Sunday, October 2, 2016

അയാൾ അയൽവാസിയാണ് കഥ കഥ

അയാൾ അയൽവാസിയാണ്                                                                                                                                                                                                                                                                                      കഥ                                  
Chandrika Sunday Suppliment 02 October 2016

പുന്നയൂർക്കുളം സെയ്‌ നുദ്ദീൻ 



ചെകുത്താൻ ദീപുവിനോട് പറഞ്ഞു: 

"നീ എന്തു ജീവിതമാ ജീവിക്കുന്നേ. ഇങ്ങനെ കഴുതയെ പോലെ പണിയെടുത്ത്.... ബൈബിളിൽ പറഞ്ഞത് വായിച്ചിട്ടില്ലേ. അവൻ കഴുതയെ പോലെ പണിയെടുക്കും. പക്ഷെ, അവൻ ഒന്നും അനുഭവിക്കുകയില്ല. വരും തല മുറ എല്ലാം ധൂർത്തടിക്കും.  അതിനടുത്ത തലമുറ വെറും വഷളന്മാരാകും."

"ഞാൻ എന്തു വേണമെന്നാ താങ്കൾ പറയുന്നത്. ഞാൻ കഠിനമായി അദ്ധ്വാനിക്കുന്നു. കുടുംബം പോറ്റുന്നു.. ഇന്നത്തെ കാലത്തു അദ്ധ്വാനിച്ചില്ലേൽ ജീവിതം കോഞ്ഞാട്ടയാകും."

"ആകാശത്തിലെ പറവകളെ നോക്കൂ. അവ കൂട്ടി വെക്കുന്നില്ല. അന്നന്നത്തെ അന്നത്തിനായി മാത്രം പരിശ്രമിക്കുന്നു. എന്നൊന്നും ഞാൻ പറയുന്നില്ല. നിനക്ക് കുറച്ചു കാശു മിച്ചം വെച്ചു അയൽക്കാരൻ ലോനയുടെ  ഭാര്യക്ക് എന്തേലും വാങ്ങിച്ചു കൊടുത്തു കൂടെ. നിന്നെ പോലെ നിന്റെ അയൽക്കാരനേം സ്നേഹിക്കണമെന്നല്ലേ കർത്താവ് പറഞ്ഞിരിക്കുന്നേ?" 

"ദൈവ ദോഷം പറയരുത് സാത്താനെ, അത് ആ അർത്ഥത്തിലല്ല കർത്താവ് പറഞ്ഞിരിക്കുന്നത്."

"ഏത് അർത്ഥത്തിലെങ്കിലും ആകട്ടെ, നീ ആ റോസിനെ കണ്ടില്ലേ. റോസാ പൂ പോലെ മനോഹരി. പറഞ്ഞിട്ടെന്ത് കെട്ടിയോൻ മധ്യ വയസ്സു കഴിഞ്ഞു. ആ പെങ്കൊച്ചിനു കിട്ടേണ്ട ബന്ധം വല്ലതുമാണോ അത്. പാവം ആ കൊച്ചിന്റെ വീട്ടു കാർക്ക് ലോനായുടെ പണമല്ലാതെ മറ്റെന്താണ് വേണ്ടത്.."

"ദേ, സാത്താനേ ദൈവ ദോഷം പറയരുത്. നീ സാക്ഷാൽ സാത്താന്റെ സന്തതി തന്നെ."

"നിനക്കു പറഞ്ഞാൽ മനസ്സിലാകില്ല ദീപു. ആ പാവം പെണ്ണിനെ ഒന്നു സഹായിച്ചാൽ നിനക്കെന്താ നഷ്ടം?"

"പാപം പറയരുത്. ദൈവ കോപം കിട്ടും."

"ദേ, ആ പെങ്കൊച്ചിന്റെ ദെണ്ണം നെനക്ക് മനസ്സിലാകില്ല. വയസ്സായി തുടങ്ങിയ അയാളെക്കൊണ്ടെത്താ പറ്റുക?"

ശരിയാണല്ലോ ഞാൻ ഒരാളിവിടെ യോഗ അഭ്യസിച്ചും ഗുസ്തി പിടിച്ചും നടക്കുന്നു. അയലത്തെ റോസാ കുട്ടിയുടെ കെട്ടിയോനാണേൽ ഒന്നിനും നേരോമില്ല താൽപര്യോമില്ല. കൊപ്ര മില്ലിലെ കണക്കെടുപ്പും പണം ബാഗിലാക്കി തിട്ടപ്പെടുത്തലും കഴിഞ്ഞാൽ ഉറങ്ങാൻ നേരമായിരിക്കും. പുറത്തു നിന്ന് എന്തെങ്കിലും കഴിച്ച് വരും. ഭക്ഷണം കഴിക്കാതെ കാത്തിരിക്കുന്ന റോസിനോട് തട്ടിക്കയറും.

"എടീ, നിന്നോടാരാടീ പറഞ്ഞത് കാത്തിരുന്ന് സമയം കളയാൻ. നിനക്ക് വല്ലതുമങ്ങു കഴിച്ചു കിടന്നൂടായിരുന്നോ?"

അയാളുടെ വാക്കുകൾ കേട്ട് റോസ് ദീർഘ നിശ്വാസം വലിക്കും. തടവറയിൽ അടയ്ക്ക പെട്ട ഒരു മൃഗത്തെ അവൾ മിക്ക ദിനങ്ങളിലും സ്വപ്നം കാണും. 

അങ്ങിനെ ലോന വരാൻ വൈകിയ ഒരു ദിവസമാണ് യോഗാഭ്യാസിയായ ദീപു കയറി വന്നത്. രാത്രിയിലെ അവന്റെ വരവ് കണ്ട് ആദ്യമൊന്ന് ഞെട്ടി. അയൽക്കാരനല്ലേ എന്ന ബോധം ഉള്ളിലുണർന്നപ്പോൾ ഞെട്ടൽ പുറത്തു കാണിച്ചില്ല. 

മരങ്ങൾ മുടിയഴിച്ചാടുന്ന കള്ള കർക്കിടകം. തകർത്തു പെയ്യുന്നമഴ. കലിതുള്ളിയ കാറ്റ് മരങ്ങളായ മരങ്ങളെയെല്ലാം നൃത്തം പഠിപ്പിക്കുന്നു. രാത്രിയുടെ നീല കാൻവാസിൽ കൊള്ളിയാനുകൾ മിന്നി മറയുന്നു. നക്ഷത്രങ്ങൾ കണ്ണു ചിമ്മിക്കാണിക്കുന്നു. 

"നിങ്ങളെന്താ ഈ രാത്രിയിൽ? ഞാൻ ഇവിടെ തനിച്ചാണ്. ലോനാ ചേട്ടൻ വന്നിട്ടില്ല."

"അറിയാം. അയാൾ എവിടെയെങ്കിലും വെള്ളമടിച്ചു കിടപ്പിലാകും. അതു പോകട്ടെ അയൽ വാസിയോട്  ഇങ്ങനെയാണോ പെരുമാറേണ്ടത്? ഇരിക്കാൻ പറയണ്ടേ?"

"ഇരിക്കൂ, വിറക്കുന്ന ചുണ്ടുകളോടെ റോസ് പറഞ്ഞു."

"കോലായിലേക്ക് ശീതൽ അടിക്കുന്നുണ്ട്. അകത്തേക്കിരിക്കാമല്ലോ അല്ലേ?"

വേണ്ടെന്ന് അവൾ തലയാട്ടി. "കുടിക്കാൻ അല്പം വെള്ളം എടുക്കാമോ.? ദീപു തിരക്കി." 

എങ്ങനാ ഈ ഈ മഴയും തണുപ്പുമുള്ളപ്പോൾ പച്ചവെള്ളം കൊടുക്കുക. അവൾ സ്റ്റവ് കത്തിച്ചു ചായയുണ്ടാക്കി. തിരികെ എത്തുമ്പോൾ ദീപു ഡ്രോയിങ് റൂമിലേക്ക്‌ കയറിയിരുന്നു. "പുറത്തു നല്ല മഴയടിക്കുന്നു. ഇരിക്കാൻ കഴിയില്ല. വിറക്കുന്ന കൈകളോടെ റോസ് ചായ കൊടുത്തു. റോസ് നിറത്തിലുള്ള അവളുടെ നൈറ്റിക്കിടയിലൂടെ മാറിടം തുളുമ്പി.

അവൻ ആവി പറക്കുന്ന ചായ കുടിക്കാൻ തുടങ്ങി. 

അല്പ നിമിഷത്തിനകം വാതിലിൽ മുട്ടു കേട്ടു. പുറത്തു കുറെ പേർ കാത്തു നിൽക്കുന്നുണ്ടായിരുന്നു. 

അവർ തീർത്തും രോഷാകുലരായിരുന്നു. കൈയിൽ വടികളും ആയുധങ്ങളുമുണ്ടായിരുന്നു. പലരും രാത്രി കുടിച്ച  മദ്യത്തിന്റെ തലയ്ക്കു പിടിച്ചു വരുന്ന ലഹരിയിലായിരുന്നു. സദാചാര ഗുണ്ടകൾ ദീപുവിനെ എടുത്തിട്ടു ചവിട്ടി കൂട്ടി. ഒരിറ്റു വെള്ളം ചോദിച്ചു കൊടുത്തില്ല. 

"നിങ്ങളിങ്ങനെ അയാളെ തല്ലരുത്. അയാൾ ചത്തു പോകും. അയാൾ എന്നോട് മോശമായി ഒന്നും പെരുമാറിയിട്ടില്ല.ഇതു വഴി പോകുമ്പോൾ മഴവന്നപ്പോൾ കയറിയതാണ്. അയാൾ അയൽവാസിയാണ്." റോസ് വിളിച്ചു പറഞ്ഞു. 

കൂട്ടത്തിലൊരുത്തൻ മസിൽ പവറുള്ളവൻ കൈയിലിരിക്കുന്ന വലിയ പട്ടിക വായുവിൽ ചുഴറ്റി. "തേവിടിശ്ശീ, നിന്നെയും വെറുതെ വിടാൻ പാടില്ല" അയാൾ അലറി. 

"വെള്ളം, വെള്ളം... ദീപു അണയാറായ ശബ്ദത്തിൽ കിതച്ചു. 

"ഒരു തുള്ളി വെള്ളം പോലും ഈ പട്ടിക്കു കൊടുക്കരുത്. കൊല്ലണം അവനെ. മസിൽ മാൻ ഗർജ്ജിച്ചു. 

ഞാൻ ചെകുത്താനോട് ചോദിച്ചു. "സാത്താനെ നീ എന്തിനാ ഈ പണിക്കൊക്കെ നിൽക്കുന്നത്. വല്ല കാര്യവുമുണ്ടോ ഇതിന്റെ. ഈ ഗുണ്ടകളെ വിളിച്ചു കൊണ്ടു വന്നതും നീ തന്നെ ആയിരിക്കും അല്ലേ? ഇനി ഇതിന്റെ അനന്തര ഫലങ്ങൾ എന്തൊക്കെ ആയിരിക്കും? ദൈവമേ."

"എടോ, പാതിരിയുടെ ആത്മാവേ, നിങ്ങൾ ദൈവത്തെ വിളിക്കേണ്ട. ഇപ്പോൾ കാര്യങ്ങൾ എന്റെ കൈയിലാണ്."

ഞാൻ ചിന്തിച്ചു ഒരു പാതിരിയുടെ ആത്മാവായ എനിക്കു എന്തു ചെയ്യാൻ കഴിയും എന്റെ സാന്നിദ്ധ്യവും സംസാരവുമൊന്നും ഈ കൂടിയ ആളുകൾക്ക് തിരിച്ചറിയാനാകില്ലല്ലോ. ചുരുങ്ങിയത് ഒരു മനുഷ്യന്റെ ശരീരത്തിലെങ്കിലും എനിക്ക് പ്രവേശിക്കാൻ കഴിഞ്ഞെങ്കിലല്ലാതെ. 

"സാത്താനെ നീ പോകയാണോ?"

"അതെ." 

"നിനക്കിതൊന്നവസാനിപ്പിച്ചു കൂടെ?"

"തുടങ്ങി വെക്കൽ മാത്രമല്ലേ എന്റെ ജോലി അവസാനിപ്പിക്കൽ അല്ലല്ലോ. "

END


Saturday, October 1, 2016

വയനാടൻ കാഴ്ചകൾ 

പുന്നയൂർക്കുളം സെയ്‌നുദ്ദീൻ 

പ്രാചീന ചരിത്രവുമായി എടക്കൽ ഗുഹകൾ  വിളിക്കുന്നു

ലോക പൈതൃകത്തിന്റെ വിലമതിക്കാനാകാത്ത കൈമുതലുകളാണ് കേരളത്തിലെ വയനാട് ജില്ലയിലെ എടക്കൽ ഗുഹാ ചിത്രങ്ങൾ. ക്രിസ്തുവിന് മുമ്പ് ഏകദേശം 4000 വർഷങ്ങൾക്ക് മുമ്പ് ജീവിച്ചിരുന്ന ശിലാ യുഗ മനുഷ്യരുടേതാണ് ഗുഹകളിൽ കാണപ്പെടുന്ന കല്ലുകളിൽ കൊത്തിവെച്ചതും പാറയിൽ  ചായ കൂട്ടുകൾ കൊണ്ട് വരച്ച ചിത്രങ്ങളുമെന്ന് പുരാവസ്തു ശാസ്ത്രജ്ഞരും ചരിത്ര കാരന്മാരും രേഖപ്പെടുത്തുന്നു. നവ ശിലായുഗം (Neolithic Age ), മധ്യ ശിലായുഗം (Mesolithic Age) എന്നീ കാലഘട്ടങ്ങളിലെ കൊത്തു പണികളും രേഖകളും കണ്ടെത്തിയിട്ടുണ്ട്. ഇതിൽ ചിലതിന് 7000 വർഷം വരെ പഴക്കമുണ്ടെന്ന് പറയപ്പെടുന്നു. 

സമുദ്ര നിരപ്പിൽ നിന്നും 4000 അടി ഉയരത്തിൽ അമ്പുകുത്തി മലയിലാണ് എടക്കൽ ഗുഹകൾ സ്ഥിതി ചെയ്യുന്നത്. സുൽത്താൻ ബത്തേരിയിൽ നിന്ന് ഏകദേശം 12 കിലോമീറ്ററും കൽപറ്റയിൽ നിന്നും 20 കിലോമീറ്ററുമാണ് ദൂരം. വഴിനീളെ ഹരിതാഭമായ കാപ്പിത്തോട്ടങ്ങൾ കാണാം. ഞങ്ങൾ ചെല്ലുമ്പോൾ കാപ്പി പൂത്ത സമയമാണ്. വെളുത്ത മനോഹരമായ പൂക്കൾ. നല്ല സുഗന്ധം പരത്തി ഇളം കാറ്റ്. ചെറു ചില്ലകൾക്കിടയിൽ ബെറി പഴങ്ങൾ പോലെ കാപ്പി കുരുകൾ. എല്ലാം പച്ചയാണ്. കാപ്പിത്തോട്ടങ്ങളിൽ ഇടയ്ക്കിടെ കുരുമുളക് വള്ളികളുമുണ്ട്. ചെറിയ ചെറിയ തോട്ടങ്ങളാണ് അധികവും. 

അമ്പു കുത്തി മല കയറി ചെന്നപ്പോൾ ഒരു സെക്യൂരിറ്റി ഉദ്യോഗസ്ഥൻ പറഞ്ഞു. "ഇനിയങ്ങോട്ട് വാഹനം പോകില്ല. കാൽനടയായി വേണം യാത്ര." 

കാർ പാർക്ക് ചെയ്യാൻ ഇടം നോക്കുമ്പോൾ ഒരു മധ്യ വയസ്കൻ വന്നു വിളിച്ചു. " ദേ, ഇങ്ങോട്ടു കയറ്റി ഇടാം. എന്റെ സ്ഥലമാണ്. ഒന്നും പേടിക്കാനില്ല" തണുപ്പിനുള്ള കമ്പിളി ബനിയനും തലയിൽ മഫ്ളറും ചുറ്റിയ  അയാൾ ചിരിച്ചു. ഞാൻ വിചാരിച്ചു. എന്തു നല്ല മനുഷ്യൻ. വണ്ടി പാർക്ക് ചെയ്തപ്പോൾ അയാൾ പറഞ്ഞു. 30 രൂപ വേണം. 

മുപ്പത് രൂപ കൊടുത്തു. ടിക്കറ്റ് ഒന്നും ഇല്ല. അയാൾ വീണ്ടും ആവർത്തിച്ചു. "ഒന്നും പേടിക്കാനില്ല, എന്റെ സ്ഥലമാണ്. പിന്നെ, വണ്ടിയിൽ നിന്ന് വെള്ളം എടുത്തോളൂ. നിങ്ങൾ തീർച്ചയായും വെള്ളം കുടിക്കും."

മഴ ചന്നം  പിന്നം ചാറുന്നുണ്ട്. കർക്കിടകത്തിലെ മഴ ഇടയ്ക്കു കനക്കും. ഇടയ്ക്ക് ചാറും. മഴ പെയ്‌ത്‌ ചുകന്ന മണ്ണൊക്കെ ചളിയായിരുന്നു. 

കുത്തനെയുള്ള കയറ്റമാണ്. ചുറ്റും നിബിഡമായ വനങ്ങൾ. ഇടയ്ക്ക് ചില റിസോർട്ട് എല്ലാം ഉണ്ട്. മരങ്ങളിൽ പറ്റി പിടിച്ച്‌ ചീവിടുകളെ പോലെ ജീവികൾ  ശബ്ദമുണ്ടാക്കുന്നു. വെട്ടു കിളികളാണ് (Locust) പേര് വെട്ടു കിളി എന്നാണെങ്കിലും ഇവൻ കിളിയല്ല. പച്ചക്കുതിരയുടെ വർഗ്ഗത്തിൽ പെട്ട വലിയ ഇനക്കാർ. ഏകദേശം ചെറിയ കുരുവിയോളം വരും. കൂട്ടത്തോടെ വിളവ് നശിപ്പിക്കുന്ന ഇക്കൂട്ടർ ദേശാടനക്കാരാണ്. ബൈബിളിലും ഖുർആനിലുമൊക്കെ ഇവയെ കുറിച്ച് പറയുന്നുണ്ട്. 

വശങ്ങളിൽ ചെറു കുടിലുകളിൽ വഴി വാണിഭക്കാർ. കാട്ടു തേനും കാപ്പിപൊടിയും കര കൗശല വസ്തുക്കളുമൊക്കെയാണ് വില്പനയ്ക്ക്. കൂടുതലും സ്ത്രീകളാണ്. തിരിച്ചു വരുമ്പോൾ ഞങ്ങളുടെ കടയിൽ കയറണം എന്ന് എല്ലാവരും പറയുന്നു. 

വായനാട്ടിനു പുറത്തു നിന്ന് വരുന്ന സഞ്ചാരികൾക്ക് ഇതെല്ലാം കൗതുക കാഴ്ചകളാണ്. തിരികെ വരുമ്പോൾ തോട്ടത്തിന്റെ മണമുള്ള കാപ്പിപൊടിയും കാടിന്റെ മണമുള്ള തേനും വാങ്ങാമെന്ന് തീരുമാനിച്ചു. 

ഏകദേശം മുക്കാൽ മണിക്കൂർ മല കയറുന്നത് ശ്രമകരമായ ഏർപ്പാട് തന്നെ. മല മുകളിലൂടെ പാറക്കെട്ടുകൾക്കിടയിലൂടെയുള്ള യാത്ര വളരെ ദുർഘടമായിരുന്നു. മുമ്പേ കടന്നു പോകുന്ന കൗമാരക്കാർ സ്ത്രീകളെയും കുട്ടികളെയും പാറക്കെട്ടുകൾ കയറാൻ സഹായിക്കുന്നുണ്ട്. സൗകര്യത്തിനായി ചില ഭാഗങ്ങളിൽ പടവുകളും ഉണ്ടാക്കിയിട്ടുണ്ട്. 

അങ്ങനെയുള്ള നിരവധി പാറക്കെട്ടുകൾ താണ്ടി വേണം എടക്കൽ ഗുഹകളിൽ എത്താൻ പ്രായം ചെന്നവരും ചില മധ്യ വയസ്കരും ശ്രമം ഉപേക്ഷിച്ചു മടങ്ങി പോകുന്നുമുണ്ട്. പലരും കുറച്ചു കയറും കുറച്ച്‌ ഇരിക്കും വെള്ളം കുടിക്കും അങ്ങനെയൊക്കെയാണ് മുന്നോട്ട് പോകുന്നത്. പാർക്കിംഗ് സ്ഥലത്തിന്റെ 'ഉടമസ്ഥൻ' പറഞ്ഞ കാര്യം അപ്പോഴാണ് ശരിക്കും മനസ്സിലായത്. ഞങ്ങളുടെ കൈവശമുണ്ടായിരുന്ന കുപ്പികൾ ഏതാണ്ട് ശൂന്യമായിരുന്നു. 

ഒരു കാലത്ത് മൃഗങ്ങളിൽ നിന്നും ഇതര ഗോത്ര വർഗങ്ങളിൽ നിന്നുമൊക്കെയുള്ള  ആക്രമണങ്ങൾ ഭയന്നും മറ്റുമായിരിക്കണം പ്രാചീന മനുഷ്യർ ഈ ഗുഹകൾ താമസത്തിനായി തിരഞ്ഞെടുത്തത്. അക്കാലത്തു ഈ മല കയറാൻ അവർ നേരിട്ട ബുദ്ധിമുട്ടുകൾ വളരെ വലുതായിരിക്കണം. ഇപ്പോൾ കുറെ പടവുകൾ ഉണ്ടാക്കിയിട്ടുണ്ട് 

1895 ൽ നായാട്ടിന് പോയ ബ്രിട്ടീഷ് പോലീസ് സൂപ്രണ്ട് ഫ്രെഡ് ഫോസെറ്റ് ആണ് യാദൃശ്ചികമായി കാപ്പിത്തോട്ടത്തിൽ നിന്നും ഒരു കന്മഴു കണ്ടെത്തിയത്. തുടർന്നുള്ള അദ്ദേഹത്തിന്റെ നിരന്തര പരിശ്രമങ്ങളാണ് എടക്കൽ ഗുഹകളും അതിന്റെ പൈതൃകങ്ങളും കണ്ടെത്താൻ ഇടയാക്കിയത്. ഇതിനായി അദ്ദേഹം പ്രദേശ വാസികളെ കൂട്ട് പിടിച്ചു. 

അമ്പുകുത്തി മല എന്ന് പേരു വന്നതിന് കാരണം രാമൻ എയ്ത അമ്പു വന്നു കുത്തിയ സ്ഥലം ആണെന്ന് ചിലർ വിശ്വസിക്കുന്നു. കുട്ടി ചാത്തനും മുടിയാമ്പിള്ളി ദേവിയുമായി കൂട്ടിച്ചേർത്തും ഐതിഹ്യങ്ങളുണ്ട്. തദ്ദേശീയരായ ചിലർ പ്രാർത്ഥനകൾക്കും മറ്റും വിശ്വാസത്തിന്റെ ഭാഗമായി എത്തിച്ചേരാറുണ്ട്. 

ഭീമാകാരങ്ങളായ രണ്ട് പാറകൾക്കിടയിൽ തങ്ങി നിൽക്കുന്ന മറ്റൊരു പാറയാണ് എടക്കൽ ഗുഹകൾ രൂപപ്പെടുത്തിയത്. മനുഷ്യ നിർമിയതല്ലാത്ത ഗുഹകളാണിത്. പാറകൾക്കിടയിൽ നിപതിച്ചിരിക്കുന്ന വലിയ കല്ല് (പാറ) തന്നെയാകാം ഇടക്കൽ അഥവാ എടക്കൽ എന്ന പേരിന് നിദാനം. 96  അടി നീളവും 20 -22  അടി വീതിയുമുള്ള ഭീമൻ പാറക്കെട്ടുകൾക്കിടയിലാണ് മറ്റൊരു ഭീമൻ പാറ നിപതിച്ചിരിക്കുന്നത്. ഇത് പ്രകൃതിയുടെ ഒരു അത്ഭുതം തന്നെയാണ്. ശരിക്കും ഒരു ഗുഹ അല്ലെങ്കിലും ഒരു ഗുഹ നൽകുന്ന അഭയം (Sheltter) ഇവിടെ അനുഭവപ്പെടും. വെളിച്ചം കടക്കാൻ വേണ്ടത്ര പഴുതും എന്നാൽ ആവശ്യത്തിന് വിസ്താരവും ഇതിനുണ്ട്. രണ്ടു ഭാഗങ്ങളായിട്ടാണ് ഗുഹ ഉള്ളത്. കാലാവസ്ഥയിലുള്ള വ്യതിയാനം കൊണ്ടോ ഭൂചലനം കൊണ്ടോ ഇങ്ങനെ പാറകൾ രൂപം കൊണ്ടതാകാം എന്ന് കരുതപ്പെടുന്നു. 

ഗുഹകളിൽ കല്ലിൽ കൊത്തിയതും പാറയിൽ ചായക്കൂട്ട് ഉപയോഗിച്ച് വരച്ചതുമായ നിരവധി ചിത്രങ്ങളുണ്ട്. ഒരു ഗോത്ര രാജാവിന്റെയും രാജ്ഞിയുടെയും കുട്ടിയുടെയും ചിത്രം അതിൽ ചിലതാണ്. വ്യത്യസ്ഥ കാലങ്ങളിൽ ജീവിച്ച മനുഷ്യ സമൂഹത്തിന്റെ സാംസ്‌കാരിക ചിഹ്നങ്ങളാണ് ആലേഖനങ്ങളിൽ പലതും. ആൾ രൂപങ്ങൾ, മൃഗങ്ങൾ, മൺവണ്ടികൾ, ആശയ വിനിമയത്തിനായി ഉപയോഗിച്ച ചിഹ്നങ്ങൾ, അക്ഷരങ്ങൾ, അക്കങ്ങൾ എന്നിവ കൊത്തി വെച്ചിട്ടുണ്ട്. സംസ്‌കൃത, തമിഴ് ബ്രാഹ്മി ലിപികളും ഇവിടെ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഈ ലിപികൾ ഗുഹാ ചിത്രങ്ങളോളം പഴക്കമുള്ളതല്ല എന്ന് കണ്ടെത്തിയിട്ടുണ്ട്. ക്രിസ്തു 2 -5 നൂറ്റാണ്ടുകളാണ് ഈ ലിപികളുടെ കാലം എന്ന് ചരിത്ര കാരന്മാർ പറയുന്നു. പുതിയ കണ്ടു പിടുത്തം അനുസരിച്ച് ഗുഹാ ലിഖിതങ്ങൾക്ക് സിന്ധു നദീ തട സംസ്‌കാരവുമായി (Indus Valley Civilization) ബന്ധമുണ്ടെന്ന് സമർത്ഥിക്കപ്പെടുന്നു. ഏകദേശം 400 ചിഹ്നങ്ങൾ കണ്ടെത്തിയിട്ടുണ്ട്. അതിൽ പ്രധാനം ഭരണിയുടെ മൂടിയേന്തി നിൽക്കുന്ന മനുഷ്യ രൂപമാണ്. ഹാരപ്പൻ സംസ്‌കാരത്തിലേക്കാണ് (Harappan Civilization) ഇത് വിരൽ ചൂണ്ടുന്നത് (2300 BC to 1700 BC). ദക്ഷിണേന്ത്യയിലും ഈ സംസ്‌കാരങ്ങൾ സജീവമായിരുന്നു എന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്.  

1901 ൽ  ഇന്ത്യൻ ആന്റിക്വറി എന്ന പത്രികയിൽ ഫോസെറ്റ് പ്രസിദ്ധീകരിച്ച ലേഖനത്തിലൂടെയാണ് എടക്കൽ ഗുഹകൾ ലോകം അറിയുന്നത്. 1984 ൽ സംസ്ഥാന പുരാവസ്തു വകുപ്പ് ഏറ്റെടുക്കയും സംരക്ഷിത സ്മാരകമായി പ്രഖ്യാപിക്കുകയും ചെയ്തു. 

മുത്തങ്ങ വന്യ ജീവി സങ്കേതം (Muthanga Wild Life Sanctuary)

ജൈവ വൈവിധ്യങ്ങളുടെ ഒരു കലവറയാണ് മുത്തങ്ങ വന്യ ജീവി സങ്കേതം. ആനകൾ, വിവിധ തരം മാനുകൾ, വിവിധയിനം കുരങ്ങന്മാർ എന്നിവ യദേഷ്ടം മേഞ്ഞു നടക്കുന്ന കാഴ്ച്ച അപൂർവവും നയനാന്ദകരവുമാണ്. യാത്രയ്ക്കിടെ ചിലപ്പോഴെങ്കിലും പുലി നിങ്ങളുടെ വഴി മുറിച്ച് കടന്നെന്നിരിക്കാം. എന്നാൽ ഇത് സ്ഥിരം കാഴ്ചയല്ല. എണ്ണം കൊണ്ട് കൂടുതൽ പുള്ളിപ്പുലികളാണ്. കടുവകളും ഈ കാട്ടിൽ വസിക്കുന്നു. പലപ്പോഴും ആനകൾ അപകട കാരികളാകാറുമുണ്ട്. നാനാ തരം പക്ഷികൾ, ശലഭങ്ങൾ, ഉരഗങ്ങൾ  തുടങ്ങി നിരവധി ജീവജാലങ്ങളുടെ ആവാസ കേന്ദ്രമാണ് മുത്തങ്ങ വനമേഖല. ഇത്  നിബിഡമായ വനമേഖലയാണ്. കൂടുതലും തേക്കും ചന്ദന മരങ്ങളുമാണ് കാണപ്പെടുന്നത്. വീട്ടി, ഇരുൾ, വാഴ പുന്ന , ചീനി (മഴ വൃക്ഷം), തേമ്പാവ് , കുന്നി വാക തുടങ്ങി മരങ്ങളുമുണ്ട്. 

മുത്തങ്ങയുടെ വടക്ക് കിഴക്ക് കർണാടകത്തിന്റെ നാഗർഹോളും ബന്ദിപ്പൂരും ചേർന്നു കിടക്കുന്നു. തെക്കു കിഴക്ക് തമിഴ്‌നാടിന്റെ മുതുമല വന്യജീവി സങ്കേതവും ചേർന്നു കിടക്കുന്നു. ഇത് കൊണ്ട് തന്നെ ബന്ദിപ്പൂരിൽ നിന്നും മുതു മലയിൽ നിന്നുമൊക്കെയുള്ള വന്യ ജീവിതകൾ ധാരാളമായി ഈ നിത്യ ഹരിത വനമേഖലയിൽ അതിർത്തി കടന്നെത്തും. ഇത് തീർച്ചയായും വന്യ ജീവി സ്നേഹികൾക്കും വൈൽഡ് ലൈഫ് ഫോട്ടോ ഗ്രാഫേഴ്‌സിനും വളരെ സന്തോഷമുണ്ടാക്കുന്ന കാര്യമാണ്. 

അതിനിടെ മാരീചനെ പോലെ ആകർഷിച്ചു വന്ന മാൻ കിടാവിന്റെ പിറകെ ക്യാമറയുമായി സിയാദ് നിദ്രാടനത്തിലെന്ന പോലെ സഞ്ചരിച്ചു.  
"കേവലം മാൻ കിടാവ് മാത്രമല്ല, കൊലവിളിയുമായി നിൽക്കുന്ന ഒറ്റയാനുമുണ്ടാകും, വേഗം വന്ന് വണ്ടിയിൽ കയറ്."  ഫിറോസ് ഓർമിപ്പിച്ചു. 

1973 ലാണ് മുത്തങ്ങ വന്യ ജീവി സങ്കേതം രൂപീകൃതമായത്. നീലഗിരി ബയോസ്ഫിയർ റിസർവിന്റെ ഭാഗം കൂടിയായ ഈ പശ്ചിമ ഘട്ട വനമേഖല പ്രോജക്ട് എലിഫന്റ് സൈറ്റ് കൂടിയാണ്. 
ഏകദേശം 97 കിലോമീറ്റർ ദൂരമാണ് സുൽത്താൻ ബത്തേരിയിൽ നിന്നും മുത്തങ്ങയിലേക്ക്.

പൂക്കോട് തടാകം (Pookot Lake)

പൂക്കോട് തടാകത്തിൽ ഞങ്ങളെത്തുമ്പോൾ കനത്ത മഴയായിരുന്നു. തടാകത്തിൽ ബോട്ടിങ് അവസാനിപ്പിക്കേണ്ട സമയമായി. ആളുകൾ ബോട്ട് യാത്ര മതിയാക്കി മടങ്ങി വരുന്നു. തടാകത്തിൽ മഴ പെയ്യുന്നത് മനോഹരമായ കാഴ്ച തന്നെ. ഏകദേശം 13 ഏക്കർ വിസ്‌തൃതിയുള്ള തടാകത്തിന് 40 അടി താഴ്ചയുണ്ട്. കബനി നദിയുടെ ഒരു പ്രധാന കൈവഴിയായ പനമരം അരുവി ഇവിടെ നിന്നുമാണ് തുടങ്ങുന്നത്. 

പശ്ചിമ ഘട്ട നിത്യ ഹരിത വനങ്ങളുടെ ഭാഗമാണ് ഈ തടാകം. തടാകത്തിലൂടെയുള്ള പെഡൽ ബോട്ട് യാത്രക്കിടെ ആനകൾ, മാൻ മുതലായ വന്യ മൃഗങ്ങളെ കാണാനാകും. കൽപറ്റയിൽ നിന്നും ഏകദേശം 15 കിലോമീറ്റർ വനത്തിനുള്ളിലൂടെ സഞ്ചരിച്ചാൽ പൂക്കോട് തടാകത്തിലെത്താം. 

സമയം വൈകിയത് കൊണ്ട് ഞങ്ങൾ തിരിച്ചു പോരാൻ തീരുമാനിച്ചു. മീൻ മുട്ടി വെള്ളച്ചാട്ടം, ചെമ്പ്ര കൊടുമുടി, നീലി മല, ചേതാലയം, പക്ഷി പാതാളം, ബാണാസുര സാഗർ ഡാം, തിരുനെല്ലി ക്ഷേത്രം, ജൈന ക്ഷേത്രം, കുറുവ ദ്വീപ് തുടങ്ങി പലതും കാണേണ്ടതായുണ്ട്. 




യാത്ര വാസിത് തണ്ണീർത്തടം സഞ്ചാരികളെ മാടി വിളിക്കുന്നു പുന്നയൂർക്കുളം സെയ്‌നുദ്ദീൻ MATHRUBHUMI 20.12.19 വടക്കൻ ഷാർജയുടെ പ്രാന്ത പ്ര...