഞ്ഞിന്റെ കനം കുറഞ്ഞിരുന്നു. കിഴക്കുനിന്നു സൂര്യന്റെ പൊന്‍വിരലുകള്‍ കാഫ് മരങ്ങളുടെയും ബേര്‍ മരങ്ങളുടെയും ചില്ലകള്‍ക്കിടയിലൂടെ ഊര്‍ന്നുവന്ന് മരുഭൂമിയുടെ ചെറിയ ഓളങ്ങളെ പൊന്നുപൂശിക്കൊണ്ടിരുന്നു.

പ്രഭാതസൂര്യന്‍ വലിയ കലാകാരനാണ്. എന്തെല്ലാം ചിത്രപ്പണികളാണ് മരുഭൂമിയില്‍ ഒപ്പിച്ചുവച്ചിരിക്കുന്നത്. ഒറ്റപ്പെട്ട ഉയരം കുറഞ്ഞ മരങ്ങള്‍, അകലെ വീണുകിടക്കുന്ന ഉണക്കമരം, ഇടയ്ക്കിടെ ചെറിയ പൊന്തക്കാടുകള്‍. പൊന്തക്കാടെന്നു പറയുമ്പോള്‍ നാട്ടിലേതുമായി താരതമ്യം ചെയ്യരുത്. ഏറെയും മണ്ണിലേക്ക് അധികം വേരിറങ്ങാത്ത മരുഭൂമിയില്‍ മണലിനുമീതെ നില്‍ക്കുന്ന ചെടികളാണ്. ഇവയുടെ ഇലകള്‍ രാത്രികാലങ്ങളില്‍ അന്തരീക്ഷ ഈര്‍പ്പം ആഗിരണം ചെയ്ത് സംഭരിച്ചുവയ്ക്കുന്നു. ജലം നിറഞ്ഞ് ഇവയുടെ ഇലകള്‍ ചെറിയ പച്ചമണികള്‍ പോലെ തോന്നിക്കും. ഇവ ഏകദേശം ഒരാളുടെ അരയ്ക്കൊപ്പം വളരും. പിഴുതെടുത്തുനോക്കിയാല്‍ അതിശയിച്ചു പോകും. ഒരിറ്റുവെള്ളമില്ലാത്ത മണല്‍പ്പരപ്പിലാണ് ഇവ ജീവിക്കുന്നത്. മരുഭൂമിയിലെ ചെടികള്‍ പലതും നമ്മുടെ യുക്തിക്ക് നിരക്കാത്തതാണ്. മറ്റൊരിനം ചെടിയില്‍ ചെറിയ മഞ്ഞപ്പൂക്കളുണ്ട്. ഇത്തരം പൊന്തക്കാടുകളിലാണ് ദേശാടനക്കാലത്ത് ഹൗബറ പക്ഷികളും കൂരിയാറ്റകളും തമ്പടിക്കുന്നത്. ഒക്ടോബര്‍, നവംബര്‍ മാസങ്ങള്‍ അര്‍ധമരുഭൂമികളില്‍  ഫാള്‍ക്കന്‍ വേട്ടക്കാര്‍ തമ്പടിക്കുന്നു. ഹൗബറ ബസ്റ്റേര്‍ഡ് വലിയ ഇനം പക്ഷികളാണ്. മുതിര്‍ന്ന പക്ഷികള്‍ക്ക് രണ്ടര കിലോ വരെ തൂക്കം വരും. താമസം നിലത്താണെങ്കിലും നന്നായി പറക്കും. ദേശാടനക്കാരാണ്. ചങ്ങരംകുളത്തുകാരനായ കുഞ്ഞുമുഹമ്മദ്ക്കയാണ് ഇതൊക്കെ വിവരിച്ചത്. കുഞ്ഞുമുഹമ്മദ്ക്കാനെ സ്നേഹത്തോടെ അറബികള്‍ വിളിക്കുന്നത് റബ്ദ എന്നാണ്. റബ്ദ എന്നാല്‍ ഇടത്തരം വലിപ്പമുള്ള ഒരിനം ഹൗബറ പക്ഷി. നല്ല വേഗതയുള്ളയിനം. കഴിഞ്ഞ 36 വര്‍ഷമായി കുഞ്ഞുമുഹമ്മദ് മരുഭൂമിയുടെ ഹൃദയത്തിലൂടെ വണ്ടിയോടിക്കുന്നു. തലങ്ങനെയും വിലങ്ങനെയും. അവീറിലെയും ഹത്തയിലെയും അലൈനിലെയുമൊക്കെ മരുഭൂമികള്‍ കുഞ്ഞുമുഹമ്മദ്ക്കാക്ക് കാണാപ്പാഠം. നേരത്തെ സൗദി അറേബ്യയിലും കുറെക്കാലം ജോലി ചെയ്തു. അവിടെയും മരുഭുമിയുടെ നീളവും വീതിയും അളക്കുന്ന ജോലി തന്നെയായിരുന്നു. അദ്ദേഹത്തിന്റെ അറബിക്ക് നിരവധി അസ്ബകള്‍ (ആട്, ഒട്ടക വളര്‍ത്തുകേന്ദ്രം) ഉണ്ടായിരുന്നു. അസ്ബകളിലേക്ക് പുല്ലും ധാന്യങ്ങളും എത്തിക്കുന്നത് ഡ്രൈവര്‍മാരാണ്. അസ്ബകളുടെ സൂപ്പര്‍വൈസറാണ് കുഞ്ഞുമുഹമ്മദ്. ""ഞാന്‍ നേരെ സൂപ്പര്‍വൈസറായിട്ടല്ല വന്നത് മക്കളെ. ഒട്ടകങ്ങളെ മേയ്ക്കുന്ന പണിയാണ് ആദ്യം ചെയ്തത്""- ഒരു മണല്‍ത്തിട്ടയില്‍ കയറിയിറങ്ങിയപ്പോള്‍ കുഞ്ഞുമുഹമ്മദ്ക്കാ കാറിന്റെ വേഗം കുറച്ചു. അദ്ദേഹം വണ്ടിയില്‍ നിന്നിറങ്ങി, ടയറുകളുടെ കാറ്റഴിക്കാന്‍ തുടങ്ങി. ""ഏയ്, നിങ്ങളെന്താ ഈ കാണിക്കുന്നത്?"" അശോകന്‍ വേവലാതിപ്പെട്ടു ""ദൈവമേ, ഈയാളെന്താ ചെയ്യുന്നത്. നിങ്ങളെന്താ ഞങ്ങളെ മരുഭൂമിയില്‍ തള്ളാന്‍ പോവ്വാ?"" കുഞ്ഞുമുഹമ്മദ്ക്ക ചിരിച്ചതേയുള്ളൂ. ആ ചിരിയുടെ അര്‍ഥം തീരെ മനസ്സിലാകാതെ ഞങ്ങള്‍ പകച്ചുനിന്നു.

നാലുപാടും കണ്ണെത്താദൂരം മരുഭൂമി. മരുഭൂമിക്ക് അതിരിട്ട് ആകാശം. മരുഭൂമിയുടെ ഉയര്‍ച്ച താഴ്ചകള്‍ അങ്ങിങ്ങു ഒറ്റപ്പെട്ട മരുപ്പച്ചകള്‍. സ്വതന്ത്രമായി അലയുന്ന ഒട്ടകങ്ങള്‍. അവ വളരെ അകലെയാണ് കാണപ്പെടുന്നത്. ആ ഒട്ടകങ്ങള്‍ക്കു പിറകെ ഒരു മനുഷ്യരൂപം കണ്ടോ. കുഞ്ഞുമുഹമ്മദ്ക്കാ ചോദിച്ചു. ; ഉവ്വ് നിങ്ങള്‍ വിചാരിച്ചോ ഇതെല്ലാം വെറുതെ അലഞ്ഞു തിരിയുന്ന ഒട്ടകമാണെന്ന്. അതിനെ നോക്കാന്‍ ഒരാള്‍ കാണും. മരുഭൂമിയിലെ ആ കാഴ്ച സത്യത്തില്‍ വിശ്വസിക്കാന്‍ പ്രയാസം തോന്നി. ഇത്രയും വിജനമായ സ്ഥലത്ത് ഒട്ടകങ്ങളുടെ കൂടെ ഒരാള്‍! നാലു ടയറുകളുടെയും കാറ്റിന്റെ അളവ് കുറച്ച് നിജപ്പെടുത്തിയശേഷം കുഞ്ഞുമുഹമ്മദ്ക്കാ ലാന്‍ഡ് റോവര്‍ സ്റ്റാര്‍ട്ട് ചെയ്തു. എടാ മക്കളെ, ഇത് മരുഭൂമിയാ. മരുഭൂമിയിലേക്ക് കയറിയാല്‍ കാറ്റ് അല്പം കുറയ്ക്കണം. ഫോര്‍വീല്‍ ഡ്രൈവ് മാത്രമേ ഇങ്ങോട്ടു കൊണ്ടുവരാനാകു. അതായത് പഴയ ഒട്ടകങ്ങളുടെ സ്ഥാനം ഇപ്പോള്‍ ഫോര്‍ വീല്‍ ഡ്രൈവ് വാഹനങ്ങള്‍ക്കാ. ഒട്ടകപ്പുറത്ത് പണ്ടത്തെപ്പോലെ അധികം സഞ്ചരിക്കുന്നില്ല. ഫോര്‍ വീല്‍ ഡ്രൈവാണെങ്കിലും മരു യാത്ര അപകടം തന്നെയാണ്. വഴിതെറ്റിയാല്‍ പെട്ടുപോകും. എങ്ങോട്ടു പോകണമെന്നറിയില്ല. മരുഭൂമി മുറിച്ചു കടക്കുന്നതിനിടെ പല യാത്രക്കാരും മരിച്ചിട്ടുണ്ട്. ആഹാരവും വെള്ളവും തീരും, ഇന്ധനം കഴിയും. മൊബൈല്‍ നെറ്റ് വര്‍ക്ക് ലഭ്യമാകില്ല അങ്ങനെ പല പ്രശ്നങ്ങളും.

അടുത്തിടെ അലൈന്‍ മരുഭൂമിയില്‍ ഒരു ഫിലിപ്പിനോ യുവാവ് കുടുങ്ങിപ്പോയി. മരുഭൂമിയില്‍ സഞ്ചരിച്ചിരുന്ന സൈനിക ഹെലികോപ്ടറാണ് തകരാറിലായിരുന്ന കാര്‍ കണ്ടെത്തിയത്. കാറില്‍ നിന്നു കുറെ ദൂരം നടന്നതിനുശേഷം വീണുകിടക്കുകയായിരുന്നു ചെറുപ്പക്കാരന്‍. ചെറിയ കുറ്റിച്ചെടികള്‍ക്കിടയില്‍ നിന്നു പക്ഷികള്‍ ചിലച്ചുകൊണ്ട് കൂട്ടത്തോടെ പറന്നു. നാല്പതോളം വരുന്ന ചെറിയ പക്ഷികളുടെ കൂട്ടം. അതിനു പുറകേ കുറച്ചു കൂടി ചെറിയ മറ്റൊരു കൂട്ടവും. കിളികളുടെ ശബ്ദം മനസ്സിന് ഉന്മേഷം പകര്‍ന്നു. കറവാന്‍, കറവാന്‍ ; (ഒരിനം കൂരിയാറ്റകള്‍) കുഞ്ഞുമുഹമ്മദ്ക്കാ പക്ഷിക്കുനേരെ വിരല്‍ചൂണ്ടി. ഫാള്‍ക്കന്‍ വേട്ടക്കാരായ അറബികള്‍ക്കൊപ്പം പ്രവര്‍ത്തിച്ചതുകൊണ്ട് അറേബ്യന്‍ മരുഭൂമിയിലെ പക്ഷികളെക്കുറിച്ചൊക്കെ അദ്ദേഹത്തിന് നല്ല ജ്ഞാനമുണ്ട്. അറബിപേരുകളേ അദ്ദേഹത്തിനറിയൂ. അവയില്‍ ഏതൊക്കെയാണ് സ്വദേശികള്‍ ഏതൊക്കെയാണ ദേശാടനക്കാര്‍ എന്നെല്ലാം അറിയാം. ദേശാടനക്കാര്‍ എത്തുന്ന കാലവും. ആ കാലത്താണ് കുഞ്ഞുമുഹമ്മദ്ക്ക അറബികള്‍ക്കൊപ്പം വേട്ടയ്ക്കു പോകുന്നത്. ഫാള്‍ക്കന്‍ പക്ഷികളെ ഉപയോഗിച്ചാണ് വേട്ട നടത്തുന്നത്. മുന്തിയ ഇനം വേട്ട പക്ഷികള്‍ക്ക്  രണ്ട് ലക്ഷം ദിര്‍ഹം വരെ വിലമതിക്കും.

നമ്മുക്കിവിടെ അല്‍പ്പനേരം നിറുത്തിയിട്ടാലോ? ഞാന്‍ കുഞ്ഞുമുഹമ്മദ്ക്കാടെ നേരെ നോക്കി. അതിനെന്താ മക്കളെ -നോ പ്രോബ്ലം. വണ്ടി നിറുത്തിയതും മൊയ്നുവും അശോകനും ചാടിയിറങ്ങി. രിയാ ശമാല്‍(വടക്കന്‍ കാറ്റ്) വീശാന്‍ തുടങ്ങിയിരിക്കുന്നു കുഞ്ഞുമുഹമ്മദ്ക്കാ സംഭാഷണം തുടര്‍ന്നു. ഞങ്ങളെ കണ്ടതും കുറ്റിച്ചെടികള്‍ക്കിടയിലേക്ക് ഒരു പെണ്‍ കാടപ്പക്ഷിയും കുഞ്ഞുങ്ങളും പതിയെ നടന്നു നീങ്ങി. ഒരു ജാഥ പോലെയാണ് അവര്‍ നീങ്ങുന്നത്. എനിക്ക് അത്ഭുതം തോന്നി. ഈ മരുഭൂമിയിലും ജീവജാലങ്ങളോ? സിയാദ് ക്യാമറയും എടുത്ത് കാടപ്പക്ഷികള്‍ക്കു പിറകെ പോയി. എന്റെ സംശയം തിരിച്ചറിഞ്ഞപോലെ കുഞ്ഞുമുഹമ്മദ്ക്കാ പറഞ്ഞു തുടങ്ങി. ഇതൊക്കെ അത്ഭുതം തന്നെയാടോ. പറഞ്ഞാല്‍ വിശ്വസിക്കില്ല. അനുഭവിച്ചറിയണം.

മരുഭൂമിയില്‍ കാടന്‍ ഒട്ടകങ്ങളും ധാരാളമുണ്ട്. അതിനൊന്നും ഉടമസ്ഥരില്ല. ഇത് സാധാരണ മരുഭൂമിയാണ്. പിന്നെ കൊടും മരുഭൂമിയുണ്ട്. അവിടെ ഇത്തരം കുറ്റിച്ചെടികള്‍ കാണാന്‍ കഴിയില്ല. പക്ഷികളുമില്ല. അവിടെയാണു ഡിസര്‍ട്ട് സഫാരിക്ക് പോകുക. രാത്രികാല ക്യാമ്പുകളും ഉണ്ടാകും. പ്രധാന പ്രശ്നം വഴി അറിഞ്ഞിരിക്കണമെന്നതാണ്. വഴി തെറ്റിയാല്‍ പോയി. അനന്തമായ മരുഭൂമിയിലൂടെ ലാന്‍ഡ് റോവര്‍ ചെറിയ മണല്‍ത്തിട്ടകളില്‍ കയറിയും ഇറങ്ങിയും സഞ്ചരിച്ചുകൊണ്ടിരുന്നു. വലിയ സാഹസം തന്നെയാണ് ഓഫ് റോഡിലൂടെയുള്ള യാത്ര. ചിലപ്പോള്‍ തല വണ്ടിയുടെ മച്ചില്‍ ഇടിച്ചേക്കാം. അല്ലെങ്കില്‍ മുന്നോട്ടു തെറിച്ച് വണ്ടിയുടെ ഗ്ലാസ്സിലോ, പുറകിലാണിരിക്കുന്നതെങ്കില്‍ മുന്‍ സീറ്റിലോ ഇടിച്ചേക്കാം. ഏതാനും ചെറിയ ഷെഡ്ഡുകള്‍ ഉള്ള ഒരു പ്രദേശത്ത് വണ്ടി നിറുത്തി. പച്ച കമ്പിവേലികളാല്‍ തീര്‍ത്ത വലയത്തിനകത്ത് ഒട്ടക കൂട്ടങ്ങള്‍. പല നിറത്തിലുള്ള ഒട്ടകങ്ങള്‍. ഇളം തവിട്ടുനിറത്തിലുള്ളതാണധികവും പിന്നെ വെളുപ്പ്, കറുപ്പ്. കറുപ്പെന്നു പറഞ്ഞാല്‍ പൂര്‍ണമായും കറുപ്പല്ല തവിട്ടു കലര്‍ന്ന കറുപ്പ്. അതിനെ തൊട്ടുകൊണ്ട് കുഞ്ഞുമുഹമ്മദ്ക്ക പറഞ്ഞു ഇത് സൗദി സ്വദേശിയാ. കുഞ്ഞുമുഹമ്മദ്ക്കാ അടുത്തു ചെന്നതും സൗദി സ്വദേശി പഴയ സുഹൃത്തിനെ കണ്ട സന്തോഷത്താല്‍ ഉമ്മവച്ചു. ഈ തവിട്ടുമഞ്ഞ നിറത്തിലുള്ളത് സ്വദേശികളാ. ഓട്ട മത്സരത്തിനുപയോഗിക്കുന്ന ഒട്ടകങ്ങള്‍ക്ക് അയ്യായിരം ദിര്‍ഹം മുതല്‍ അഞ്ച് ദശലക്ഷം വരെ വിലമതിക്കും. മത്സരങ്ങളില്‍ സൗദി, ഖത്തര്‍, ഇറാക്ക് തുടങ്ങി നിരവധി അറബ് രാജ്യങ്ങള്‍ പങ്കെടുക്കും.

മൊയ് നു ഒരുമനയൂര്‍ (വലത്ത് നിന്ന് ഇടത്തേക്ക് ) കുഞ്ഞി മുഹമ്മത് ചങ്ങരംകുളം, ലേഖകന്‍, കുഞ്ഞലവി വയനാട്, മുസ്തഫ കോട്ടക്കല്‍ - യാത്രക്കിടയില്‍.

ഫോം ഗ്ലാസുകളില്‍ ചായയുമായി ഒരാള്‍ വന്നു. 35 വയസ്സ് തോന്നിക്കും. കറുത്ത നിറം. ആദ്യ കാഴ്ചയില്‍ ഇറാനിയോ ബലൂചിയോ ആണെന്നാണു വിചാരിച്ചത്. ഇത് നമ്മുടെ അലവിക്കുട്ടി. ഇവനാണ് ഈ അസ്ബയുടെ ഇന്‍ചാര്‍ജ്ജ്. ഈ കാണുന്ന അമ്പതോളം ഒട്ടകങ്ങളേയും നൂറ്റമ്പതോളം ആടുകളേയും നോക്കുന്നത് ഇവനാണ്. അറബി വല്ലപ്പോഴുമേ വരൂ. സൂപ്പര്‍ വൈസറായ ഞാന്‍ തന്നെ വരുന്നത് വല്ലപ്പോഴുമാണ്. പിന്നല്ലേ അറബി. ചായ കുടിച്ചുകൊണ്ടിരിക്കെ പ്ലാസ്റ്റിക് കവറിലുള്ള കുറച്ച് ക്രോയ്സന്റുകളും (ഒരു തരം റെഡിമെയ്ഡ് സാന്റ്വിച്ച്) കുറച്ചു കേക്കുകളും അലവിക്കുട്ടി കൊണ്ടുവന്നു. കുഞ്ഞുമുഹമ്മദ്ക്കാ പ്ലാസ്റ്റിക് കവര്‍ പൊളിച്ച് ക്രോയ്സന്റ് എന്റെ നേരെ നീട്ടി. നിങ്ങള്‍ എത്ര വര്‍ഷമായി വന്നിട്ട്? ഞാന്‍ അലവിക്കുട്ടിയുടെ നേരെ നോക്കി. 19 വര്‍ഷമായി. കൃത്യമായി പറഞ്ഞാല്‍ 1994 ജൂലൈയിലാണ് വന്നത്. നാട്ടില്‍ പോകാറുണ്ടോ? രണ്ടുവര്‍ഷം കൂടുമ്പോള്‍ പോകും. അറബി ടിക്കറ്റ് തരും. നിങ്ങളുടെ മൊബൈല്‍ നമ്പര്‍ എത്രയാണ്. അലവിയുടെ അടുത്ത് ഫോണ്‍ ഉണ്ടോയെന്നറിയാന്‍ ചോദിച്ചതാണ്. നമ്പര്‍ പറയുന്നതിനിടയില്‍ നോക്കിയയുടെ പഴയ മോഡല്‍ മൊബൈല്‍ ഫോണ്‍ അയാള്‍ പുറത്തെടുത്തു. കുട്ടികള്‍ എത്രപേരാ? രണ്ടുപേര്‍. നാട്ടിലേക്കു വിളിക്കാറുണ്ടോ?. കുറച്ചുനേരത്തെ വിളിച്ചതേയുള്ളു;. സൗകര്യങ്ങളൊക്കെ കുറവാ. അലവികുട്ടി പറഞ്ഞു ഒരു ചെറിയ ഷെഡ്ഡിലാണ് താമസിക്കുന്നത്. അടുക്കളയും അതിനോടു ചേര്‍ന്നുതന്നെ. ഭക്ഷണമൊക്കെ എങ്ങനെ? അറബിയുടെ ഡ്രൈവര്‍ സാധനങ്ങള്‍ കൊണ്ടുവരും. ഭക്ഷണം ഇവിടെ പാകം ചെയ്യുംറൂൗീ; ഡ്രൈവര്‍ നിത്യേന വരുമോ? മൊയ്നു ചോദിച്ചു മിക്കവാറും എല്ലാം ദിവസവും വരും. അറബി വീട്ടില്‍നിന്നുള്ള ഭക്ഷണങ്ങളും കൊണ്ടുവരാറുണ്ട്. ആടുകളെ ഇറക്കാന്‍ അലവിയുടെ സഹായി എത്തിയിരുന്നു. തമിഴനാണ് രാജു. അളകനല്ലൂര്‍ക്കാരന്‍. കറുത്ത ഒരുപറ്റം ആടുകളെ രാജു ആദ്യം ഇറക്കി വിട്ടു. സ്വാതന്ത്ര്യം ലഭിച്ച ആടുകള്‍ കൂട്ടത്തോടെ ഓടി. ഇത് ടാന്‍സാനിയന്‍ കോലാടുകളാണ്. അപ്പുറത്തെ കൂട്ടം ചെമ്മരിയാടുകളാണ്. കുഞ്ഞുമുഹമ്മദ്ക്കാ വിശദീകരിച്ചു. ഇങ്ങനെ തുറന്നുവിട്ടാല്‍ അവറ്റകള്‍ എങ്ങോട്ടങ്കിലും പോകില്ലേ? അശോകന്റെ സംശയം. അങ്ങനെ പോകില്ല- അലവി പറഞ്ഞു. തിരികെ തെളിച്ചാല്‍ അവയിങ്ങട്ടു പോരും. മരുഭൂമിയില്‍ അവറ്റയ്ക്കു തീറ്റികിട്ടുമോ?. അവറ്റയ്ക്കു *ബരാഹിദ് ആണ് കൊടുക്കുന്നത്. പിന്നെ **ശഹീര്‍. പുറത്ത് പോയാല്‍ ചെറിയ കുറ്റിചെടികളുടെ ഇലകള്‍ കടിച്ചുതിന്നും. ഒട്ടകങ്ങളും കഴിക്കും അതേ ചെടികള്‍. ഒട്ടകങ്ങള്‍ക്ക് കൂടുതലിഷ്ടം ബേര്‍ (ഇലന്ത വര്‍ഗത്തില്‍പ്പെട്ട പഴം കായ്ക്കുന്ന മുള്‍ച്ചെടി) ചെടികളാണ്. പിന്നെ കാഫ് (മരുഭൂമിയില്‍ കാണപ്പെടുന്ന ഒരു തരം വലിയ മരം) മരത്തിന്റെ ഇലകളും.

അലവികുട്ടിയുടെ മൊബൈല്‍ ഫോണ്‍ ചിലച്ചു. നേരത്തെ കണ്ട കറവാന്‍ പക്ഷികളുടെ ശബ്ദത്തെ അനുസ്മരിപ്പിച്ചു. കുറച്ചുനേരം അലവിക്കുട്ടി ടെലഫോണില്‍ മുഴുകി. സംഭാഷണം അവസാനിപ്പിച്ചശേഷം പറഞ്ഞു ജനുവരിയില്‍ നാട്ടില്‍ പോകേണ്ടതാണ്. രണ്ടുമാസം കൂടിയുണ്ട്. അടുത്ത മാസം തന്നെ ചെല്ലാനാണ് ഷംല പറയുന്നത്. ഷാബുവിന്റെ മാര്‍ക്കകല്ല്യാണം ഉണ്ടത്രെ. പെരിന്തല്‍മണ്ണക്കാരന്റെ കറുത്ത മുഖത്ത് വെളുത്ത പുഞ്ചിരി തെളിഞ്ഞു. 9 വര്‍ഷമായില്ലേ ഇതേ ജോലിയില്‍. ഇനി പോയാല്‍ വരില്ലേ? ഞാന്‍ തിരക്കി. ഒന്നൂടി വരണം. അപ്പോഴേക്കും ബാധ്യതകളെല്ലാം തീരും. പിന്നെ നാട്ടില്‍ തന്നെ കൂടണം. ഒന്നു രണ്ടു സ്ഥലം കണ്ട് നമുക്ക് മടങ്ങാം. കുഞ്ഞുമുഹമ്മദ്ക്ക പറഞ്ഞു. അതിനിടെ കുഞ്ഞിമുഹമ്മദ്ക്കാ ഞങ്ങള്‍ക്ക് മറ്റൊരു ഷെഡ് കാണിച്ചുതന്നു. അത് രാജുവിന്റെ കിടപ്പാടമായിരുന്നു.

ലേഖകന്‍ ഒട്ടകവളര്‍ത്തു കേന്ദ്രത്തില്‍ 
മരുഭൂമിയിലൂടെ കുറേ ദൂരം ഓടിയപ്പോള്‍ ഉയര്‍ന്നു നില്‍ക്കുന്ന നാലു മണല്‍കുന്നുകള്‍ക്ക് താഴെയായി മറ്റൊരു അസ്ബയില്‍ ഞങ്ങള്‍ ഒട്ടകങ്ങളെ തനിച്ചു പാര്‍പ്പിച്ച ഇടം കണ്ടു. അവിടെ കൊല്ലത്തുകാരന്‍ നുജും ആയിരുന്നു ഇന്‍ചാര്‍ജ്. കൂടെ മറ്റൊരു പയ്യനും. സമയക്കുറവു കാരണം പെട്ടെന്നു യാത്ര പറഞ്ഞു. നുജും അപ്പോള്‍ കുറഞ്ഞ ചൂടുള്ള ഒട്ടകപ്പാല്‍ കുടിക്കാന്‍തന്നു. ചെറിയ ഉപ്പുരസമുള്ള പാല്‍. നല്ല കട്ടിയുമുണ്ട്. തിരികെ യാത്രയില്‍ വെയില്‍ ചൂടുപിടിക്കാന്‍ തുടങ്ങിയിരുന്നു. അടിമപ്പണിക്കാരെക്കുറിച്ചുള്ള മനസ്സിലെ സങ്കല്‍പ്പങ്ങള്‍ മഞ്ഞുരുകാന്‍ തുടങ്ങി. അകലെ മറ്റു രണ്ടു അസ്ബകള്‍ കണ്ടതില്‍ ഒന്ന് തന്റെ അറബിയുടെതാണെന്നും പാകിസ്ഥാനിയാണ് അവിടത്തെ ഇന്‍ചാര്‍ജെന്നും കുഞ്ഞുമുഹമ്മദിക്കാ പറഞ്ഞു. സമയക്കുറവുകാരണം അങ്ങോട്ടു പോകാതെ വാഹനത്തിന്റെ വേഗത വര്‍ധിപ്പിച്ചു.

* ഉണക്കപ്പുല്ല്, ** ധാന്യം
23 ഡിസംബര്‍ 2012

http://www.deshabhimani.com/periodical1.php 
 

യാത്ര വാസിത് തണ്ണീർത്തടം സഞ്ചാരികളെ മാടി വിളിക്കുന്നു പുന്നയൂർക്കുളം സെയ്‌നുദ്ദീൻ MATHRUBHUMI 20.12.19 വടക്കൻ ഷാർജയുടെ പ്രാന്ത പ്ര...