ഇയ്യോബിന്റെ (അയ്യൂബ് നബി - Job) ചരിത്രം തേടി
Madhyamam
യാത്ര
പുന്നയൂർക്കുളം സെയ്നുദ്ദീൻ
ഒമാനും യു എ ഇയും അതിരിട്ടു കിടക്കുന്ന ഏറ്റവും ഉയരം കൂടിയ പർവത നിരയായ അൽ ഹാജർ മല നിരകൾ വിവിധയിനം സസ്യങ്ങളാലും വന്യ ജീവികളാലും സമ്പന്നമാണ്. ഒമാന്റെ കാലാവസ്ഥയെരൂപപ്പെടുത്തുന്നതിൽ വിവിധ പർവത നിരകൾ പ്രധാന പങ്കു വഹിക്കുന്നുണ്ട് . അൽ ഹാജർ പർവതത്തിന്റെ ഏറ്റവും ഉയരമുള്ള കൊടുമുടി ജബൽ ഷംസിന്റെ (Sun Mountain) ഉയരം ഏകദേശം 9900അടിയാണ് .
ദുബായിൽ നിന്ന് സലാലയിലേക്ക് യാത്ര തിരിക്കുമ്പോൾ ഈ പർവത നിരകൾ കടന്നു വേണം ഓമനിലെത്താൻ. ഒമാന്റെ തെക്കൻ പ്രദേശമായ സലാല കാലാവസ്ഥ കൊണ്ടും ഭൂപ്രകൃതിയാലും ഏറെസമ്പന്നവും ഇതര ഗൾഫ് രാജ്യങ്ങളിൽ നിന്ന് വേറിട്ട് നിൽക്കുന്നതുമാണ് .
ജൂൺ, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ പർവതങ്ങൾ പച്ച പുതപ്പണിയും കോട മഞ്ഞിന്റെ ആവരണവുമുണ്ടാകും. സലാലയിലെ പ്രധാന പർവതം ദോഫാർ ഗവർണറേറ്റിലെ അൽ ജബൽ അൽ അഖ്തർ (Green Mountain) പർവതമാണ്.
9800 അടിയാണ് ഈ പർവതത്തിന്റെ ഉയരം . കാലാവസ്ഥകൊണ്ട് ഏറെ അനുഗ്രഹീതമാണ് ഈ മലനിരകൾ. അത് കൊണ്ട് തന്നെ മറ്റു പല ഗൾഫ് നാടുകളിലും ഇല്ലാത്ത കാർഷിക വിളകളും ഇവിടെഉണ്ടെന്നറിയുന്നത് നമ്മെ അമ്പരപ്പിയ്ക്കും .
അത്തിപ്പഴം (Figs), പ്ലംസ്, മുന്തിരി , ആപ്പിൾ, പെയേഴ്സ് (Pears) , Apricot (പ്ലംസിനോട് രൂപ സാദൃശ്യമുള്ള മഞ്ഞ നിറത്തിലുള്ള ഒരിനം പഴം) തുടങ്ങി നിരവധിയിനം പഴവർഗങ്ങൾ വെയിൽ കത്തിക്കാളുന്നഒരു മരുഭൂമിയിൽ ഉണ്ടെന്ന് പറഞ്ഞാൽ ഒരു പ്രാവിശ്യമെങ്കിലും അവിടെ സന്ദർശിക്കാത്ത ഒരാൾ അത് സമ്മതിച്ചു തരുമെന്ന് തോന്നുന്നില്ല. ലോക ഗുണ നിലവാരത്തിൽ മുൻപതിയിൽ നിൽക്കുന്ന ഇനംനീർമാതളങ്ങൾ (Pomegranate) ഇവിടെ വിളയുന്നു എന്നത് അതിശയം തന്നെ. കൂടാതെ ബദാം, വാൽനട്ട്, കുങ്കുമം (Suffron) തുടങ്ങിയവയും കൃഷി ചെയ്യുന്നു. തണുപ്പ് കാലത്ത് പൂജ്യം ഡിഗ്രിയും അതിൽതാഴെയും വരും. മറ്റ് ഗൾഫ് രാജ്യങ്ങളിൽ ചൂട് 50 ഡിഗ്രിയിൽ എത്തുമ്പോൾ ഇവിടെ 22 ഡിഗ്രിയാണ് പരമാവധി.
ഒമാന്റെ തലസ്ഥാനമായ മസ്കറ്റിൽ നിന്ന് ഏതാണ്ട് 1100 കിലോമീറ്റർ ദൈർഘ്യമുണ്ട് സലാലയിലേക്ക്. ബസ് യാത്രയാണ് വിമാന യാത്രയേക്കാൾ ഉല്ലാസദായകം. ബസ്സിൽ 12 മണിക്കൂർ യാത്രയുണ്ട്. റൂവിയിൽ നിന്ന് ആദം എത്തുന്നത് വരെ ഏതാണ്ട് ഇടത്തരം ഉയരമുള്ള മല നിരകളാണ്. മാൻ, ഉടുമ്പ്,കുറുക്കൻ , ചെന്നായ്, അറേബ്യൻ പുള്ളിപ്പുലി (ഇത് വംശ നാശം നേരിടുന്ന അപൂർവ ഇനമാണ്) മുതലായവ അധിവസിക്കുന്ന മല നിരകളിൽമുൾച്ചെടികൾ വളർന്നു നിൽപ്പുണ്ട്. താരതമ്യേന അൽപ്പം ഉയരം കൂടിയ മരങ്ങൾ കാഫ് മരങ്ങളാണ്. കാഴ്ച്ചയിൽ വളരെ മനോഹരം. ഇതിന്റെ ചെറുചില്ലകൾ പ്രധാന ശിഖരങ്ങളിൽ നിന്ന് താഴോട്ടാണ് വളരുന്നത്. പൊതുവെ മരങ്ങൾ നന്നേ കുറഞ്ഞ വരണ്ട മല നിരകളാണ്. മൺസൂൺ ഇല്ലാത്തത് തന്നെയാവാം കാരണം. എന്നാൽ മസ്ക്കറ്റ് കഴിഞ്ഞു സലാലയിലെത്തിയാൽ സ്ഥിതി മറിച്ചാണ്.
Wadi Darbat
ജൂൺ, ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ തകൃതിയായി മഴ പെയ്യും. ഇതര ഗൾഫ് രാജ്യങ്ങളിൽ നിന്ന് ഒമാനെ വേറിട്ട് നിർത്തുന്നതും സലാലയെന്ന ഈ ഹരിതഭൂമികയും അതിലെ കാലാവസ്ഥാ വിശേഷതയുമാണ്. കേരളത്തോട് ഏറ്റവും അടുത്ത് കിടക്കുന്ന ഗൾഫ് രാജ്യമാണ് ഒമാൻ. അതിൽ സാലയാണ്കൂടുതൽ ചേർന്ന് നിൽക്കുന്നത്. മുകളിൽ സൂചിപ്പിച്ച മാസങ്ങളിലാണ് കരീഫ് ഫെസ്റ്റിവൽ നടക്കുന്നത്. കരീഫ് ഫെസ്റ്റിവൽ എന്നാൽ വിളവെടുപ്പ്ഉത്സവം എന്നർത്ഥം. ചരിത്ര പരമായും കാലാവസ്ഥ കൊണ്ടും ഉള്ള സവിശേഷതയാൽ സലാലയിൽ ധാരാളം വിദേശ ടൂറിസ്റ്റുകൾ എത്തുന്നു. അറബ്രാജ്യങ്ങളിൽ നിന്നുള്ളവരും, ഏഷ്യൻ രാജ്യക്കാരും യൂറോപ്യൻമാരും കൂടുതലായെത്തുന്നു. റഷ്യ അർമേനിയ, അസർബൈജാൻ തുർക്കി തുടങ്ങി വിവിധ രാജ്യക്കാരും എത്തുന്നുണ്ട്.
അയ്യൂബ് നബി (ഇയ്യോബ് -Job), ചേരമാൻ പെരുമാൾ, നബി ഒമ്രാൻ (യേശുവിന്റെ മാതാവ് മറിയത്തിന്റെ പിതാവ്) എന്നിവരുടെ സ്മൃതി കുടീരങ്ങൾ -ഖബറിടങ്ങൾ- കൂടാതെ സാലിഹ് നബിയുടെ ഒട്ടകത്തെ അറുത്ത സ്ഥലം (സമൂദ് ഗോത്രക്കാരുടെ കാലത്താണ് ഈ സംഭവം നടന്നതെന്ന് ഖുർആനിൽരേഖപ്പെടുത്തിയിരിക്കുന്നു) ഷേബായിലെ രാജ്ഞി ബൽക്കീസിന്റേതെന്നു കരുതപ്പെടുന്ന കോട്ടയുടെ അവശിഷ്ടങ്ങൾ (ബൽക്കീസിന്റെ കൊട്ടാരംയെമനിൽ ഉള്ളതായും ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്) തുടങ്ങി ബൈബിളിലും ഖുർആനിലും പറയുന്ന പല ചരിത്ര ശേഷിപ്പുകളും സ്ഥിതി ചെയ്യുന്നനാടാണ് ഒമാനിലെ സലാല.
അത് കൊണ്ട് തന്നെ ടൂർ പലപ്പോഴും തീർത്ഥാടനം കൂടിയാകുന്നു. വാദി ദർബാത് (ദർബാത് തടാകം), ഖോർ റോറി എന്നിവ മനോഹരമാണ്. ഖോർറോറിയിൽ 250 ലധികം ദേശാടനക്കിളികൾ സീസണിൽ എത്താറുണ്ട്.
ജലാശയത്തിൽ കടൽ കാക്കകൾ, ഫ്ളമിംഗോ, പവിഴക്കാലി (Snipes) , നീർ കാക്കകൾ (Cormorants), കാട്ടു താറാവ് (Wild Ghoose), ചൂളൻ എരണ്ട (Whistling Teal)വെള്ള കൊറ്റി, തവിട്ടു കൊറ്റി, സാൻഡ് പൈപ്പർ തുടങ്ങിയവ ഇര തേടുമ്പോൾ തീരത്ത് ഒട്ടകം ചെമ്മരിയാടുകൾ മറ്റു കന്നുകാലികൾ മുതലായവമേയുന്നത്
ഇവിടങ്ങളിൽ മാത്രം കാണുന്ന അപൂർവ കാഴ്ചയാണ്. ഐൻ ജർസിസ്, ഐൻ റിസാക് മുതലായ സ്ഥലങ്ങൾ പ്രധാന ടൂറിസ്ററ് കേന്ദ്രങ്ങളാണ്.
മറ്റൊരു ചെറു പർവ്വതമായ ഇത്തീനിലാണ് അയ്യൂബ് നബി അന്ത്യ വിശ്രമം കൊള്ളുന്നത്. യാത്രയുടെ പ്രധാന ഉദ്ദേശ്യം അദ്ദേഹത്തിന്റെ ചരിത്ര പ്രദേശം സന്ദർശിക്കുക എന്നത് തന്നെയാണ്. മാറാ രോഗംപിടിപെട്ട അയ്യൂബ് നബി (ഇയ്യോബ് -Job) ജനങ്ങളാൽ വെറുക്കപ്പെട്ട് ജനങ്ങളിൽ നിന്നെല്ലാം അകന്ന് ഈ പർവതത്തിൽ വന്ന് താമസമാരംഭിക്കുകയായിരുന്നു . ദൈവത്തിന് ഏറെ പ്രിയങ്കരനായപ്രവാചകനായിരുന്നു അയ്യൂബ് . അദ്ദേഹം സൽ സ്വാഭാവിയും സൽഗുണ സമ്പന്നനുമായിരുന്നു. തന്റെ വാക്കുകൾ കൊണ്ടും പ്രവൃത്തി കൊണ്ടും സമ്പത്തിന്റെ ചെറു വിഹിതം കൊണ്ടും (സക്കാത്ത്)ജനങ്ങളെ സഹായിക്കാൻ അദ്ദേഹം സദാ ബദ്ധ ശ്രദ്ധനായിരുന്നു . അത് കൊണ്ട് തന്നെ അദ്ദേഹം ജനങ്ങൾക്ക് ഏറെ പ്രിയപ്പെട്ടവനായിരുന്നു , ദൈവത്തിനെന്ന പോലെ.
"ഊസ് എന്ന ദേശത്ത് ജനിച്ച നിഷ്ക്കളങ്കനും നേരുള്ളവനും ദൈവ വിശ്വാസിയുമായ ഇയ്യോബിന് ഏഴ് പുത്രന്മാരും മൂന്ന് പുത്രിമാരും ഏഴായിരം ആടുകളും മൂവായിരം ഒട്ടകങ്ങളും അഞ്ഞൂറ് ഏർ കാളകളുംമറ്റു മൃഗ സമ്പത്തും ഭൂസമ്പത്തും ഒട്ടനവധി ദാസ ജനങ്ങളും ഉണ്ടായിരുന്നു " വിശുദ്ധ ബൈബിൾ.
പുത്രന്മാർ ഓരോരുത്തരും തങ്ങളുടെ വസതികളിൽ ഓരോരുത്തർക്കനുവദിച്ച ദിനങ്ങളിൽ സൽക്കാരം ഓരു ക്കുകയും സഹോദരിമാരെ ആളയച്ചു വിളിപ്പിക്കയും സന്തോഷം പങ്കുവെക്കുകയും ചെയ്തുപോന്നു. സൽക്കാരത്തിനൊടുവിൽ എല്ലാവരും വീഞ്ഞ് കുടിച്ചു . ഇത് ഓരോരുത്തരുടെ വസതികളിലും നടന്നു പോന്നു. എന്നാൽ സൽക്കാരം വട്ടമെത്തുമ്പോൾ ഇയ്യോബ് മക്കളെ വിളിപ്പിച്ച് അവർ പാപംചെയ്തിട്ടുണ്ടാകുമെന്നും ദൈവത്തെ മനസ്സ് കൊണ്ട് ത്യജിച്ചിച്ചിട്ടുണ്ടാകും എന്ന് പറഞ്ഞു അതി പുലർച്ചെ എഴുന്നേറ്റ് അവരെ ഹോമ യാഗങ്ങൾ നടത്തി ശുദ്ധീകരിച്ചു. ഈ കർമ്മങ്ങൾ അദ്ദേഹം മുടങ്ങാതെചെയ് തു പോന്നു.
അങ്ങനെയിരിക്കെ ഒരു ദിനം ഇയ്യോബും പുത്രന്മാരും പള്ളിയിൽ പ്രാർത്ഥനാ നിരതമായ വേളയിൽ പിശാചും അവരോടൊപ്പം ചേർന്നു.
ദൈവം ചോദിച്ചു:"പിശാചേ നീ എന്റെ ദാസനായ ഇയ്യോബിൽ കണ്ണ് വെച്ചുവോ ? നേരും നന്മയുമുള്ളവനും നിഷ്കളങ്കനും തികഞ്ഞ ദൈവ വിശ്വാസിയുമായി അവനെപ്പോലൊലൊരാൾ ഭൂമിയിൽ വേറെഉണ്ടാകില്ല ".
"ഇയ്യോബ് ദൈവ ഭക്തനായിരിക്കുന്നതിന് കാരണം നീ അവന് അളവറ്റ സമ്പത്ത് നൽകിയിരിക്കുന്നു. അവനുള്ളതൊക്കെയും നീ വേലികെട്ടി സംരക്ഷിച്ചിരിക്കുന്നു . അവന്റെ മൃഗ സമ്പത്ത് അനുദിനംവർധിച്ചു വരുന്നു .
തൃക്കൈ നീട്ടി അവനുള്ളതൊക്കെയും നീയൊന്നു തൊടുക. അവൻ നിന്നെ മുഖത്ത് നോക്കി തള്ളിപ്പറയും തീർച്ച ". പിശാച് പറഞ്ഞു നിർത്തി.
"ഇതാ അവനുള്ളതൊക്കെയും നിന്റെ കൈയിൽ ഇരിക്കുന്നു. അവന്റെ ശരീരത്തിൽ മാത്രം നീ കൈയേറ്റം ചെയ്യരുത് ". ദൈവ വചനം കേട്ടതും പിശാച് സന്തോഷത്തോടെ തുള്ളിച്ചാടിക്കൊണ്ട്ഇറങ്ങിപ്പോയി .
കുറച്ചു ദിവസങ്ങൾക്ക് ശേഷം മൂത്ത മകന്റെ വസതിയിൽ എല്ലാവരും ഭക്ഷണം കഴിച്ചു കൊണ്ടിരിക്കെ ഒരു ജോലിക്കാരൻ ഓടി വന്നു ഗദ്ഗദപ്പെട്ട് പറഞ്ഞു: ഞങ്ങൾ കാളകളെ ഉപയോഗിച്ച് നിലം ഉഴുതുകൊണ്ടിരിക്കെ, അരികിൽ നമ്മുടെ കഴുതകൾ മേഞ്ഞു കൊണ്ടിരിക്കെ ശെബായറും സംഘവും കുതിരപ്പുറത്ത് വന്ന് ജോലിക്കാരെ വാളുപയോഗിച്ച് വെട്ടിക്കൊല്ലുകയും മൃഗ കൂട്ടത്തെ കൊള്ളയടിച്ചുകൊണ്ട് പോകുകയും ചെയ്തിരിക്കുന്നു ."
പിന്നീട് കലയ് ദർ എന്നയാളും സംഘവും വന്ന് ഒട്ടകങ്ങളെ കൊള്ളയടിച്ചു കൊണ്ട് പോയി. ഇയ്യോബിന്റെ മക്കൾ ഒന്നിച്ചിരുന്ന് സൽക്കാരം ആസ്വദിച്ചു കൊണ്ടിരിക്കെ ചുഴലിക്കാറ്റടിച്ച് വീട് വീഴുകയുംഎല്ലാവരും മരിക്കുകയുമുണ്ടായി.
ഇതറിഞ്ഞ ഇയ്യോബിന് അതി കഠിനമായ മനോവേദനയും തികച്ചും ഭ്രാന്തമായ മനസികാവസ്ഥയുമുണ്ടായി. അദ്ദേഹം വസ്ത്രം കീറിയ ശേഷം ദൈവ സന്നിധിയിൽ സാഷ്ടാംഗം വീണു കിടന്നു പ്രാർത്ഥിച്ചു.
“ദൈവമേ, ഞാൻ വെറും കൈയോടെ വന്നു. വെറും കൈയോടെ മടങ്ങി പോകുകയും ചെയ്യും നീ തന്നതെല്ലാം നീ തന്നെ തിരികെ എടുത്തു. നിന്റെ നാമം വാഴത്തപ്പെടട്ടെ”
ഇതിലൊന്നും ഇയ്യോബ് പാപം ചെയ്യുകയോ ദൈവത്തെ തള്ളിപ്പറയുകയോ ചെയ്തില്ല .
പിന്നീടൊരു ദിവസം ഇയ്യോബിന്റെ പ്രാർത്ഥനാ വേളയിൽ പിശാചും കൂടെ ചേർന്നു .
ദൈവം പറഞ്ഞു: നീ വലിയ ചതിവാണ് കാണിച്ചത്. വളരെ സത്യസന്ധനും ദൈവ വിശ്വാസം മുറുകെ പിടിക്കുന്നവനുമായ ഇയ്യോബിനെ നശിപ്പിക്കാൻ നീ എന്നെകൊണ്ട് സമ്മതിപ്പിച്ചു . എന്നിട്ടും അവൻവിശ്വാസം വെടിഞ്ഞോ?"
പിശാച് പറഞ്ഞു. "ത്വക്കിന്
പകരം ത്വക്ക്. മനുഷ്യൻ സ്വന്തം ജീവന് വേണ്ടി മറ്റെന്തും ത്യജിക്കും . അങ്ങ് കൈ നീട്ടി അവന്റെ അസ്ഥിയിലും മാംസത്തിലും ഒന്ന് തൊടുക . അവൻ അങ്ങയെ മുഖത്ത് നോക്കിത്യജിച്ചു പറയും."
"ഇതാ അവൻ നിന്റെ കൈയിൽ ഇരിക്കുന്നു . അവന്റെ പ്രാണനെ മാത്രം തൊടരുത് ." ദൈവ വചനം കേട്ടപ്പോൾ പിശാച് സന്തോഷ പൂർവ്വം ഇറങ്ങിപ്പോയി .
ഇയ്യോബിന്റെ ഉള്ളം കാൽ മുതൽ ശിരസ്സ് വരെ ഒരു തരം ചെറിയ കുരുക്കൾ ബാധിച്ചു. അത് വ്രണങ്ങളായി പഴുത്തു പൊട്ടാനും തുടങ്ങി. പല വിധ ചികിത്സകൾ ചെയ്തിട്ടും ഒരു പ്രയോജനവും ഉണ്ടായില്ല.
ഇത് പകരുന്ന വിധമുള്ള ഒരു മാറാ വ്യാധിയാണെന്നു മനസ്സിലാക്കിയ ജനങ്ങൾ അദ്ദേഹത്തെ വെറുത്തു. നാട്ടിൽ നിന്ന് പുറത്തു പോകാൻ ആവശ്യപ്പെട്ടു .
ഗത്യന്തരമില്ലാതെ ഇയ്യോബും ഭാര്യയും ഇന്നത്തെ സലാലയിലെ താരതമ്യേന വളരെ ചെറിയ ഒരു പർവ്വതമായ ഇത്തീനിലേയ്ക്ക് പോയി. അവിടെ വെച്ച് അദ്ദേഹത്തിന് രോഗം മൂർച്ഛിച്ചു .
"നിങ്ങൾ ഇപ്പോഴും ദൈവ വിശ്വാസം മുറുകെപ്പിടിച്ചിരിക്കുന്നുവോ മനുഷ്യാ . ഇത്രയേറെ ശിക്ഷ കിട്ടിയിട്ടും!
. ദൈവത്തെ തള്ളിപ്പറഞ്ഞു കൊണ്ട് പോയി മരിച്ചു കൊള്ളുക. ഇനി അതാണ് നല്ലത്."
"നീ എന്താണ് പൊട്ടിയെ പോലെ സംസാരിക്കുന്നത് ? ദൈവത്തിൽ നിന്നും നാം നന്മ കൈക്കൊള്ളുന്നു. അതുപോലെ തന്നെ തിന്മയും കൈക്കൊള്ളരുതോ ?"
ഇതിലൊന്നും അദ്ദേഹം അധരങ്ങളാൽ പോലും പാപം ചെയ്തില്ല.
രോഗ വാർത്തയറിഞ്ഞു സുഹൃത്തുക്കളായ എലീഫസ്, ബിൽദാദ്, സോഫർ എന്നിവർ ഇയ്യോബിനെ സന്ദർശിക്കാനെത്തി . തിരിച്ചറിയാനാവാത്ത വിധം ഇയ്യോബ് മാറിപ്പോയിരുന്നു. മുഷിഞ്ഞ വസ്ത്രങ്ങളും ജട കുത്തിയ മുടിയും ശോഷിച്ചു എല്ലുന്തിയ, വൃണങ്ങളാൽ നിറഞ്ഞതുമായി മാറിയിരുന്നു അദ്ദേഹത്തിന്റെ ശരീരം. മനസ്സും അത് പോലെ തന്നെ തകർന്നു പോയിരുന്നു .
സുഹൃത്തുക്കൾ ഏതാനും ദിവസങ്ങൾ അദ്ദേഹത്തോടൊപ്പം ചിലവഴിച്ചു. ആത്മീയ കാര്യങ്ങളായിരുന്നു ആ ദിവസങ്ങളത്രയും അവർ ചർച്ച ചെയ്തിരുന്നത് .
ഒടുവിൽ ഇയ്യോബിന്റെ ദൃഢമായ വിശ്വാസം തിരിച്ചറിഞ്ഞ ദൈവം അദ്ദേഹത്തിന്റെ രോഗം ഭേദമാക്കി.
"കാലു കൊണ്ട് നിലത്തടിയ്ക്കാൻ അള്ളാഹു അയ്യൂബ് നബിയോട് കൽപ്പിച്ചു . തുടർന്ന് കുടിക്കാനും കുളിയ്ക്കാനുമുള്ള വെള്ളം ലഭിയ്ക്കുമെന്നുമറിയിച്ചു ." വിശുദ്ധ ഖുർആൻ
തുടർന്ന് ചെറിയ അരുവി രൂപപ്പെടുകയും അതിൽ നിന്ന് അദ്ദേഹം ജല പാനം നടത്തുകയും കുളിക്കുകയും ചെയ്തു . പിന്നീട് അദ്ദേഹത്തിന്റെ അസുഖം ഭേദമായി.
"നഷ്ടപ്പെട്ട സ്വത്തുക്കളെല്ലാം ഇരട്ടിയായി തിരിച്ചു നൽകുകയും ചെയ്തു . പിന്നീട് അദ്ദേഹത്തിന് ഏഴു പുത്രന്മാരും മൂന്നു പുത്രിമാരുമുണ്ടായി . യെമീമ, കെസിയ, കേരൻ ഹപുക് എന്നിങ്ങനെയായിരുന്നു
പെണ്മക്കളുടെ പേരുകൾ. ഇയ്യോബിന്റെ പുത്രിമാരെപ്പോലെ സൗന്ദര്യവതികളായ സ്ത്രീകൾ ആ പ്രദേശത്തെങ്ങും ഉണ്ടായിരുന്നില്ല. പിന്നെയും അദ്ദേഹം 140 വർഷം ജീവിച്ചു. നാലു തലമുറയെ കണ്ടു."ബൈബിൾ.
ഇബ്രാഹിം നബിയുടെ പൗത്രനായ മൂസ് ഇബ് നു റസായാണ് അയ്യൂബ് നബിയുടെ പിതാവ് . ബി സി ആറാം നൂറ്റാണ്ടിനും നാലാം നൂറ്റാണ്ടിനും ഇടയ്ക്കാണ് അദ്ദേഹം ജീവിച്ചിരുന്നതെന്ന് വിശ്വസിക്കപ്പെടുന്നു.
അദ്ദേഹത്തിന്റെ സ്മൃതി കുടീരത്തിനടുത്ത് തന്നെ തണൽ വിരിച്ചു നിൽക്കുന്ന മരങ്ങളും, അദ്ദേഹം പ്രാർത്ഥിച്ചിരുന്ന ചെറിയ ഭാഗത്തിന്റെ കൽഭിത്തികളുടെ ശേഷിപ്പുകളും ഞങ്ങൾ കണ്ടു. മിഹ്റാബ് ബൈത്തുൽ മുഖദ്ദിസിനോട് മുഖം തിരിഞ്ഞാണ് നിൽക്കുന്നത്. അന്ന് ബൈത്തുൽ മുഖദ്ദിസ് ആയിരുന്നു ഖിബ്ല. അന്ത്യ പ്രവാചകന് മുമ്പുള്ള കാലം. സന്ദർശകരിൽ ചിലർ ഈ ഭാഗത്ത് നിന്ന് നിസ്കാരം നിർവഹിക്കുന്നത് കാണാമായിരുന്നു.
"സൂക്ഷിച്ചു നിൽക്കണം അല്പം മാറിയാൽ നേരെ വലിയ താഴ്ചയിലേക്കാകും വീഴുക." പെരിങ്ങോട്ടുകര ക്കാരൻ സലീം ഓർമിപ്പിച്ചു..
താഴോട്ട് നോക്കിയാൽ മഞ്ഞു പുതഞ്ഞു കിടക്കുന്ന സലാലയുടെ ഗ്രാമ പ്രദേശങ്ങൾ കാണാം. ചെമ്മരിയാടുകളെ മേയ്ക്കുന്ന ഇടയന്മാരെയും..