Sunday, December 16, 2012

ജീവിതം മണലാരണ്യം. ലേഖനം ജനയുഗം വാരാന്തം. ഗള്‍ഫ് നാടുകളില്‍ നിര്‍മാണമേഖലകളിലും താഴേക്കിടയിലും പ്രവര്‍ത്തിക്കുന്ന തൊഴിലാളികളുടെ ഭാവി അത്ര ശോഭനമല്ല. ഇതരനാടുകളെ അപേക്ഷിച്ച് സാധാരണ തൊഴിലാളികളുടെ വേതനം തന്നെയാണ് അതിന്റെ പ്രധാന ഘടകം. കഴിഞ്ഞ ഒന്നര പതിറ്റാണ്ടിലേറെയായി ....read more

ജനയുഗം 

വാരാന്തം
ജീവിതം മണലാരണ്യം
പുന്നയൂര്‍കുളം സൈനുദ്ദീന്‍

ള്‍ഫ് നാടുകളില്‍ നിര്‍മാണമേഖലകളിലും താഴേക്കിടയിലും പ്രവര്‍ത്തിക്കുന്ന തൊഴിലാളികളുടെ ഭാവി അത്ര ശോഭനമല്ല. ഇതരനാടുകളെ അപേക്ഷിച്ച് സാധാരണ തൊഴിലാളികളുടെ വേതനം തന്നെയാണ് അതിന്റെ പ്രധാന ഘടകം.
കഴിഞ്ഞ ഒന്നര പതിറ്റാണ്ടിലേറെയായി ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അടിസ്ഥാന ശമ്പളത്തില്‍ മാറ്റമുണ്ടാകുന്നില്ല എന്നതാണ് വസ്തുത. 80 കളുടെ ഒടുവിലും 90 കളുടെ ആദ്യത്തിലും നിര്‍മാണതൊഴിലാളികളുടെ അടിസ്ഥാന ശമ്പളം 600 ദിര്‍ഹം ആയിരുന്നെങ്കില്‍ 2009 കഴിയുമ്പോഴും ഇവര്‍ക്ക് ശമ്പളത്തില്‍ വര്‍ദ്ധനയുണ്ടാകുന്നില്ലായെന്നത് നിരാശാജനകമാണ്. ഏതെങ്കിലും തൊഴിലില്‍ പ്രാവീണ്യം നേടിയിട്ടില്ലാത്ത തൊഴിലാളിയുടെ സ്ഥിതിയാണിത്. ലേബര്‍, ഹെല്‍പ്പര്‍ തുടങ്ങിയ തസ്തികയിലുള്ളവര്‍ ഇതിലധികവും  കല്പണിക്കാരന്റെ സഹായിയോ സിമന്റും മണലും ചേര്‍ക്കുന്നവനോ ഒക്കെയായിരിക്കും. കല്‍പ്പണിക്കാരന്റെയും ആശാരിയുടെയും തസ്തികയിലുള്ളവര്‍ക്ക് 800 ദിര്‍ഹമാണ് അടിസ്ഥാന വേതനം.
ചൈനപോലുള്ള രാജ്യങ്ങളുടെ ശമ്പളവ്യവസ്ഥ പരിശോധിക്കുമ്പോള്‍ ഒരു മുടിവെട്ടുകാരന് ലഭിക്കുന്നത് എന്‍ജിനീയര്‍ക്ക് ലഭിക്കുന്നതിന്റെ തുല്യവേതനമാണ്. ജീവിക്കാനുള്ള ചിലവ് എല്ലാവര്‍ക്കും തുല്യമാണ്. ആഡംബരം മാറ്റിനിര്‍ത്തിയാല്‍.
600 ദിര്‍ഹം ശമ്പളക്കാരന് ഭക്ഷണവും മറ്റു ചില്ലറ ചിലവുകളുമായി 300 ദിര്‍ഹം മാസം മാറ്റിവെയ്ക്കണം. ബാക്കിയുള്ള തുക നാട്ടിലയക്കുമ്പോള്‍ മിച്ചമൊന്നുമില്ലാതെ മൂവായിരം രൂപയേ നാട്ടിലയക്കാന്‍ കാണു. മോഹന വാഗ്ദാനങ്ങളില്‍ കുടുങ്ങി ഭാരിച്ച തുക നാട്ടില്‍ കൊടുത്തു വരുന്നവര്‍ പെട്ടുപോകുന്ന അവസ്ഥയാണ്. കരാര്‍ കാലാവധിയായ മൂന്നു വര്‍ഷം കഴിയുമ്പോള്‍ നഷ്ടപ്പെട്ടതു പോകട്ടെയെന്ന് കരുതി പലരും നാടുപിടിക്കുന്നു.
ദുബായ് സത്‌വയിലെ ഒരു കമ്പനിയില്‍ കല്‍പ്പണിക്കാരനായി ജോലി ചെയ്തിരുന്ന അണ്ടലങ്ങാട്ടുകാരന്‍ ഹംസ ഉദാഹരണമാണ്. മൂന്നു വര്‍ഷം കഴിഞ്ഞ് തിരിച്ചുപോയി പ്രാരാബ്ധങ്ങളുടെ പട്ടിക നീണ്ടപ്പോള്‍ ഒരിക്കല്‍ കൂടിവന്നു. വീണ്ടും മൂന്ന് വര്‍ഷം. മടുത്തു. ഒരു ജന്മംകൊണ്ട് ആറ് വര്‍ഷക്കാലം മാത്രമാണ് അദ്ദേഹം ഈ മേഖലയില്‍ പ്രവര്‍ത്തിച്ചത്. തലകറങ്ങിവീഴാന്‍ വരെ സാധ്യതയുള്ള ചൂടിലും അസ്ഥികളെ തുളയ്ക്കുന്ന തണുപ്പിലും ആകാശത്തിനു കീഴെ തടസ്സങ്ങളില്ലാതെ തൊഴിലെടുക്കുന്നവര്‍ സമ്പാദ്യം വട്ടപ്പൂജ്യമാകുമ്പോള്‍ നാടുവിടുകയല്ലാതെ മറ്റെന്തു ചെയ്യും? സുബ്രഹ്മണ്യന്‍ എന്ന തൃശൂര്‍കാരന്‍ എന്റെയൊരു സുഹൃത്തിന്റെ കഥയും സമാനമാണ്.
20 ദിര്‍ഹത്തിന് ഒരു ചാക്ക് (20 കിലോ) അരി ലഭിക്കുമായിരുന്നു. ഇന്നത് 60 ഉം 70 ഉം ദിര്‍ഹമാണ്. 5 ദിര്‍ഹത്തിന് ലഭിച്ചിരുന്ന പ്രമുഖ കമ്പനിയുടെ ബ്ലേഡ് പാക്കറ്റിന് (4 എണ്ണം) ഇന്ന് 15 ദിര്‍ഹമാണ്. 15 ലേറെ വര്‍ഷം കൊണ്ട് മൂന്നിരട്ടിയും നാലിരട്ടിയുമായി സാധനങ്ങളുടെ വിലവര്‍ധിച്ചു. ഏതു സാധനമെടുത്താലും ഇതു തന്നെയാണവസ്ഥ.
ഈ കാലഘട്ടത്തിനിടയില്‍ വെള്ളക്കോളര്‍ ജോലിക്കാരുടെ ശമ്പളം പല തവണ വര്‍ധിപ്പിച്ചു. പക്ഷേ. അടിസ്ഥാനവര്‍ഗക്കാരായ തൊഴിലാളികളുടെ ശമ്പളത്തില്‍ മാത്രം മാറ്റമുണ്ടാകുന്നില്ല. സാധനങ്ങള്‍ക്കുണ്ടായിട്ടുള്ള വിലവര്‍ധനവും തൊഴിലാളികളുടെ ശമ്പളവും താരതമ്യം ചെയ്യുമ്പോള്‍ അവര്‍ക്ക് മുന്നോട്ടുപോകാന്‍ കഴിയാത്ത സ്ഥിതിയാണ്. 21/2 മൂന്നു ദിര്‍ഹത്തിന് ലഭിച്ചിരുന്ന ഉച്ചഭക്ഷണം ഇന്ന് 6 ദിര്‍ഹം കൊടുക്കണം. ബിരിയാണിയാണെങ്കില്‍ 4 ദിര്‍ഹത്തില്‍ നിന്ന് 8 ലേക്കും 10 ലേക്കും ചിലയിടങ്ങളില്‍ പന്ത്രണ്ടിലേക്കും വളര്‍ന്നു.
ഇതൊക്കെ കൂടാതെ പലസ്ഥാപനങ്ങളും ആഴ്ചയിലെ അവധി നല്‍കുന്നില്ല. ഓവര്‍ടൈമാണെന്നു പറയുമെങ്കിലും ഓവര്‍ടൈം ശരിയാംവിധം നല്‍കാറുമില്ല.
അടിസ്ഥാന വേതനത്തില്‍ കൃത്രിമം കാണിച്ച് ഇവര്‍ കൈകഴുകുന്നു. ഫ്രീസോണിലുള്ള ചില കമ്പനിക്കാരാണ് ഇത്തരം കൃത്രിമത്തില്‍ വിരുതന്മാര്‍. അവര്‍ അടിസ്ഥാന ശമ്പളം 600 പറയും പക്ഷേ കരാറിലെഴുതുന്നത് 400 ദിര്‍ഹം ആണ്. ബാക്കി ഓവര്‍ടൈം ആയി കണക്കാക്കും. ഇങ്ങനെ മൊത്തം അറുനൂറ് കൊടുക്കും. തൊഴിലാളികളുടെ ആഴ്ചയിലെ അവധി അപഹരിക്കുകയും ചെയ്യുന്നു. നേരിട്ട് തൊഴില്‍ മന്ത്രാലയവുമായി ബന്ധമില്ലാത്ത ഫ്രീസോണ്‍ വിസയിലാണ് ഇത്തരം കൃത്രിമം കൂടുതല്‍. എന്നാല്‍ ഫ്രീസോണ്‍ കമ്പനിയും തൊഴില്‍ മന്ത്രാലയത്തിന്റെ പരിധിയില്‍ വരുന്നതാണ്.
ദുബായിലെ തന്നെ പേരെടുത്ത ചില കാറ്ററിംഗ് കമ്പനിക്കാരും ഇത്തരത്തില്‍ തൊഴിലാളികളെ ചൂഷണം ചെയ്യുന്നുണ്ട്. വെള്ളിയാഴ്ച മാത്രമല്ല പെരുന്നാള്‍ തുടങ്ങി വിശേഷ ദിവസങ്ങളിലും ഇവരുടെ അവധി അപഹരിക്കുന്നു.
മറ്റൊരു ചൂഷണമെന്നു പറയുന്നത് ജോലിസമയമാണ്. 6 മണിക്കൂറാണ് തൊഴില്‍ സമയം. റെസ്റ്റാറന്റ് സെക്യൂരിറ്റി പോലുള്ള സര്‍വീസ് ജോലികള്‍ക്ക് 9 മണിക്കൂര്‍ വരെയാകാം. എന്നാല്‍ മേല്‍പ്പറഞ്ഞ കാറ്ററിംഗ് കമ്പനിക്കാരും ചില റെസ്റ്റോറന്റുകാരും 12 മുതല്‍ 14 വരെ മണിക്കൂര്‍ നിര്‍ബന്ധപൂര്‍വം പാവപ്പെട്ട തൊഴിലാളികളെക്കൊണ്ടു ജോലിയെടുപ്പിക്കുന്നു. എന്നാല്‍ അടിസ്ഥാന വേതനത്തിലുള്ള കൃത്രിമത്തിലൂടെ ഈ ഓവര്‍ടൈമിന്റെ തുകയും തൊഴിലാളികള്‍ക്ക് ലഭിക്കുന്നില്ല. മൊത്തം 14 മണിക്കൂറും ആഴ്ചയില്‍ 7 ദിവസവും പണിയെടുത്താല്‍ ഓവര്‍ടൈമടക്കം 600 ദിര്‍ഹം ശമ്പളം. 50 ഓ നൂറോ ഓവര്‍ടൈമിനത്തില്‍ മുതലാളികനിഞ്ഞനുഗ്രഹിച്ചാല്‍ ഭാഗ്യം. കണ്ണൂര്‍, തലശ്ശേരിയില്‍ നിന്നുള്ള ചില വിരുതന്മാരാണ് ഇത്തരം കാറ്ററിംഗ് സ്ഥാപനത്തിന്റെ ഉടമസ്ഥന്മാരെന്നറിയുമ്പോള്‍ ലജ്ജിക്കണം. ഇവര്‍ക്ക് ലേബര്‍ സപ്ലൈപോലെ ഫ്രീസോണ്‍ വിസക്കാരെ നല്‍കുന്നവരും ചൂഷണത്തിന് ചൂട്ടുപിടിക്കുന്നു.
നിയമങ്ങളുണ്ടെങ്കിലും നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ തൊഴിലാളികള്‍ക്ക് ഭയമാണ്. കാരണം ജോലിപോകും. ഇത്തരം ഒരു പരാതിയുമായി ആരെങ്കിലും മന്ത്രാലയത്തെ സമീപിക്കാന്‍ മുന്നോട്ടുവരുന്നില്ല. കാരണം മുന്നോട്ടുവന്ന പലര്‍ക്കും ഇന്നു ജോലിയില്ല.
ശമ്പളം ബാങ്കുവഴി നല്‍കുക, രണ്ടു മാസത്തിലധികം ശമ്പളം ലഭിക്കാതിരിന്നാല്‍ തൊഴിലാളിക്ക് പുതിയ സ്‌പോണ്‍സറെ കണ്ടെത്താം. ഇങ്ങനെ നിരവധി പരിശ്രമങ്ങള്‍ തൊഴില്‍ മന്ത്രാലയത്തിന്റെ ഭാഗത്തുനിന്നുണ്ടാകുന്നുണ്ട്. കൂടാതെ തൊഴിലാളിക്ക് തന്റെ ന്യായമായ അവകാശങ്ങള്‍ക്കുവേണ്ടി തൊഴില്‍ മന്ത്രാലയത്തെ നേരിട്ടോ ഓണ്‍ലൈന്‍ വഴിയോ ടെലഫോണ്‍ മുഖേനയോ ഒക്കെ ബന്ധപ്പെടാവുന്നതാണ്.
എങ്കിലും ഇത്തരം ചൂഷണങ്ങള്‍ക്ക് അറുതിയുണ്ടാകുന്നില്ല. താമസ സൗകര്യങ്ങള്‍ക്കായി തൊഴില്‍ മന്ത്രാലയവും നഗരസഭയും കടുത്ത നിഷ്‌കര്‍ഷകള്‍ ഏര്‍പ്പെടുത്തുന്നുണ്ട്. മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥര്‍ നിരന്തരം പരിശോധന നടത്തുകയും കനത്ത പിഴ ഏര്‍പ്പെടുത്തുകയും ചെയ്യാറുണ്ട്. എങ്കിലും ചില കമ്പനികളെങ്കിലും നിയമവിരുദ്ധമായി തന്നെ അനുവദിച്ചതിലും വളരെ കൂടുതല്‍ ആളുകളെ ഒന്നിച്ചു പാര്‍പ്പിക്കുന്നു. ഒരു കട്ടിലും ഒരു പെട്ടിയും മാത്രമാണ് ഇവരുടെ ഇടം. തൊഴില്‍ കഴിഞ്ഞുവന്നാല്‍ വസ്ത്രങ്ങള്‍ ഹാംഗറില്‍ തൂക്കിയിടാനോ അലമാരയില്‍ വെയ്ക്കാനോ കഴിയില്ല. കട്ടിലുകള്‍ ഡബിള്‍ഡക്കറുകളാണ്. ഒന്നിനുമീതെ ഒന്ന്. 8 പേര്‍ക്ക് കിടക്കാവുന്ന മുറിയില്‍ 12 ഉം 14 ഉം പേരെ കുത്തിനിറയ്ക്കുന്നു.
തൊഴിലാളികളുടെ കാര്യത്തില്‍ ഇനിയും ഒരുപാടു പുരോഗതികളുണ്ടാകേണ്ടതുണ്ട്. കോണ്‍സുലേറ്റും സന്നദ്ധ സംഘടനകളും ഇതിന് മുന്നോട്ടുവരണം. തൊഴിലാളി ക്യാമ്പുകള്‍ സന്ദര്‍ശിക്കുകയും തൊഴിലാളികളുമായി സംവദിക്കുകയും വേണം. തൊഴിലാളികള്‍ക്ക് അവരുടെ കാര്യങ്ങള്‍ ആത്മവിശ്വാസത്തോടെ ഉദ്യോഗസ്ഥരോട് പറയാനാകണം. പറയുന്നത് ഉദ്യോഗസ്ഥര്‍ രഹസ്യമായി വെയ്ക്കും എന്നുറപ്പുണ്ടെങ്കില്‍ മാത്രമേ തൊഴിലാളികള്‍ തുറന്നു പറയാന്‍ തയ്യാറാകൂ.
DATE : 2010-02-28

  READ MY STORY 'RAKTASAKSHI' IN MADHYAMAM WEEKLY

നീയെഴുതിയ പ്രണയലേഖനത്തിലെ വരികളെല്ലാം മറന്നുപോയിരുന്നു. നീതന്നെ ഒരു പ്രണയലേഖനമായി അടുത്തുള്ളപ്പോള്‍ പിന്നെയെന്തിനാണീഗീതകം...
‘‘മായാ, നിന്‍െറ കഥയെഴുത്ത് ഇതുവരെ അവസാനിച്ചില്ലേ? നീ ആരെക്കുറിച്ചാണീ എഴുതിക്കൊണ്ടിരിക്കുന്നത്?’’
‘‘നിങ്ങളിപ്പോഴെങ്ങോട്ടാ പുറപ്പെട്ടുപോകുന്നത്?’’ മുടി പിറകിലേക്ക് വാര്‍ന്നൊതുക്കി നെറ്റിയില്‍ ചന്ദനംതൊട്ട് പ്രഭ എങ്ങോട്ടാണ്? ചോദിച്ചാല്‍ ഒന്നും പറയില്ല. ശത്രുക്കള്‍ ധാരാളം ഉള്ളതാണ്. ഏറക്കാലമായി പ്രവര്‍ത്തിച്ച ആ പാര്‍ട്ടി വിട്ട അന്നേ തുടങ്ങിയ പ്രശ്നമാണ്. അവര്‍ പ്രഭേട്ടനെ നിരന്തരം പിന്തുടരുകയാണ്. എല്ലാം അറിഞ്ഞിട്ടും ഒന്നും അറിയാത്തവനെപ്പോലെ...
വികൃതിക്കാറ്റ് വാകമരത്തിന്‍െറ ചില്ലകള്‍ വിറപ്പിച്ചു. ചുവന്ന പൂക്കള്‍ തറയില്‍ വീണു നിറഞ്ഞു. രക്തം തളംകെട്ടിക്കിടക്കുന്നതുപോലെ തോന്നുന്നു. എന്തായിങ്ങനെയൊക്കെ തോന്നുന്നത്? മനസ്സിനെ നിയന്ത്രിക്കാന്‍ പലപ്പോഴും ആകുന്നില്ല.
എഴുതിക്കൊണ്ടിരുന്ന താളുകള്‍ മടക്കി മേശവലിപ്പിലേക്കുവെച്ചു.
‘‘നോക്കൂ പ്രഭേട്ടാ, ഞാനിന്നലെ ഒരു സ്വപ്നം കണ്ടിരുന്നു.’’
‘‘എന്തു സ്വപ്നം?’’
‘‘നിലാവുള്ള ഒരു രാത്രിയില്‍ നിങ്ങള്‍ തനിച്ചു യാത്ര ചെയ്യുകയാണ്. പെട്ടെന്ന് മരങ്ങള്‍ക്കിടയില്‍നിന്ന് ഒരു വെളുത്ത കാള നടന്നുവരുന്നു. നിങ്ങള്‍ അതിനെ കണ്ട്  വഴിമാറി നടന്നു. പക്ഷേ, കാള നിങ്ങളെ പിന്തുടര്‍ന്നുവന്ന് കുത്തി. നിങ്ങള്‍ രക്തത്തില്‍ കുളിച്ചുകിടക്കുന്നു.’’
‘‘ഓ അതൊക്കെ ചുമ്മാ സ്വപ്നമല്ലേ? അല്ലേലും നിനക്കിങ്ങനെ ഇടക്കിടെ ഓരോന്നു സ്വപ്നം കാണുന്നതാ പണി. ചുമ്മാ ഓരോന്നോര്‍ത്തു കിടക്കും. അതോണ്ടായിങ്ങനെയൊക്കെ കാണുന്നത്. പ്രാര്‍ഥിച്ചുകിടക്കണം.’’
‘‘നിങ്ങള്‍ക്ക് ആ രഘുവിനെക്കൂടി കൂട്ടാമായിരുന്നില്ലേ?’’
‘‘സാരമില്ല മായാ, എനിക്കാരാ ശത്രുക്കള്‍, ങാ ഞാനല്‍പം വൈകും കേട്ടോ. അളകാശ്ശേരിയില്‍ ഏഴു മണിക്ക് മീറ്റിങ് ഉണ്ട്.’’
ബൈക്കിന്‍െറ ശബ്ദവും നീണ്ട വെളിച്ചവും അകന്നുപോയി, ഭയത്തിന്‍െറ വലിയൊരു മൂര്‍ഖന്‍ പാമ്പ് നെഞ്ചിന്‍കൂട്ടിലേക്കിഴഞ്ഞുകയറി. പറമ്പിന്‍െറ വടക്കേമൂലയില്‍ കാവിനരികിലെ അയിനിച്ചോട്ടില്‍ ആ അസ്ഥികൂടം ഇപ്പോഴുമുണ്ട്. ആ മൂര്‍ഖന്‍ ഇടക്കിടെ അസ്ഥിയിലൂടെ ഇഴഞ്ഞുകയറുന്ന കാഴ്ച.
രാത്രിയുടെ ചെഞ്ചായങ്ങള്‍ പടിഞ്ഞാറെ ആകാശത്തില്‍നിന്ന് ഇനിയും മാഞ്ഞിട്ടില്ല. കറുത്ത കടവാവലുകള്‍ ചെമ്പഴുക്ക കട്ടെടുക്കാന്‍ ചിറകടിച്ചെത്തിത്തുടങ്ങി. മരച്ചില്ലകളില്‍ ഇരുട്ട് ചേക്കേറി.
ജനല്‍ക്കമ്പികളില്‍നിന്ന് കര്‍ട്ടന്‍ വകഞ്ഞുമാറ്റി വീടിന്‍െറ വടക്കേ കോണിലേക്കു നോക്കി. അവിടെ പണ്ട് നായാടികള്‍ പാര്‍ത്തിരുന്ന സ്ഥലമാണ് വലിയ പാറമടകള്‍. ചിലതൊക്കെ വലിയ ഗുഹകളാണ്. ഈ ദ്വീപില്‍ പണ്ട് ആള്‍പ്പാര്‍പ്പുണ്ടായിരുന്നില്ലത്രെ. എന്‍െറ വല്യച്ഛന്‍ വരുന്ന കാലത്ത് അദ്ദേഹത്തോടൊപ്പം രണ്ടു മൂന്നു സുഹൃത്തുക്കളും ദ്വീപില്‍ സ്ഥലം വാങ്ങി ചേക്കേറി. അന്ന് ഏഴ് ഏക്കറോളം സ്ഥലമുണ്ടായിരുന്നു. അമ്മ പേടിച്ചാ കഴിഞ്ഞിരുന്നത്. ഇരുട്ടുവീണാല്‍ കാട്ടുമൃഗങ്ങള്‍ ഇറങ്ങും. വലിയ കാട്ടുപൂച്ചകള്‍, കുറുക്കന്‍, നച്ചാംപുലി മുതലായവയാണ് വിഹരിക്കുന്നത്. അപൂര്‍വമായി പുലികളെയും കണ്ടിട്ടുണ്ട്. പൊന്തക്കാടുകളില്‍ മുയലുകളെയും കാണാം.
ഫോണ്‍ മുഴങ്ങി. ആരായിരിക്കും?
‘‘ഹലോ ആരാ?’’
‘‘പ്ഫ നായിന്‍െറ മോളേ -നിന്‍െറ ആ മറ്റവനോടു പറ. എല്ലാം നിര്‍ത്തിക്കോളാന്‍. അവന് ഞങ്ങളെ ശരിക്കറിയില്ല...’’
‘‘നിങ്ങള്‍ ആരാ, കുറച്ചുകൂടി മാന്യമായി സംസാരിക്കൂ.’’
‘‘മാന്യമായി സംസാരിക്കണംപോലും. എന്നാല്‍, നിന്നോടു ശൃംഗരിക്കാം. പറഞ്ഞേക്കണം അവനോട്, കൂടെ കൂടെ ഞങ്ങളെക്കൊണ്ട് വിളിപ്പിക്കരുത്...’’
മിന്നല്‍പിണരുകള്‍ മേഘങ്ങള്‍ക്കിടയില്‍നിന്ന് ഊര്‍ന്നുവന്ന് ജനല്‍ക്കമ്പികള്‍ക്കിടയിലൂടെ അകത്തേക്ക് കര്‍ട്ടന് തീ പിടിച്ചുവോ... എന്തു ശക്തമായ ഇടിയാണ്. ഈശ്വരാ! കാതുകള്‍ അടഞ്ഞുപോകുന്നു.
അപ്പുറത്ത് ഫോണ്‍ കട്ടായിപ്പോയിരുന്നു. ഗോപാലേട്ടന്‍െറ ശബ്ദം കാതുകളില്‍ മുഴങ്ങുന്നു. ‘‘ഒന്നും പേടിക്കാനില്ല മായമോളേ. നീ സമാധാനമായിട്ടിരിക്ക്. പ്രഭക്ക് ഒന്നും സംഭവിക്കില്ല. അവനൊരു തെറ്റും ചെയ്തിട്ടില്ലല്ലോ. പിന്നെന്താ? അവന്‍ വിയര്‍പ്പും അധ്വാനവും നല്‍കി വളര്‍ത്തിയുണ്ടാക്കിയ പാര്‍ട്ടിയല്ലേ. ഇത്രയും കാലത്തെ അവന്‍െറ അധ്വാനത്തിന് ഒരു വിലയുമില്ലേ? ഞങ്ങളൊക്കെയുണ്ട് അവന്‍െറ കൂടെ. സ്വയം തിരുത്തി അവര്‍ പ്രഭയെ തിരിച്ചുവിളിക്കും...’’
‘‘പ്രഭേട്ടന്‍റടുത്ത് എന്തേലും തെറ്റുണ്ടായോ?’’മായയുടെ മുഖത്ത് സംശയത്തിന്‍െറ നിഴല്‍.
‘‘മായക്കറിയില്ലേ അവനെ. പ്രഭയാണ് ശരി, പ്രഭയുടെ മാര്‍ഗമാണ് ശരി. ഞാന്‍ മാത്രമല്ല, അങ്ങനെ വിശ്വസിക്കുന്നവര്‍ ഒത്തിരി പേരുണ്ട് പാര്‍ട്ടിയില്‍.’’
ആത്മവിശ്വാസം പകര്‍ന്നത് ഗോപാലേട്ടന്‍െറ വാക്കുകളായിരുന്നു. എന്തു തന്‍േറടിയായ മനുഷ്യന്‍. എന്താ വാക്കുകളുടെ ശക്തി. എന്താ കണ്ണുകളുടെ തിളക്കം. ആദ്യകാല നേതാക്കളില്‍ ഒരാളല്ലേ ഗോപാലേട്ടന്‍. പാര്‍ട്ടിക്കുവേണ്ടി പൊലീസുകാരുടെ തല്ലുകൊണ്ട് ഒളിവില്‍ എത്രനാള്‍ കഴിഞ്ഞു. പിന്നീട് ശക്തമായ ലോക്കപ്പ് മര്‍ദനം. നീണ്ട ജയില്‍വാസം. ആ ഗോപാലേട്ടനെപോലും ചിലരൊക്കെ തള്ളിപ്പറയാന്‍ തുടങ്ങിയിരിക്കുന്നു. പക്ഷേ, ജനങ്ങള്‍ ഗോപാലേട്ടന്‍െറകൂടെയാണ്. അതു പാര്‍ട്ടിക്കുമറിയാം.
ക്ളോക്കില്‍ പത്തടിച്ചു. മോന്‍ പുസ്തകങ്ങള്‍ വായിച്ച് ഉറങ്ങിപ്പോയിരുന്നു. ആറാം ക്ളാസ് കൊല്ലപ്പരീക്ഷ അടുത്തിരിക്കുന്നു. ഭക്ഷണകാര്യത്തില്‍ തീരെ ശ്രദ്ധയില്ല.
പ്രഭേട്ടനെ മൊബൈലില്‍ വിളിച്ചെങ്കിലും ബെല്ലടിക്കുന്നതല്ലാതെ എടുക്കുന്നില്ല. മീറ്റിങ് ഇതുവരെയും കഴിഞ്ഞില്ലേ?
ജനല്‍കര്‍ട്ടനിളകി, ജനലിനപ്പുറത്ത് ആരുടേയോ നിഴല്‍! ജനവാതില്‍ അടച്ചിരുന്നില്ല. ഉള്ളില്‍ നേരിയ ഭയംതോന്നി.
‘‘അമ്മേ, അമ്മേ...’’
അമ്മ കൂര്‍ക്കംവലിക്കാന്‍ തുടങ്ങിയിരിക്കുന്നു. കാലടിയൊച്ചകള്‍ അകന്നുപോകുന്നതുപോലെ. നേരിയ കാറ്റുവീശുന്നുണ്ട്. കാറ്റില്‍ കര്‍ട്ടനുകള്‍ ഇളകിയാടുന്നു. തള്ളക്കിളിയെ കാണാതായ ഒരു കിളിയുടെ കരച്ചില്‍ ഇടക്കിടെ കേള്‍ക്കുന്നുണ്ട്. രാവിലെ പാതയോരത്തെ മരം മുറിച്ചപ്പോള്‍ കിളിക്കൂട് തകര്‍ന്നിരുന്നു.
പ്രഭേട്ടന്‍ നല്ല വടിവൊത്ത ശരീരത്തിനുടമയായിരുന്നു. ചിറയന്നൂര്‍ കോളജിലെ വാര്‍ഷിക പരിപാടിക്ക് നാടകട്രൂപ്പില്‍ പ്രഭേട്ടനുമുണ്ടായിരുന്നു. ‘വടക്കന്‍ വീരഗാഥ’യുടെ നാടകാവിഷ്കാരം. ചന്തുവായി പ്രഭേട്ടന്‍. മമ്മൂട്ടി അവതരിപ്പിച്ച ചന്തുവിന്‍െറ അതേ സ്ട്രക്ചര്‍ ആയിരുന്നു പ്രഭേട്ടന്. ഓട്ടോഗ്രാഫ് ഒപ്പിടുവിക്കാന്‍ ചെല്ലുമ്പോള്‍ മറ്റു കുട്ടികള്‍ പിരിഞ്ഞുപോകുന്നതുവരെ കാത്തുനിന്നു. പാതിവിടര്‍ന്ന ഒരു ചെമ്പനീര്‍പൂവ് ഓട്ടോഗ്രാഫില്‍വെച്ചിരുന്നു. പൂവ് കൈയിലെടുത്ത് പ്രഭേട്ടന്‍ അല്‍പനേരം അതിലേക്ക് നോക്കിനിന്നു. അദ്ദേഹത്തിന്‍െറ മുഖഭാവം എനിക്ക് വായിച്ചെടുക്കാനായില്ല. നേരിയ വിറയല്‍ ഉണ്ടായിരുന്നു. പ്രഭേട്ടന്‍ അന്നേ പാര്‍ട്ടിയുടെ സാംസ്കാരിക വിഭാഗത്തിന്‍െറ സെക്രട്ടറിയായിരുന്നു.
പുഞ്ചിരിച്ച് അദ്ദേഹം എനിക്ക് ഷെയ്ക്ഹാന്‍ഡ് തന്നു. പിന്നെ, ഓട്ടോഗ്രാഫ് എഴുതി തിരികെ തന്നു. ഒന്നും ഉരിയാടാതെ പോയിമറഞ്ഞു. കോളജ് കാമ്പസിലെ മഞ്ഞയും ചുവപ്പും പൂക്കള്‍ വിടര്‍ന്നു നില്‍ക്കുന്നു. അശോകമരങ്ങള്‍ക്കിടയിലൂടെ പ്രഭേട്ടന്‍ നടന്നകലുന്നത് ഏറെനേരം നോക്കിനിന്നു. നീണ്ട വഴി നീളെ പോക്കുവെയില്‍ പൊന്നുരുകിക്കിടന്നു. പയ്യാമ്പലം കടപ്പുറത്തെ ആഹ്ളാദത്തിരമാലകളത്രയും എന്‍െറ നെഞ്ചിലേക്കാഞ്ഞടിച്ചുകൊണ്ടിരുന്നു.
പട്ടാള ഓഫിസറായ അച്ഛന്‍ പ്രതീക്ഷിച്ചതുപോലെ ഉറഞ്ഞുകലിതുള്ളി. പ്രതീക്ഷിക്കാത്ത ഒരു ദിവസം പ്രഭേട്ടന്‍ വീട്ടില്‍ കയറിവരുകയും ചെയ്തു. അള്‍സേഷന്‍നായയുടെ ഗാംഭീര്യത്തിലുള്ള കുരകേട്ടാണ് ഉമ്മറത്തേക്ക് വന്നത്. അടുക്കളയില്‍ കറിക്കരിയുകയായിരുന്നു.
ദേ പ്രഭേട്ടന്‍ കയറിവരുന്നു. അച്ഛന്‍ ചാരുകസേരയില്‍ ഗൗരവത്തില്‍ ഇരിക്കുന്നു.
‘‘ഊം... ആരാ?’’
‘‘മായേടെ ഫ്രന്‍ഡാ?’’
‘‘മായേടെ ഫ്രന്‍ഡോ?’’
‘‘അതെ...’’
‘‘മായേ, നിന്നെക്കാണാന്‍ ഒരാള്‍ വന്നിരിക്കുന്നു.’’
‘‘ങാ പ്രഭേട്ടനോ? ഇരിക്കൂ.’’
ഇരിക്കാന്‍ പറഞ്ഞത് അച്ഛനത്ര ഇഷ്ടപ്പെട്ടില്ലെന്നത് നോട്ടത്തില്‍നിന്ന് വ്യക്തം.
‘‘ആരാ ഇദ്ദേഹം.’’
‘‘ഇത്, പാര്‍ട്ടിയുടെ സാംസ്കാരിക വിഭാഗം സംസ്ഥാന സെക്രട്ടറി പ്രഭാകരന്‍.’’
‘‘നേരെചൊവ്വെ കാര്യത്തിലേക്കു കടക്കാലോ. അച്ഛാ, ഞാന്‍ മായയെ പെണ്ണു ചോദിക്കാന്‍ വന്നതാ.’’
‘‘നിന്‍െറ കുലം, ജാതിയും ഒക്കെ എനിക്കറിയാം. നിനക്കെങ്ങനെ ധൈര്യം വന്നു എന്‍െറ വീട്ടില്‍ വന്നു കയറി പെണ്ണുചോദിക്കാന്‍? ഒരു അധ$കൃത ജാതിക്കാരന്‍ എങ്ങനെ ധൈര്യപ്പെട്ടു.’’
അച്ഛന്‍ ഉറഞ്ഞുതുള്ളുകയായിരുന്നു. അകത്തുപോയി ഇരട്ടക്കുഴല്‍ തോക്കെടുത്തു വന്നു. പ്രഭേട്ടന്‍െറ നെഞ്ചിനു നേരെ ചൂണ്ടി.
തീരെ പ്രതീക്ഷിക്കാത്ത രംഗങ്ങള്‍ കണ്ട് ഞാന്‍ ഞെട്ടി. വീണുപോകുമോയെന്നു ഞാന്‍ ഭയന്നു. പെട്ടെന്ന് എവിടന്നോ ഒരു ധൈര്യം വന്നു. ഞാന്‍ പ്രഭേട്ടന്‍െറ മുന്നില്‍ ചാടിക്കയറി. അദ്ദേഹം എന്നെ പിടിച്ചുമാറ്റാന്‍ ശ്രമിച്ചെങ്കിലും സമ്മതിച്ചില്ല. അച്ഛന്‍െറ കൈവിരല്‍ കാഞ്ചിയില്‍ അമര്‍ന്നു. തോക്കിന്‍കുഴല്‍ ഇപ്പോള്‍ എന്‍െറ നെഞ്ചിലേക്കാണ്. ഒരുനിമിഷം ഞാന്‍ കണ്ണുകള്‍ ഇറുകെ അടച്ചു. ‘ഠേ’ എന്ന ശബ്ദത്തില്‍ ഉണ്ട തെറിച്ച് ഒരലര്‍ച്ചയോടെ ഞാന്‍ കണ്ണുതുറന്നതും അച്ഛന്‍െറ കൈകളില്‍ തൂങ്ങിനില്‍ക്കുന്ന അമ്മയെയാണ് കണ്ടത്. സീലിങ്ങിലെ തൂക്കുവിളക്കുകള്‍ താഴെ വീണു പൊട്ടിച്ചിതറി. കോപാവിഷ്ഠനായ അച്ഛന്‍ തോക്കു താഴെയിട്ട് അതിനുമീതെ കയറിയിറങ്ങി കടന്നുപോയി. മുറ്റത്ത് ഗേറ്റിലെ വൈദ്യുതിവിളക്കുകള്‍ പ്രകാശിച്ചുതുടങ്ങിയിരുന്നു. പക്ഷികള്‍ ചേക്കേറാന്‍ തുടങ്ങിയിരിക്കും. അച്ഛന്‍െറ ദേഷ്യം ക്രമേണ അലിഞ്ഞില്ലാതായി. അത് ഒരു പരിധിവരെ പ്രഭേട്ടന്‍െറ ബുദ്ധിപൂര്‍വമായ സമീപനമായിരുന്നു.
അച്ഛനാകട്ടെ ജാതിവിരോധം മാത്രമല്ല, രാഷ്ട്രീയക്കാരോടും താല്‍പര്യമുണ്ടായിരുന്നില്ല.
‘‘ഇവരിലധികവും പഴയ തച്ചോളി കളരിയിലെ ചേകവന്മാരാണ് മോളേ. നേര്‍ച്ചക്കോഴികള്‍. ഇവരെയൊക്കെ ബലികൊടുത്ത് നേതാക്കള്‍ പാര്‍ട്ടി വളര്‍ത്തും. അവരുടെ മക്കള്‍ സമരമില്ലാത്ത സ്കൂളില്‍ പഠിക്കും. ആവശ്യത്തില്‍ കവിഞ്ഞ സ്വത്ത് സമ്പാദിക്കും. ഇവരെയൊക്കെ ചേകവന്മാരായി വളര്‍ത്തും. മരിച്ചാല്‍, രക്തസാക്ഷികളാക്കി പാര്‍ട്ടിയുടെ കരുത്ത് വര്‍ധിപ്പിക്കും. എനിക്കീ അക്രമരാഷ്ട്രീയത്തില്‍ താല്‍പര്യമില്ല.’’
ഒരു ഹര്‍ത്താല്‍ദിനത്തില്‍, അമ്മക്ക് സുഖമില്ലാതെ ഞങ്ങള്‍ ആശുപത്രിയില്‍ പോവുകയായിരുന്നു. ഓര്‍ക്കാപുരി ജങ്ഷനില്‍വെച്ച് ഹര്‍ത്താലനുകൂലികള്‍ വണ്ടി തടഞ്ഞ് ഡ്രൈവറെ മര്‍ദിച്ച് വണ്ടിയുടെ ഗ്ളാസ് തല്ലിപൊട്ടിച്ചശേഷം ഞങ്ങളെ പുറത്തിറക്കി. അവിടെ കണ്ട കാഴ്ച ഭയാനകമായിരുന്നു. കടയിലുണ്ടായിരുന്നവരെയൊക്കെ അടിച്ചിറക്കി താക്കോല്‍ പിടിച്ചുവാങ്ങി പണവും സാധനങ്ങളും കവര്‍ച്ചചെയ്തു. കടകള്‍ക്ക് തീയിട്ടു. വഴി നടന്നുപോയിരുന്നവരെ വടിയും വാളുമുപയോഗിച്ച് ആക്രമിച്ചു. ഓട്ടോറിക്ഷകള്‍ തല്ലിപ്പൊളിച്ചു. ഗവണ്‍മെന്‍റ് ബസുകളും സ്വകാര്യ ബസുകളും തടഞ്ഞുനിര്‍ത്തി തല്ലിത്തകര്‍ത്തു. പലതും തീകൊടുത്തു. ഗര്‍ഭിണിയായ ഒരു സ്ത്രീയെ വണ്ടിയില്‍നിന്നിറക്കിവിട്ടശേഷം അവര്‍ വന്ന വാഹനത്തിന്‍െറ ടയറുകള്‍ കുത്തിപ്പൊട്ടിച്ചു. നേതാക്കന്മാരുടെ പേരില്‍ മുദ്രാവാക്യം വിളിച്ചുകൊണ്ട് അക്രമികള്‍ അഴിഞ്ഞാടി. പെട്ടെന്ന് പ്രഭേട്ടനും ഒരു സുഹൃത്തും രംഗത്തേക്കു വന്നു. പ്രഭേട്ടന്‍െറ കൂടെയുണ്ടായിരുന്നത് ലോക്കല്‍ സെക്രട്ടറിയായിരുന്നു. ഹര്‍ത്താലനുകൂലികള്‍ നടത്തുന്ന അക്രമം ചോദ്യംചെയ്തപ്പോള്‍ ലോക്കല്‍ സെക്രട്ടറിയെ അവന്‍ കൈകൊണ്ടും വലിയ വടികൊണ്ടും അടിച്ചുപരിക്കേല്‍പിച്ചു.
പ്രഭേട്ടന്‍ പറഞ്ഞു:
‘‘സഖാക്കളേ, അക്രമം നമ്മുടെ മാര്‍ഗമല്ല. പൊതുമുതല്‍ നശിപ്പിക്കുന്നത് നീതിയല്ല. നിങ്ങളിതു നിര്‍ത്തണം.’’
കൂട്ടത്തില്‍ കാളക്കൂറ്റന്‍െറ പ്രകൃതമുള്ള ഒരുത്തന്‍ ചാടിവീണു. ‘‘പ്രഭാകരന്‍ സഖാവ് ഇതില്‍ ഇടപെടേണ്ട. നമ്മുടെ പ്രിയങ്കരനായ നേതാവ് സി. രാജേന്ദ്രനെ അറസ്റ്റുചെയ്ത വിവരം നിങ്ങള്‍ അറിഞ്ഞതല്ലേ. കൊലപാതകക്കേസില്‍ കുടുക്കി, ഒരു നേതാവിനെ അറസ്റ്റുചെയ്യാന്‍പാടുണ്ടോ?’’
‘‘അത് കോടതിയും പൊലീസും തീരുമാനിക്കേണ്ട കാര്യങ്ങളല്ലേ സഖാക്കളെ. നാളെ നമ്മളില്‍ ഒരാളെ അറസ്റ്റുചെയ്താല്‍ ഈ നേതാക്കളൊക്കെ നമുക്കുവേണ്ടി വരുമോ? അല്ലെങ്കില്‍തന്നെ എത്ര നേതാക്കളുണ്ട് ഈ ഹര്‍ത്താലില്‍? എത്ര നേതാക്കളുടെ മക്കളുണ്ട്? അവരൊക്കെ മാളികയുടെ മട്ടുപ്പാവില്‍ ഇരുന്ന് കല്‍പിക്കുകയല്ലേ. നമ്മളെന്തിനു ബലിയാടാകണം?’’
‘‘സഖാവ് പ്രഭാകരന്‍ അധികം സംസാരിക്കേണ്ടെന്നു പറഞ്ഞില്ലേ. ഞങ്ങളുടെ ക്ഷമകെടുന്നുണ്ട്...’’
അപ്പോഴേക്കും ഒരു കൊടികെട്ടിയ കാര്‍ ആ വഴി വന്നു. ഒരു പ്രാദേശിക നേതാവായിരുന്നു അതില്‍.
വഴിതടയപ്പെട്ട് ഗതികിട്ടാതെ നില്‍ക്കുന്ന പാവങ്ങള്‍ക്കിടയിലൂടെ നേതാവ് കാറോടിച്ചുപോയി. നേതാവിന്‍െറ കാറിനുപോകാന്‍ അണികള്‍ വഴിയിലെ തടസ്സങ്ങള്‍ നീക്കി. മുദ്രാവാക്യങ്ങള്‍കൊണ്ട് രാജകീയ പദവി നല്‍കി. ഇതുകേട്ടുനിന്ന പാവം വോട്ടര്‍മാര്‍ വാ പൊളിച്ചുനിന്നു, വാക്കുകളില്ലാതെ! ഗര്‍ഭിണിയായ ഒരു സ്ത്രീയെ ഒരു സൈക്കിളില്‍ കിടത്തി അവരുടെ ഭര്‍ത്താവ് ഉന്തിക്കൊണ്ടിരുന്നു.
അത് കണ്ട് കറുത്തുമെലിഞ്ഞ വൃദ്ധന്‍ പറഞ്ഞു:
‘‘ഹോ, ഈ നേതാവിന്‍െറ കാറിന് എന്തൊരു സ്പീഡ്...’’
അന്നു രാത്രിയാണ് ആദ്യമായി അച്ഛന്‍ പ്രഭേട്ടനെ ഫോണില്‍ വിളിച്ച് വീട്ടിലേക്ക് ക്ഷണിച്ചത്. ആ ക്ഷണം സന്തോഷത്തോടെ സ്വീകരിച്ചുകൊണ്ട് അദ്ദേഹം വീട്ടില്‍ വരുകയും ചെയ്തു. അമ്മാവനും മരുമകനും  ആലിംഗനംചെയ്തു നില്‍ക്കുന്നത് കണ്ട് അമ്മ കണ്ണുനീര്‍ പൊഴിച്ചു. എന്‍െറ കണ്ണുകളുടെ കാഴ്ച ചെറുതായി കുറയുന്നുണ്ടായിരുന്നു. കണ്ണുകള്‍ ഈറനണിയുന്നുണ്ടായിരുന്നു.
ഹര്‍ത്താലില്‍ ചില അക്രമികളും ഗുണ്ടകളും നുഴഞ്ഞുകയറിയിരുന്നതായി പ്രഭേട്ടന്‍ പിന്നീടു പറഞ്ഞു. അവര്‍ ആരൊക്കെയാണെന്ന് പാര്‍ട്ടി സ്വന്തം നിലയില്‍ അന്വേഷിക്കുന്നുണ്ടെന്നും.
എന്തൊക്കെ ഉറപ്പാണ് അന്ന് ഗോപാലേട്ടന്‍ തന്നത്. തൊട്ടുപോകില്ല, അതിനു ധൈര്യപ്പെടില്ല എന്നൊക്കെ. എന്നിട്ടും കുലംവിട്ട് പുറത്തുവന്നവരെ രക്ഷപ്പെടുത്താനൊന്നും ആരും ഉണ്ടായില്ല. വെട്ടിത്തകര്‍ത്തുകളഞ്ഞില്ലേ...?
പ്രഭേട്ടന്‍െറ ശവസംസ്കാരം കഴിഞ്ഞ് ഇന്ന് 14ാം ദിവസം.
ഈ രാത്രിയില്‍ ഞാന്‍ തനിച്ചാണ് പ്രഭേട്ടാ.  കട്ടിലില്‍ ശരണംപ്രാപിച്ച് മരിച്ചതിനു തുല്യമല്ലേ അമ്മ ജീവിച്ചിരിക്കലും. ജീവച്ഛവമായി. മോന്‍ സ്കൂളില്‍ പോകാറില്ല. അവന്‍െറ ആഘാതം കൂടിവരുന്നതേയുള്ളൂ. ഇന്നലെ രാത്രിയും ഏറെനേരം കാണാഞ്ഞ് തിരിഞ്ഞുനടന്നപ്പോള്‍ രാത്രിയിലുണ്ട് കാവില്‍ തനിച്ചുനില്‍ക്കുന്നു. പ്രഭേട്ടന്‍െറ ശവക്കല്ലറക്കരികില്‍.
ഞാനിതെങ്ങനെ സഹിക്കും പ്രഭേട്ടാ. നിങ്ങള്‍ എനിക്കെഴുതിതന്ന കത്തുകള്‍, കോളജില്‍വെച്ച് നിങ്ങളെഴുതിയ ഓട്ടോഗ്രാഫ്.
ഞാന്‍ പറഞ്ഞില്ലേ പോകേണ്ടെന്ന്, ഞാന്‍ കണ്ട സ്വപ്നത്തെക്കുറിച്ച് നിങ്ങളോട് പറഞ്ഞതല്ലേ?...
‘‘മായേ... മായേ...’’
ങെ! ആരാ വിളിക്കുന്നത്? പ്രഭേട്ടന്‍െറ ശബ്ദമാണല്ലോ. ഇതെന്തു അദ്ഭുതമായിരിക്കുന്നു?
 ‘‘ഞാനാ... നീയങ്ങു തട്ടിന്‍മോളിലേക്കുവാ...’’
ഞാന്‍ ഗോവണി കയറി ചെല്ലുമ്പോള്‍ അദ്ദേഹം എന്‍െറ കൈയില്‍പിടിച്ചു ചോദിച്ചു: ‘‘നമ്മുടെ മോനുറങ്ങിയോ?’’
‘‘ഉറങ്ങി’’, എന്‍െറ ശബ്ദം വിറക്കുന്നുണ്ടായിരുന്നു.
അപ്പോള്‍ മുത്തശ്ശി ചെറുതായൊന്നു
കരഞ്ഞു. ബോധംകെട്ട ഉറക്കത്തിനിടയില്‍ ചെമ്പഴുക്ക കക്കാന്‍ വന്ന കടവാവലുകള്‍ എന്തോ കണ്ടു ഭയന്നപോലെ ചിറകടിച്ചു പറന്നകന്നു.
‘‘തട്ടിന്‍മോളില്‍ ലൈറ്റ് കേടാണ് പ്രഭേട്ടാ...’’
‘‘അത് സാരമില്ല. നമുക്കെന്തിനാ ലൈറ്റ്?’’
പ്രഭേട്ടന്‍െറ കൈകള്‍ക്ക് വല്ലാത്ത തണുപ്പുണ്ടായിരുന്നു. ചൂളം കുത്തുന്ന ഒരു കാറ്റ് ജനല്‍കര്‍ട്ടനുകളില്‍ തത്തിക്കളിച്ചു. ഏതോ രാത്രിപക്ഷികളുടെ പേടിപ്പെടുത്തുന്ന കൂക്കിവിളികള്‍ കേള്‍ക്കാമായിരുന്നു. ഒരു പട്ടിയുടെ നേര്‍ത്ത ഓരിയിടല്‍. എനിക്ക് ഭയം തോന്നി. ഞാനത് പുറത്തുകാണിച്ചില്ല.
അദ്ദേഹം കട്ടിലില്‍ ഇരുന്നു. എന്നെ അരികില്‍ ഇരിക്കാന്‍ ക്ഷണിച്ചു. ആ കട്ടിലില്‍ നിറയെ വര്‍ണശബളമായ പൂക്കള്‍ വിതറിക്കിടന്നു. ഒരു നേരിയ നീല വെളിച്ചത്തില്‍ എനിക്കതു കാണാമായിരുന്നു.
‘‘മായേ...’’
‘‘ഊം...’’
‘‘നിനക്കു പേടിയുണ്ടോ?’’
‘‘എന്‍െറ പ്രഭേട്ടനെ ഞാനെന്തിനു പേടിക്കണം?’’
‘‘നീ വരുന്നോ എന്‍െറ കൂടെ...’’
‘‘നമ്മുടെ മോന്‍...’’
‘‘അവനൊന്നും സംഭവിക്കില്ല...’’
ആ കൈകള്‍ എന്‍െറ കൈപ്പത്തിയെ പൊതിഞ്ഞു. ആ ചുണ്ടുകള്‍ എന്‍െറ ചുണ്ടോടു ചേര്‍ന്നു. ആ ശരീരം എന്‍െറ നെഞ്ചോടു ചേര്‍ത്തു. ഐസുകട്ടകള്‍ വെച്ചതുപോലെ എനിക്കനുഭവപ്പെട്ടു. പിടഞ്ഞ് പിറകോട്ടു മാറാന്‍ ശ്രമിക്കുമ്പോള്‍ ആ അസ്ഥിവിരലുകള്‍ എന്നെ പൊതിഞ്ഞു. ഉപബോധമനസ്സിന്‍െറ നേരിയ തിരിച്ചറിവു മാത്രമേ എനിക്കുണ്ടായിരുന്നുള്ളൂ. ഒരു നേരിയ വെളിച്ചം എന്നെ ക്ഷീരപഥത്തിലേക്ക് നയിച്ചു. നക്ഷത്രങ്ങള്‍ക്കിടയിലൂടെ ഞാന്‍ സഞ്ചരിക്കുകയായിരുന്നു. ക്ഷീരപഥത്തിലെ അസഹനീയമായ തണുപ്പത്രയും...
പിറ്റേന്ന് അമ്മ ഏന്തിവലിഞ്ഞ് തട്ടിന്‍ പുറത്തു വന്നപ്പോള്‍ കിടക്കയില്‍ ചലനമറ്റ മായയുടെ ശരീരമാണ് കണ്ടത്. അവര്‍ ആ ശരീരത്തിലേക്ക് വീണ് പൊട്ടിക്കരഞ്ഞു:
‘‘എന്‍െറ മോളേ, എനിക്കുവേണ്ട കര്‍മങ്ങള്‍ ചെയ്യേണ്ട നീ, ഈ അമ്മയെ വിട്ട്... ഇത്ര പെട്ടെന്ന്...’’
ഒരു കാറ്റ് അപ്പോള്‍ ചൂളംകുത്തി ജനവാതിലിലൂടെ മായക്കരികില്‍ ഒഴുകിയെത്തി.
കാറ്റിന്‍െറ കരങ്ങള്‍ മായയെ തഴുകി. ആ കാറ്റില്‍ പ്രഭാകരന്‍െറ ഗന്ധം തങ്ങിനിന്നത് അമ്മ അറിഞ്ഞോ എന്തോ? പ്രഭാകരന്‍െറ പിറുപിറുപ്പുകള്‍ അമ്മ കേട്ടുവോ?
http://www.madhyamam.com/weekly/1754 

 

യാത്ര വാസിത് തണ്ണീർത്തടം സഞ്ചാരികളെ മാടി വിളിക്കുന്നു പുന്നയൂർക്കുളം സെയ്‌നുദ്ദീൻ MATHRUBHUMI 20.12.19 വടക്കൻ ഷാർജയുടെ പ്രാന്ത പ്ര...