11 August 2013
സമര മാര്‍ഗങ്ങള്‍ അതിര് കടക്കുന്നുണ്ടോ?
പുന്നയൂര്‍ക്കുളം സെയ്‌നുദ്ദീന്‍
പതിനായിരക്കണക്കിനാളുകളെ വിവിധ ജില്ലകളില്‍ നിന്നും കൊണ്ടുവന്ന് തലസ്ഥാന നഗരിയില്‍ അനിശ്ചിത കാലത്തേക്ക് അണിനിരത്തുമ്പോള്‍ സമീപവാസികളായ ആളുകള്‍ എവിടെ പോകും. ഇതത്രയും വരുന്ന ജനവിഭാഗത്തിന്റെ പ്രാഥമിക ആവശ്യങ്ങള്‍ക്ക് പോലുമുള്ള സംവിധാനങ്ങള്‍ സമരം സംഘടിപ്പിക്കുന്നവര്‍ക്ക് ഒരുക്കാന്‍ സാധിച്ചിട്ടുണ്ടോ. കേവലം ആയിരമോ രണ്ടായിരമോ ആളുകള്‍ പങ്കെടുക്കുന്ന സമരം പോലെയാണോ പതിനായിരക്കണക്കിന് വരുന്ന ജനങ്ങളെ സെക്രട്ടറിയേറ്റിന്റെ ഒരു പരിമിത പ്രദേശത്തേക്ക് കേന്ദ്രീകരിക്കുന്നത്.
ജനങ്ങള്‍ തെരഞ്ഞെടുത്ത ഒരു ഭരണ കൂടത്തിന്റെ പ്രവര്‍ത്തനങ്ങളെ ശക്തി പ്രയോഗങ്ങളിലൂടെ തടസ്സ പ്പെടുത്തുന്ന രീതി ഒട്ടും ജനാധിപത്യമല്ല. അതും പതിനായിരക്കണക്കിന് ആളുകളെ വിളിച്ചു കൂട്ടിക്കൊണ്ട്. തന്നെയുമല്ല ഈ സാഹചര്യങ്ങള്‍ നേരിടാന്‍ കേന്ദ്ര സേനയെ വിളിക്കേണ്ടി വരിക, സ്‌കൂളുകള്‍ അനിശ്ചിത കാലത്തേക്ക് അടച്ചിടേണ്ടി വരിക, ഗതാഗത തടസ്സങ്ങള്‍ ഉണ്ടാകുക എന്നൊക്കെ പറയുന്നത് തീര്‍ത്തും മോശപ്പെട്ട കാര്യം തന്നെയാണ്. ഇത് ജനങ്ങള്‍ക്ക് ഭീതിയുണ്ടാക്കുന്നതും വലിയ സാമ്പത്തിക നഷ്ടം വരുത്തുന്നതുമാണ്. എന്തൊക്കെ മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞാലും ഇതിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് സമരം സംഘടിപ്പിക്കുന്നവര്‍ക്ക് കൈ കഴുകി രക്ഷപ്പെടാനാകില്ല. നിഷ്പക്ഷ മതികളായ ഒരു ജന വിഭാഗം ഇത് നിരീക്ഷിക്കുന്നുണ്ടെന്നു മറക്കരുത്. അവരൊക്കെയാണ് നിങ്ങളെ വോട്ടു ചെയ്ത് ജയിപ്പിക്കേണ്ടതും.
സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളിലുള്ള വിയോജിപ്പാണ് ഉദ്ദേശിക്കുന്നതെങ്കില്‍ അതിനു ജനാധിപത്യ രീതിയിലുള്ള ന്യായമായ സമര മാര്‍ഗമാണ് തെരഞ്ഞെടുത്തു നടപ്പാക്കേണ്ടത്. ജനങ്ങളുടെ സമാധാന പൂര്‍ണമായ ജീവിതത്തിനു നേരെയുള്ള വെല്ലുവിളിയായിത്തന്നെ സാമാന്യ ജനത ഇത് നിരീക്ഷിക്കുന്നുണ്ട്. പലവിധ സമര പരീക്ഷണങ്ങള്‍ നടത്തി പരാജയപ്പെട്ട് ഗവണ്‍മെന്റിനെ തകിടം മറിക്കാന്‍ ഉദ്ദേശിച്ചുകൊണ്ടുള്ള സമരമായി ജനങ്ങള്‍ ഇതിനെ കണ്ടാല്‍ തെറ്റ് പറയാനാകില്ല. മുഖ്യ മന്ത്രിയെ രാജി വെപ്പിച്ചേ അടങ്ങൂ എന്ന നിര്‍ബ്ബന്ധ ബുദ്ധിയോടെയുള്ള സമീപനം ജനാധിപത്യ മര്യാദകള്‍ക്ക് വിരുദ്ധമാണ്.
നമുക്കു ചൂണ്ടിക്കാണിക്കാന്‍ തുനീഷ്യയിലേയും മറ്റു ചില രാജ്യങ്ങളിലേയും പോലെ സ്വേച്ഛാധിപത്യ ഭരണ കൂടങ്ങളില്ല. കൃത്രിമമായി ഉണ്ടാക്കിയെടുത്ത ശത്രു മാത്രമേയുള്ളൂ. ഇവിടെ ശത്രു കേവല പ്രതീകം മാത്രമാണ്. ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട മികച്ച ഭരണ കൂടങ്ങളല്ലേ നമുക്കുള്ളത്? അത് സര്‍ക്കാരുകള്‍ മാറി മാറി ഭരിക്കുന്നു എന്നല്ലേ ഉള്ളു.
രാഷ്ട്രീയ അഴിമതികളുടെ പേരില്‍ ഇത്ര മാത്രം ഭീകരമായ സമരാഭാസങ്ങള്‍ നടത്തേണ്ടതുണ്ടോ? അങ്ങനെ സമരം നടത്തി ജനങ്ങളെ ബുദ്ധിമുട്ടിക്കേണ്ടതുണ്ടോയെന്ന് സമരം സംഘടിപ്പിക്കുന്നവര്‍ രണ്ടു വട്ടം ആലോചിക്കേണ്ടതുണ്ട്. ഇത്ര മാത്രം സാമ്പത്തിക ചെലവ് വരുത്തി ഇങ്ങനെ ഒരു സമരം കൊണ്ട് ആര്‍ക്കാണ് നേട്ടം?
നിലവിലുള്ള കേസുകളില്‍ (സോളാര്‍, ജോപ്പന്‍, സരിത മുതലായവ അടിസ്ഥാന പരമായി എല്ലാം ഒന്ന് തന്നെയാണ് താനും) സര്‍ക്കാര്‍ അന്വേഷണം നടത്തുന്നുണ്ട്. ഈ അന്വേഷണം അതൃപ്തികരമാണെങ്കില്‍ അത് അന്വേഷിക്കാനും ന്യായമായ ജഡീഷ്യറി സംവിധാനമുണ്ട്. ഇതെല്ലാം അറിഞ്ഞിട്ടും ഇത്തരം സമര മാര്‍ഗങ്ങള്‍ തിരഞ്ഞെടുക്കുന്നതിന്റെ ഔചിത്യം ജനങ്ങള്‍ക്ക് മനസ്സിലാകും. അതുകൊണ്ട് തന്നെ അത് സംഘടിപ്പിക്കുന്നവര്‍ക്ക് യാതൊരു ഗുണഫലവും ലഭിക്കാത്ത ഓരേര്‍പ്പാടാണിതെന്നു നിരീക്ഷിക്കാതെ വയ്യ.
സംഘപരിവാറിനു കേന്ദ്രത്തില്‍ അധികാരം പിടിച്ചെടുക്കാന്‍ ഒരു ചാനലിന്റെ സഹായത്തോടെ കാട്ടിക്കൂട്ടിയ നാടകങ്ങളെല്ലാം മലയാളികള്‍ കണ്ടതാണ്. കേരളത്തില്‍ കോണ്‍ഗ്രസ്സിനെ ദുര്‍ബലപ്പെടുത്തി കേന്ദ്രത്തിലേക്കുള്ള ശക്തി വര്‍ധിപ്പിക്കാന്‍ അറിഞ്ഞോ അറിയാതെയോ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി കൂട്ട് നില്ക്കരുത്. അത് പാര്‍ട്ടിയുടെ സ്ഥാപിത നിലപാടുകള്‍ക്ക് വിപരീതമായിത്തീരുകയേ ഉള്ളു. സ്വതന്ത്ര ചിന്താഗതിക്കാരും സഹയാത്രികരുമായ ആളുകളെ പാര്‍ട്ടിയില്‍ നിന്നകറ്റാന്‍ അത് കാരണമാകും.
ഏതായാലും വലിയ തോതില്‍ ആളുകളെ സംഘടിപ്പിച്ചു കൊണ്ടുള്ള സമരം മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി പുനപരിശോധിക്കേണ്ടതാണ്. ജനാധിപത്യ രീതിയിലുള്ളതും ലളിതവും സുതാര്യവുമായ സമര മാര്‍ഗങ്ങള്‍ ആവിഷ്‌കരിക്കുക. അതിനു തീര്‍ച്ചയായും ജനപിന്തുണയുണ്ടാകും. അതാണ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയില്‍ നിന്നും ജനങ്ങള്‍ പ്രതീക്ഷിക്കുന്നതും. ഭീതിദമായ ഒരു അന്തരീക്ഷത്തില്‍ നിന്ന് കേരള ജനതയെ മോചിപ്പിക്കുക.
http://varthamanam.com/?p=25075