Saturday, January 17, 2015

കഥ / ഹര്‍ത്താല്‍

ഹര്‍ത്താല്‍ 

പുന്നയൂര്‍ക്കുളം സെയ്നുദ്ദീന്‍

MADHYAMAM WEEKLY
ഹെലേന മേഘപാളികള്‍ക്കിടയിലൂടെ താഴോട്ട് നോക്കുകയായിരുന്നു. പഞ്ഞിക്കെട്ടുകള്‍ വാരിവിതറിയതുപോലെ ആകാശം ആകമാനം ചിതറിക്കിടക്കുന്നു. വിമാനത്തിന്‍െറ പൈലറ്റിന് ഇടക്ക് ദിശ തെറ്റുന്നുണ്ടെന്നു മനസ്സിലായി.  ഇടക്കിടെ എയര്‍പോക്കറ്റുകളില്‍ വീഴുകയും ചെയ്യുന്നുണ്ട്. അപ്പോഴുണ്ടാകുന്ന ഒരു കിടുക്കം ഭയാനകംതന്നെ. ഇപ്പോള്‍ നേരെ ഭൂമിയിലേക്ക് പതിക്കുമെന്ന് തോന്നും. ചിറകുകള്‍ ഇടത്തോട്ടും വലത്തോട്ടും ഉലച്ചും ചാഞ്ഞും ചരിഞ്ഞും പറന്ന്  വലിയ ഭീമാകാരനായ പക്ഷി അസ്വസ്ഥത പ്രകടിപ്പിച്ചു.
‘‘Are you afraid Helena?’’
‘‘No, Honey’’ അങ്ങനെ പറഞ്ഞെങ്കിലും ഹെലേന അവന്‍െറ കൈയില്‍   മുറുകെ പിടിച്ചു. നദാല്‍ അവളുടെ ആപ്പിള്‍പോലെ തുടുത്തുചുവന്ന കവിളില്‍ അമര്‍ത്തി  ചുംബിച്ചു. വീണ്ടും ഒരു എയര്‍പോക്കറ്റില്‍ വീണപ്പോള്‍ അവള്‍ അവനെ കെട്ടിപ്പിടിച്ചു. അടുത്തിരിക്കുന്ന മധ്യവയസ്ക പതിഞ്ഞ ശബ്ദത്തില്‍ പ്രാര്‍ഥിച്ചുകൊണ്ടിരുന്നു. വിമാനം നിശ്ശബ്ദമാണ്.
ഇപ്പോള്‍ ഭൂമിയിലെ കാഴ്ചകള്‍ ചെറുതായി കാണാം. പുഴകള്‍ നേര്‍ത്ത വെള്ളിരേഖകള്‍പോലെ തിളങ്ങുന്നു. പുലരി വെട്ടം വീഴാന്‍ തുടങ്ങുന്നതേയുള്ളൂ. ഇരുട്ടിന്‍െറ കരിമ്പടംനീങ്ങിയിട്ടില്ല. മിന്നല്‍പ്പിണരുകള്‍ ഭൂമിയിലെ മരങ്ങളുടെയും കെട്ടിടങ്ങളുടെയും വിദൂര ദൃശ്യങ്ങള്‍ കൊണ്ടുവരുന്നു. മരങ്ങള്‍ കാന്‍വാസില്‍ ചിതറിയ പച്ച ചായംപോലെ. കെട്ടിടങ്ങള്‍  ചെറിയ ചതുരക്കട്ടകള്‍.
കറുത്ത മേഘങ്ങള്‍ അങ്ങിങ്ങ്  കാറ്റില്‍  പറന്നുനടന്ന് ഭൂമിയിലേക്ക് ജലസേചനം നടത്തുന്ന കാഴ്ച അത്യപൂര്‍വവും വിസ്മയകരവും ആയിരുന്നു.
‘‘ഞാനിങ്ങനെ ഒരു കാഴ്ച ആദ്യമായി കാണുകയാണ്’’, ഹെലേന പറഞ്ഞു. അവന്‍െറ  ഉള്ളില്‍ അപ്പോഴും തീ ജ്വലിക്കുകയായിരുന്നു. ഒരു കണക്ക് ഇനിയും ബാക്കി നില്‍ക്കുന്നുണ്ട് -അണയാതെ നില്‍ക്കുന്ന, ഓര്‍ക്കാന്‍ ഇഷ്ടപ്പെടാത്ത വഞ്ചനയുടെ കഥ. അതിലൂടെ നഷ്ടപ്പെട്ടത് തനിക്ക് ഏറ്റവും പ്രിയപ്പെട്ടവരെയായിരുന്നു. ഹെലേന ഇതൊക്കെ നീ അറിയുമ്പോള്‍ നിന്‍െറ പ്രതികരണം എന്തായിരിക്കുമെന്നതാണെന്‍െറ പ്രശ്നം.
‘‘നിങ്ങളെന്താ ആലോചിക്കുന്നേ?’’
‘‘ഹേയ്, ഒന്നുമില്ല. മഴ കുറഞ്ഞോ, നമുക്ക്  ലാന്‍റിങ്ങിനുള്ള സമയമായെന്ന് തോന്നുന്നു.’’
‘‘അങ്ങകലെ പര്‍വതത്തിന്‍െറ താഴ്വരയിലേക്ക് പതിക്കുന്ന ഒരു വെള്ളച്ചാട്ടം കണ്ടോ? എന്ത് മനോഹരം, അല്ളേ?’’
‘‘അതെ, നമുക്കതിനു മുകളിലൂടെ പറന്നു നടക്കണം, രണ്ടു ശലഭങ്ങളെപോലെ.’’
‘‘നമുക്ക് ഒരു glideril  പറന്നാലോ? അതാകുമ്പോള്‍ സംഗതി നടക്കും.’’
എയര്‍പോര്‍ട്ടിനു പുറത്തുകടന്നപ്പോള്‍ വാഹനങ്ങള്‍ കുറവായിരുന്നു. ഒരു സംഘം ആളുകള്‍ കൂട്ടത്തോടെവന്ന് വാഹനത്തിനു നേരെ ആക്രമണം അഴിച്ചുവിട്ടു. മുന്നില്‍വന്നവന്‍െറ തലയില്‍ കടുംചായത്തിലുള്ള തുണികൊണ്ടൊരു വട്ടക്കെട്ടുണ്ടായിരുന്നു.  കണ്ണുകള്‍ ചുവന്നുകലങ്ങിയിരിക്കുന്നു. കൈയില്‍ ഇരുമ്പിന്‍െറ വലിയ ദണ്ട്. ഒറ്റയടിക്ക് കാറിന്‍െറ വിന്‍ഡ് ഗ്ളാസ് തകര്‍ത്തു.
‘‘ഹേ എന്തായീ കാണിക്കുന്നത്?’’ ഡ്രൈവര്‍ തടയാന്‍ ശ്രമിച്ചു.
‘‘ഡാ നായിന്‍െറ മോനെ നിനക്കറിഞ്ഞൂടെടാ ഇന്ന്  ഞങ്ങടെ പാര്‍ട്ടീടെ ഹര്‍ത്താലാണെന്ന് .’’
‘‘ഹര്‍ത്താലാണെന്നുവെച്ച് വണ്ടി തല്ലി തകര്‍ക്കുവാ?’’
‘‘കൂടുതല്‍ സംസാരിക്കണ്ട. കൊന്നു തള്ളും. ആരും ചോദിക്കില്ല. ഹര്‍ത്താലിനിടെ ഒരാള്‍ മരിച്ചു അത്രതന്നെ’’, ചോരക്കണ്ണന്‍ ഡ്രൈവറുടെ കഴുത്തിന് കുത്തിപ്പിടിച്ച് നിലംതൊടാതെ ഉയര്‍ത്തി നിര്‍ത്തി. അയാള്‍ ശ്വാസംകിട്ടാതെ വിഷമിച്ചു.
‘‘ഹേയ്, വാട്ട് ഈസ് ദിസ്, ലീവ് ഹിം’’, ഹെലേന ഉച്ചത്തില്‍ പറഞ്ഞു.
അപ്പോഴേക്കും ഡ്രൈവറുടെ കഴുത്തിനുള്ള പിടിത്തം വിട്ടിരുന്നു.
‘‘മര്യാദക്ക് വേഗം സ്ഥലം വിട്ടോണം, സായിപ്പും മദാമ്മയുമാണെന്നൊന്നും നോക്കില്ല. ഹര്‍ത്താല്‍ദിനത്തില്‍ കറങ്ങാനിറങ്ങിയിരിക്കുന്നു. കത്തിക്കും ഞാന്‍.’’
‘‘വാട്ട്? വാട്ട് ഹി സെയ്സ്?’’ നദാല്‍ ക്രുദ്ധനായി.
‘‘നത്തിങ്  സാര്‍, നമുക്ക് പോകാം.’’
ഹോട്ടല്‍മുറിയിലത്തെിയപ്പോള്‍ കാപ്പി കഴിച്ചശേഷം ഹെലേന കുളിച്ചുവന്നു. റോസ് നിറത്തിലുള്ള മുട്ടോളമത്തെുന്ന നേര്‍ത്ത നൈറ്റിയായിരുന്നു അവള്‍ ധരിച്ചത്.
‘‘നദാല്‍, നീ എന്താ എന്നെ ആദ്യമായി കാണുന്നതുപോലെ.’’
‘‘നേരെ ചൊവ്വേ നിന്നെയൊന്നു കാണാന്‍ നീ അവസരം തന്നിട്ടില്ലല്ളോ?’’
‘‘നോ നോ അതൊക്കെ വിവാഹശേഷം. പോ, പോയി കുളിച്ചു വാ, വിയര്‍പ്പു നാറുന്നു.’’ അവള്‍ തോര്‍ത്തെടുത്ത്  നദാലിന് കൊടുത്തു.
ഭക്ഷണം കഴിച്ചുകിടക്കുമ്പോള്‍ നദാല്‍ അവളോട് പറഞ്ഞു:  ‘‘എനിക്ക് നിന്നോട് ഒരു കാര്യം പറയാനുണ്ട്.’’
അയാള്‍ അവള്‍ കിടക്കുന്ന കട്ടിലിനരികിലേക്ക്  ചെന്നു.
‘‘നോ നോ, നീ പോയി അവിടെ താഴെ കിടന്നാല്‍ മതി. ഇങ്ങോട്ട് വരേണ്ട, അവിടെ കിടന്നു പറഞ്ഞോ.’’
‘‘അതല്ല ഹെലേന, ഞാന്‍ കുറെ കാലമായി നിന്നോട് ചില കാര്യങ്ങള്‍ പറയണമെന്ന് വിചാരിക്കുന്നുണ്ട്.’’
‘‘എങ്കില്‍ പെട്ടെന്നു പറ.’’
‘‘അങ്ങനെ പെട്ടെന്ന് പറയാന്‍ പറ്റില്ല.’’
‘‘എനിക്കുറക്കം വരുന്നു നദാല്‍. നമുക്ക് നാളെ പറയാം.’’ അവള്‍ കൂര്‍ക്കംവലിച്ചുറങ്ങാന്‍ തുടങ്ങി. അയാള്‍ക്ക്  പക്ഷേ, ഉറങ്ങാനായില്ല. മനസ്സില്‍ അലട്ടുന്ന ഒരുപാട് വിഷയങ്ങളുണ്ട്. ഒരുപക്ഷേ, അതെല്ലാം അവള്‍ അറിയുമ്പോള്‍ എങ്ങനെയായിരിക്കും പ്രതികരണം എന്നറിയില്ല. ഒരു വേള ഹെലേന തന്നെ ഉപേക്ഷിച്ചുപോകാനും മതി. അത്രക്കു ലോലമായ മനസ്സാണ് അവളുടേത്. അവളെ പിരിയുന്ന കാര്യം, അതോര്‍ക്കാന്‍കൂടി കഴിയില്ല. അവളില്ലാതെ ഒരു ജീവിതം, അതിനു തനിക്കാവില്ല.
നേരം പരപരാ വെളുത്തുതുടങ്ങുന്നതേയുള്ളൂ. പ്രഭാതത്തിലെ തണുപ്പേറ്റ്  നടക്കാന്‍ ഹെലേനക്കിഷ്ടമാണ്. ഇരു വശവും മരങ്ങള്‍  വളര്‍ന്നുനില്‍ക്കുന്ന വലിയ റോഡ്. വാഹനങ്ങളൊന്നും പക്ഷേ, കാണുന്നില്ല. ഏറെ ദൂരം നടന്നപ്പോള്‍ അവള്‍ പറഞ്ഞു: ‘‘വെയില്‍ ശക്തിപ്രാപിച്ചുതുടങ്ങി, എന്തെങ്കിലും ഒരു വാഹനം കിട്ടിയിരുന്നെങ്കില്‍?’’
കുറെക്കൂടി ദൂരം നടന്നപ്പോള്‍ ഒരു സംഘം ആളുകള്‍ നടന്നുവരുന്നത് കണ്ടു. അവരുടെ കൈകളില്‍ പതാകകളുണ്ടായിരുന്നു. നല്ല ദൃഢമായ വടികളിലാണ് പതാകകള്‍ കെട്ടിയിരിക്കുന്നത്. വേണ്ടിവന്നാല്‍ ആരെയെങ്കിലും അടിച്ചുകൊല്ലാനും പറ്റും. പതാകക്കെന്തിനാണിത്രയും വലിയ വടി. നദാല്‍ ചിന്തിച്ചു. സംഘം അടുത്തത്തെിക്കഴിഞ്ഞിരുന്നു.
‘‘റാം അവര്‍ എന്താണ് മുദ്രാവാക്യം മുഴക്കുന്നത്?’’നദാല്‍ ഗൈഡിനോട്  തിരക്കി.
‘‘അത്, സാര്‍ തമിഴ്നാട്ടില്‍നിന്ന് പച്ചക്കറിയും മാടുകളും എത്തുന്നില്ല. അതിനെതിരെയുള്ള സമരമാ.’’
‘‘ആര്‍ക്കെതിരെ?’’
‘‘സര്‍ക്കാറിനെതിരെ പ്രതിപക്ഷത്തിന്‍െറ സമരം.’’
‘‘വരൂ റാം നമുക്കവരോട് സംസാരിക്കാം.’’
‘‘എന്ത് സംസാരിക്കാനാണ് സാര്‍. പലരും മദ്യപിച്ച് ലക്ക് കെട്ടവരുമായിരിക്കും. സാര്‍ സംസാരിക്കാന്‍ പോകണ്ട.’’
‘‘അത് പറ്റില്ല. അവരോടു രണ്ടു വാക്ക് പറയണം’’, ഹെലേന ഇടപെട്ടു.
‘‘ഫ്രന്‍ഡ്സ്, നിങ്ങളെന്തിനാണിങ്ങനെ തെരുവ് യുദ്ധം നടത്തുന്നത്. പൊതുമുതല്‍ നശിപ്പിക്കുകയും ആളുകളുടെ സഞ്ചാര സ്വാതന്ത്ര്യം ഇല്ലാതാക്കുകയും ചെയ്യുന്നതെന്തിനാണ്? ആഴ്ചയില്‍ ഏഴു ദിവസവും സമരമാണല്ളോ  നിങ്ങളുടെ നാട്ടില്‍. പിന്നെയെങ്ങനെ പുരോഗതി ഉണ്ടാകും?’’
‘‘സായിപ്പിനറിയോ ഇവിടെ ആഴ്ചകളായി പച്ചക്കറി കിട്ടിയിട്ട് , മാസങ്ങളായി ഒരു കഷണം ബീഫ് കഴിച്ചിട്ട്... ഇതൊക്കെ ഈ സര്‍ക്കാറിന്‍െറ കുഴപ്പംകൊണ്ടല്ളേ?’’
‘‘അതെങ്ങനെ സര്‍ക്കാറിന്‍െറ കുഴപ്പമാകും സുഹൃത്തേ, നിങ്ങള്‍ക്കിവിടെ ഭൂമിയില്ളേ, അവിടെ പച്ചക്കറി കൃഷി ചെയ്തുകൂടെ, മാടുകളെ വളര്‍ത്തിക്കൂടെ?’’
‘‘ദേ, ഈ സായിപ്പിനേം മദാമ്മേം നിങ്ങളിവിടുന്നു കൊണ്ടുപോകുന്നുണ്ടോ?’’ സമരക്കാരില്‍ ഒരാള്‍ റാമിന്  നേരെ തിരിഞ്ഞു: ‘‘ഇല്ളെങ്കില്‍ നിനക്കായിരിക്കും ഞങ്ങടേന്നു കിട്ടുക.’’
തൊട്ടപ്പുറത്ത് പൊലീസ് ബാരിക്കേഡുകള്‍ തീര്‍ത്തിരുന്നു. യുവ നേതാക്കള്‍ പൊലീസിനുനേരെ പാഞ്ഞടുത്തു. ഒപ്പം അണികളും പിറകെ ഓടി. നേതാക്കള്‍ ബാരിക്കേഡുകളിലേക്ക് ഓടിക്കയറി. ഒപ്പം മറ്റുള്ളവരും. ബാരിക്കേഡു തകര്‍ക്കുന്നവരെ നേരിടാന്‍ പൊലീസിനു വളരെ പാടുപെടേണ്ടി വന്നു. അണികള്‍ കൂട്ടത്തോടെ ബാരിക്കേഡു മറിച്ചിട്ട് അകത്തേക്ക് പ്രവേശിക്കാനുള്ള ശ്രമം നടത്തി.
പിറകില്‍ നിന്ന മുതിര്‍ന്ന നേതാവ് പി.എ യോട് പറഞ്ഞു. ഫലിക്കുന്നില്ളെടോ അടുത്ത പണി നോക്കാം.
‘‘ഭാസ്കരാ...’’, പി.എ ഒരാളെ പേരെടുത്തു വിളിച്ചതും പൊലീസുകാരന്‍െറ നെറ്റിയില്‍ വലിയ കല്ല് വന്നുപതിച്ചതും ഒരുമിച്ചായിരുന്നു.
‘‘ചാര്‍ജ്...’’ പൊലീസ് ഓഫിസര്‍ ഉത്തരവു നല്‍കി.
ജലപീരങ്കി,  കണ്ണീര്‍വാതക പ്രയോഗം, ലാത്തിച്ചാര്‍ജ്. ആകെ ബഹളമയം.
‘‘ഭാസ്കരാ...’’, നേതാവ് വിളിച്ചു.
‘‘എന്താ സാര്‍?’’
‘‘അങ്ങോട്ട് കൊഴുക്കുന്നില്ലല്ളോ?’’
‘‘പത്രക്കാര്‍ ഫോട്ടോ എടുക്കുന്നുണ്ട് സാര്‍.’’
‘‘പോരെന്നേ, ആ എസ്.ഐ നില്‍ക്കുന്നത് കണ്ടില്ളേ അയാളെ വളഞ്ഞിട്ടടിക്ക്.’’
എസ്.ഐയെ ഒരു സംഘം ആളുകള്‍ വളഞ്ഞിട്ടടിക്കാന്‍ തുടങ്ങി. കൊടികൊണ്ടുള്ള ഉപയോഗം സായിപ്പിന് ഇപ്പോഴാണ് ശരിക്കും മനസ്സിലായത്.
എസ്.ഐയുടെ തല പിളര്‍ന്ന് രക്തം വാര്‍ന്നു. കൈയില്‍ കിട്ടിയ യുവ നേതാവിനെ പൊലീസുകാര്‍ അരിശം തീരുന്നതുവരെ വളഞ്ഞിട്ടടിച്ചു. ചാനലുകാരും പത്രക്കാരും എല്ലാം കാമറയിലാക്കി. ചാനലുകാര്‍ തത്സമയ സംപ്രേഷണവും തുടങ്ങി. മാലോകര്‍ ഒന്നടങ്കം യുവനേതാവിനെ മര്‍ദിക്കുന്ന രംഗം കണ്ടു ഞെട്ടി വിറച്ചു. പ്രതിപക്ഷ ചാനലാകട്ടെ  അവര്‍ക്കാവശ്യമുള്ള വാര്‍ത്തകള്‍ മാത്രം പെരുപ്പിച്ചും മറ്റുള്ളവ ശ്രദ്ധിക്കപ്പെടാത്ത രീതിയിലും കാണിച്ചുകൊണ്ടിരുന്നു. മുതിര്‍ന്ന നേതാവ് പൊലീസുദ്യോഗസ്ഥരോട് കയര്‍ക്കുകയും അസഭ്യം പറയുകയും ചെയ്യുന്ന രംഗങ്ങള്‍ ആവര്‍ത്തിച്ചുകാണിച്ചുകൊണ്ടിരുന്നു. ഇങ്ങനെ ഓരോ ചാനലുകള്‍ക്കും ഓരോ പക്ഷമുണ്ട്, അതുകൊണ്ടുതന്നെ യഥാര്‍ഥ വാര്‍ത്ത അറിയണമെങ്കില്‍ സംഭവസ്ഥലത്തുതന്നെ പോകണം. ഗൈഡ് ഗോപാല കൃഷ്ണന്‍ വിചാരിച്ചു.
നേതാക്കളെ അറസ്റ്റുചെയ്തുകൊണ്ടുപോയപ്പോള്‍ അണികള്‍ തല്‍ക്കാലം പിരിഞ്ഞുപോയി. അറസ്റ്റ്ചെയ്യപ്പെട്ടത് ചോട്ടാ നേതാക്കന്മാരെ ആയിരുന്നു. അറസ്റ്റില്‍ പ്രതിഷേധിച്ച് ഗീതാമണി പൊലീസ് വാഹനത്തിന്‍െറ മുന്‍ ചക്രത്തിനടിയില്‍ കയറിക്കിടന്നു.
ഉടന്‍ മുദ്രാവാക്യം മുഴങ്ങി: ‘‘ധൈര്യമുണ്ടോ പൊലീസേ വണ്ടിയെടുക്കൂ കാണട്ടെ.’’
‘‘ഇന്ന് കളിച്ചാല്‍ നിങ്ങള്‍ ജയിച്ചാല്‍ നാളെ കിട്ടും സൂക്ഷിച്ചോ.’’
കോലാഹലങ്ങള്‍ക്കും അറസ്റ്റിനുമൊക്കെശേഷം. രംഗം ശാന്തമായി. അറസ്റ്റ് ചെയ്യപ്പെടാത്ത മുതിര്‍ന്ന നേതാക്കന്മാര്‍ പുതിയ സമരമാര്‍ഗങ്ങള്‍ ആസൂത്രണം ചെയ്യാന്‍വേണ്ടി തല്‍ക്കാലത്തേക്ക് പിരിഞ്ഞു.
നദാലും ഹെലേനയും വീണ്ടും ഹോട്ടല്‍ മുറിയിലേക്ക്.
ഭക്ഷണം കഴിച്ചു കിടക്കാന്‍നേരത്ത് ഹെലേന ചോദിച്ചു. ‘‘എന്താണ് ഹണീ, നീ എന്നോട് പറയാനുണ്ടെന്നു പറഞ്ഞ കാര്യം?’’
‘‘അതോ, അത്...’’ നദാല്‍ അവളുടെ വജ്രക്കല്ലുകള്‍പോലെ തിളങ്ങുന്ന കണ്ണുകളിലേക്കു നോക്കി. ആകാംക്ഷകൊണ്ട് അവളുടെ പുരികക്കൊടി വില്ലുപോലെ വളഞ്ഞു. അവള്‍ കട്ടിലില്‍ ഇരുന്ന്  വലതുകാല്‍ എടുത്ത് കാലിനുമുകളിലേക്ക് കയറ്റിവെച്ചു. വെണ്ണക്കല്ലില്‍ കടഞ്ഞെടുത്തതുപോലുള്ള അവളുടെ വെളുത്ത കാലുകള്‍.
‘‘പറയൂ നദാല്‍.’’
‘‘മൂഡില്ല  ഹെലേന്‍, നമുക്ക് നാളെ പറയാം.’’
‘‘നാളെ എന്നത് ഒരു സങ്കല്‍പമല്ളേ. ഇന്ന് മാത്രമല്ളേ സത്യം.’’ അവള്‍ ചിന്തിക്കുകയായിരുന്നു.
‘‘നീ എന്താ ആലോചിക്കുന്നത്?’’
‘‘ഒന്നുമില്ല നദാല്‍ ഉറങ്ങിക്കോളൂ. നാളെ പറയാം.’’
അയാള്‍ ചിന്തിക്കുകയായിരുന്നു, അവളോട് എങ്ങനെയാണത് പറയുക. അവളുടെ പ്രതികരണം...
വെയില്‍ ചൂടുപിടിക്കാന്‍ തുടങ്ങിയിട്ടില്ല. കായലില്‍ അങ്ങിങ്ങ് കെട്ടുവള്ളങ്ങള്‍ ഒഴുകി നടക്കുന്നുണ്ട്. അവരുടേത് ഒരു ചെറിയ വള്ളമായിരുന്നു. ഒരു ചെറിയ ഓടം അതു മതി. തൊട്ടടുത്ത പക്ഷിസങ്കേതത്തില്‍നിന്നും കിളികളുടെ ചിലപ്പു കേള്‍ക്കാം. കായലില്‍നിന്ന് മത്സ്യങ്ങളെ കൊത്തിയെടുത്തുകൊണ്ട്  പറക്കുന്ന ഒരിനം നീര്‍ക്കിളികളെ ചൂണ്ടിക്കാണിച്ചു ഹെലേന  പറഞ്ഞു: ‘‘നദാല്‍ ഇതാണ് dartar ബേര്‍ഡ്.  സ്നേക്ക് ബേര്‍ഡ്  എന്നും പറയും. അതിന്‍െറ കഴുത്തിന്‍െറ ആകൃതിയാണ് നീര്‍ കാക്കകളില്‍ ഇവയെ തിരിച്ചറിയാന്‍ സഹായിക്കുന്നത്.’’
‘‘മാഡം ഇതിനെ നാട്ടുകാര്‍ ചേരക്കോഴി എന്നാ വിളിക്കുന്നത്.’’
‘‘വാട്ട് ഈസ് ചേര ഗോപാല്‍.’’
‘‘ചേര ഈസ് എ കൈന്‍ഡ്  ഓഫ്  സ്നേക്ക്.’’
‘‘ബോത്ത് ആര്‍ സെയിം’’, ഹെലേന ചിരിച്ചു. മനോഹരമായ അവളുടെ ചിരിയിലേക്ക് ഗോപാലന്‍ അറിയാതെ കുറച്ചു നേരം നോക്കിയിരുന്നു. കായലോളങ്ങളുടെ കള കളാരവങ്ങളോടൊപ്പം അവളുടെ ചിരിമുഴക്കം ലയിച്ചുചേര്‍ന്നു. അവളുടെ നഗ്നമായ ചുമലുകളില്‍ കൈ ചേര്‍ത്ത് നദാല്‍ അവളെ അയാളിലെക്കടുപ്പിച്ചു. നീര്‍ക്കിളികള്‍ അപ്പോഴും ശബ്ദമുണ്ടാക്കി പറന്നു കൊണ്ടിരുന്നു.
കരയിലേക്കിറങ്ങി കുറച്ചുദൂരം നടന്നപ്പോള്‍ കുറെ ആളുകള്‍  കുറെ പ്ളാസ്റ്റിക് ബാഗുകളില്‍  മാലിന്യങ്ങളും നിറച്ചു മുദ്രാവാക്യം മുഴക്കുന്നു. രംഗം കൊഴുക്കാന്‍ തുടങ്ങി. സ്ത്രീകളും കുട്ടികളും വൃദ്ധന്മാരുമൊക്കെയുണ്ട് സംഘത്തില്‍. ജനങ്ങള്‍ റോഡ് ഉപരോധിക്കുകയാണ്. മിനിറ്റുകള്‍ കൊണ്ട് റോഡില്‍ വാഹനങ്ങളും ആളുകളും നിറഞ്ഞു. പൊലീസത്തെി, ഒപ്പം ചാനലുകാരും പത്രക്കാരും. തലയില്‍ കെട്ടുള്ള യുവാവ് ഉള്‍പ്പെടുന്ന സംഘം ആള്‍ക്കൂട്ടത്തിലേക്കു പതിയെ കയറിക്കൂടുന്നത് നദാല്‍ ശ്രദ്ധിച്ചു. കഴിഞ്ഞ രണ്ടു സമരങ്ങളിലും കണ്ട ചുവന്ന കണ്ണുള്ള അതേ യുവാവും അവന്‍െറ കൂട്ടാളികളും.
റോഡില്‍നിന്ന് മാലിന്യങ്ങള്‍ നീക്കാന്‍ പൊലീസ് ആവശ്യപ്പെട്ടു. ജനം സഹകരിക്കാതായപ്പോള്‍ പൊലീസ് മാലിന്യം റോഡില്‍നിന്ന് മാറ്റി. അതോടെ സ്ത്രീകളും കുട്ടികളും വൃദ്ധന്മാരുമടങ്ങുന്ന സംഘം റോഡില്‍ ഇരുന്ന് മുദ്രാവാക്യം തുടങ്ങി. നേതാക്കന്മാര്‍ പിന്നില്‍ സ്ഥാനം പിടിച്ചു.
അതുവഴി വന്ന രണ്ടു മുതിര്‍ന്ന സ്കൂള്‍ വിദ്യാര്‍ഥികളില്‍ ഒരാള്‍ പറഞ്ഞു: ‘‘സുഹൃത്തുക്കളേ, മാലിന്യം നിര്‍മാര്‍ജനം ചെയ്യാന്‍ നമ്മള്‍ ഓരോരുത്തരും സഹകരിക്കേണ്ടതല്ളേ?’’
‘‘വോട്ട് ആവശ്യമുള്ളപ്പോള്‍ മാത്രം വരുന്ന മന്ത്രിമാരും എം.എല്‍.എമാരും. ഇതൊക്കെ ഗവണ്‍മെന്‍റിന്‍െറ പണിയാ. അല്ലാതെ പിന്നെ ജനങ്ങള്‍ തെരഞ്ഞെടുത്ത ഗവണ്‍മെന്‍റ്  എന്തിനാ?’’
‘‘സര്‍ക്കാര്‍ ചെയ്യേണ്ടത് സര്‍ക്കാര്‍ ചെയ്യണം. നമുക്ക് ചെയ്യാനുള്ളത്  നമ്മളും ചെയ്യണം. തൊട്ടതിനും പിടിച്ചതിനുമൊക്കെ പൊതുമുതല്‍ നശിപ്പിക്കുകയും ആളുകളുടെ സഞ്ചാരസ്വാതന്ത്ര്യം തടസ്സപ്പെടുത്തുന്നത് ശരിയാണോ?’’
ചോരക്കണ്ണന്‍ മുന്നോട്ടുവന്ന്  വിദ്യാര്‍ഥിയെ പിടിച്ചുതള്ളി. ഇതൊക്കെ ചോദിക്കാന്‍ നീയാരാടാ? പോടാ സ്കൂളില്‍ പോടാ. അയാള്‍ വിദ്യാര്‍ഥിയെ വീണ്ടും തള്ളി.
പൊലീസുകാര്‍ പരസ്പരം മുഖാമുഖം നോക്കി നിന്നു. നദാല്‍ ചോരക്കണ്ണനു നേരെ വിരല്‍ ചൂണ്ടി. ‘‘ഹൂ ആര്‍ യൂ റ്റു പുഷ് ദിസ് സ്റ്റുഡന്‍റ്?’’
‘‘ഞാനോ, അരിങ്ങോടര്‍, അരിങ്ങോടര്‍ കുമാരന്‍. അരിങ്ങോടരെ സായിപ്പിനറിയോ?’’
‘‘ഹി സെയ്സ്  ദാറ്റ്...’’, ഗൈഡ്  ഗോപലാന്‍ തര്‍ജമ  ചെയ്യാന്‍തുടങ്ങി.
‘‘വേണ്ട, വേണ്ട മലയാളം എനിക്കറിയാം...’’ നദാല്‍ പറഞ്ഞു. എന്‍െറ മമ്മ പാലാക്കാരി സാറായാണ് മ്യൂണിച്ചിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ നഴ്സ് .’’
‘‘സായിപ്പിനിതിലെന്താ കാര്യം?’’ അരിങ്ങോടര്‍ അരിശപ്പെട്ടുതുള്ളി.
‘‘അവര്‍ കൂലിരാഷ്ട്രീയക്കാരാണ് സാര്‍. സമരത്തിനുവേണ്ടി കൂലിക്കെടുക്കുന്നവര്‍. ഏതു പാര്‍ട്ടിക്കാര് വിളിച്ചാലും പോകും’’, അനില്‍ പറഞ്ഞു.
പെട്ടെന്ന് വന്ന ഒരു കല്ല് നദാലിന്‍െറ നെറ്റിയില്‍ പതിച്ചു. ചോര വാര്‍ന്നു കണ്ണിലേക്കൊഴുകി. കാഴ്ച മങ്ങി. വീഴാതിരിക്കാന്‍ ഹെലേന അവനെ താങ്ങി. അവന്‍ തറയിലേക്കു കുഴഞ്ഞുവീണു.
ആശുപത്രിയിലേക്കുള്ള വഴിയില്‍ ആംബുലന്‍സില്‍ അവള്‍ അവന്‍െറ തളര്‍ന്ന കണ്ണുകളിലേക്ക്  സൂക്ഷിച്ചുനോക്കി.
പറയാന്‍ ഒരുങ്ങിയ കാര്യം എന്തായിരിക്കും? ആ കണ്ണുകള്‍ പതിയെ അടയുന്നതായി അവള്‍ക്കു തോന്നി. ആംബുലന്‍സിന്‍െറ ചില്ലുകള്‍ക്കിടയിലൂടെ ഇരുട്ടില്‍  വഴിയോരത്തെ മഞ്ഞവിളക്കുകള്‍ മിന്നി.

യാത്ര വാസിത് തണ്ണീർത്തടം സഞ്ചാരികളെ മാടി വിളിക്കുന്നു പുന്നയൂർക്കുളം സെയ്‌നുദ്ദീൻ MATHRUBHUMI 20.12.19 വടക്കൻ ഷാർജയുടെ പ്രാന്ത പ്ര...