ചേരമാൻ രാജാവിന്റ ചരിത്രം തേടി യാത്ര
പുന്നയൂർക്കുളം സെയ്‌നുദ്ദീൻ
ഇന്ത്യയിൽ നിന്ന് ആദ്യമായി ഇസ്ലാം മതം സ്വീകരിച്ചതായി വിശ്വസിക്കപ്പെടുന്ന ചേരമാൻ പെരുമാൾ മഹാരാജാവിന്റെ ഒമാനിലെ സലാലയിലുള്ള അന്ത്യ വിശ്രമ സ്ഥലം സന്ദർശിക്കുക എന്ന ഉദ്ദേശ്യം കൂടി ഉണ്ടായിരുന്നു സലാലയിലേക്ക് തിരിക്കുമ്പോൾ . സലാല അതി സുന്ദരമായ ഭൂപ്രദേശമാണ് . മരുഭൂമിയിലെ ഹരിത സുന്ദരി . കേരളം പോലെ പച്ച പുതച്ചു നിൽക്കുന്ന ഒരു ഭൂപ്രദേശം. മലയാളികൾ സലാലയെ മരു ഭൂമിയിലെ കൊച്ചു കേരളമെന്ന് ഓമനപ്പേരിട്ടു വിളിക്കുന്നു .
ഒമാന്റെ തലസ്ഥാനമായ മസ്കറ്റിൽ നിന്ന് ഏതാണ്ട് 1100 കിലോമീറ്റർ ദൈർഘ്യമുണ്ട് സലാലയിലേക്ക്. ബസ് യാത്രയാണ് വിമാന യാത്രയേക്കാൾ ഉല്ലാസ ദായകം. ബസ്സിൽ 12 മണിക്കൂർ യാത്രയുണ്ട്. റൂവിയിൽ നിന്ന് ആദം എത്തുന്നത് വരെ ഏതാണ്ട് ഇടത്തരം ഉയരമുള്ള മല നിരകളാണ്. മാൻ , ഉടുമ്പ്, കുറുക്കൻ , ചെന്നായ് , അറേബ്യൻ പുള്ളിപ്പുലി (ഇത് വംശ നാശം നേരിടുന്ന അപൂർവ ഇനമാണ് ) മുതലായവ അധിവസിക്കുന്ന മല നിരകളിൽ മുൾച്ചെടികൾ വളർന്നു നിൽപ്പുണ്ട് . താരതമ്യേന അൽപ്പം ഉയരം കൂടിയ മരങ്ങൾ കാഫ് മരങ്ങളാണ്. കാഴ്ച്ചയിൽ വളരെ മനോഹരം. ഇതിന്റെ ചെറു ചില്ലകൾ പ്രധാന ശിഖരങ്ങളിൽ നിന്ന് താഴോട്ടാണ് വളരുന്നത് . പൊതുവെ മരങ്ങൾ നന്നേ കുറഞ്ഞ വരണ്ട മല നിരകളാണ്. മൺസൂൺ ഇല്ലാത്തത് തന്നെയാവാം കാരണം. എന്നാൽ മസ്ക്കറ്റ് കഴിഞ്ഞു സലാലയിലെത്തിയാൽ സ്ഥിതി മറിച്ചാണ്.
ജൂൺ, ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ തകൃതിയായി മഴ പെയ്യും. ഇതര ഗൾഫ് രാജ്യങ്ങളിൽ നിന്ന് ഒമാനെ വേറിട്ട് നിർത്തുന്നതും സലാലയെന്ന ഈ ഹരിത ഭൂമികയും അതിലെ കാലാവസ്ഥാ വിശേഷതയുമാണ്. . കേരളത്തോട് ഏറ്റവും അടുത്ത് കിടക്കുന്ന ഗൾഫ് രാജ്യമാണ് ഒമാൻ. അതിൽ സാലയാണ് കൂടുതൽ ചേർന്ന് നിൽക്കുന്നത് . മുകളിൽ സൂചിപ്പിച്ച മാസങ്ങളിലാണ് കരീഫ് ഫെസ്റ്റിവൽ നടക്കുന്നത്. കരീഫ് ഫെസ്റ്റിവൽ എന്നാൽ വിളവെടുപ്പ് ഉത്സവം എന്നർത്ഥം. ചരിത്ര പരമായും കാലാവസ്ഥ കൊണ്ടും ഉള്ള സവിശേഷതയാൽ സലാലയിൽ ധാരാളം വിദേശ ടൂറിസ്റ്റുകൾ എത്തുന്നു. അറബ് രാജ്യങ്ങളിൽ നിന്നുള്ളവരും, ഏഷ്യൻ രാജ്യക്കാരും യൂറോപ്യൻമാരും കൂടുതലായെത്തുന്നു. റഷ്യ അർമേനിയ , അസർബൈജാൻ തുർക്കി തുടങ്ങി വിവിധ രാജ്യക്കാരും എത്തുന്നുണ്ട് .
അയ്യൂബ് നബി (ഇയ്യോബ് -Job), ചേരമാൻ പെരുമാൾ, നബി ഒമ്രാൻ (യേശുവിന്റെ മാതാവ് മറിയത്തിന്റെ പിതാവ് ) എന്നിവരുടെ സ്മൃതി കുടീരങ്ങൾ -ഖബറിടങ്ങൾ- കൂടാതെ സാലിഹ് നബിയുടെ ഒട്ടകത്തെ അറുത്ത സ്ഥലം (സമൂദ് ഗോത്രക്കാരുടെ കാലത്താണ് ഈ സംഭവം നടന്നതെന്ന് ഖുർആനിൽ രേഖപ്പെടുത്തിയിരിക്കുന്നു ) , ഷേബായിലെ രാജ്ഞി ബൽക്കീസിന്റേതെന്നു കരുതപ്പെടുന്ന കോട്ടയുടെ അവശിഷ്ടങ്ങൾ (ബൽക്കീസിന്റെ കൊട്ടാരം യെമനിൽ ഉള്ളതായും ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്) തുടങ്ങി ബൈബിളിലും ഖുർആനിലും പറയുന്ന പല ചരിത്ര ശേഷിപ്പുകളും സ്ഥിതി ചെയ്യുന്ന നാടാണ് ഒമാനിലെ സലാല .
അത് കൊണ്ട് തന്നെ ടൂർ പലപ്പോഴും തീർത്ഥാടനം കൂടിയാകുന്നു. വാദി ദർബാത് (ദർബാത് തടാകം), ഖോർ റോറി എന്നിവ മനോഹരമാണ്. ഖോർ റോറിയിൽ 250 ലധികം ദേശാടനക്കിളികൾ സീസണിൽ എത്താറുണ്ട്. ജലാശയത്തിൽ കടൽ കാക്കകൾ, ഫ്ളമിംഗോ, പവിഴക്കാലി (Snipes) , നീർ കാക്കകൾ (Cormorants), കാട്ടു താറാവ് (Wild Ghoose), ചൂളൻ എരണ്ട (Whistling Teal) വെള്ള കൊറ്റി, തവിട്ടു കൊറ്റി, സാൻഡ് പൈപ്പർ തുടങ്ങിയവ ഇര തേടുമ്പോൾ തീരത്ത് ഒട്ടകം ചെമ്മരിയാടുകൾ മറ്റു കന്നുകാലികൾ മുതലായവ മേയുന്നത് ഇവിടങ്ങളിൽ മാത്രം കാണുന്ന അപൂർവ കാഴ്ചയാണ്. ഐൻ ജർസിസ്, ഐൻ റിസാക് മുതലായ സ്ഥലങ്ങൾ പ്രദാന ടൂറിസ്ററ് കേന്ദ്രങ്ങളാണ്.
ചേരമാൻ പെരുമാൾ അന്ത്യ വിശ്രമം കൊള്ളുന്നത് വളരെ സവിശേഷമായ ഒരു സ്ഥലത്താണ്. ചുറ്റും വിവിധയിനം വാഴകളും തെങ്ങും വെറ്റില പടർപ്പും എല്ലാം ചേർന്ന് കാടിന്റെ പ്രതീതിയുണ്ടാക്കുന്നതും കുളിരണിയിക്കുന്നതുമായ കാലാവസ്ഥ. കേരളത്തിന്റെ അതേ കാലാവസ്ഥയിൽ തന്നെ കേരളീയനായ രാജാവ് പെരുമാൾ ഇവിടെ വിശ്രമിക്കുന്നു. ചരിത്രത്തിൽ സ്ഥാനം പിടിച്ച നബിമാർക്കും വിശിഷ്ട വ്യക്തിത്വങ്ങൾക്കുമൊപ്പം.
ആയിടയ്ക്കാണ് ശ്രീലങ്കയിലേക്കുള്ള വഴിമദ്ധ്യേ കേരളത്തിൽ എത്തിച്ചേർന്ന അറബ് വ്യാപാരികൾ മുസ് രിസ് സന്ദർശിക്കുന്നത്. ഇന്നത്തെ കൊടുങ്ങല്ലൂർ. AD 628 ൽ. തമിഴ്നാടും കേരളവും ഒന്നിച്ചുള്ള കിടക്കുന്ന കാലമാണ്. ചേര രാജാക്കന്മാരുടെ ഭരണ കാലം. സമ കാലികരായി ചോളന്മാരും (ചോഴർ എന്നും പറയപ്പെടുന്നു) തെക്ക് കാവേരി നദിക്കരയിൽ പാ പാണ്ഡ്യന്മാരും ഭരണം നടത്തുന്ന കാലമാണ്.
കൊട്ടാരത്തിന്റെ മട്ടുപ്പാവിൽ പത്നീ സമേതം വിശ്രമിക്കുമ്പോഴായിരുന്നു രാത്രിയിൽ അത്ഭുതകരമായ ആ കാഴ്ച്ച ചേരമാൻ പെരുമാൾ കാണുന്നത് . ചന്ദ്രൻ രണ്ടായി പിളർന്ന കാഴ്ച്ച അത് കുറെ സമയത്തേയ്ക്ക് നില നിൽക്കുകയും ചെയ്തു. രാജാവ് ഇക്കാര്യം, തന്നെ മുഖം കാണിക്കാൻ വന്ന അറബികളായ കച്ചവടക്കാരോട് പങ്കുവെച്ചു .
അറേബ്യയിലെ പ്രവാചകനായ മുഹമ്മദിന്റെ (സ്വഅ) ദിവ്യത്വത്തിന്റെ ഫലമായിരുന്നു അതെന്നും അറേബ്യയ്ക്കകത്തും പുറത്തുമായി വിവിധ രാജ്യങ്ങളിൽ ധാരാളം ജനങ്ങൾ ആ അത്ഭുത കാഴ്ച്ച കാണുകയുമുണ്ടായെന്ന് സംഘാംഗങ്ങൾ വിശദീകരിക്കുകയുമുണ്ടായി .
ഷെയ്ഖ് ഷഹീറുദ്ദീൻ അൽ മദനി ആയിരുന്നു സംഘത്തലവൻ. രാജാവിന്റെ നിരവധിയായ ചോദ്യങ്ങൾക്ക് അദ്ദേഹത്തിൽ നിന്ന് വ്യക്തമായ മറുപടി ലഭിയ്ക്കുകയുണ്ടായി . അതേ തുടർന്ന് മക്കയിലെ മുഹമ്മദ് എന്ന പ്രവാചകനെ കാണാൻ ചേരമാൻ രാജാവ് താല്പര്യം പ്രകടിപ്പിക്കുകയും സംഘത്തോടൊപ്പം മക്കയിലേക്ക് പുറപ്പെടുകയും ചെയ്തു. വില്യം ലോഗൻ (William Logan) അദ്ദേഹത്തിന്റെ മലബാർ മാന്വലിൽ ഈ സംഭവം രേഖപ്പെടുത്തിയിട്ടുണ്ട് . കൂടാതെ പൊന്നാനിയിൽ മറപെട്ട സൈനുദ്ദീൻ മക്തൂമിന്റെ തുഹ്ഫത്തുൽ മുജാഹിദീൻ (Thufhathul Mujahideen), കൊടുങ്ങല്ലൂർ രാജ വലിയ തമ്പുരാനുമായുള്ള ഇന്റർവ്യൂ , എം ഹമീദുല്ലയുടെ 'മുഹമ്മദ് റസൂലുള്ള ' എന്നീ ഗ്രന്ഥങ്ങളിലും പ്രതിപാദിക്കുന്നുണ്ട്.
യാത്ര പുറപ്പെടുന്നതിനു മുമ്പായി രാജ്യം മൂന്നു ഭരണ പ്രദേശമായി തിരിക്കുകകയും മക്കളെയും മരുമക്കളെ യും (സഹോദരീ പുത്രർ ) ഭരണ കാര്യങ്ങൾ ഏല്പിക്കുകയും ചെയ്തു . കലങ്ങരയിലെ സഹോദരി ശ്രീദേവിയെ സന്ദർശിച്ച് മക്കയിൽ പോകാനുള്ള അഭിലാഷം അറിയിക്കുകയും ചെയ്തു . തുടർന്ന് അവരുടെ മകനെ പ്രദേശത്തിന്റെ ഭരണം (ഇന്നത്തെ കണ്ണൂർ ) ഏല്പിക്കുകയും ചെയ്തു. പിന്നീട് അദ്ദേഹം ഇസ്ലാം മതം സ്വീകരിച്ച് മുഹമ്മദ് അലി എന്ന പേര് സ്വീകരിച്ചു. കണ്ണൂർ അറക്കൽ രാജ കുടുംബം അദ്ദേഹമാണ് സ്ഥാപിച്ചത് എന്ന് പറയപ്പെടുന്നു.
കടൽ കടന്ന് ഷെഹർ മുക്കല്ലയിൽ (Shehr Muqlla) എത്തിച്ചേർന്ന ചേരമാൻ രാജാവും സംഘവും തുടർന്ന് മക്കയിൽ ചെന്ന് മുഹമ്മദ് നബിയെ സന്ദർശിക്കുകയും താജുദ്ദീൻ എന്ന പേര് സ്വീകരിച്ചു ഇസ്ലാം ആശ്ലേഷിക്കുകയും ചെയ്തുവെന്നാണ് ചരിത്രം. ഹിസ്റ്ററി ഓഫ് കേരള (History Of Kerala: An Introduction) എന്ന ബാലകൃഷ്ണപിള്ളയുടെ ഗ്രന്ഥത്തിലും ഇമാം ബുഖാരി , അബു സയീദ് അൽ ഖുദ്രി എന്നിവരുടെ ഹദീസിലും ഇത് രേഖപ്പെടുത്തിയിട്ടുണ്ട് .
ഇസ്ലാം സ്വീകരിച്ച ശേഷം മാലിക് ബിൻ ദീനാറും സംഘാഗങ്ങളുമായി ഒമാനിലെ സലാല വരെ കരമാർഗം വന്ന് അന്നത്തെ സലാലയിലെ സഫർ (Zafar) തുറമുഖം വഴി കേരളത്തിലെത്താനായിരുന്നു പരിപാടി. അതിനിടെ രാജാവിന് അസുഖം ബാധിക്കുകയും അദ്ദേഹം സലാലയിൽ വെച്ച് മരണപ്പെടുകയും ചെയ്തു . ഹരിത സുന്ദരമായ കേരളത്തെ അനുസ്‌മരിപ്പിക്കുന്ന സ്ഥലത്ത് തദ്ദേശീയർ അദ്ദേഹത്തിന് സ്മൃതി കുടീരം പണിതു.
മരിക്കുന്നതിന് മുൻപ് രാജാവ് എഴുതിക്കൊടുത്ത കത്തുമായി മാലിക് ദിനാറും സംഘവും കൊടുങ്ങല്ലൂരിൽ (അന്നത്തെ മുസിരിസ് എന്ന തുറമുഖ പട്ടണം ) എത്തിച്ചേരുകയും കൊടുങ്ങല്ലൂരിലെ ഭരണാധികാരി അവർക്ക് പള്ളി പണിയാൻ സൗകര്യം ചെയ്തു കൊടുക്കുകയുമുണ്ടായി .
ചരിത്ര പുരുഷന്റെ സ്മൃതി കുടീരം കണ്ട് മടങ്ങുമ്പോൾ മനസ്സിൽ ഒരുപാട് ഓർമ്മകൾ ബാക്കിയായി. ‘വിശാല ഹൃദയത്തിനുടമയായ പൊന്നു തമ്പുരാനെ ഈ ശീതളച്ചയായിൽ അങ്ങയുടെ ഓർമ്മകൾ ഉറങ്ങുന്നിടത്ത് എത്താൻ കഴിഞ്ഞതിൽ ഞങ്ങൾ എത്ര ഭാഗ്യവാന്മാരാണ് . ഞാനിപ്പോൾ AD 628 ലെ തണുത്ത കാറ്റു വീശുന്ന ഒരു പ്രഭാതത്തിൽ അങ്ങയോടൊപ്പം യാത്ര ചെയ്യുകയാണ്.