Monday, November 25, 2013

കൊച്ചുബാവയെ സ്മരിക്കുമ്പോള്‍


bava2ടി വി കൊച്ചുബാവ വിട പറഞ്ഞിട്ട് നവംബര്‍ 25 ന് 14 വര്‍ഷം  പൂര്‍ത്തിയാവുന്നു

കൊച്ചു ബാവയുടെ കഥാ ലോകം വളരെ വേറിട്ട ഒന്നാണ്. വളരെ വ്യത്യസ്ഥമായ സമീപനമായിരുന്നു അദ്ദേഹം ഓരോ രചനകള്‍ നടത്തുമ്പോഴും പുലര്‍ത്തിപ്പോന്നത്. ഓരോ രചനകള്‍ക്കും വേണ്ടി അദ്ദേഹം പുതിയ മേച്ചില്‍ പുറങ്ങള്‍ തിരഞ്ഞു. അങ്ങനെ പുതുമകള്‍ സൃഷ്ടിച്ചു കൊണ്ടു വന്ന കഥകളാണ് പലതും. ‘കാള’ എന്ന കഥ ഒരു ഉദാഹരണം. എയിഡ്‌സ് പോലുള്ള മാരക രോഗങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ തുടങ്ങിയ കാലഘട്ടത്തിലാണ് അദ്ദേഹം ‘കാള’ എഴുതുന്നത്. ഈ വിഷയത്തെ ആസ്പദമാക്കിയുള്ള ഒരു കഥ മലയാളത്തില്‍ ആദ്യമായി വന്നത് കൊച്ചു ബാവയുടേതായിരുന്നു. രചനകള്‍ നടത്തുമ്പോള്‍ അദ്ദേഹം തന്റെ കഥാപാത്രങ്ങളുമായി നേരിട്ട് സംവദിച്ചിരുന്നു. ‘പെരുങ്കളിയാട്ടം’ എന്ന നോവല്‍ എഴുതുന്ന കാലത്ത് കൊച്ചുബാവ ആദിവാസികളോടൊപ്പം ഒരാഴ്ച താമസിക്കുകയുണ്ടായി. മറ്റു പല കഥാ കൃത്തുക്കളും തന്റെ പ്രധാന കഥാപാത്രത്തെ പേര് പറഞ്ഞു സംബോധന ചെയ്യുകയോ ‘അയാള്‍’ എന്ന് പ്രയോഗിക്കുകയോ ചെയ്തപ്പോള്‍ കൊച്ചു ബാവയുടെ പല കഥകളിലും പ്രധാന കഥാ പാത്രം ‘ഞാന്‍’ ആയിരുന്നു. ഇങ്ങനെ വായനക്കാരനുമായി ഒരു മാനസിക അടുപ്പം സൃഷ്ടിക്കാനുള്ള ശ്രമങ്ങള്‍
അദ്ദേഹത്തിന്റെ പല കഥകളിലും കാണാന്‍ കഴിയും.
വിഷയം തിരഞ്ഞെടുക്കുന്നതിലുള്ള പുതുമയും ശൈലിയുടെ ശക്തിയും കഥകള്‍ക്ക് കരുത്തു പകര്‍ന്നു. മറ്റു പലരും പൂക്കളെയും പൂമ്പാറ്റകളെയും കുറിച്ചും, മഞ്ഞിനെയും നദികളെയും കുറിച്ചുമൊക്കെ എഴുതിയപ്പോള്‍ കൊച്ചു ബാവയുടെ ശൈലി പരുക്കനും കടുത്ത ജീവിത യാഥാര്‍ത്ഥ്യങ്ങള്‍ പേറുന്നവയുമായിരുന്നു. കടും ചായങ്ങള്‍ നിറഞ്ഞതാണ് കൊച്ചു ബാവയുടെ കഥകള്‍ എന്ന് നിരൂപകര്‍ പറഞ്ഞു. അതിനു അദ്ദേഹത്തിന്റെ  മറുപടി ഇങ്ങനെയായിരുന്നു: ‘കേള്‍ക്കുന്നുണ്ട് , ജീവിതത്തെ ഏങ്കോണിച്ചു കാണുന്നു എന്നൊക്കെ കുറ്റപ്പെടുത്തുന്നുണ്ട് . കുറ്റം ശിരസാ വഹിക്കുന്നു. സുന്ദരമായ തൊലിപ്പുറത്തെ എല്ലും വൈകൃതവും എന്നെ നോക്കി കോക്രി കാണിക്കുന്നല്ലോ എപ്പോഴും. ഇക്കണ്ടു കാണായ ഭൂമിയിലെ സൗമ്യ മധുരമായ കാറ്റിനെക്കുറിച്ചും കിളികളെ കുറിച്ചുമൊക്കെ എഴുതാനാഗ്രഹമില്ലാഞ്ഞല്ല; കിളികള്‍ക്കും പൂക്കള്‍ക്കും എന്നു പറഞ്ഞു കൊണ്ട് കപ്പയില കാടുകളുടെ തണുപ്പിലൂടെ മനസ്സിനെ മേയാന്‍ വിടാന്‍ തന്നെയാണ് താല്പര്യവും. ഈ സൌഖ്യത്തിലിരുന്നു ആഴത്തിലേക്ക് നോക്കുമ്പോഴോ, അല്ലെങ്കില്‍ എഴുതാനിരിക്കുമ്പോഴോ കുപ്പത്തൊട്ടിക്കു മേലെ പിടഞ്ഞുണരുന്ന കുഞ്ഞിക്കണ്ണുകളും ആരാന്റെ കുന്ത മുനയിലുയര്‍ന്ന്  ആകാശം കാണുന്ന ആമിനയുടെ കെട്ടിയോനും റെയില്‍വേ ട്രാക്കില്‍ ജാര സന്തതിയെ ഉപേക്ഷിച്ചോടുന്ന അമ്മയും ഇരുമ്പു ചക്രങ്ങള്‍ക്കിടയില്‍ കുഞ്ഞിക്കരച്ചിലുമൊക്കെയായി പരു പരുത്തു പോകുന്നു അതൊക്കെ…..’
‘വൃദ്ധസദനം’ എന്ന നോവലിലൂടെ വാര്‍ദ്ധക്യത്തിന്റെ കൊടും യാതനകള്‍ അദ്ദേഹം വരച്ചു കാട്ടി. ജീവിതത്തിന്റെ സുഖ സൗകര്യങ്ങല്‍ക്കു പിറകെ കുതിച്ചു പാഞ്ഞ ഒരു യുവ ജനത സ്വന്തം മാതാ പിതാക്കളെ വൃദ്ധസദനത്തിന്റെ രാവണന്‍ കോട്ടകളില്‍ തള്ളുന്ന നെറികെട്ട സംസ്‌കാരത്തിന്റെ നെഞ്ചു തകര്‍ക്കുന്ന കാഴ്ചകളായിരുന്നു കൊച്ചു ബാവ നമുക്ക് കാണിച്ചു തന്നത്. ‘വേവലാതിക്കളി’ എന്ന ചെറു കഥയും വാര്‍ധക്യത്തിന്റെ വിഹ്വലതകള്‍ തന്നെയാണ് പ്രതിപാദിക്കുന്നത്.
‘അടുക്കള’ എന്ന കഥ പുരുഷ മേധാവിത്ത്വത്തിന്റെ അടുക്കള പ്രതിസന്ധികള്‍ തന്നെയാണ്. കോകില അവളുടെ പ്രാഥമിക കര്‍മങ്ങള്‍ പോലും നിറവേറ്റാനാകാതെ ഉദ്യോഗസ്ഥനായ ഭര്‍ത്താവിനെ സന്തോഷിപ്പിക്കാന്‍ പെടുന്ന പാട് ഒരു ഗ്രാമീണ പെണ്‍കൊടിയുടെ പ്രതിസന്ധി  തന്നെയാണ് അനാവരണം ചെയ്യുന്നത്. ഉദ്യോഗസ്ഥന്റെ ക്രൗര്യവും അമര്‍ഷവും പുരുഷ മേല്‍ക്കോയ്മയും കഷണ്ടിയും പറഞ്ഞു കൊണ്ട് ഒരു കറുത്ത ഹാസ്യം തന്നെ വികസിപ്പിച്ചെടുക്കാന്‍ കൊച്ചു ബാവയ്ക്ക് കഴിയുന്നുണ്ട്.
‘റെയില്‍വേസ്‌ടേഷനും’ ‘കുറ്റിപ്പുറത്തെ കുഴലൂത്തുകാരനും’ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട കഥകളാണ്.
‘വില്ലന്മാര്‍ സംസാരിക്കുമ്പോള്‍’ ‘ഉപജന്മം’ എന്നീ ലഘുനോവലുകളും ‘വിരുന്നു മേശയിലേക്ക് നിലവിളികളോടെ’ എന്ന നോവലും അദ്ദേഹത്തിന്റെ ശ്രദ്ധേയമായ രചനകളാണ്.കൊച്ചു ബാവ വേണ്ടത്ര വായിക്കപ്പെടുന്നില്ല എന്ന അഭിപ്രായമുണ്ട്. വായിക്കപ്പെടേണ്ട രചനകളാണ് അദ്ദേഹത്തിന്റേത്.
ഒടുവില്‍ ഞങ്ങള്‍ കണ്ടു മുട്ടിയത് ഷാര്‍ജയില്‍ വെച്ചായിരുന്നു. ഗള്‍ഫ് വോയ്‌സ് മാഗസിന്‍ സംഘടിപ്പിച്ച സാഹിത്യ പരിപാടിയില്‍. ഗള്‍ഫ് വോയ്‌സിന്റെ എഡിറ്റര്‍ ആയിരുന്നു അന്നദ്ദേഹം. ഗള്‍ഫ് വോയ്‌സില്‍  എന്തെങ്കിലും എഴുതാനും എന്നോടാവശ്യപ്പെട്ടു. 1955 ല്‍ തൃശ്ശൂരിലെ കാട്ടൂരിലാണ് കൊച്ചുബാവ  ജനിച്ചത്. നോവല്‍, കഥാസമാഹാരങ്ങള്‍, വിവര്‍ത്തനം എന്നീ വിഭാഗങ്ങളില്‍ 23 കൃതികള്‍ പ്രസിദ്ധപ്പെടുത്തി. ‘വൃദ്ധസദനം’ എന്ന കൃതിക്ക് 1995ലെ ചെറുകാട് അവാര്‍ഡും 1996ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡും ലഭിച്ചു. 1999 നവംബര്‍ 25 ന് അന്തരിച്ചു.
  VARTHAMANAM DAILY EDITORIAL

http://varthamanam.com/?p=41134

യാത്ര വാസിത് തണ്ണീർത്തടം സഞ്ചാരികളെ മാടി വിളിക്കുന്നു പുന്നയൂർക്കുളം സെയ്‌നുദ്ദീൻ MATHRUBHUMI 20.12.19 വടക്കൻ ഷാർജയുടെ പ്രാന്ത പ്ര...