Wednesday, November 13, 2013
ബഹുമാനപ്പെട്ട മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും മറ്റു മന്ത്രിമാരും എം എല്‍ മാരും അറിയാന്‍ സവിനയം,
ലക്ഷക്കണക്കിന് വരുന്ന ആളുകളുടെ പാര്‍പ്പിടങ്ങള്‍ ഇല്ലാതാകുന്നതോടെ അവര്‍ തെരുവിലേക്ക് വലിച്ചെറിയപ്പെടുന്ന ഒരു സ്ഥിതി വിശേഷം സംജാതമാകാന്‍ പോകുകയാണ്. ആരോഗദൃഢഗാത്രരും ചെറുപ്പക്കാരും മാത്രമല്ല അവിടങ്ങളില്‍ പാര്‍ക്കുന്നത്. വയോവൃദ്ധരും ആലംബഹീനരുമയ സ്ത്രീ പുരുഷന്മാര്‍ തനിച്ചു മാത്രം താമസിക്കുന്ന പല വീടുകളും എനിക്ക് നേരിട്ടറിയാം. പല തലമുറകളായി അവിടെ താമസിക്കുന്ന ആളുകളെ വികസനത്തിന്റെ പേരു പറഞ്ഞു ഒരു സുപ്രഭാതത്തില്‍ ചട്ടിയും കലവും എടുത്ത് ഒപ്പം വൃദ്ധരുള്‍പ്പടെയുള്ള ജനങ്ങളെയും തെരുവിലേക്കു വലിച്ചെറിയുന്ന ഒരു സംസ്‌കാരം നമുക്ക് യോജിച്ചതല്ല.
ഈ വിഷയത്തില്‍ പ്രദേശവാസികളായ ജനങ്ങളുമായി ഞാന്‍ നടത്തിയ സംഭാഷണത്തില്‍ മനസ്സിലായ കാര്യം അവിടത്തെ ആളുകള്‍, പ്രത്യേകിച്ചും വൃദ്ധ ജനങ്ങള്‍, വളരെ ഉത്ഖണ്ഠാകുലരും ആശങ്കയില്‍ കഴിയുന്നവരുമാണ് എന്നാണ്. ഏതു നിമിഷവും അവരുടെ പാര്‍പ്പിടങ്ങളും കച്ചവട സ്ഥാപനങ്ങളും തകര്‍ക്കപ്പെടാ വുന്ന അവസ്ഥയിലാണ്. സ്ഥലം ഏറ്റെടുക്കുന്നതോടെ എങ്ങോട്ട് പോകും എന്നറിയാന്‍ പറ്റാത്ത സ്ഥിതിവിശേഷമാനുള്ളത്.
100 മീറ്റര്‍ വിസ്തൃതി വേണമെന്ന് പ്രസ്തുത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചിട്ടില്ലാത്ത ജഡ്ജിമാരും കാര്യങ്ങള്‍ വേണ്ടത്ര മനസ്സിലാക്കാത്ത മന്ത്രി ആര്യാടന്‍ മുഹമ്മദ് പോലുള്ളവരും പ്രതികരിക്കുമ്പോള്‍ ജനങ്ങള്‍ വസ്തുത മനസ്സിലാക്കുന്നുണ്ട് എന്ന കാര്യം വിസ്മരിക്കരുത്. പുറത്തു നിന്നുള്ള ആളുകളുടെ അഭിപ്രായത്തേക്കാള്‍ പ്രദേശ വാസികളായ ആളുകളുടെ വാക്കുകള്‍ക്കാണ് ചെവി കൊടുക്കേണ്ടത്. കാരണം അവരുടെ സ്ഥലമാണല്ലോ ഏറ്റെടുക്കേണ്ടത്. റോഡിനിരുവശവുമുള്ള ജനവാസ ബാഹുല്യം കണക്കിലെടുത്ത് ഗോവ, കേരളം എന്നീ സംസ്ഥാനങ്ങള്‍ക്ക് കൂട്ടേണ്ട വീതി 30 മീറ്റര്‍ ആക്കി കൊണ്ട് കേന്ദ്രസര്‍ക്കാര്‍ ഇളവ് അനുവദിച്ചതാണ്. അക്കാര്യം കേന്ദ്ര മന്ത്രി ഓസ്‌കാര്‍ ഫെണാണ്ടസ് കോട്ടയത്ത് നടത്തിയ പത്ര സമ്മേളനത്തില്‍ വിശദീകരിച്ചതുമാണ്. കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെന്നിരിക്കേ 30 മീറ്റര്‍ വീതിയില്‍ ഉടനെ പാത വികസനം തുടങ്ങാത്തത് ബി ഒ ടി താല്പര്യം സംരക്ഷിക്കാനുള്ള ചിലരുടെ ഗൂഢ തല്പര്യമാണെന്നാണ് ജനസംസാരം. കാരണം 45 മീറ്ററില്‍ താഴെയാകുമ്പോള്‍ ബി ഒ ടി ക്കാര്‍ പദ്ധതി ഏറ്റെടുക്കില്ല. ബി ഒ ടി ക്കാരുടെ താല്‍പര്യത്തിലുപരി ജനങ്ങളുടെ ആവാസ വ്യവസ്ഥിതി, പരിസ്ഥിതി സംരക്ഷണം എന്നിത്യാദി കാര്യങ്ങള്‍ക്കാണ് മുന്‍തൂക്കം കൊടുക്കേണ്ടത്. 30 മീറ്ററില്‍ വികസനം സാധ്യമാക്കുമ്പോള്‍ നിലവിലുള്ള പല വീടുകള്‍ക്കും കേടു പാട് പറ്റില്ല. ചുരുങ്ങിയ പാര്‍പ്പിടങ്ങളെ മാത്രമേ ബാധിക്കൂ. എലെവേറ്റര്‍ ഹൈവേ സ്ഥാപിക്കുമ്പോള്‍ ക്ഷേത്രങ്ങള്‍ക്കും പള്ളികള്‍ക്കും എതിരെയുള്ള വീടുകള്‍ ഉള്‍പെടുന്ന സ്ഥലങ്ങള്‍ കൂടി പരിഗണിക്കേണ്ടതാണ്. പല ഭാഗങ്ങളിലും ആരാധനാലയങ്ങള്‍ ഉള്ളത് കൊണ്ട് മൊത്തം എതിര്‍ ഭാഗത്തുനിന്ന് ഏറ്റെടുക്കുമ്പോള്‍ പാവപ്പെട്ട ആളുകളുടെ വീടുകള്‍ അക്കാരണം കൊണ്ട് തന്നെ പൂര്‍ണമായും നഷ്ടപ്പെടാനിടയുണ്ട്.
പ്രധാനമായും ചൂണ്ടിക്കാണിക്കാനുള്ള കാര്യം നേരത്തെ പലപ്പോഴും ചെയ്തത് പോലെ നിരവധി പോലീസ് സന്നാഹങ്ങളുമായി അളവുകാരെ അയച്ച് ജനങ്ങള്‍ക്കിടയില്‍ ഭീതിതമായ അന്തരീക്ഷം സൃഷ്ടിക്കാതെ അവരുടെ പുനരധിവാസം പൂര്‍ണമായും നടപ്പിലാക്കുകയും അതവരെ രേഖാമൂലം ബോദ്ധ്യ പ്പെടുത്തുകയും ചെയ്യേണ്ടതാണ് എന്നാണ്.
ജനങ്ങളാല്‍ തെരെഞ്ഞെടുക്കപ്പെട്ട ഒരു ഭരണകൂടത്തിന് അതില്‍ ഉത്തരവാദിത്വമുണ്ടെന്നുള്ള കാര്യം വിസ്മരിക്കരുത്. പ്രതിപക്ഷത്തിനും ഈ കാര്യത്തില്‍ ഉത്തരവാദിത്വമുണ്ട്. നിര്‍ഭാഗ്യവശാല്‍ ജനങ്ങള്‍ തെരെഞ്ഞെടുത്ത സര്‍ക്കാരും ആവശ്യത്തിനും അനാവശ്യത്തിനും സമരം ചെയ്യുന്ന പ്രതിപക്ഷവും ഈ വിഷയത്തില്‍ നിസ്സംഗത പാലിക്കുന്നത് ഗുരുതരമായ വീഴ്ചയാണ്. സര്‍ക്കാര്‍ ഇനിയും ഈ പ്രദേശങ്ങളില്‍ വേണ്ടത്ര പഠനം നടത്തിയിട്ടില്ല എന്നാണ് മനസ്സിലാക്കേണ്ടത്. വിദഗ്ധ കമ്മിറ്റി പ്രദേശങ്ങള്‍ പഠിക്കേണ്ടതാണ്. കാര്യങ്ങള്‍ വേണ്ടത്ര മനസ്സിലാക്കാതെ ആര്യാടനും അബ്ദുള്ള കുട്ടിയും പോലുള്ളവര്‍ ഘടക വിരുദ്ധമായി കാര്യങ്ങള്‍ കൊട്ടിഘോഷിക്കുന്നത് ശരിയല്ല. ചിലര്‍ വിഭാവനം ചെയ്യുന്ന അറേബ്യന്‍ റോഡുകളുടെ മാതൃക പ്രയോഗികമല്ല. അറേബ്യന്‍ റോഡുകള്‍ വിശാലമായി വെറുതെ കിടന്ന മരുഭൂമിയിലൂടെയാണ് ഉണ്ടാക്കിയതെന്ന് മറക്കരുത്. നമ്മുടെ റോഡുകള്‍ പലതും നടപ്പാത വികസിച്ചുണ്ടായ റോഡുകളല്ലേ? അല്ലാതെ, പഌന്‍ ചെയുതുണ്ടാക്കിയതാണോ? അങ്ങിനെ വരുമ്പോള്‍ പ്രദേശവാസികളായ ജനങ്ങളുടെ താല്പര്യങ്ങളും കണക്കിലെടുക്കാതെ പറ്റില്ല എന്ന് സവിനയം ഓര്‍മ്മിപ്പിക്കട്ടെ.
-പുന്നയൂര്‍ക്കുളം സൈനുദ്ദീന്‍
www.varthamanam.com