Sunday, October 2, 2016

അയാൾ അയൽവാസിയാണ് കഥ കഥ

അയാൾ അയൽവാസിയാണ്                                                                                                                                                                                                                                                                                      കഥ                                  
Chandrika Sunday Suppliment 02 October 2016

പുന്നയൂർക്കുളം സെയ്‌ നുദ്ദീൻ 



ചെകുത്താൻ ദീപുവിനോട് പറഞ്ഞു: 

"നീ എന്തു ജീവിതമാ ജീവിക്കുന്നേ. ഇങ്ങനെ കഴുതയെ പോലെ പണിയെടുത്ത്.... ബൈബിളിൽ പറഞ്ഞത് വായിച്ചിട്ടില്ലേ. അവൻ കഴുതയെ പോലെ പണിയെടുക്കും. പക്ഷെ, അവൻ ഒന്നും അനുഭവിക്കുകയില്ല. വരും തല മുറ എല്ലാം ധൂർത്തടിക്കും.  അതിനടുത്ത തലമുറ വെറും വഷളന്മാരാകും."

"ഞാൻ എന്തു വേണമെന്നാ താങ്കൾ പറയുന്നത്. ഞാൻ കഠിനമായി അദ്ധ്വാനിക്കുന്നു. കുടുംബം പോറ്റുന്നു.. ഇന്നത്തെ കാലത്തു അദ്ധ്വാനിച്ചില്ലേൽ ജീവിതം കോഞ്ഞാട്ടയാകും."

"ആകാശത്തിലെ പറവകളെ നോക്കൂ. അവ കൂട്ടി വെക്കുന്നില്ല. അന്നന്നത്തെ അന്നത്തിനായി മാത്രം പരിശ്രമിക്കുന്നു. എന്നൊന്നും ഞാൻ പറയുന്നില്ല. നിനക്ക് കുറച്ചു കാശു മിച്ചം വെച്ചു അയൽക്കാരൻ ലോനയുടെ  ഭാര്യക്ക് എന്തേലും വാങ്ങിച്ചു കൊടുത്തു കൂടെ. നിന്നെ പോലെ നിന്റെ അയൽക്കാരനേം സ്നേഹിക്കണമെന്നല്ലേ കർത്താവ് പറഞ്ഞിരിക്കുന്നേ?" 

"ദൈവ ദോഷം പറയരുത് സാത്താനെ, അത് ആ അർത്ഥത്തിലല്ല കർത്താവ് പറഞ്ഞിരിക്കുന്നത്."

"ഏത് അർത്ഥത്തിലെങ്കിലും ആകട്ടെ, നീ ആ റോസിനെ കണ്ടില്ലേ. റോസാ പൂ പോലെ മനോഹരി. പറഞ്ഞിട്ടെന്ത് കെട്ടിയോൻ മധ്യ വയസ്സു കഴിഞ്ഞു. ആ പെങ്കൊച്ചിനു കിട്ടേണ്ട ബന്ധം വല്ലതുമാണോ അത്. പാവം ആ കൊച്ചിന്റെ വീട്ടു കാർക്ക് ലോനായുടെ പണമല്ലാതെ മറ്റെന്താണ് വേണ്ടത്.."

"ദേ, സാത്താനേ ദൈവ ദോഷം പറയരുത്. നീ സാക്ഷാൽ സാത്താന്റെ സന്തതി തന്നെ."

"നിനക്കു പറഞ്ഞാൽ മനസ്സിലാകില്ല ദീപു. ആ പാവം പെണ്ണിനെ ഒന്നു സഹായിച്ചാൽ നിനക്കെന്താ നഷ്ടം?"

"പാപം പറയരുത്. ദൈവ കോപം കിട്ടും."

"ദേ, ആ പെങ്കൊച്ചിന്റെ ദെണ്ണം നെനക്ക് മനസ്സിലാകില്ല. വയസ്സായി തുടങ്ങിയ അയാളെക്കൊണ്ടെത്താ പറ്റുക?"

ശരിയാണല്ലോ ഞാൻ ഒരാളിവിടെ യോഗ അഭ്യസിച്ചും ഗുസ്തി പിടിച്ചും നടക്കുന്നു. അയലത്തെ റോസാ കുട്ടിയുടെ കെട്ടിയോനാണേൽ ഒന്നിനും നേരോമില്ല താൽപര്യോമില്ല. കൊപ്ര മില്ലിലെ കണക്കെടുപ്പും പണം ബാഗിലാക്കി തിട്ടപ്പെടുത്തലും കഴിഞ്ഞാൽ ഉറങ്ങാൻ നേരമായിരിക്കും. പുറത്തു നിന്ന് എന്തെങ്കിലും കഴിച്ച് വരും. ഭക്ഷണം കഴിക്കാതെ കാത്തിരിക്കുന്ന റോസിനോട് തട്ടിക്കയറും.

"എടീ, നിന്നോടാരാടീ പറഞ്ഞത് കാത്തിരുന്ന് സമയം കളയാൻ. നിനക്ക് വല്ലതുമങ്ങു കഴിച്ചു കിടന്നൂടായിരുന്നോ?"

അയാളുടെ വാക്കുകൾ കേട്ട് റോസ് ദീർഘ നിശ്വാസം വലിക്കും. തടവറയിൽ അടയ്ക്ക പെട്ട ഒരു മൃഗത്തെ അവൾ മിക്ക ദിനങ്ങളിലും സ്വപ്നം കാണും. 

അങ്ങിനെ ലോന വരാൻ വൈകിയ ഒരു ദിവസമാണ് യോഗാഭ്യാസിയായ ദീപു കയറി വന്നത്. രാത്രിയിലെ അവന്റെ വരവ് കണ്ട് ആദ്യമൊന്ന് ഞെട്ടി. അയൽക്കാരനല്ലേ എന്ന ബോധം ഉള്ളിലുണർന്നപ്പോൾ ഞെട്ടൽ പുറത്തു കാണിച്ചില്ല. 

മരങ്ങൾ മുടിയഴിച്ചാടുന്ന കള്ള കർക്കിടകം. തകർത്തു പെയ്യുന്നമഴ. കലിതുള്ളിയ കാറ്റ് മരങ്ങളായ മരങ്ങളെയെല്ലാം നൃത്തം പഠിപ്പിക്കുന്നു. രാത്രിയുടെ നീല കാൻവാസിൽ കൊള്ളിയാനുകൾ മിന്നി മറയുന്നു. നക്ഷത്രങ്ങൾ കണ്ണു ചിമ്മിക്കാണിക്കുന്നു. 

"നിങ്ങളെന്താ ഈ രാത്രിയിൽ? ഞാൻ ഇവിടെ തനിച്ചാണ്. ലോനാ ചേട്ടൻ വന്നിട്ടില്ല."

"അറിയാം. അയാൾ എവിടെയെങ്കിലും വെള്ളമടിച്ചു കിടപ്പിലാകും. അതു പോകട്ടെ അയൽ വാസിയോട്  ഇങ്ങനെയാണോ പെരുമാറേണ്ടത്? ഇരിക്കാൻ പറയണ്ടേ?"

"ഇരിക്കൂ, വിറക്കുന്ന ചുണ്ടുകളോടെ റോസ് പറഞ്ഞു."

"കോലായിലേക്ക് ശീതൽ അടിക്കുന്നുണ്ട്. അകത്തേക്കിരിക്കാമല്ലോ അല്ലേ?"

വേണ്ടെന്ന് അവൾ തലയാട്ടി. "കുടിക്കാൻ അല്പം വെള്ളം എടുക്കാമോ.? ദീപു തിരക്കി." 

എങ്ങനാ ഈ ഈ മഴയും തണുപ്പുമുള്ളപ്പോൾ പച്ചവെള്ളം കൊടുക്കുക. അവൾ സ്റ്റവ് കത്തിച്ചു ചായയുണ്ടാക്കി. തിരികെ എത്തുമ്പോൾ ദീപു ഡ്രോയിങ് റൂമിലേക്ക്‌ കയറിയിരുന്നു. "പുറത്തു നല്ല മഴയടിക്കുന്നു. ഇരിക്കാൻ കഴിയില്ല. വിറക്കുന്ന കൈകളോടെ റോസ് ചായ കൊടുത്തു. റോസ് നിറത്തിലുള്ള അവളുടെ നൈറ്റിക്കിടയിലൂടെ മാറിടം തുളുമ്പി.

അവൻ ആവി പറക്കുന്ന ചായ കുടിക്കാൻ തുടങ്ങി. 

അല്പ നിമിഷത്തിനകം വാതിലിൽ മുട്ടു കേട്ടു. പുറത്തു കുറെ പേർ കാത്തു നിൽക്കുന്നുണ്ടായിരുന്നു. 

അവർ തീർത്തും രോഷാകുലരായിരുന്നു. കൈയിൽ വടികളും ആയുധങ്ങളുമുണ്ടായിരുന്നു. പലരും രാത്രി കുടിച്ച  മദ്യത്തിന്റെ തലയ്ക്കു പിടിച്ചു വരുന്ന ലഹരിയിലായിരുന്നു. സദാചാര ഗുണ്ടകൾ ദീപുവിനെ എടുത്തിട്ടു ചവിട്ടി കൂട്ടി. ഒരിറ്റു വെള്ളം ചോദിച്ചു കൊടുത്തില്ല. 

"നിങ്ങളിങ്ങനെ അയാളെ തല്ലരുത്. അയാൾ ചത്തു പോകും. അയാൾ എന്നോട് മോശമായി ഒന്നും പെരുമാറിയിട്ടില്ല.ഇതു വഴി പോകുമ്പോൾ മഴവന്നപ്പോൾ കയറിയതാണ്. അയാൾ അയൽവാസിയാണ്." റോസ് വിളിച്ചു പറഞ്ഞു. 

കൂട്ടത്തിലൊരുത്തൻ മസിൽ പവറുള്ളവൻ കൈയിലിരിക്കുന്ന വലിയ പട്ടിക വായുവിൽ ചുഴറ്റി. "തേവിടിശ്ശീ, നിന്നെയും വെറുതെ വിടാൻ പാടില്ല" അയാൾ അലറി. 

"വെള്ളം, വെള്ളം... ദീപു അണയാറായ ശബ്ദത്തിൽ കിതച്ചു. 

"ഒരു തുള്ളി വെള്ളം പോലും ഈ പട്ടിക്കു കൊടുക്കരുത്. കൊല്ലണം അവനെ. മസിൽ മാൻ ഗർജ്ജിച്ചു. 

ഞാൻ ചെകുത്താനോട് ചോദിച്ചു. "സാത്താനെ നീ എന്തിനാ ഈ പണിക്കൊക്കെ നിൽക്കുന്നത്. വല്ല കാര്യവുമുണ്ടോ ഇതിന്റെ. ഈ ഗുണ്ടകളെ വിളിച്ചു കൊണ്ടു വന്നതും നീ തന്നെ ആയിരിക്കും അല്ലേ? ഇനി ഇതിന്റെ അനന്തര ഫലങ്ങൾ എന്തൊക്കെ ആയിരിക്കും? ദൈവമേ."

"എടോ, പാതിരിയുടെ ആത്മാവേ, നിങ്ങൾ ദൈവത്തെ വിളിക്കേണ്ട. ഇപ്പോൾ കാര്യങ്ങൾ എന്റെ കൈയിലാണ്."

ഞാൻ ചിന്തിച്ചു ഒരു പാതിരിയുടെ ആത്മാവായ എനിക്കു എന്തു ചെയ്യാൻ കഴിയും എന്റെ സാന്നിദ്ധ്യവും സംസാരവുമൊന്നും ഈ കൂടിയ ആളുകൾക്ക് തിരിച്ചറിയാനാകില്ലല്ലോ. ചുരുങ്ങിയത് ഒരു മനുഷ്യന്റെ ശരീരത്തിലെങ്കിലും എനിക്ക് പ്രവേശിക്കാൻ കഴിഞ്ഞെങ്കിലല്ലാതെ. 

"സാത്താനെ നീ പോകയാണോ?"

"അതെ." 

"നിനക്കിതൊന്നവസാനിപ്പിച്ചു കൂടെ?"

"തുടങ്ങി വെക്കൽ മാത്രമല്ലേ എന്റെ ജോലി അവസാനിപ്പിക്കൽ അല്ലല്ലോ. "

END


യാത്ര വാസിത് തണ്ണീർത്തടം സഞ്ചാരികളെ മാടി വിളിക്കുന്നു പുന്നയൂർക്കുളം സെയ്‌നുദ്ദീൻ MATHRUBHUMI 20.12.19 വടക്കൻ ഷാർജയുടെ പ്രാന്ത പ്ര...