Showing posts with label janayugom daily. Show all posts
Showing posts with label janayugom daily. Show all posts

Sunday, December 16, 2012

ജീവിതം മണലാരണ്യം. ലേഖനം ജനയുഗം വാരാന്തം. ഗള്‍ഫ് നാടുകളില്‍ നിര്‍മാണമേഖലകളിലും താഴേക്കിടയിലും പ്രവര്‍ത്തിക്കുന്ന തൊഴിലാളികളുടെ ഭാവി അത്ര ശോഭനമല്ല. ഇതരനാടുകളെ അപേക്ഷിച്ച് സാധാരണ തൊഴിലാളികളുടെ വേതനം തന്നെയാണ് അതിന്റെ പ്രധാന ഘടകം. കഴിഞ്ഞ ഒന്നര പതിറ്റാണ്ടിലേറെയായി ....read more

ജനയുഗം 

വാരാന്തം
ജീവിതം മണലാരണ്യം
പുന്നയൂര്‍കുളം സൈനുദ്ദീന്‍

ള്‍ഫ് നാടുകളില്‍ നിര്‍മാണമേഖലകളിലും താഴേക്കിടയിലും പ്രവര്‍ത്തിക്കുന്ന തൊഴിലാളികളുടെ ഭാവി അത്ര ശോഭനമല്ല. ഇതരനാടുകളെ അപേക്ഷിച്ച് സാധാരണ തൊഴിലാളികളുടെ വേതനം തന്നെയാണ് അതിന്റെ പ്രധാന ഘടകം.
കഴിഞ്ഞ ഒന്നര പതിറ്റാണ്ടിലേറെയായി ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അടിസ്ഥാന ശമ്പളത്തില്‍ മാറ്റമുണ്ടാകുന്നില്ല എന്നതാണ് വസ്തുത. 80 കളുടെ ഒടുവിലും 90 കളുടെ ആദ്യത്തിലും നിര്‍മാണതൊഴിലാളികളുടെ അടിസ്ഥാന ശമ്പളം 600 ദിര്‍ഹം ആയിരുന്നെങ്കില്‍ 2009 കഴിയുമ്പോഴും ഇവര്‍ക്ക് ശമ്പളത്തില്‍ വര്‍ദ്ധനയുണ്ടാകുന്നില്ലായെന്നത് നിരാശാജനകമാണ്. ഏതെങ്കിലും തൊഴിലില്‍ പ്രാവീണ്യം നേടിയിട്ടില്ലാത്ത തൊഴിലാളിയുടെ സ്ഥിതിയാണിത്. ലേബര്‍, ഹെല്‍പ്പര്‍ തുടങ്ങിയ തസ്തികയിലുള്ളവര്‍ ഇതിലധികവും  കല്പണിക്കാരന്റെ സഹായിയോ സിമന്റും മണലും ചേര്‍ക്കുന്നവനോ ഒക്കെയായിരിക്കും. കല്‍പ്പണിക്കാരന്റെയും ആശാരിയുടെയും തസ്തികയിലുള്ളവര്‍ക്ക് 800 ദിര്‍ഹമാണ് അടിസ്ഥാന വേതനം.
ചൈനപോലുള്ള രാജ്യങ്ങളുടെ ശമ്പളവ്യവസ്ഥ പരിശോധിക്കുമ്പോള്‍ ഒരു മുടിവെട്ടുകാരന് ലഭിക്കുന്നത് എന്‍ജിനീയര്‍ക്ക് ലഭിക്കുന്നതിന്റെ തുല്യവേതനമാണ്. ജീവിക്കാനുള്ള ചിലവ് എല്ലാവര്‍ക്കും തുല്യമാണ്. ആഡംബരം മാറ്റിനിര്‍ത്തിയാല്‍.
600 ദിര്‍ഹം ശമ്പളക്കാരന് ഭക്ഷണവും മറ്റു ചില്ലറ ചിലവുകളുമായി 300 ദിര്‍ഹം മാസം മാറ്റിവെയ്ക്കണം. ബാക്കിയുള്ള തുക നാട്ടിലയക്കുമ്പോള്‍ മിച്ചമൊന്നുമില്ലാതെ മൂവായിരം രൂപയേ നാട്ടിലയക്കാന്‍ കാണു. മോഹന വാഗ്ദാനങ്ങളില്‍ കുടുങ്ങി ഭാരിച്ച തുക നാട്ടില്‍ കൊടുത്തു വരുന്നവര്‍ പെട്ടുപോകുന്ന അവസ്ഥയാണ്. കരാര്‍ കാലാവധിയായ മൂന്നു വര്‍ഷം കഴിയുമ്പോള്‍ നഷ്ടപ്പെട്ടതു പോകട്ടെയെന്ന് കരുതി പലരും നാടുപിടിക്കുന്നു.
ദുബായ് സത്‌വയിലെ ഒരു കമ്പനിയില്‍ കല്‍പ്പണിക്കാരനായി ജോലി ചെയ്തിരുന്ന അണ്ടലങ്ങാട്ടുകാരന്‍ ഹംസ ഉദാഹരണമാണ്. മൂന്നു വര്‍ഷം കഴിഞ്ഞ് തിരിച്ചുപോയി പ്രാരാബ്ധങ്ങളുടെ പട്ടിക നീണ്ടപ്പോള്‍ ഒരിക്കല്‍ കൂടിവന്നു. വീണ്ടും മൂന്ന് വര്‍ഷം. മടുത്തു. ഒരു ജന്മംകൊണ്ട് ആറ് വര്‍ഷക്കാലം മാത്രമാണ് അദ്ദേഹം ഈ മേഖലയില്‍ പ്രവര്‍ത്തിച്ചത്. തലകറങ്ങിവീഴാന്‍ വരെ സാധ്യതയുള്ള ചൂടിലും അസ്ഥികളെ തുളയ്ക്കുന്ന തണുപ്പിലും ആകാശത്തിനു കീഴെ തടസ്സങ്ങളില്ലാതെ തൊഴിലെടുക്കുന്നവര്‍ സമ്പാദ്യം വട്ടപ്പൂജ്യമാകുമ്പോള്‍ നാടുവിടുകയല്ലാതെ മറ്റെന്തു ചെയ്യും? സുബ്രഹ്മണ്യന്‍ എന്ന തൃശൂര്‍കാരന്‍ എന്റെയൊരു സുഹൃത്തിന്റെ കഥയും സമാനമാണ്.
20 ദിര്‍ഹത്തിന് ഒരു ചാക്ക് (20 കിലോ) അരി ലഭിക്കുമായിരുന്നു. ഇന്നത് 60 ഉം 70 ഉം ദിര്‍ഹമാണ്. 5 ദിര്‍ഹത്തിന് ലഭിച്ചിരുന്ന പ്രമുഖ കമ്പനിയുടെ ബ്ലേഡ് പാക്കറ്റിന് (4 എണ്ണം) ഇന്ന് 15 ദിര്‍ഹമാണ്. 15 ലേറെ വര്‍ഷം കൊണ്ട് മൂന്നിരട്ടിയും നാലിരട്ടിയുമായി സാധനങ്ങളുടെ വിലവര്‍ധിച്ചു. ഏതു സാധനമെടുത്താലും ഇതു തന്നെയാണവസ്ഥ.
ഈ കാലഘട്ടത്തിനിടയില്‍ വെള്ളക്കോളര്‍ ജോലിക്കാരുടെ ശമ്പളം പല തവണ വര്‍ധിപ്പിച്ചു. പക്ഷേ. അടിസ്ഥാനവര്‍ഗക്കാരായ തൊഴിലാളികളുടെ ശമ്പളത്തില്‍ മാത്രം മാറ്റമുണ്ടാകുന്നില്ല. സാധനങ്ങള്‍ക്കുണ്ടായിട്ടുള്ള വിലവര്‍ധനവും തൊഴിലാളികളുടെ ശമ്പളവും താരതമ്യം ചെയ്യുമ്പോള്‍ അവര്‍ക്ക് മുന്നോട്ടുപോകാന്‍ കഴിയാത്ത സ്ഥിതിയാണ്. 21/2 മൂന്നു ദിര്‍ഹത്തിന് ലഭിച്ചിരുന്ന ഉച്ചഭക്ഷണം ഇന്ന് 6 ദിര്‍ഹം കൊടുക്കണം. ബിരിയാണിയാണെങ്കില്‍ 4 ദിര്‍ഹത്തില്‍ നിന്ന് 8 ലേക്കും 10 ലേക്കും ചിലയിടങ്ങളില്‍ പന്ത്രണ്ടിലേക്കും വളര്‍ന്നു.
ഇതൊക്കെ കൂടാതെ പലസ്ഥാപനങ്ങളും ആഴ്ചയിലെ അവധി നല്‍കുന്നില്ല. ഓവര്‍ടൈമാണെന്നു പറയുമെങ്കിലും ഓവര്‍ടൈം ശരിയാംവിധം നല്‍കാറുമില്ല.
അടിസ്ഥാന വേതനത്തില്‍ കൃത്രിമം കാണിച്ച് ഇവര്‍ കൈകഴുകുന്നു. ഫ്രീസോണിലുള്ള ചില കമ്പനിക്കാരാണ് ഇത്തരം കൃത്രിമത്തില്‍ വിരുതന്മാര്‍. അവര്‍ അടിസ്ഥാന ശമ്പളം 600 പറയും പക്ഷേ കരാറിലെഴുതുന്നത് 400 ദിര്‍ഹം ആണ്. ബാക്കി ഓവര്‍ടൈം ആയി കണക്കാക്കും. ഇങ്ങനെ മൊത്തം അറുനൂറ് കൊടുക്കും. തൊഴിലാളികളുടെ ആഴ്ചയിലെ അവധി അപഹരിക്കുകയും ചെയ്യുന്നു. നേരിട്ട് തൊഴില്‍ മന്ത്രാലയവുമായി ബന്ധമില്ലാത്ത ഫ്രീസോണ്‍ വിസയിലാണ് ഇത്തരം കൃത്രിമം കൂടുതല്‍. എന്നാല്‍ ഫ്രീസോണ്‍ കമ്പനിയും തൊഴില്‍ മന്ത്രാലയത്തിന്റെ പരിധിയില്‍ വരുന്നതാണ്.
ദുബായിലെ തന്നെ പേരെടുത്ത ചില കാറ്ററിംഗ് കമ്പനിക്കാരും ഇത്തരത്തില്‍ തൊഴിലാളികളെ ചൂഷണം ചെയ്യുന്നുണ്ട്. വെള്ളിയാഴ്ച മാത്രമല്ല പെരുന്നാള്‍ തുടങ്ങി വിശേഷ ദിവസങ്ങളിലും ഇവരുടെ അവധി അപഹരിക്കുന്നു.
മറ്റൊരു ചൂഷണമെന്നു പറയുന്നത് ജോലിസമയമാണ്. 6 മണിക്കൂറാണ് തൊഴില്‍ സമയം. റെസ്റ്റാറന്റ് സെക്യൂരിറ്റി പോലുള്ള സര്‍വീസ് ജോലികള്‍ക്ക് 9 മണിക്കൂര്‍ വരെയാകാം. എന്നാല്‍ മേല്‍പ്പറഞ്ഞ കാറ്ററിംഗ് കമ്പനിക്കാരും ചില റെസ്റ്റോറന്റുകാരും 12 മുതല്‍ 14 വരെ മണിക്കൂര്‍ നിര്‍ബന്ധപൂര്‍വം പാവപ്പെട്ട തൊഴിലാളികളെക്കൊണ്ടു ജോലിയെടുപ്പിക്കുന്നു. എന്നാല്‍ അടിസ്ഥാന വേതനത്തിലുള്ള കൃത്രിമത്തിലൂടെ ഈ ഓവര്‍ടൈമിന്റെ തുകയും തൊഴിലാളികള്‍ക്ക് ലഭിക്കുന്നില്ല. മൊത്തം 14 മണിക്കൂറും ആഴ്ചയില്‍ 7 ദിവസവും പണിയെടുത്താല്‍ ഓവര്‍ടൈമടക്കം 600 ദിര്‍ഹം ശമ്പളം. 50 ഓ നൂറോ ഓവര്‍ടൈമിനത്തില്‍ മുതലാളികനിഞ്ഞനുഗ്രഹിച്ചാല്‍ ഭാഗ്യം. കണ്ണൂര്‍, തലശ്ശേരിയില്‍ നിന്നുള്ള ചില വിരുതന്മാരാണ് ഇത്തരം കാറ്ററിംഗ് സ്ഥാപനത്തിന്റെ ഉടമസ്ഥന്മാരെന്നറിയുമ്പോള്‍ ലജ്ജിക്കണം. ഇവര്‍ക്ക് ലേബര്‍ സപ്ലൈപോലെ ഫ്രീസോണ്‍ വിസക്കാരെ നല്‍കുന്നവരും ചൂഷണത്തിന് ചൂട്ടുപിടിക്കുന്നു.
നിയമങ്ങളുണ്ടെങ്കിലും നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ തൊഴിലാളികള്‍ക്ക് ഭയമാണ്. കാരണം ജോലിപോകും. ഇത്തരം ഒരു പരാതിയുമായി ആരെങ്കിലും മന്ത്രാലയത്തെ സമീപിക്കാന്‍ മുന്നോട്ടുവരുന്നില്ല. കാരണം മുന്നോട്ടുവന്ന പലര്‍ക്കും ഇന്നു ജോലിയില്ല.
ശമ്പളം ബാങ്കുവഴി നല്‍കുക, രണ്ടു മാസത്തിലധികം ശമ്പളം ലഭിക്കാതിരിന്നാല്‍ തൊഴിലാളിക്ക് പുതിയ സ്‌പോണ്‍സറെ കണ്ടെത്താം. ഇങ്ങനെ നിരവധി പരിശ്രമങ്ങള്‍ തൊഴില്‍ മന്ത്രാലയത്തിന്റെ ഭാഗത്തുനിന്നുണ്ടാകുന്നുണ്ട്. കൂടാതെ തൊഴിലാളിക്ക് തന്റെ ന്യായമായ അവകാശങ്ങള്‍ക്കുവേണ്ടി തൊഴില്‍ മന്ത്രാലയത്തെ നേരിട്ടോ ഓണ്‍ലൈന്‍ വഴിയോ ടെലഫോണ്‍ മുഖേനയോ ഒക്കെ ബന്ധപ്പെടാവുന്നതാണ്.
എങ്കിലും ഇത്തരം ചൂഷണങ്ങള്‍ക്ക് അറുതിയുണ്ടാകുന്നില്ല. താമസ സൗകര്യങ്ങള്‍ക്കായി തൊഴില്‍ മന്ത്രാലയവും നഗരസഭയും കടുത്ത നിഷ്‌കര്‍ഷകള്‍ ഏര്‍പ്പെടുത്തുന്നുണ്ട്. മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥര്‍ നിരന്തരം പരിശോധന നടത്തുകയും കനത്ത പിഴ ഏര്‍പ്പെടുത്തുകയും ചെയ്യാറുണ്ട്. എങ്കിലും ചില കമ്പനികളെങ്കിലും നിയമവിരുദ്ധമായി തന്നെ അനുവദിച്ചതിലും വളരെ കൂടുതല്‍ ആളുകളെ ഒന്നിച്ചു പാര്‍പ്പിക്കുന്നു. ഒരു കട്ടിലും ഒരു പെട്ടിയും മാത്രമാണ് ഇവരുടെ ഇടം. തൊഴില്‍ കഴിഞ്ഞുവന്നാല്‍ വസ്ത്രങ്ങള്‍ ഹാംഗറില്‍ തൂക്കിയിടാനോ അലമാരയില്‍ വെയ്ക്കാനോ കഴിയില്ല. കട്ടിലുകള്‍ ഡബിള്‍ഡക്കറുകളാണ്. ഒന്നിനുമീതെ ഒന്ന്. 8 പേര്‍ക്ക് കിടക്കാവുന്ന മുറിയില്‍ 12 ഉം 14 ഉം പേരെ കുത്തിനിറയ്ക്കുന്നു.
തൊഴിലാളികളുടെ കാര്യത്തില്‍ ഇനിയും ഒരുപാടു പുരോഗതികളുണ്ടാകേണ്ടതുണ്ട്. കോണ്‍സുലേറ്റും സന്നദ്ധ സംഘടനകളും ഇതിന് മുന്നോട്ടുവരണം. തൊഴിലാളി ക്യാമ്പുകള്‍ സന്ദര്‍ശിക്കുകയും തൊഴിലാളികളുമായി സംവദിക്കുകയും വേണം. തൊഴിലാളികള്‍ക്ക് അവരുടെ കാര്യങ്ങള്‍ ആത്മവിശ്വാസത്തോടെ ഉദ്യോഗസ്ഥരോട് പറയാനാകണം. പറയുന്നത് ഉദ്യോഗസ്ഥര്‍ രഹസ്യമായി വെയ്ക്കും എന്നുറപ്പുണ്ടെങ്കില്‍ മാത്രമേ തൊഴിലാളികള്‍ തുറന്നു പറയാന്‍ തയ്യാറാകൂ.
DATE : 2010-02-28

യാത്ര വാസിത് തണ്ണീർത്തടം സഞ്ചാരികളെ മാടി വിളിക്കുന്നു പുന്നയൂർക്കുളം സെയ്‌നുദ്ദീൻ MATHRUBHUMI 20.12.19 വടക്കൻ ഷാർജയുടെ പ്രാന്ത പ്ര...