Saturday, December 3, 2016

ജല യുദ്ധം
                                                                                                                        കഥ
പുന്നയൂർക്കുളം സെയ്നുദ്ദീൻ

CHANDRIKA WEEKEND NOV 20, 2016

കരിമ്പ് പാടത്തു വേല കഴിഞ്ഞു കുടിലി ലെത്തിയപ്പോൾ വെയിൽ ചാഞ്ഞിരുന്നു. കണ്ട പാടെ അമ്മ കൈനീട്ടി. 200  രൂപ കിട്ടിയത് അമ്മയെ ഏല്പിച്ചു. "എനിക്ക് കുറച്ചു കാശു വേണം അമ്മാ."
"നിനക്കെന്തിനാടീ കാശ്?"

"കാശു ഞാൻ തരാം, കാർത്തു." അയലത്തെ അഞ്ജയ്യയാണ്. കൂടെ രാമുലുവുമുണ്ട്.  "ചെറിയ ഒരു പണിയുണ്ട് വരാമോ?"
"എന്താ പാർട്ടിക്ക് ജയ് വിളിക്കാനാ?"
"ആണെന്ന് വെച്ചോ"
അഞ്ജയ്യയ്ക്കു സ്ഥിരമായി പാർട്ടിയില്ല. ഏതു പാർട്ടിക്കാര് വിളിച്ചാലും പോകും.

ജാഥ നഗരത്തിലെത്തുമ്പോൾ ഇരുട്ടിയിരുന്നു. ഇപ്പോൾ ഒത്തിരിപേരുണ്ട് ജാഥയിൽ. എന്തിനാണ് ഏതിനാണ് എന്നൊന്നും കാർത്തികയെപ്പോലെ. പലർക്കും അറിഞ്ഞു കൂടാ. ജാഥ വലിയ ട്രെയിൻ പോലെ നീണ്ടു നീണ്ടു വന്നു തടിയും കൂടി കൂടി വന്നു. റോഡിൽ വാഹനങ്ങൾ കടന്നു പോകാൻ പറ്റാതായി. ആളുകൾ അക്രമാസക്തരായി തുടങ്ങി.

ഒരു വലിയ യാർഡിനടുത്തെത്തിയപ്പോൾ അങ്ങോട്ട് കയറാൻ ഛോട്ടാ നേതാവിന്റെ നിർദേശം. മുഷ്ടി ചുരുട്ടി ആകാശത്തിലെറിഞ്ഞു കൊണ്ട് ആണും പെണ്ണും അടങ്ങുന്ന സംഘം അതിനകത്തു കടന്നു. അൻപതോളം ബസ്സുകൾ കിടക്കുന്ന അസീസിന്റെ യാർഡ് ആയിരുന്നു അത്. നാട്ടിൽ ഹർത്താൽ തുടങ്ങിയതറിഞ്ഞു ലക്ഷുറി വാഹനങ്ങൾ അതിനകത്തു സുരക്ഷിതമായി ഇട്ടതായിരുന്നു.

രാമുലു കൈയിൽ സൂക്ഷിച്ചിരുന്ന പെട്രോൾ കാൻ കാർത്തികയെ ഏല്പിച്ചു.
"ഇതെന്തിനാ എനിക്ക്?" അവൾ മടിച്ചു.
"ഒഴിക്ക്." അഞ്ജയ്യ പറഞ്ഞു. അവൾ സംശയിച്ചു നിൽക്കെ അവളെക്കൊണ്ട് പെട്രോൾ ഒഴിപ്പിച്ചു. ആരോ തീപ്പെട്ടി ഉരച്ചു.

അൻപതോളം ബസ്സുകൾ കത്തിയമർന്നു. കാവേരി ജലത്തിനായി കോടതി വിധിയുടെ പേരിൽ കർണാടകയും തമിഴ്നാടുമായി  ജലയുദ്ധം നടക്കുന്നതൊന്നും കാർത്തിക അറിഞ്ഞില്ല. അതിനവൾക്കുള്ള പഠിപ്പുമില്ലായിരുന്നു.

"നിങ്ങളിപ്പോ എന്താ കാണിച്ചത്. ഇത് വലിയ അക്രമമല്ലേ."

വാഴയിലയിൽ പൊതിഞ്ഞ ഒരു പാക്കറ്റ് കൊടുത്ത് അവളോട് വീട്ടിൽ പൊയ്ക്കോളാൻ പറഞ്ഞു. ബിരിയാണിയുടെ പൊതി. വീട്ടിലെത്തിയപ്പോൾ പോലീസ് കാത്തു നിൽക്കുന്നുണ്ടായിരുന്നു.

"നീയാണോടീ, അൻപതോളം ബസ് കത്തിച്ചത്?" പോലീസ് തിരക്കി
അവൾക്ക് നാവിറങ്ങിപ്പോയി.
"പറയെടീ, അവർ എന്താ നിനക്ക് പ്രതിഫലം തന്നത്" അവർ കാർത്തികയുടെ കൈയിലെ പൊതി വാങ്ങി തുറന്ന് നോക്കി.

രാത്രിയിലെ ചാനൽ വാർത്തയിൽ അവതാരക ഇപ്രകാരം വായിച്ചു. ‘ബിരിയാണിക്ക് വേണ്ടി യുവതി അൻപതോളം ബസ്സുകൾ കത്തിച്ചു…….’

END

യാത്ര വാസിത് തണ്ണീർത്തടം സഞ്ചാരികളെ മാടി വിളിക്കുന്നു പുന്നയൂർക്കുളം സെയ്‌നുദ്ദീൻ MATHRUBHUMI 20.12.19 വടക്കൻ ഷാർജയുടെ പ്രാന്ത പ്ര...