Friday, December 20, 2019

യാത്ര

വാസിത് തണ്ണീർത്തടം സഞ്ചാരികളെ മാടി വിളിക്കുന്നു

പുന്നയൂർക്കുളം സെയ്‌നുദ്ദീൻ


MATHRUBHUMI 20.12.19

വടക്കൻ ഷാർജയുടെ പ്രാന്ത പ്രദേശമായ വാസിത് പ്രദേശത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. അജ്മാൻ എമിറേറ്റിനോട് അതിരിട്ടു കിടക്കുന്ന പ്രദേശം. 2019 ൽ ഈ തണ്ണീർത്തടം (Wasit Wetland)  യുനെസ്കോയുടെ റാംസർ സൈറ്റ് (Ramsar Site) ആയി പ്രഖ്യാപിക്കപ്പെട്ടു.

പാസ് എടുത്ത് അകത്തു പ്രവേശിച്ചാൽ വലതു വശത്തായി വാഹനങ്ങങ്ങൾ പാർക്ക് ചെയ്യാം. അകത്ത് എക്സ്പ്ലോർ ചെയ്യാൻ അവിടെ പ്രത്യേകം ചെറുവാഹനങ്ങൾ ഉണ്ട്. ഇതിൽ പ്രദേശം മുഴുവനും ചുറ്റിക്കാണാം. ഇടയ്ക്ക് വ്യൂ പോയിന്റ് കളിൽ ഇറങ്ങി പക്ഷികളെ നഗ്ന നേത്രങ്ങൾക്കൊണ്ടും വളരെ അകാലത്തായി ഉള്ളവയെ ബൈനോക്കുലർ ഉപയോഗിച്ചും കാണാൻ സംവിധാനങ്ങൾ ഉണ്ട് ഏതാണ്ട് 10 പേർക്ക് കയറാവുന്ന വാഹനമായിരുന്നു ഞങ്ങൾക്ക് ലഭ്യമായത്. ചെറു കൊമ്പൻ മീശയുള്ള സൽമാൻ ഖാന്റെ മുഖച്ഛായയുള്ള പാകിസ്താനി ചെറുപ്പക്കാരനാണ് വാഹനം നിയന്ത്രിക്കുന്നത്. അതിന്റേതായ ചെറിയ അഹങ്കാരവും അവന്റെ മുഖത്തുണ്ട്.


തണ്ണീർ തടങ്ങളിൽ പക്ഷികളെ അവയുടെ സ്വാഭാവിക ആവാസ വ്യവസ്ഥയിൽ തന്നെ ശല്യപ്പെടുത്താതെ വളരെയടുത്ത് നിരീക്ഷിക്കാനുള്ള സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്. കൂടാതെ മനുഷ്യരോട് അകലം പാലിക്കുന്നയിനങ്ങളിൽപെട്ട ദേശാടനകിളികളെ വളരെ പവർഫുൾ ആയ ബൈനോക്കുലർസുകളിലൂടെ നിരീക്ഷിക്കാൻ വിവിധ സ്പോട്ടുകൾ സജ്ജീകരിച്ചിട്ടുണ്ട്.

നീർത്തടത്തിന് ചുറ്റും വലിയ അക്കേഷ്യാമരങ്ങൾ കൊണ്ട് കോട്ട മതിൽ പോലെ  ജൈവ മതിൽ തീർത്തിട്ടുണ്ട്. അതിനരികിലൂടെ വെളുത്ത മൺപാതയ്ക്കിരുവശവും കുറ്റിചെടികൾ വളർന്നു നിൽക്കുന്നുണ്ട്. ചെടികൾ ഇടയ്ക്കിടെ വാഹനത്തെയും യാത്രക്കാരെയും കൈനീട്ടി തൊടും. ഒരു വശത്ത് ചൂരൽ പോലുള്ള തണ്ടോടു കൂടിയ വലിയ പുല്ലുകൾ വളർന്നു നിൽക്കുന്നുണ്ട്. അതിനിടയിലൂടെ ഇടയ്ക്കിടെ നീർത്തടങ്ങളിൽ നിന്നുള്ള നേർത്ത ദൃശ്യങ്ങൾ കണ്ടു തുടങ്ങി.

പെട്ടെന്ന് ഒരു പാമ്പ് മൺപാതയ്ക്ക് കുറുകെ ചാടി, നാലോ അഞ്ചോ അടിയോളം വരുന്ന ചുകന്ന നിറമുള്ള മണൽപാമ്പ്. തലയിൽ ചെറു കൊമ്പ് പോലെ ഒരു ഭാഗം. അടുത്തിരുന്ന ഒരു യുവതി ഭയന്നു നിലവിളിക്കാൻ തുടങ്ങുന്ന 7 വയസ്സ് തോന്നിക്കുന്ന പെൺകുട്ടിയെ ചേർത്തു പിടിച്ചു. "പേടിക്കേണ്ട, അത് അങ്ങ് ഇഴഞ്ഞു പൊയ്ക്കൊള്ളും" 'സൽമാൻ ഖാൻ' അമ്മയെയും കുഞ്ഞിനേയും ആശ്വസിപ്പിച്ചു.


വാഹനം ഒരു വ്യൂ പോയിന്റിൽ നിർത്തിയപ്പോൾ രാജഹംസം (Flamingo), ചൂളനിരണ്ട (Whisling teal), കൊറ്റികൾ (Egrette), പവിഴക്കാലി, ചേരക്കോഴി (Snake Bird) , നീർകാക്കകൾ (Cormorants), വിവിധയിനം കടൽക്കാക്കകളായ ഗ്രേറ്റ് ഗൾസ്, കരിന്തല കാക്ക (Black headed gulls), പുള്ളിക്കാക്ക (spotted gulls), പ്ലോവർ, ലാപ്വിങ്, അവോസെറ്റ് തുടങ്ങി നിരവധിയിനം ദേശാടനക്കിളികളും സ്ഥിരവാസികളായ നിരവധി പക്ഷികളെയും കാണാനായി.

ബൈനോക്കുലേഴ്സിലൂടെ നോക്കിയപ്പോൾ കണ്ട കിളികളുടെ കാഴ്ച്ചകൾ പുന്നയൂർക്കുളത്തെ കോൾപ്പാടങ്ങളെയാണ് ഓർമിപ്പിച്ചത്. വിശാലമായി കിടക്കുന്ന കോൾപ്പാടം. സീസണിൽ അവിടെ 250 ലധികം ദേശാടനക്കിളികൾ സന്ദർശകരായെത്തും. പലതും മുട്ടയിട്ടു വിരിഞ്ഞു കുഞ്ഞുങ്ങളെയും കൊണ്ടാവും സീസൺ കഴിയുന്നതോടെ തിരികെപ്പോക്ക് ആരംഭിക്കുക. അപ്പോഴേക്കും ഇടിയും മിന്നലോടു കൂടിയ തുലാമഴ തുടങ്ങിയിരിക്കും. പക്ഷികളെ തേടി പുറകെ പോകുന്ന ബാല്യം. കൂട്ടിന് അവന്റെ എളാപ്പയുടെ കട്ടെടുത്ത (തൽക്കാലത്തേക്ക്) ചെറു തോണിയുമായി മുഹമ്മദ് കുട്ടിയുമുണ്ടാകും.


വയൽ നിറയെ വെള്ള, മഞ്ഞ, ചുകപ്പ്, നീല നിറങ്ങളിലുള്ള ആമ്പൽ പൂക്കൾ വിടർന്നു നിൽക്കുന്നുണ്ടാകും. പറിച്ചെടുത്ത് മണത്താൽ നേർത്ത സുഗന്ധത്തോടൊപ്പം നിറയെ പൂമ്പൊടിയോടൊപ്പം മൂക്കിൽ കയറും. ആമ്പലുകളുടെ താലം പോലുള്ള പത്രങ്ങളിൽ നീലക്കോഴികൾ ചാടിച്ചാടി നടക്കും. ആമ്പൽ പൂവിതളുകൾ കഴിക്കും. വയൽ ചെടികളുടെ കമ്പുകളും ആമ്പൽ പൂവിതളുകളും മറ്റും ചേർത്ത് കൂടൊരുക്കി താമരക്കോഴികൾ മുട്ടയിടും. അവയുടെ നീല നിറത്തിലുള്ള മുട്ടകളും ചെറു കുഞ്ഞുങ്ങളെയും തേടിയാണ് പലപ്പോഴും യാത്ര. മുങ്ങാക്കോഴികളും എരണ്ടകളും ശബ്ദം വെച്ച് പറക്കും. മുങ്ങിയാൽ പൊങ്ങിവരുമ്പോൾ കൊക്കിൽ കറുപ്പുനിറമുള്ള കടു മീനിനെയും കൊത്തിയാണ്‌ മുങ്ങാങ്കോഴികളുടെ വരവ്. ചൂളനിരണ്ടകൾ  ശബ്‌ദത്തിലൂടെ സാന്നിദ്ധ്യം നിരന്തരം അറിയിച്ചു കൊണ്ടിരിക്കും.

"ദേ, നിങ്ങളങ്ങ് മാറിയേ" ലൈലയുടെ ശബ്ദം കേട്ടപ്പോഴാണ് ഞാൻ ബൈനോക്കുലറിലൂടെ കണ്ടിരുന്ന കാഴ്ച്ചകൾ പുന്നയൂർകുളത്തെ ഉപ്പുങ്ങൽ കോൾപ്പാടത്തെ കാഴ്ച്ചകളാണെന്ന ബോധ്യത്തിലേയ്ക്ക് കടന്നത്. തൊട്ടടുത്ത് സെൻസായി ഹാറൂൺ റഷീദ് വന്നേരി തന്റെ ക്യാമറയിൽ ചിത്രങ്ങൾ പകർത്തിക്കൊണ്ടിരുന്നു.


അവധി ദിവസമായതിനാലാകാം വാസിത് നീർത്തടം കാണാൻ നിരവധി കുടുംബങ്ങളും എത്തിയിരുന്നു. ഓറഞ്ചു ചുരിദാറണിഞ്ഞ യുവതി അവരുടെ 9 വയസ്സുകാരൻ മകന് ബൈനോക്കുലേഴ്സിലൂടെ നീർത്തടത്തിലെ പക്ഷികൾ തമ്പടിച്ചത് കാണിച്ചു കൊടുക്കുകയായിരുന്നു. "ഭാവിയിലെ സാലിം അലി" അടുത്തു നിന്ന യുവാവ് ചിരിച്ചു കൊണ്ട് പറഞ്ഞു. കുട്ടിയുടെ അച്ഛനായിരിക്കാം.

യാത്രക്കിടെ ഞങ്ങൾ അങ്ങിങ്ങായി ചെറിയ ചെറിയ മാൻ കൂട്ടങ്ങളെ കണ്ടു. വാഹനം കണ്ടപ്പോൾ അവ ഓടിപ്പോയില്ല. ഇറങ്ങി ചെന്ന് ഫോട്ടോ എടുക്കാൻ തുടങ്ങിയപ്പോൾ അൽപ സമയം മാത്രം പോസ് ചെയ്ത് ഇനി മതിയാക്കിക്കോളൂ എന്ന മുന്നറിയിപ്പോടെ ശബ്ദം വെച്ചു കൊണ്ട് കുറ്റിക്കാടുകൾക്കിടയിൽ മറഞ്ഞു.

കൂടാതെ വിശാലമായ പക്ഷികളുടെ ശേഖരം തന്നെ സന്ദർശകർക്കായി ഒരുക്കിയിട്ടുണ്ട്. അതിലാകട്ടെ പെലിക്കൻ, ഫ്ളെമിംഗോ, വിവിധയിനം ഐബിസ് പക്ഷികൾ, പെരും കൊക്ക് (Great Heron), പാതിരാ കൊക്ക് (Night heron), തവിട്ടു മുണ്ടി, ചട്ടുക കൊറ്റി (Spoon bills), വിവിധയിനം പരുന്തുകളും ഫാൽക്കൺ പക്ഷികളും, ഞാറപ്പക്ഷി, കാട്ടു താറാവ്, മരത്താറാവ് (Wood duck), കാട്ടു മൈന, നീലക്കോഴി (Moorhen) , കുളക്കോഴി, തുടങ്ങി നിരവധിയിനങ്ങളിൽപ്പെട്ട പക്ഷികളെയും കാണാനായി.


2015 ലാണ് ഡോ സുൽത്താൻ ബിൻ മുഹമ്മദ് അൽ കാസ്മി വാസിത് തണ്ണീർ തടം പൊതു ജനങ്ങൾക്കായി തുറന്ന് നൽകിയത്. ഷാർജ ഗവർമെന്റിന്റെ എൻവിറോൺമെന്റൽ & പ്രൊട്ടക്റ്റഡ് ഏരിയ അതോറിറ്റിയാണ് ഇത് പരിപാലിച്ചു പോരുന്നത്.

ഏകദേശം 210 ഏക്കർ വിസ്തൃമായ വാസിത്തിൽ നീർത്തടം മാത്രമല്ല കുറ്റിക്കാടുകളും ഇടയ്ക്കിടെ ചെറുതും വലുതുമായ  മരങ്ങളും നിറഞ്ഞതാണ്. വിവിധയിനം സസ്യ ജന്തു ജാലങ്ങളുടെ ആവാസ കേന്ദ്രമാണ് വാസിത് തണ്ണീർത്തടം. ജൈവ വൈവിധ്യം കൊണ്ട് വാസിത്തിലെ പരിസ്ഥിതി കൂടുതൽ സമ്പന്നമാകട്ടെയെന്നാശംസിക്കാം


END



No comments:

യാത്ര വാസിത് തണ്ണീർത്തടം സഞ്ചാരികളെ മാടി വിളിക്കുന്നു പുന്നയൂർക്കുളം സെയ്‌നുദ്ദീൻ MATHRUBHUMI 20.12.19 വടക്കൻ ഷാർജയുടെ പ്രാന്ത പ്ര...