Monday, December 19, 2016


ഫുജൈറയിലെ കാളപ്പോര് കാണാം. ഫുജൈറയിൽ എല്ലാ വെള്ളിയാഴ്ച്ചയും മറ്റു അവധി ദിനങ്ങളിലും കാളപ്പോര് നടക്കുന്നു. ലക്ഷക്കണക്കിന് ദിർഹംസിനാണ് വിജയിച്ച കാളകൾ ലേലത്തിൽ വിറ്റു പോകുന്നത്. യു എ ഇ ലെ ഇതര എമിറേറ്റുകളിൽ നിന്നും ഒമാൻ തുടങ്ങി രാജ്യങ്ങളിൽ നിന്നും കാളകളുമായി കാളപ്പോരു പ്രേമികൾ ഫുജൈറിയയിൽ എത്തിച്ചേരുന്നു. ഗൾഫ് രാജ്യങ്ങൾക്കിടയിലെ മികച്ച ഒരു കായിക വിനോദമാണ് കാളകളെ കൊല്ലാതെ നടത്തുന്ന ഈ കായിക വിനോദം.
ശുഭദിനം നേരുന്നു.


Saturday, December 10, 2016

പോക്കു വെയിൽ പൊന്നുരുകി മാസ്മരിക കാഴ്ച പകരുന്ന ബുർജ് ഖലീഫയും (ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടം) മറ്റു ഉയരം കൂടിയ കെട്ടിടങ്ങളും. കോൺക്രീറ്റ് വനങ്ങൾക്കും ഇങ്ങനെയൊരു വശ്യത നമുക്ക് സങ്കല്പിക്കാനാകുമോ?

ഈ ഫോട്ടോ ചെയ്ത ലൊക്കേഷൻ ആർകെങ്കിലും പറയാമോ?


Friday, December 9, 2016

ഓൺലൈനിൽ ശ്രീജ വിളിക്കുന്നു എന്ന പുസ്തകത്തിന്റെ മാധ്യമത്തിൽ വന്ന ശ്രീ വെള്ളിയോടൻ എഴുതിയ റിവ്യൂ വായിക്കാം. 


Add caption

Saturday, December 3, 2016

ജല യുദ്ധം
                                                                                                                        കഥ
പുന്നയൂർക്കുളം സെയ്നുദ്ദീൻ

CHANDRIKA WEEKEND NOV 20, 2016

കരിമ്പ് പാടത്തു വേല കഴിഞ്ഞു കുടിലി ലെത്തിയപ്പോൾ വെയിൽ ചാഞ്ഞിരുന്നു. കണ്ട പാടെ അമ്മ കൈനീട്ടി. 200  രൂപ കിട്ടിയത് അമ്മയെ ഏല്പിച്ചു. "എനിക്ക് കുറച്ചു കാശു വേണം അമ്മാ."
"നിനക്കെന്തിനാടീ കാശ്?"

"കാശു ഞാൻ തരാം, കാർത്തു." അയലത്തെ അഞ്ജയ്യയാണ്. കൂടെ രാമുലുവുമുണ്ട്.  "ചെറിയ ഒരു പണിയുണ്ട് വരാമോ?"
"എന്താ പാർട്ടിക്ക് ജയ് വിളിക്കാനാ?"
"ആണെന്ന് വെച്ചോ"
അഞ്ജയ്യയ്ക്കു സ്ഥിരമായി പാർട്ടിയില്ല. ഏതു പാർട്ടിക്കാര് വിളിച്ചാലും പോകും.

ജാഥ നഗരത്തിലെത്തുമ്പോൾ ഇരുട്ടിയിരുന്നു. ഇപ്പോൾ ഒത്തിരിപേരുണ്ട് ജാഥയിൽ. എന്തിനാണ് ഏതിനാണ് എന്നൊന്നും കാർത്തികയെപ്പോലെ. പലർക്കും അറിഞ്ഞു കൂടാ. ജാഥ വലിയ ട്രെയിൻ പോലെ നീണ്ടു നീണ്ടു വന്നു തടിയും കൂടി കൂടി വന്നു. റോഡിൽ വാഹനങ്ങൾ കടന്നു പോകാൻ പറ്റാതായി. ആളുകൾ അക്രമാസക്തരായി തുടങ്ങി.

ഒരു വലിയ യാർഡിനടുത്തെത്തിയപ്പോൾ അങ്ങോട്ട് കയറാൻ ഛോട്ടാ നേതാവിന്റെ നിർദേശം. മുഷ്ടി ചുരുട്ടി ആകാശത്തിലെറിഞ്ഞു കൊണ്ട് ആണും പെണ്ണും അടങ്ങുന്ന സംഘം അതിനകത്തു കടന്നു. അൻപതോളം ബസ്സുകൾ കിടക്കുന്ന അസീസിന്റെ യാർഡ് ആയിരുന്നു അത്. നാട്ടിൽ ഹർത്താൽ തുടങ്ങിയതറിഞ്ഞു ലക്ഷുറി വാഹനങ്ങൾ അതിനകത്തു സുരക്ഷിതമായി ഇട്ടതായിരുന്നു.

രാമുലു കൈയിൽ സൂക്ഷിച്ചിരുന്ന പെട്രോൾ കാൻ കാർത്തികയെ ഏല്പിച്ചു.
"ഇതെന്തിനാ എനിക്ക്?" അവൾ മടിച്ചു.
"ഒഴിക്ക്." അഞ്ജയ്യ പറഞ്ഞു. അവൾ സംശയിച്ചു നിൽക്കെ അവളെക്കൊണ്ട് പെട്രോൾ ഒഴിപ്പിച്ചു. ആരോ തീപ്പെട്ടി ഉരച്ചു.

അൻപതോളം ബസ്സുകൾ കത്തിയമർന്നു. കാവേരി ജലത്തിനായി കോടതി വിധിയുടെ പേരിൽ കർണാടകയും തമിഴ്നാടുമായി  ജലയുദ്ധം നടക്കുന്നതൊന്നും കാർത്തിക അറിഞ്ഞില്ല. അതിനവൾക്കുള്ള പഠിപ്പുമില്ലായിരുന്നു.

"നിങ്ങളിപ്പോ എന്താ കാണിച്ചത്. ഇത് വലിയ അക്രമമല്ലേ."

വാഴയിലയിൽ പൊതിഞ്ഞ ഒരു പാക്കറ്റ് കൊടുത്ത് അവളോട് വീട്ടിൽ പൊയ്ക്കോളാൻ പറഞ്ഞു. ബിരിയാണിയുടെ പൊതി. വീട്ടിലെത്തിയപ്പോൾ പോലീസ് കാത്തു നിൽക്കുന്നുണ്ടായിരുന്നു.

"നീയാണോടീ, അൻപതോളം ബസ് കത്തിച്ചത്?" പോലീസ് തിരക്കി
അവൾക്ക് നാവിറങ്ങിപ്പോയി.
"പറയെടീ, അവർ എന്താ നിനക്ക് പ്രതിഫലം തന്നത്" അവർ കാർത്തികയുടെ കൈയിലെ പൊതി വാങ്ങി തുറന്ന് നോക്കി.

രാത്രിയിലെ ചാനൽ വാർത്തയിൽ അവതാരക ഇപ്രകാരം വായിച്ചു. ‘ബിരിയാണിക്ക് വേണ്ടി യുവതി അൻപതോളം ബസ്സുകൾ കത്തിച്ചു…….’

END

Sunday, October 2, 2016

അയാൾ അയൽവാസിയാണ് കഥ കഥ

അയാൾ അയൽവാസിയാണ്                                                                                                                                                                                                                                                                                      കഥ                                  
Chandrika Sunday Suppliment 02 October 2016

പുന്നയൂർക്കുളം സെയ്‌ നുദ്ദീൻ 



ചെകുത്താൻ ദീപുവിനോട് പറഞ്ഞു: 

"നീ എന്തു ജീവിതമാ ജീവിക്കുന്നേ. ഇങ്ങനെ കഴുതയെ പോലെ പണിയെടുത്ത്.... ബൈബിളിൽ പറഞ്ഞത് വായിച്ചിട്ടില്ലേ. അവൻ കഴുതയെ പോലെ പണിയെടുക്കും. പക്ഷെ, അവൻ ഒന്നും അനുഭവിക്കുകയില്ല. വരും തല മുറ എല്ലാം ധൂർത്തടിക്കും.  അതിനടുത്ത തലമുറ വെറും വഷളന്മാരാകും."

"ഞാൻ എന്തു വേണമെന്നാ താങ്കൾ പറയുന്നത്. ഞാൻ കഠിനമായി അദ്ധ്വാനിക്കുന്നു. കുടുംബം പോറ്റുന്നു.. ഇന്നത്തെ കാലത്തു അദ്ധ്വാനിച്ചില്ലേൽ ജീവിതം കോഞ്ഞാട്ടയാകും."

"ആകാശത്തിലെ പറവകളെ നോക്കൂ. അവ കൂട്ടി വെക്കുന്നില്ല. അന്നന്നത്തെ അന്നത്തിനായി മാത്രം പരിശ്രമിക്കുന്നു. എന്നൊന്നും ഞാൻ പറയുന്നില്ല. നിനക്ക് കുറച്ചു കാശു മിച്ചം വെച്ചു അയൽക്കാരൻ ലോനയുടെ  ഭാര്യക്ക് എന്തേലും വാങ്ങിച്ചു കൊടുത്തു കൂടെ. നിന്നെ പോലെ നിന്റെ അയൽക്കാരനേം സ്നേഹിക്കണമെന്നല്ലേ കർത്താവ് പറഞ്ഞിരിക്കുന്നേ?" 

"ദൈവ ദോഷം പറയരുത് സാത്താനെ, അത് ആ അർത്ഥത്തിലല്ല കർത്താവ് പറഞ്ഞിരിക്കുന്നത്."

"ഏത് അർത്ഥത്തിലെങ്കിലും ആകട്ടെ, നീ ആ റോസിനെ കണ്ടില്ലേ. റോസാ പൂ പോലെ മനോഹരി. പറഞ്ഞിട്ടെന്ത് കെട്ടിയോൻ മധ്യ വയസ്സു കഴിഞ്ഞു. ആ പെങ്കൊച്ചിനു കിട്ടേണ്ട ബന്ധം വല്ലതുമാണോ അത്. പാവം ആ കൊച്ചിന്റെ വീട്ടു കാർക്ക് ലോനായുടെ പണമല്ലാതെ മറ്റെന്താണ് വേണ്ടത്.."

"ദേ, സാത്താനേ ദൈവ ദോഷം പറയരുത്. നീ സാക്ഷാൽ സാത്താന്റെ സന്തതി തന്നെ."

"നിനക്കു പറഞ്ഞാൽ മനസ്സിലാകില്ല ദീപു. ആ പാവം പെണ്ണിനെ ഒന്നു സഹായിച്ചാൽ നിനക്കെന്താ നഷ്ടം?"

"പാപം പറയരുത്. ദൈവ കോപം കിട്ടും."

"ദേ, ആ പെങ്കൊച്ചിന്റെ ദെണ്ണം നെനക്ക് മനസ്സിലാകില്ല. വയസ്സായി തുടങ്ങിയ അയാളെക്കൊണ്ടെത്താ പറ്റുക?"

ശരിയാണല്ലോ ഞാൻ ഒരാളിവിടെ യോഗ അഭ്യസിച്ചും ഗുസ്തി പിടിച്ചും നടക്കുന്നു. അയലത്തെ റോസാ കുട്ടിയുടെ കെട്ടിയോനാണേൽ ഒന്നിനും നേരോമില്ല താൽപര്യോമില്ല. കൊപ്ര മില്ലിലെ കണക്കെടുപ്പും പണം ബാഗിലാക്കി തിട്ടപ്പെടുത്തലും കഴിഞ്ഞാൽ ഉറങ്ങാൻ നേരമായിരിക്കും. പുറത്തു നിന്ന് എന്തെങ്കിലും കഴിച്ച് വരും. ഭക്ഷണം കഴിക്കാതെ കാത്തിരിക്കുന്ന റോസിനോട് തട്ടിക്കയറും.

"എടീ, നിന്നോടാരാടീ പറഞ്ഞത് കാത്തിരുന്ന് സമയം കളയാൻ. നിനക്ക് വല്ലതുമങ്ങു കഴിച്ചു കിടന്നൂടായിരുന്നോ?"

അയാളുടെ വാക്കുകൾ കേട്ട് റോസ് ദീർഘ നിശ്വാസം വലിക്കും. തടവറയിൽ അടയ്ക്ക പെട്ട ഒരു മൃഗത്തെ അവൾ മിക്ക ദിനങ്ങളിലും സ്വപ്നം കാണും. 

അങ്ങിനെ ലോന വരാൻ വൈകിയ ഒരു ദിവസമാണ് യോഗാഭ്യാസിയായ ദീപു കയറി വന്നത്. രാത്രിയിലെ അവന്റെ വരവ് കണ്ട് ആദ്യമൊന്ന് ഞെട്ടി. അയൽക്കാരനല്ലേ എന്ന ബോധം ഉള്ളിലുണർന്നപ്പോൾ ഞെട്ടൽ പുറത്തു കാണിച്ചില്ല. 

മരങ്ങൾ മുടിയഴിച്ചാടുന്ന കള്ള കർക്കിടകം. തകർത്തു പെയ്യുന്നമഴ. കലിതുള്ളിയ കാറ്റ് മരങ്ങളായ മരങ്ങളെയെല്ലാം നൃത്തം പഠിപ്പിക്കുന്നു. രാത്രിയുടെ നീല കാൻവാസിൽ കൊള്ളിയാനുകൾ മിന്നി മറയുന്നു. നക്ഷത്രങ്ങൾ കണ്ണു ചിമ്മിക്കാണിക്കുന്നു. 

"നിങ്ങളെന്താ ഈ രാത്രിയിൽ? ഞാൻ ഇവിടെ തനിച്ചാണ്. ലോനാ ചേട്ടൻ വന്നിട്ടില്ല."

"അറിയാം. അയാൾ എവിടെയെങ്കിലും വെള്ളമടിച്ചു കിടപ്പിലാകും. അതു പോകട്ടെ അയൽ വാസിയോട്  ഇങ്ങനെയാണോ പെരുമാറേണ്ടത്? ഇരിക്കാൻ പറയണ്ടേ?"

"ഇരിക്കൂ, വിറക്കുന്ന ചുണ്ടുകളോടെ റോസ് പറഞ്ഞു."

"കോലായിലേക്ക് ശീതൽ അടിക്കുന്നുണ്ട്. അകത്തേക്കിരിക്കാമല്ലോ അല്ലേ?"

വേണ്ടെന്ന് അവൾ തലയാട്ടി. "കുടിക്കാൻ അല്പം വെള്ളം എടുക്കാമോ.? ദീപു തിരക്കി." 

എങ്ങനാ ഈ ഈ മഴയും തണുപ്പുമുള്ളപ്പോൾ പച്ചവെള്ളം കൊടുക്കുക. അവൾ സ്റ്റവ് കത്തിച്ചു ചായയുണ്ടാക്കി. തിരികെ എത്തുമ്പോൾ ദീപു ഡ്രോയിങ് റൂമിലേക്ക്‌ കയറിയിരുന്നു. "പുറത്തു നല്ല മഴയടിക്കുന്നു. ഇരിക്കാൻ കഴിയില്ല. വിറക്കുന്ന കൈകളോടെ റോസ് ചായ കൊടുത്തു. റോസ് നിറത്തിലുള്ള അവളുടെ നൈറ്റിക്കിടയിലൂടെ മാറിടം തുളുമ്പി.

അവൻ ആവി പറക്കുന്ന ചായ കുടിക്കാൻ തുടങ്ങി. 

അല്പ നിമിഷത്തിനകം വാതിലിൽ മുട്ടു കേട്ടു. പുറത്തു കുറെ പേർ കാത്തു നിൽക്കുന്നുണ്ടായിരുന്നു. 

അവർ തീർത്തും രോഷാകുലരായിരുന്നു. കൈയിൽ വടികളും ആയുധങ്ങളുമുണ്ടായിരുന്നു. പലരും രാത്രി കുടിച്ച  മദ്യത്തിന്റെ തലയ്ക്കു പിടിച്ചു വരുന്ന ലഹരിയിലായിരുന്നു. സദാചാര ഗുണ്ടകൾ ദീപുവിനെ എടുത്തിട്ടു ചവിട്ടി കൂട്ടി. ഒരിറ്റു വെള്ളം ചോദിച്ചു കൊടുത്തില്ല. 

"നിങ്ങളിങ്ങനെ അയാളെ തല്ലരുത്. അയാൾ ചത്തു പോകും. അയാൾ എന്നോട് മോശമായി ഒന്നും പെരുമാറിയിട്ടില്ല.ഇതു വഴി പോകുമ്പോൾ മഴവന്നപ്പോൾ കയറിയതാണ്. അയാൾ അയൽവാസിയാണ്." റോസ് വിളിച്ചു പറഞ്ഞു. 

കൂട്ടത്തിലൊരുത്തൻ മസിൽ പവറുള്ളവൻ കൈയിലിരിക്കുന്ന വലിയ പട്ടിക വായുവിൽ ചുഴറ്റി. "തേവിടിശ്ശീ, നിന്നെയും വെറുതെ വിടാൻ പാടില്ല" അയാൾ അലറി. 

"വെള്ളം, വെള്ളം... ദീപു അണയാറായ ശബ്ദത്തിൽ കിതച്ചു. 

"ഒരു തുള്ളി വെള്ളം പോലും ഈ പട്ടിക്കു കൊടുക്കരുത്. കൊല്ലണം അവനെ. മസിൽ മാൻ ഗർജ്ജിച്ചു. 

ഞാൻ ചെകുത്താനോട് ചോദിച്ചു. "സാത്താനെ നീ എന്തിനാ ഈ പണിക്കൊക്കെ നിൽക്കുന്നത്. വല്ല കാര്യവുമുണ്ടോ ഇതിന്റെ. ഈ ഗുണ്ടകളെ വിളിച്ചു കൊണ്ടു വന്നതും നീ തന്നെ ആയിരിക്കും അല്ലേ? ഇനി ഇതിന്റെ അനന്തര ഫലങ്ങൾ എന്തൊക്കെ ആയിരിക്കും? ദൈവമേ."

"എടോ, പാതിരിയുടെ ആത്മാവേ, നിങ്ങൾ ദൈവത്തെ വിളിക്കേണ്ട. ഇപ്പോൾ കാര്യങ്ങൾ എന്റെ കൈയിലാണ്."

ഞാൻ ചിന്തിച്ചു ഒരു പാതിരിയുടെ ആത്മാവായ എനിക്കു എന്തു ചെയ്യാൻ കഴിയും എന്റെ സാന്നിദ്ധ്യവും സംസാരവുമൊന്നും ഈ കൂടിയ ആളുകൾക്ക് തിരിച്ചറിയാനാകില്ലല്ലോ. ചുരുങ്ങിയത് ഒരു മനുഷ്യന്റെ ശരീരത്തിലെങ്കിലും എനിക്ക് പ്രവേശിക്കാൻ കഴിഞ്ഞെങ്കിലല്ലാതെ. 

"സാത്താനെ നീ പോകയാണോ?"

"അതെ." 

"നിനക്കിതൊന്നവസാനിപ്പിച്ചു കൂടെ?"

"തുടങ്ങി വെക്കൽ മാത്രമല്ലേ എന്റെ ജോലി അവസാനിപ്പിക്കൽ അല്ലല്ലോ. "

END


Saturday, October 1, 2016

വയനാടൻ കാഴ്ചകൾ 

പുന്നയൂർക്കുളം സെയ്‌നുദ്ദീൻ 

പ്രാചീന ചരിത്രവുമായി എടക്കൽ ഗുഹകൾ  വിളിക്കുന്നു

ലോക പൈതൃകത്തിന്റെ വിലമതിക്കാനാകാത്ത കൈമുതലുകളാണ് കേരളത്തിലെ വയനാട് ജില്ലയിലെ എടക്കൽ ഗുഹാ ചിത്രങ്ങൾ. ക്രിസ്തുവിന് മുമ്പ് ഏകദേശം 4000 വർഷങ്ങൾക്ക് മുമ്പ് ജീവിച്ചിരുന്ന ശിലാ യുഗ മനുഷ്യരുടേതാണ് ഗുഹകളിൽ കാണപ്പെടുന്ന കല്ലുകളിൽ കൊത്തിവെച്ചതും പാറയിൽ  ചായ കൂട്ടുകൾ കൊണ്ട് വരച്ച ചിത്രങ്ങളുമെന്ന് പുരാവസ്തു ശാസ്ത്രജ്ഞരും ചരിത്ര കാരന്മാരും രേഖപ്പെടുത്തുന്നു. നവ ശിലായുഗം (Neolithic Age ), മധ്യ ശിലായുഗം (Mesolithic Age) എന്നീ കാലഘട്ടങ്ങളിലെ കൊത്തു പണികളും രേഖകളും കണ്ടെത്തിയിട്ടുണ്ട്. ഇതിൽ ചിലതിന് 7000 വർഷം വരെ പഴക്കമുണ്ടെന്ന് പറയപ്പെടുന്നു. 

സമുദ്ര നിരപ്പിൽ നിന്നും 4000 അടി ഉയരത്തിൽ അമ്പുകുത്തി മലയിലാണ് എടക്കൽ ഗുഹകൾ സ്ഥിതി ചെയ്യുന്നത്. സുൽത്താൻ ബത്തേരിയിൽ നിന്ന് ഏകദേശം 12 കിലോമീറ്ററും കൽപറ്റയിൽ നിന്നും 20 കിലോമീറ്ററുമാണ് ദൂരം. വഴിനീളെ ഹരിതാഭമായ കാപ്പിത്തോട്ടങ്ങൾ കാണാം. ഞങ്ങൾ ചെല്ലുമ്പോൾ കാപ്പി പൂത്ത സമയമാണ്. വെളുത്ത മനോഹരമായ പൂക്കൾ. നല്ല സുഗന്ധം പരത്തി ഇളം കാറ്റ്. ചെറു ചില്ലകൾക്കിടയിൽ ബെറി പഴങ്ങൾ പോലെ കാപ്പി കുരുകൾ. എല്ലാം പച്ചയാണ്. കാപ്പിത്തോട്ടങ്ങളിൽ ഇടയ്ക്കിടെ കുരുമുളക് വള്ളികളുമുണ്ട്. ചെറിയ ചെറിയ തോട്ടങ്ങളാണ് അധികവും. 

അമ്പു കുത്തി മല കയറി ചെന്നപ്പോൾ ഒരു സെക്യൂരിറ്റി ഉദ്യോഗസ്ഥൻ പറഞ്ഞു. "ഇനിയങ്ങോട്ട് വാഹനം പോകില്ല. കാൽനടയായി വേണം യാത്ര." 

കാർ പാർക്ക് ചെയ്യാൻ ഇടം നോക്കുമ്പോൾ ഒരു മധ്യ വയസ്കൻ വന്നു വിളിച്ചു. " ദേ, ഇങ്ങോട്ടു കയറ്റി ഇടാം. എന്റെ സ്ഥലമാണ്. ഒന്നും പേടിക്കാനില്ല" തണുപ്പിനുള്ള കമ്പിളി ബനിയനും തലയിൽ മഫ്ളറും ചുറ്റിയ  അയാൾ ചിരിച്ചു. ഞാൻ വിചാരിച്ചു. എന്തു നല്ല മനുഷ്യൻ. വണ്ടി പാർക്ക് ചെയ്തപ്പോൾ അയാൾ പറഞ്ഞു. 30 രൂപ വേണം. 

മുപ്പത് രൂപ കൊടുത്തു. ടിക്കറ്റ് ഒന്നും ഇല്ല. അയാൾ വീണ്ടും ആവർത്തിച്ചു. "ഒന്നും പേടിക്കാനില്ല, എന്റെ സ്ഥലമാണ്. പിന്നെ, വണ്ടിയിൽ നിന്ന് വെള്ളം എടുത്തോളൂ. നിങ്ങൾ തീർച്ചയായും വെള്ളം കുടിക്കും."

മഴ ചന്നം  പിന്നം ചാറുന്നുണ്ട്. കർക്കിടകത്തിലെ മഴ ഇടയ്ക്കു കനക്കും. ഇടയ്ക്ക് ചാറും. മഴ പെയ്‌ത്‌ ചുകന്ന മണ്ണൊക്കെ ചളിയായിരുന്നു. 

കുത്തനെയുള്ള കയറ്റമാണ്. ചുറ്റും നിബിഡമായ വനങ്ങൾ. ഇടയ്ക്ക് ചില റിസോർട്ട് എല്ലാം ഉണ്ട്. മരങ്ങളിൽ പറ്റി പിടിച്ച്‌ ചീവിടുകളെ പോലെ ജീവികൾ  ശബ്ദമുണ്ടാക്കുന്നു. വെട്ടു കിളികളാണ് (Locust) പേര് വെട്ടു കിളി എന്നാണെങ്കിലും ഇവൻ കിളിയല്ല. പച്ചക്കുതിരയുടെ വർഗ്ഗത്തിൽ പെട്ട വലിയ ഇനക്കാർ. ഏകദേശം ചെറിയ കുരുവിയോളം വരും. കൂട്ടത്തോടെ വിളവ് നശിപ്പിക്കുന്ന ഇക്കൂട്ടർ ദേശാടനക്കാരാണ്. ബൈബിളിലും ഖുർആനിലുമൊക്കെ ഇവയെ കുറിച്ച് പറയുന്നുണ്ട്. 

വശങ്ങളിൽ ചെറു കുടിലുകളിൽ വഴി വാണിഭക്കാർ. കാട്ടു തേനും കാപ്പിപൊടിയും കര കൗശല വസ്തുക്കളുമൊക്കെയാണ് വില്പനയ്ക്ക്. കൂടുതലും സ്ത്രീകളാണ്. തിരിച്ചു വരുമ്പോൾ ഞങ്ങളുടെ കടയിൽ കയറണം എന്ന് എല്ലാവരും പറയുന്നു. 

വായനാട്ടിനു പുറത്തു നിന്ന് വരുന്ന സഞ്ചാരികൾക്ക് ഇതെല്ലാം കൗതുക കാഴ്ചകളാണ്. തിരികെ വരുമ്പോൾ തോട്ടത്തിന്റെ മണമുള്ള കാപ്പിപൊടിയും കാടിന്റെ മണമുള്ള തേനും വാങ്ങാമെന്ന് തീരുമാനിച്ചു. 

ഏകദേശം മുക്കാൽ മണിക്കൂർ മല കയറുന്നത് ശ്രമകരമായ ഏർപ്പാട് തന്നെ. മല മുകളിലൂടെ പാറക്കെട്ടുകൾക്കിടയിലൂടെയുള്ള യാത്ര വളരെ ദുർഘടമായിരുന്നു. മുമ്പേ കടന്നു പോകുന്ന കൗമാരക്കാർ സ്ത്രീകളെയും കുട്ടികളെയും പാറക്കെട്ടുകൾ കയറാൻ സഹായിക്കുന്നുണ്ട്. സൗകര്യത്തിനായി ചില ഭാഗങ്ങളിൽ പടവുകളും ഉണ്ടാക്കിയിട്ടുണ്ട്. 

അങ്ങനെയുള്ള നിരവധി പാറക്കെട്ടുകൾ താണ്ടി വേണം എടക്കൽ ഗുഹകളിൽ എത്താൻ പ്രായം ചെന്നവരും ചില മധ്യ വയസ്കരും ശ്രമം ഉപേക്ഷിച്ചു മടങ്ങി പോകുന്നുമുണ്ട്. പലരും കുറച്ചു കയറും കുറച്ച്‌ ഇരിക്കും വെള്ളം കുടിക്കും അങ്ങനെയൊക്കെയാണ് മുന്നോട്ട് പോകുന്നത്. പാർക്കിംഗ് സ്ഥലത്തിന്റെ 'ഉടമസ്ഥൻ' പറഞ്ഞ കാര്യം അപ്പോഴാണ് ശരിക്കും മനസ്സിലായത്. ഞങ്ങളുടെ കൈവശമുണ്ടായിരുന്ന കുപ്പികൾ ഏതാണ്ട് ശൂന്യമായിരുന്നു. 

ഒരു കാലത്ത് മൃഗങ്ങളിൽ നിന്നും ഇതര ഗോത്ര വർഗങ്ങളിൽ നിന്നുമൊക്കെയുള്ള  ആക്രമണങ്ങൾ ഭയന്നും മറ്റുമായിരിക്കണം പ്രാചീന മനുഷ്യർ ഈ ഗുഹകൾ താമസത്തിനായി തിരഞ്ഞെടുത്തത്. അക്കാലത്തു ഈ മല കയറാൻ അവർ നേരിട്ട ബുദ്ധിമുട്ടുകൾ വളരെ വലുതായിരിക്കണം. ഇപ്പോൾ കുറെ പടവുകൾ ഉണ്ടാക്കിയിട്ടുണ്ട് 

1895 ൽ നായാട്ടിന് പോയ ബ്രിട്ടീഷ് പോലീസ് സൂപ്രണ്ട് ഫ്രെഡ് ഫോസെറ്റ് ആണ് യാദൃശ്ചികമായി കാപ്പിത്തോട്ടത്തിൽ നിന്നും ഒരു കന്മഴു കണ്ടെത്തിയത്. തുടർന്നുള്ള അദ്ദേഹത്തിന്റെ നിരന്തര പരിശ്രമങ്ങളാണ് എടക്കൽ ഗുഹകളും അതിന്റെ പൈതൃകങ്ങളും കണ്ടെത്താൻ ഇടയാക്കിയത്. ഇതിനായി അദ്ദേഹം പ്രദേശ വാസികളെ കൂട്ട് പിടിച്ചു. 

അമ്പുകുത്തി മല എന്ന് പേരു വന്നതിന് കാരണം രാമൻ എയ്ത അമ്പു വന്നു കുത്തിയ സ്ഥലം ആണെന്ന് ചിലർ വിശ്വസിക്കുന്നു. കുട്ടി ചാത്തനും മുടിയാമ്പിള്ളി ദേവിയുമായി കൂട്ടിച്ചേർത്തും ഐതിഹ്യങ്ങളുണ്ട്. തദ്ദേശീയരായ ചിലർ പ്രാർത്ഥനകൾക്കും മറ്റും വിശ്വാസത്തിന്റെ ഭാഗമായി എത്തിച്ചേരാറുണ്ട്. 

ഭീമാകാരങ്ങളായ രണ്ട് പാറകൾക്കിടയിൽ തങ്ങി നിൽക്കുന്ന മറ്റൊരു പാറയാണ് എടക്കൽ ഗുഹകൾ രൂപപ്പെടുത്തിയത്. മനുഷ്യ നിർമിയതല്ലാത്ത ഗുഹകളാണിത്. പാറകൾക്കിടയിൽ നിപതിച്ചിരിക്കുന്ന വലിയ കല്ല് (പാറ) തന്നെയാകാം ഇടക്കൽ അഥവാ എടക്കൽ എന്ന പേരിന് നിദാനം. 96  അടി നീളവും 20 -22  അടി വീതിയുമുള്ള ഭീമൻ പാറക്കെട്ടുകൾക്കിടയിലാണ് മറ്റൊരു ഭീമൻ പാറ നിപതിച്ചിരിക്കുന്നത്. ഇത് പ്രകൃതിയുടെ ഒരു അത്ഭുതം തന്നെയാണ്. ശരിക്കും ഒരു ഗുഹ അല്ലെങ്കിലും ഒരു ഗുഹ നൽകുന്ന അഭയം (Sheltter) ഇവിടെ അനുഭവപ്പെടും. വെളിച്ചം കടക്കാൻ വേണ്ടത്ര പഴുതും എന്നാൽ ആവശ്യത്തിന് വിസ്താരവും ഇതിനുണ്ട്. രണ്ടു ഭാഗങ്ങളായിട്ടാണ് ഗുഹ ഉള്ളത്. കാലാവസ്ഥയിലുള്ള വ്യതിയാനം കൊണ്ടോ ഭൂചലനം കൊണ്ടോ ഇങ്ങനെ പാറകൾ രൂപം കൊണ്ടതാകാം എന്ന് കരുതപ്പെടുന്നു. 

ഗുഹകളിൽ കല്ലിൽ കൊത്തിയതും പാറയിൽ ചായക്കൂട്ട് ഉപയോഗിച്ച് വരച്ചതുമായ നിരവധി ചിത്രങ്ങളുണ്ട്. ഒരു ഗോത്ര രാജാവിന്റെയും രാജ്ഞിയുടെയും കുട്ടിയുടെയും ചിത്രം അതിൽ ചിലതാണ്. വ്യത്യസ്ഥ കാലങ്ങളിൽ ജീവിച്ച മനുഷ്യ സമൂഹത്തിന്റെ സാംസ്‌കാരിക ചിഹ്നങ്ങളാണ് ആലേഖനങ്ങളിൽ പലതും. ആൾ രൂപങ്ങൾ, മൃഗങ്ങൾ, മൺവണ്ടികൾ, ആശയ വിനിമയത്തിനായി ഉപയോഗിച്ച ചിഹ്നങ്ങൾ, അക്ഷരങ്ങൾ, അക്കങ്ങൾ എന്നിവ കൊത്തി വെച്ചിട്ടുണ്ട്. സംസ്‌കൃത, തമിഴ് ബ്രാഹ്മി ലിപികളും ഇവിടെ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഈ ലിപികൾ ഗുഹാ ചിത്രങ്ങളോളം പഴക്കമുള്ളതല്ല എന്ന് കണ്ടെത്തിയിട്ടുണ്ട്. ക്രിസ്തു 2 -5 നൂറ്റാണ്ടുകളാണ് ഈ ലിപികളുടെ കാലം എന്ന് ചരിത്ര കാരന്മാർ പറയുന്നു. പുതിയ കണ്ടു പിടുത്തം അനുസരിച്ച് ഗുഹാ ലിഖിതങ്ങൾക്ക് സിന്ധു നദീ തട സംസ്‌കാരവുമായി (Indus Valley Civilization) ബന്ധമുണ്ടെന്ന് സമർത്ഥിക്കപ്പെടുന്നു. ഏകദേശം 400 ചിഹ്നങ്ങൾ കണ്ടെത്തിയിട്ടുണ്ട്. അതിൽ പ്രധാനം ഭരണിയുടെ മൂടിയേന്തി നിൽക്കുന്ന മനുഷ്യ രൂപമാണ്. ഹാരപ്പൻ സംസ്‌കാരത്തിലേക്കാണ് (Harappan Civilization) ഇത് വിരൽ ചൂണ്ടുന്നത് (2300 BC to 1700 BC). ദക്ഷിണേന്ത്യയിലും ഈ സംസ്‌കാരങ്ങൾ സജീവമായിരുന്നു എന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്.  

1901 ൽ  ഇന്ത്യൻ ആന്റിക്വറി എന്ന പത്രികയിൽ ഫോസെറ്റ് പ്രസിദ്ധീകരിച്ച ലേഖനത്തിലൂടെയാണ് എടക്കൽ ഗുഹകൾ ലോകം അറിയുന്നത്. 1984 ൽ സംസ്ഥാന പുരാവസ്തു വകുപ്പ് ഏറ്റെടുക്കയും സംരക്ഷിത സ്മാരകമായി പ്രഖ്യാപിക്കുകയും ചെയ്തു. 

മുത്തങ്ങ വന്യ ജീവി സങ്കേതം (Muthanga Wild Life Sanctuary)

ജൈവ വൈവിധ്യങ്ങളുടെ ഒരു കലവറയാണ് മുത്തങ്ങ വന്യ ജീവി സങ്കേതം. ആനകൾ, വിവിധ തരം മാനുകൾ, വിവിധയിനം കുരങ്ങന്മാർ എന്നിവ യദേഷ്ടം മേഞ്ഞു നടക്കുന്ന കാഴ്ച്ച അപൂർവവും നയനാന്ദകരവുമാണ്. യാത്രയ്ക്കിടെ ചിലപ്പോഴെങ്കിലും പുലി നിങ്ങളുടെ വഴി മുറിച്ച് കടന്നെന്നിരിക്കാം. എന്നാൽ ഇത് സ്ഥിരം കാഴ്ചയല്ല. എണ്ണം കൊണ്ട് കൂടുതൽ പുള്ളിപ്പുലികളാണ്. കടുവകളും ഈ കാട്ടിൽ വസിക്കുന്നു. പലപ്പോഴും ആനകൾ അപകട കാരികളാകാറുമുണ്ട്. നാനാ തരം പക്ഷികൾ, ശലഭങ്ങൾ, ഉരഗങ്ങൾ  തുടങ്ങി നിരവധി ജീവജാലങ്ങളുടെ ആവാസ കേന്ദ്രമാണ് മുത്തങ്ങ വനമേഖല. ഇത്  നിബിഡമായ വനമേഖലയാണ്. കൂടുതലും തേക്കും ചന്ദന മരങ്ങളുമാണ് കാണപ്പെടുന്നത്. വീട്ടി, ഇരുൾ, വാഴ പുന്ന , ചീനി (മഴ വൃക്ഷം), തേമ്പാവ് , കുന്നി വാക തുടങ്ങി മരങ്ങളുമുണ്ട്. 

മുത്തങ്ങയുടെ വടക്ക് കിഴക്ക് കർണാടകത്തിന്റെ നാഗർഹോളും ബന്ദിപ്പൂരും ചേർന്നു കിടക്കുന്നു. തെക്കു കിഴക്ക് തമിഴ്‌നാടിന്റെ മുതുമല വന്യജീവി സങ്കേതവും ചേർന്നു കിടക്കുന്നു. ഇത് കൊണ്ട് തന്നെ ബന്ദിപ്പൂരിൽ നിന്നും മുതു മലയിൽ നിന്നുമൊക്കെയുള്ള വന്യ ജീവിതകൾ ധാരാളമായി ഈ നിത്യ ഹരിത വനമേഖലയിൽ അതിർത്തി കടന്നെത്തും. ഇത് തീർച്ചയായും വന്യ ജീവി സ്നേഹികൾക്കും വൈൽഡ് ലൈഫ് ഫോട്ടോ ഗ്രാഫേഴ്‌സിനും വളരെ സന്തോഷമുണ്ടാക്കുന്ന കാര്യമാണ്. 

അതിനിടെ മാരീചനെ പോലെ ആകർഷിച്ചു വന്ന മാൻ കിടാവിന്റെ പിറകെ ക്യാമറയുമായി സിയാദ് നിദ്രാടനത്തിലെന്ന പോലെ സഞ്ചരിച്ചു.  
"കേവലം മാൻ കിടാവ് മാത്രമല്ല, കൊലവിളിയുമായി നിൽക്കുന്ന ഒറ്റയാനുമുണ്ടാകും, വേഗം വന്ന് വണ്ടിയിൽ കയറ്."  ഫിറോസ് ഓർമിപ്പിച്ചു. 

1973 ലാണ് മുത്തങ്ങ വന്യ ജീവി സങ്കേതം രൂപീകൃതമായത്. നീലഗിരി ബയോസ്ഫിയർ റിസർവിന്റെ ഭാഗം കൂടിയായ ഈ പശ്ചിമ ഘട്ട വനമേഖല പ്രോജക്ട് എലിഫന്റ് സൈറ്റ് കൂടിയാണ്. 
ഏകദേശം 97 കിലോമീറ്റർ ദൂരമാണ് സുൽത്താൻ ബത്തേരിയിൽ നിന്നും മുത്തങ്ങയിലേക്ക്.

പൂക്കോട് തടാകം (Pookot Lake)

പൂക്കോട് തടാകത്തിൽ ഞങ്ങളെത്തുമ്പോൾ കനത്ത മഴയായിരുന്നു. തടാകത്തിൽ ബോട്ടിങ് അവസാനിപ്പിക്കേണ്ട സമയമായി. ആളുകൾ ബോട്ട് യാത്ര മതിയാക്കി മടങ്ങി വരുന്നു. തടാകത്തിൽ മഴ പെയ്യുന്നത് മനോഹരമായ കാഴ്ച തന്നെ. ഏകദേശം 13 ഏക്കർ വിസ്‌തൃതിയുള്ള തടാകത്തിന് 40 അടി താഴ്ചയുണ്ട്. കബനി നദിയുടെ ഒരു പ്രധാന കൈവഴിയായ പനമരം അരുവി ഇവിടെ നിന്നുമാണ് തുടങ്ങുന്നത്. 

പശ്ചിമ ഘട്ട നിത്യ ഹരിത വനങ്ങളുടെ ഭാഗമാണ് ഈ തടാകം. തടാകത്തിലൂടെയുള്ള പെഡൽ ബോട്ട് യാത്രക്കിടെ ആനകൾ, മാൻ മുതലായ വന്യ മൃഗങ്ങളെ കാണാനാകും. കൽപറ്റയിൽ നിന്നും ഏകദേശം 15 കിലോമീറ്റർ വനത്തിനുള്ളിലൂടെ സഞ്ചരിച്ചാൽ പൂക്കോട് തടാകത്തിലെത്താം. 

സമയം വൈകിയത് കൊണ്ട് ഞങ്ങൾ തിരിച്ചു പോരാൻ തീരുമാനിച്ചു. മീൻ മുട്ടി വെള്ളച്ചാട്ടം, ചെമ്പ്ര കൊടുമുടി, നീലി മല, ചേതാലയം, പക്ഷി പാതാളം, ബാണാസുര സാഗർ ഡാം, തിരുനെല്ലി ക്ഷേത്രം, ജൈന ക്ഷേത്രം, കുറുവ ദ്വീപ് തുടങ്ങി പലതും കാണേണ്ടതായുണ്ട്. 




Saturday, July 16, 2016

മധുരപ്പനകള്‍ കായ്ക്കുന്ന കാലം


പുന്നയൂർക്കുളം സെയ്‌ നുദ്ദീൻ 



വിശാലമായ ഒരു തോട്ടത്തിലേക്കാണ് അലി ഞങ്ങളെ കൊണ്ടു പോയത്. 50 ഏക്കറോളം വരുന്ന തോട്ടം. മറ്റു തോട്ടങ്ങളിലേതുപോലത്തെന്നെ ചുറ്റിലും അതിരിട്ടു കാവല്‍ഭടന്മാരെ അനുസ്മരിപ്പിച്ച് വലിയ തലയെടുപ്പുള്ള ഈത്തപ്പനകള്‍. അകത്ത് വളര്‍ത്തുന്നത് അധികവും ചെറിയ ഇനം പനകളാണ്. ചിലതൊക്കെ താഴെ നിന്ന് പറിച്ചെടുക്കാം. പിന്നീട് അലി ഉയര്‍ന്ന പനകള്‍ വളര്‍ത്തിയിരുന്ന ഭാഗത്തേക്ക് ഞങ്ങളെ കൊണ്ടുപോയി. അവിടെ കണ്ട കാഴ്ച രസകരമായിരുന്നു. പനയില്‍ കയറി ഒരു പാകിസ്താനി ചെറുപ്പക്കാരന്‍ പഴങ്ങള്‍ പറിക്കുന്നു. അയാളുടെ അരഭാഗം പനയോടു ചേര്‍ത്തു ബന്ധിച്ചിരിക്കുന്നു. എങ്കിലും പനയും ആളും തമ്മില്‍ നിശ്ചിത അകലമുണ്ട്. ചെറുപ്പക്കാരന്‍ ഞങ്ങള്‍ക്ക് സ്വര്‍ണ നിറത്തിലുള്ള കുറച്ചു പഴങ്ങള്‍ പറിച്ചു നല്‍കി. പഴുത്തു തുടങ്ങുന്നേ ഉണ്ടായിരുന്നുള്ളൂ. 

‘സുക്കാരി’ അവന്‍ പറഞ്ഞു. ‘സുക്കാരി എന്നാണോ അവന്‍െറ പേര്’, സിയാദ് ചോദിച്ചു. ‘ആപ് കാ നാം ഹേ സുക്കാരി?’
അലി ഇടപെട്ടു. ‘ഹേയ് അങ്ങനെ ചോദിക്കല്ളേ. അവന്‍െറ പേരല്ല സുക്കാരി. അവന്‍ കേള്‍ക്കേണ്ട. ഈത്തപ്പഴത്തിന്‍െറ പേരാണ്.’ ‘മേരാ നാം സുക്കാരി നഹി ഹേ ഭായ്. മേരാ നാം മിസ്കീന്‍ ഹേ.’
‘സോറി.’
‘മുഷ്കില്‍ നഹി ഹേ ഭായ്. അത് പറഞ്ഞുതീരുമ്പോഴേക്കും  ചെറിയ കൂട നിറയെ മിസ്കീന്‍ പഴങ്ങള്‍ പറിച്ചിരുന്നു. അത് ഞങ്ങള്‍ക്ക് കയറില്‍ കെട്ടി താഴോട്ടിറക്കി തന്നു. 
‘സാധാരണ കുല വെട്ടി കയറില്‍ ഇറക്കുകയാണ് പതിവ്. അതിനു പാകമായിട്ടില്ല. നിങ്ങള്‍ വരുന്നെന്നറിഞ്ഞതുകൊണ്ട് അവന്‍ പനയില്‍ കയറുകയായിരുന്നു.’ അലി പറഞ്ഞു. മലപ്പുറത്തെ കൊണ്ടോട്ടിയാണ് അലിയുടെ നാട്. 
ഗള്‍ഫ് രാജ്യങ്ങളിലുടനീളം എങ്ങും വിളവെടുപ്പിനു പാകപ്പെട്ട ഈത്തപ്പഴങ്ങളാണ്. അറബികള്‍ ഈത്തപ്പനകളെ പൊന്നു പോലെയാണ് സംരക്ഷിക്കുന്നത്. ജൂണ്‍, ജൂലൈ മാസങ്ങളാണ് വിളവെടുപ്പിന്‍െറ കാലം. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ പനകള്‍ പൂവിട്ടു തുടങ്ങും. ആണ്‍, പെണ്‍ സസ്യങ്ങള്‍ വെവ്വേറെയാണ്. ആണ്‍ പനയില്‍ നിന്നുള്ള പൂങ്കുലകളുടെ ചെറിയ കതിരുകള്‍ അടര്‍ത്തിയെടുത്തു പെണ്‍ പനയുടെ പൂങ്കുലകളില്‍ കെട്ടിവെക്കുകയാണ് പതിവ്. ഒരു പെണ്‍ പൂങ്കുലക്ക് ആണ്‍ പൂങ്കുലയുടെ ഒരു കതിര്‍ മതിയാകും. കൃഷിത്തോട്ടങ്ങളില്‍ പെണ്‍ സസ്യങ്ങള്‍ താരതമ്യേന കുറവാണ് വളര്‍ത്തുന്നത്. സീസണ്‍ ആകുമ്പോള്‍ മാര്‍ക്കറ്റില്‍ ആണ്‍ പനയുടെ പൂങ്കുലകള്‍ വാങ്ങാനും കിട്ടും. ഇങ്ങനെ കമ്പോളത്തില്‍നിന്ന് വാങ്ങി ഉപയോഗിക്കുന്നവരും കുറവല്ല. അറബികള്‍ക്കിടയില്‍ ഒട്ടകം വളര്‍ത്തുപോലത്തെന്നെ ഈത്തപ്പന വളര്‍ത്തുന്നതും സ്റ്റാറ്റസിന്‍െറ അടയാളം കൂടിയാണ്. ബദുക്കളായ പഴയ തലമുറയിലെ അറബികള്‍ മാത്രമല്ല പുതുതലമുറയിലെ വമ്പന്‍ ബിസിനസുകാരും  ഐ.ടി പ്രഫഷനല്‍സുമെല്ലാം ഈത്തപ്പന കൃഷി തങ്ങളുടെ അഭിമാനപ്രശ്നമായി കൊണ്ടുനടക്കുന്നു. തന്നെയുമല്ല, ഇതെല്ലാം അവരുടെ പാരമ്പര്യത്തിന്‍െറ അടയാളവുമാണ്. 
ഈത്തപ്പഴത്തില്‍ പഞ്ചസാരയുടെ അളവ് കൂടുതലാണെങ്കിലും പഞ്ചസാര വളരെ കുറഞ്ഞ ഇനം ഈത്തപ്പഴങ്ങളുമുണ്ട്. പ്രമേഹമുള്ളവര്‍ക്കുപോലും കഴിക്കാന്‍ പറ്റുന്ന ഇനങ്ങളുമുണ്ട്. അതേസമയം, കഴിക്കുന്നതിന്‍െറ അളവ് കുറക്കുകയാണെങ്കില്‍  ഏതിനവും ആര്‍ക്കും കഴിക്കാവുന്നതുമാണ്. വിറ്റാമിന്‍ എ, കെ, കാര്‍ബോ ഹൈഡ്രേറ്റ്,  പൊട്ടാസിയം, കോപ്പര്‍ തുടങ്ങി ധാരാളം ജീവകങ്ങളും ധാതുക്കളും നാരുകളുമടങ്ങിയ  വിശിഷ്ട ഭക്ഷ്യവസ്തുവാണ് ഈ പഴം. കൂടാതെ, പ്രോട്ടീനും അടങ്ങിയിട്ടുണ്ട്.  ഒട്ടകപ്പാലും ഈത്തപ്പഴവും മത്സ്യവുമായിരുന്നു പഴകാലത്തെ അറബികളുടെ ഭക്ഷണം. 
ഞങ്ങള്‍ കാഴ്ചകള്‍ തുടര്‍ന്നു. അവീറിലെ വലിയ വലിയ തോട്ടങ്ങളാണ് ചുറ്റിലും. അധികവും ശൈഖ് കുടുംബത്തില്‍ പെട്ടവരുടെയും ഉന്നതരുടെയും ഉടമസ്ഥതയില്‍ ഉള്ളതാണ്. ഈത്തപ്പനകള്‍ കൂടാതെ മറ്റു നിരവധി കൃഷികളും ഇവര്‍ പരീക്ഷിക്കുന്നുണ്ട്. വിവിധ താരം മാങ്ങകള്‍, പേരക്ക, അത്തിപ്പഴം, സപ്പോട്ട, മാതള നാരകം തുടങ്ങി പഴവര്‍ഗങ്ങളും, പുളിനാരങ്ങ, തക്കാളി, ചോളം, ചീര, കാബേജ്, കാരറ്റ്, ബീറ്റ് റൂട്ട് തുടങ്ങി പച്ചക്കറികളും അവര്‍ വിജയകരമായി കൃഷിചെയ്യുന്നുണ്ട്. 
കൂടാതെ, വളര്‍ത്തുമൃഗങ്ങളും ധാരാളമായുണ്ട്. ഇന്ത്യന്‍ കോലാട്, ചെമ്മരിയാട്, താന്‍സനിയന്‍ കോലാട്, പശു, ഒട്ടകങ്ങള്‍ തുടങ്ങി നിരവധി വളര്‍ത്തു മൃഗങ്ങളും. ചില തോട്ടങ്ങളില്‍ ഒട്ടകപക്ഷി, എമു, മുയല്‍  മുതലായവയെയും വളര്‍ത്തുന്നു. ഒട്ടകപ്പക്ഷിയുടെ ഭാഗത്ത് ചെന്നപ്പോള്‍ ഒരു പെണ്‍പക്ഷി ചിറകുവിടര്‍ത്തി രോഷത്തോടെ ഞങ്ങള്‍ക്ക് നേരെ ഓടിവന്നു. വളച്ചു കെട്ടിയ കമ്പി വലയില്‍ തട്ടി നിന്നു. ‘അധികം അടുത്ത് പോകേണ്ട. കണ്ടില്ളേ മുട്ടയിട്ടിരിക്കയാണ്’- അലി പറഞ്ഞു. ഏതാണ്ട് ഇരുപതോളം മുട്ടകള്‍. അതിനപ്പുറത്ത് എട്ടോ ഒമ്പതോ ഉള്ള മറ്റൊരു കൂട്ടം. അത് വേറെ പക്ഷിയുടേതാകാം. 
ഓടിവന്ന പക്ഷി ക്രമേണ ശാന്തയായി. അലി ചെന്ന് ശിരസ്സില്‍ പതിയെ തലോടി. ഒത്ത ഉയരമുള്ള ഒരാളുടെ തലയോളം ഉയരമുണ്ട് ഒട്ടകപ്പക്ഷിയുടെ  തലക്ക്. നല്ല ശക്തിയുള്ള കൊക്കാണ്. മുട്ട ഒരെണ്ണം ഏകദേശം പതിനഞ്ച് കോഴിമുട്ടയുടെ വലുപ്പമുണ്ട്, ഏതാണ്ട് ഒരു ഫുട്ബാളിന്‍െറ അത്ര. ആഫ്രിക്കയിലെ ഗോത്ര വര്‍ഗത്തിലെ സ്ത്രീകള്‍  ഇതിന്‍െറ മുട്ടത്തോടുകൊണ്ട് ആഭരണങ്ങള്‍ ഉണ്ടാക്കി കാതില്‍ അണിയാറുണ്ട്.  അപ്പോഴേക്കും ഒരു ആണ്‍ പക്ഷി നെറ്റിന്‍െറ അടുത്തുവരെ വന്നു ചിറകുനിവര്‍ത്തി നൃത്തം ചെയ്യാന്‍ തുടങ്ങി. അതിനടുത്ത് എമു പക്ഷികളെ വളര്‍ത്തുന്ന ഭാഗമാണ്. വിശാലമായ ഭാഗത്ത് ചുറ്റിലും ഇരുമ്പ് നെറ്റ് കെട്ടിയിട്ടുണ്ട്. അതിനകത്തുള്ള മരങ്ങളും കടഭാഗം ഇരുമ്പുവല കൊണ്ടു പൊതിഞ്ഞിരിക്കുകയാണ്. പല മരങ്ങളുടെയും തൊലിയെല്ലാം കൊത്തി തടി വെളിവായിരിക്കുന്നു. ഒരു പക്ഷിയുടെ ഉച്ചത്തിലുള്ള ശബ്ദം കേട്ടു. നീല നിറത്തിലുള്ള വലിയ മുട്ടകള്‍ കൂടി കിടക്കുന്നു. 
‘നമ്മള്‍ ഈത്തപ്പനകള്‍  കാണാനല്ളേ വന്നത്. ഇനിയും ഒത്തിരി കാണാനുണ്ട്. ഒരു അപൂര്‍വ കാര്യം ഞാന്‍ കാണിച്ചു തരാം’ -അലി പറഞ്ഞു. 
വിവിധ ഇനങ്ങളില്‍പെട്ട വലുതും ചെറുതുമായ പനകള്‍ക്കിടയിലൂടെ ഞങ്ങള്‍ നടന്നു. സൂര്യന്‍ പടിഞ്ഞാറു മാറി പൊന്‍പ്രഭ ചൊരിയാന്‍ തുടങ്ങിയിരുന്നു. ചെറിയ കാറ്റുവീശുന്നതുകൊണ്ട് ചൂടിന് അല്‍പം ശമനമുണ്ട്. മൊത്തത്തില്‍ തേനിന്‍െറ നറുമണമാണ് കാറ്റിന്. അത് പാകമായ ഈത്തപഴത്തിന്‍െറ മണമാണ്. വലിയ കാഫ് മരങ്ങളില്‍ തേനീച്ചകള്‍ കൂടുവെച്ചിരിക്കുന്നു. പാകമായ പഴക്കുലകളില്‍ തേനീച്ചകള്‍ വട്ടം ചുറ്റുന്നു. മഞ്ഞ പഴക്കുലകളില്‍ അഗ്രം തവിട്ടു വര്‍ണം പ്രാപിച്ചുവരുന്നു. പഴുത്തു തുടങ്ങുന്നതിന്‍െറ ലക്ഷണമാണ്. വൈകുന്നേരത്തിന്‍െറ പൊന്‍വെളിച്ചം കുലകള്‍ പേറി നില്‍ക്കുന്ന പെണ്‍പനകളെ സുന്ദരികളാക്കുന്നു. മഞ്ഞകൂടാതെ ചുകപ്പ് തവിട്ടുനിറത്തിലുള്ളതും വിവിധ വലുപ്പത്തിലുള്ളതുമായ പഴങ്ങള്‍. ചില പനകളില്‍ വിവിധ വര്‍ണങ്ങള്‍ ഇടകലര്‍ന്ന പഴങ്ങളുമുണ്ട്. 
ഏകദേശം 1500 ഇനം ഈത്തപ്പഴങ്ങള്‍ ലോകത്തില്‍ ഉള്ളതായാണ് കണക്ക്. യു.എ.ഇ യിലെ ഏറ്റവും വലിയ ഈത്തപ്പന പ്രദര്‍ശനവും മത്സരവും അബൂദബിയിലെ ലിവയിലാണ്  നടക്കുന്നത്. 120 ലധികം ഇനങ്ങള്‍ ഇവിടെ എത്താറുണ്ട്. അതെല്ലാം യു.എ.ഇ യുടെ വിവിധ പ്രദേശങ്ങളില്‍ കൃഷി ചെയ്യുന്നവ. ഒറ്റക്കുലയില്‍ 100 കിലോഗ്രാം ഭാരമുള്ള  കുലയുണ്ട്. ലക്ഷക്കണക്കിന്  ദിര്‍ഹം ആണ് സമ്മാന തുകയായി നല്‍കുന്നത്. മൊത്തം സമ്മാന തുക 60 ദശലക്ഷത്തിലധികം. രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നിന്നു മാത്രമല്ല ഇതര ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും മറ്റുമായി ഏകദേശം ലക്ഷത്തോളം ആളുകള്‍ ഈത്തപ്പഴ മേളയില്‍ പങ്കെടുക്കാറുണ്ട്. ഖലാസ്, അംബര്‍, സവാഫി, ലുലു, സുക്കാരി, അജുവ, ലുബ്ന, റബിയാ, ബെയ്ദ് എന്നിവ പഴങ്ങളുടെ ചില പേരുകള്‍ മാത്രം.  
പ്രത്യേകം വളച്ചുകെട്ടിയ ഒരു സ്ഥലത്തേക്ക് അലി ഞങ്ങളെ കൊണ്ടുപോയി. പ്രത്യേക ഇനത്തില്‍ പെട്ട ഏതാനും പനകളായിരുന്നു അവിടെ. ‘ഇതാണ് ഞാന്‍ നിങ്ങളോട് കാണിക്കാമെന്നേറ്റ പ്രധാനമായ ഒരു കാര്യം. മുഹമ്മദ് നബിക്ക് ഏറ്റവും ഇഷ്ടപ്പെട്ടതെന്ന് ഹദീസില്‍ പറഞ്ഞിട്ടുള്ള പഴത്തിന്‍െറ മരങ്ങളാണ് ഇതെല്ലാം. സൗദി അറേബ്യയിലാണ് ഇത് കൂടുതല്‍ ഉണ്ടാകുന്നത്. സൗദി ഈത്തപഴത്തിന്‍െറ ശ്രേഷ്ഠതയും അതാകാം. ശൈഖ് കുടുംബത്തില്‍പെട്ട ഒരു വനിതയുടേതാണ് ആ തോട്ടം. ഇതിന്‍െറ പഴങ്ങള്‍ അവരുടെ അനുവാദമില്ലാതെ ആരും പറിക്കാന്‍ പാടില്ല. ഈ പനകള്‍ എണ്ണത്തില്‍ വളരെ കുറവാണ്. അത് ഇവിടെ കായ്ക്കുന്നതും കുറവാണ്. കഴിഞ്ഞ ഒന്നു രണ്ടു വര്‍ഷങ്ങള്‍ ഊഷരമായി നിന്നു. ഈ വര്‍ഷമാണ് കുറച്ചു കായ കാണുന്നത്’ -അതു പറഞ്ഞ ശേഷം അലി കുറച്ചു പഴങ്ങള്‍ പറിച്ചുകൊണ്ടു വന്നു. മറ്റു ഈത്തപഴങ്ങള്‍പോലെ പഴുത്താല്‍ അതിന്‍െറ നിറം ചുകപ്പോ തവിട്ടുനിറമോ അല്ല. ശുദ്ധ കറുപ്പു നിറം. നല്ല തുടുത്ത പഴങ്ങള്‍.  
ഈത്തപ്പന  തടികള്‍ പഴയ കാല വീടുകളുടെ മേല്‍ക്കൂര നിര്‍മിക്കുന്നതിനുപയോഗിച്ചിരുന്നു. നെടുകെ ഛേദിച്ച പനന്തടികള്‍ നിരത്തിവെച്ചു മുകളില്‍ കല്‍ക്കഷണങ്ങളും കുമ്മായവും ചേര്‍ത്തു വാര്‍ക്കുകയായിരുന്നു പതിവ് . തടികള്‍ക്കു മീതെ പനയോലകളും നിരത്തും. കൂടാതെ  പന തടി ഉപയോഗിച്ചു ഡൗവ് (ഉവീം) എന്നറിയപ്പെടുന്ന ചെറു ജലയാനങ്ങളും നിര്‍മിച്ചിരുന്നു. ഇത്തരം ചെറുബോട്ടുകള്‍ മത്സ്യബന്ധനത്തിനും യാത്രകള്‍ക്കും ഉപയോഗിച്ചു പോന്നു. പനയോലകള്‍ വേലികെട്ടി മറയുണ്ടാക്കാനും തൊപ്പി, ബാഗ് എന്നിവയൊക്കെ നിര്‍മിക്കാനും ഉപയോഗിക്കുന്നു. 
സന്ധ്യമയങ്ങിയതുകൊണ്ട് ഫുജൈറ യാത്ര മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ച് അലിയോടും മിസ്കീനോടും യാത്ര പറഞ്ഞു. പോരുമ്പോള്‍ ഇമവെട്ടാതെ ചില ഒട്ടകങ്ങള്‍ ഞങ്ങളെ തന്നെ നോക്കി നില്‍ക്കുകയായിരുന്നു. 

http://www.madhyamam.com/agriculture/traditional-wisdom/2016/jul/16/209169

Sunday, April 24, 2016

ജോളിക്കുട്ടിയുടെ തിരോധാനം STORY JOLIKUTIYUDE THIRODHANAM


ഇത് അവളുടെ സഹോദരൻ ഫ്രെഡ്ഡി പോലീസിനെഴുതി കൊടുത്ത പരാതിയാണ്. മാധ്യമങ്ങൾ അത് ചുഴഞ്ഞു കണ്ടു പിടിച്ചു. ഒരു കോട്ടയം പത്രക്കാരൻ എന്തൊക്കെയാണെഴുതി പിടിപ്പിചിരിക്കുന്നത്. ......



Friday, March 25, 2016

SAVE ‪#‎WATER‬ FOR ‪#‎NEXTGENERATION‬
ജലം അമൂല്യമാണ്‌. കരുതലോടെ ഉപയോഗിക്കുക. അടുത്ത തലമുറയെ മറക്കാതിരിക്കുക പ്രകൃതി മറ്റു ജീവ ജാലങ്ങളുടെത് കൂടിയാണ്.

Sunday, March 6, 2016

പ്രിയ നടനും സുഹൃത്തുമായ കലാഭവൻ മണിയുടെ അകാല വേർപാട് വളരെ അധികം ദുഃഖ മുണ്ടാക്കുന്നു . ഒടുവിൽ ഞാനദ്ദേഹത്തെ കണ്ടത് ഏതാനും വർഷങ്ങൾക്ക് മുമ്പ് അതിരപ്പള്ളിയിലെ ഒരു തമിഴ് സിനിമയുടെ ഷൂട്ടിങ്ങിനിടയിൽ വെച്ചായിരുന്നു.

അദ്ദേഹത്തിന്റെ സിനിമകളും നാടൻ പാട്ടുകളുമെല്ലാം മലയാളത്തിനു നിസ്തുലമായ സംഭാവനകളാണ് അർപ്പിച്ചത്. ഇനിയും ഒരു പാട് സംഭാവനകൾ നമുക്ക് അദ്ദേഹത്തിൽ നിന്ന് പ്രതീക്ഷയുണ്ടായിരുന്നു.

മണി മരിക്കുന്നില്ല. അദ്ദേഹത്തിന്റെ കഥാ പത്രങ്ങളും ഗ്രാമ്യ ശീലുകളും അത്രയേറെ മലയാളി നെഞ്ചേറ്റിയതാണ്. ആ ഓർമകൾക്ക് മുമ്പിൽ പ്രണാമം.

It was a sadness to hear the premature death of Actor KalabhavanMani, which is great loss not only Malayalees but also the South Indian film filed such as Tamil, Telugu Kannada. His contribution was very large to grow the 'nadan pattukal ' traditional Keralite songs....

Sunday, February 21, 2016

അമ്മ കഥ
പുന്നയൂർക്കുളം സെയ് നുദ്ദീൻ

അമ്മയെ വൃദ്ധ സദനത്തിൽ നട തള്ളി മാസങ്ങൾ കഴിഞ്ഞതിന്റെ സന്തോഷത്തിൽ ഭാര്യയുമൊത്ത് ജീവിതം ആസ്വദിക്കുകയായിരുന്നു വീരഭദ്രൻ! പേരു പോലെ തന്നെ അല്പം വീര്യം കൂടും കുടിക്കുന്ന മദ്യവും വീര്യം കൂടിയത് തന്നെ. അയൽക്കാരെയും നാട്ടാരെയും തെല്ലും വില കല്പിക്കില്ല. "ഞാൻ അദ്വാനിക്കുന്നു, ഞാൻ ജീവിക്കുന്നു എനിക്കാരുടേം ഓശാരം വേണ്ട.... അങ്ങനെയിരിക്കെ ഫൂ... ആ പത്രക്കാരും മനുഷ്യാവകാശ പ്രവർത്തകരും -- അവന്റമ്മേടെ മനുഷാവകാശ പ്രവർത്തനം.." ഭ്ദ്രാൻ മൂക്കു ചീറ്റി. പട്ട ചാരായത്തിന്റെ മണം. തള്ളയെ ദേ, കൊണ്ടന്ന് വീടിന്റെ കോലായിൽ കട്ടിലിലിൽ ഇരുത്തീരിക്കുന്നു. ക്ഷമ കേട്ട് കൊണ്ട് ചോദിച്ചു."ദേ, നിനക്കൊന്നും വേറെ പണിയൊന്നൂല്ലേ? വയസ്സാൻ കാലത്ത് ആ തള്ള എവിടേലും കെടന്ന് മരിച്ചോട്ടേന്നു വെക്കുവല്ലാതെ..."

"നിങ്ങളുടെ അമ്മയല്ലേ. ഇത്രയും കാലം വളർത്തി വലുതാക്കിയില്ലേ...." മുതിർന്ന ഒരു മാധ്യമ പ്രവർത്തകന്റെ ചൊദ്യം.

"നിങ്ങൾക്കതൊക്കെ ചോദിക്കാം. ദേ, ആ വലിയ കുന്ത്രാണ്ടം ക്യാമറ അങ്ങോട്ടു മാറ്റിക്കേ. ഇവിടെ എന്താ വല്ല സീരിയല് പിടിക്കുന്നുണ്ടോ? വയേല് തെറിയാ വരുന്നേ...."
അമ്മയുടെ മനസ്സിൽ കുഞ്ഞായിരുന്നപ്പോൾ അവൻ അർദ്ധ രാത്രിയിലും ഉറക്കൊഴിച്ചു പാലു കുടിക്കാതെ തൊട്ടിലിൽ കിടന്നു കരഞ്ഞതും പകൽ കിടന്നുറങ്ങി തന്റെ ഉറക്കം കെടുത്തിയതുമെല്ലാം മിന്നി തെളിഞ്ഞു.

അച്ഛനില്ലാതെയാണു വളർത്തിയത് . തെങ്ങു ചെത്താൻ പോയി ഒരു നാൾ തിരിച്ചു വന്നില്ല. ഭാരം തന്റെ തലയിലായി. നിക്കറും ഷർട്ടുമിട്ട് യുനിഫോമിനു പകിട്ടൊന്നും കുറക്കാതെ സ്കൂളിലേക്ക് കൈ പിടിച്ചു കൊണ്ടു പോയി.

"വലുതാകുമ്പോൾ ഞാനമ്മയെ ഇതു പോലെ നോക്കും."

"നീ നോക്കിയില്ലേലും നിന്റെ കാര്യം നോക്കാൻ പ്രപ്തിയായാൽ മതി."
--- ---- -----

"ദേ, തള്ളേ പറഞ്ഞേക്കാം. നിങ്ങളിവിടുന്ന് ഉടനെ പോയ്ക്കോണം...."
"ഒറ്റ നേരത്തെ ഭക്ഷണം മതി മോനെ. ഒറ്റ നേരം, അതൊരു ഭാരമാവില്ലല്ലോ നിനക്ക്."
"തള്ളേ, പറഞ്ഞില്ലേ കടന്നു പോയ്ക്കോണം."
"ഞാൻ ഈ വീടിന്റെ ഒരു മൂലയിൽ കൂടിക്കോളാം. ഒരു നേരം മാത്രം കഴിച്ച്. നിന്റെ പെറ്റ തള്ളയല്ല്ലേ. ഞാൻ പത്തു മാസം വയറ്റിൽ ചുമന്നു കൊണ്ടു നടന്നില്ലേ."

"അതിനു നിങ്ങൾക്ക് വാടക വേണോ ഗർഭ പാത്രത്തിന്......?"
അമ്മ മുഖം പൊത്തി കരഞ്ഞു.
"ഇന്നു തന്നെ ഇവിടുന്നു പോയ്ക്കോണം. ഇല്ലേൽ എന്റെ സ്വഭാവം അറിയാലോ .....?"

രാത്രിയിൽ ഷാപ്പിൽ നിന്നു മടങ്ങുമ്പോൾ മുതുകിൽ മൂർച്ചയുള്ള എന്തോ ആയുധം കുത്തിയിറങ്ങി. അത് വാരിയെല്ലുകളെ തടകി ഹൃദയത്തിന്റെ വാൽവുകളെ ഭേദിച്ചു. രക്തം പുറത്തേക്കു ചീറ്റി.

"ഹമ്മേ......."

"എന്താ എന്റെ മോനെന്തു പറ്റി?" അമ്മയുടെ ശബ്ദം ഇരുട്ടിലും മഞ്ഞിലും അലിഞ്ഞു ചേർന്നു.

വീട്ടിലെത്തുമ്പോൾ കട്ടിലിൽ അമ്മയില്ലായിരുന്നു. രക്തം വാർന്നൊലിക്കുന്നു.

ഗീതാഞ്ജലി മൊബൈൽ ഫോണിൽ കുത്തി കളിക്കുകയാണ്.

"എടീ നീയെന്റെ ഈ മുറിവൊന്ന് കെട്ടിയേ. ചോര വർന്നൊലിക്കുന്നത് കണ്ടില്ലേ?"
"ഹൊ, തന്നെത്താനേ അങ്ങു കെട്ടിക്കോണം. ഞാനൊരു വാട്ട്സ് ആപ് അയക്കുന്നത് കണ്ടില്ലേ?"
"എടീ... നീയെന്റെ... ഈ ...യീ.. മുറിവൊന്ന് ... കെട്ടി...."

ബോധം പതിയെ അകലുന്നതായി തോന്നി. ആകാശത്തിൽ ഒരു ഗ്രഹം കോസ്മിക്‌ രശ്മികൾ പ്രവഹിപ്പിക്കുന്നു. കണ്ണഞ്ചിപ്പിക്കുന്ന വൈവിദ്യമാർന്ന വർണ്ണം.

കണ്ണുകളെ റാഞ്ചിക്കളയുമോ അത്?

Friday, February 19, 2016

ഡൽഹി പൊലീസ് കമ്മീഷണർ ബി.എസ്. ബസ്സിയെ കേന്ദ്രവിവരാകാശ കമ്മീഷണർ സാധ്യതാ പട്ടികയിൽ നിന്നും ഒഴിവാക്കി. നിലവിൽ മൂന്ന് വിവരാകാശ കമ്മീഷണർമാരുടെ തസ്തികയിലാണ് ഒഴിവുള്ളത്.  ഇതിനായി ആറുപേരടങ്ങുന്ന പട്ടികയാണ് സർക്കാർ സമർപ്പിച്ചിരുന്നത്. ഇതിൽ നിന്നാണ് ബസിയുടെ പേര് നീക്കം ചെയ്തിരിക്കുന്നത്. ജെ.എൻ.യു സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ബസ്സി കടുത്ത വിമർശനം നേരിട്ട സാഹചര്യത്തിലാണ് പുതിയ തീരുമാനം.
പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയും ധനമന്ത്രി അരുൺ ജെയ്റ്റിലും അടങ്ങുന്ന പാനലാണ്  www.madhyamam.com

Saturday, January 23, 2016

ജാതി രാഷ്ട്രീയത്തിന്റെ നാണം കെട്ട മുഖം



ജാതി രാഷ്ട്രീയത്തിന്റെ നാണം കെട്ട മുഖമാണ് വെളിവായിരിക്കുന്നത്. രോഹിത് വെമുലയുടെ ജീവൻ പൊലിയാൻ കാരണമായവർ സസുഖം വാഴുകയാണ്. എന്ത് പ്രായശ്ചിത്തം ചെയ്താലാണ് ബംഗാരു ദത്താത്രേയ നിങ്ങൾക്കീ പാപക്കറ കഴുകി കളയാൻ കഴിയുക. ഏതു സ്നാന ഘട്ടത്തിൽ കുളിച്ചാലാണ് സ്മൃതി നിങ്ങളുടെ സ്മൃതി നേരെ ആകുക.
നിങ്ങൾക്കുമില്ലേ മക്കൾ. നിസ്സാര കാര്യത്തിന് കുട്ടികളെ കലാലയത്തിൽ നിന്നിറക്കി വിടാനും കൊടും തണുപ്പിൽ അവരെ ടെന്റിൽ താമസിപ്പിക്കാനും അവരുടെ ഭക്ഷണം മുടക്കാനും, ജാതീയമായി പീഡിപ്പിക്കാനും നിങ്ങൾക്കെങ്ങനെ മനസ്സു വന്നു. ഏതെങ്കിലും വക തിരിവില്ലാത്ത എ ബി വി പി കാരുടെ കുത്സിത ബുദ്ധിക്ക് ചൂട്ടു പിടിച്ച് പാവം വിദ്യാർഥികളെ മാനസിക സമ്മർദ്ദതിലാഴ്ത്തി കൊലക്കു കൊടുക്കാൻ നിങ്ങൾക്കെങ്ങനെ കഴിഞ്ഞു.
അവരെ മാനസികമായി പീഡിപ്പിച്ചു കൊല്ലുന്നതിനു പകരം നല്ല കൌസിലിങ് നല്കി സമാധാനത്തിന്റെ വഴിയിലേക്ക് കൊണ്ട് വരികയായിരുന്നില്ലേ വേണ്ടത്. പകരം നിങ്ങളെല്ലാം കൂടി നിങ്ങളുടെ ചെറിയ ബുദ്ധിയും വലിയ ക്രൂരതയും പ്രയോഗിച്ച് പാവം വിദ്യാർഥിയെ വക വരുത്തി.
പൊറുക്കില്ല ജനം. ഈ ക്രൂര ചിന്താ ഗതിക്കാർക്ക് തക്കതായ ശിക്ഷ നല്കണം.

യാത്ര വാസിത് തണ്ണീർത്തടം സഞ്ചാരികളെ മാടി വിളിക്കുന്നു പുന്നയൂർക്കുളം സെയ്‌നുദ്ദീൻ MATHRUBHUMI 20.12.19 വടക്കൻ ഷാർജയുടെ പ്രാന്ത പ്ര...