Thursday, June 27, 2013

യുദ്ധാനന്തരം ഒരു ജനത

യുദ്ധാനന്തരം ഒരു ജനത

മാധ്യമം ആഴ്ച്ചപ്പതിപ്പ് - ലക്കം 798

പുന്നയൂര്‍ക്കുളം സെയ്നുദ്ദീന്‍
യുദ്ധത്തിലൂടെ ഒരു രാജ്യത്തെ എങ്ങനെ തകര്‍ക്കാമെന്നതിന്‍െറ ഏറ്റവും വലിയ ഉദാഹരണമാണ് 2003ലെ ഇറാഖ് യുദ്ധം.ഏറ്റവും കൂടുതല്‍ ആളോഹരി വരുമാനമുണ്ടായിരുന്ന രാജ്യങ്ങളിലൊന്നായിരുന്നു ഇറാഖ്. യുദ്ധം കഴിഞ്ഞതോടെ ഒരു ദിനാറുണ്ടായിരുന്ന പെപ്സിക്ക് മുപ്പത്താറ് ദിനാര്‍ കൊടുക്കണമെന്ന അവസ്ഥവരെയെത്തി. ഇപ്പോഴത്തെ അവിടെനിന്നുള്ള കഥകള്‍ ഞെട്ടിക്കുന്നതാണ്. അബുഅലി ഒരു ഉദാഹരണം മാത്രം.
ഇറാഖുകാരനായ ഇമാദ് ഓത എന്‍െറ സുഹൃത്താണ്. ഞങ്ങളുടെ ഗ്രൂപ്പില്‍പ്പെട്ട ഒരു കമ്പനിയാണ് അല്‍ഹായ് മോട്ടോഴ്സ്. അല്‍ഹായിലെ സമര്‍ഥനായ കാര്‍ മെക്കാനിക് പാലക്കാട്ടുകാരനായ സൂപ്പര്‍വൈസര്‍ രമേശന്‍ പറയും: ‘‘ഏത് കോംപ്ളിക്കേറ്റഡ് കേസാണെങ്കിലും അബുഅലി ശരിയാക്കും.’’ അബുഅലി എന്നാണ് അവന്‍െറ വിളിപ്പേര്. അബുഅലിയെന്നാല്‍ അലിയുടെ ബാപ്പ. ആണ്‍മക്കളുടെ പേരിലറിയപ്പെടുന്നത് അറബികള്‍ക്കിഷ്ടമാണ്. അതുപോലെതന്നെ അച്ഛന്‍െറ പേരിലറിയപ്പെടാന്‍ ചില മക്കള്‍ക്കും. ഉദാഹരണം ഇബ്നു ബത്തൂത്ത, മൊഹദീന്‍ ബിന്‍ ഹിന്ദി. ഇബ്നു ബത്തൂത്തയെന്നാല്‍ ബത്തൂത്തയുടെ മകന്‍. ലോകപ്രശസ്ത സഞ്ചാരിയായിരുന്ന അദ്ദേഹത്തെക്കുറിച്ച് വിശദീകരിക്കേണ്ടതില്ലല്ലോ. മൊഹിദീന്‍ ബിന്‍ ഹിന്ദിയെന്നാല്‍ ഹിന്ദിയുടെ മകന്‍ എന്നര്‍ഥം. അദ്ദേഹം വലിയ ബിസിനസുകാരനാണ്. നേരത്തേ അറബി പൗരത്വം സ്വീകരിച്ച ഒരു ഇന്ത്യക്കാരന്‍െറ വംശപരമ്പര.
അബുഅലിയുടെ സഹോദരന്‍ 2003ലെ ഇറാഖ് യുദ്ധത്തില്‍ കൊല്ലപ്പെടുകയായിരുന്നു. യുദ്ധക്കെടുതികളില്‍ മനംനൊന്ത് സ്വയം വെടിവെച്ചതാണെന്നും പറയപ്പെടുന്നു. സഹോദരന്‍െറ മരണശേഷം അവന്‍ വളരെ ദു$ഖിതനായിരുന്നു. അബുഅലിക്ക് ഭാര്യയും രണ്ടു കുട്ടികളുമുണ്ട്. മൂത്തത് പെണ്ണും താഴെ ആണ്‍കുഞ്ഞും. ഞാനവരെ കാണുന്നത് തണുപ്പുള്ള ഒരു പ്രഭാതത്തിലാണ്. വെള്ളിയാഴ്ച അവധി ദിനം സബീല്‍ പാര്‍ക്കില്‍ ചെലവഴിക്കുകയായിരുന്നു. ഒരു ചുവന്ന പന്തിനുപിറകെ ഓടിവന്ന പതിനാലുകാരിയെ എനിക്കു മനസ്സിലായില്ല. മുടി രണ്ടുവശത്തേക്കു പിന്നി റബര്‍ബാന്‍ഡിട്ടിരിക്കുന്നു. നീല ജീന്‍സും കറുത്ത ഷര്‍ട്ടും വേഷം. മരങ്ങള്‍ക്കിടയിലൂടെ ഒളിച്ചുനോക്കിയ പുലരിവെട്ടത്തില്‍ അവളുടെ മുഖം നന്നായി തിളങ്ങി.
‘‘സായിന്‍, 1ഹാദാ ബിന്‍ത് മല്‍ അന’’, അബുഅലി മകളെ പരിചയപ്പെടുത്തി. ഞാനവളുടെ നനുത്ത കവിളില്‍ ഒന്നു നുള്ളി. അവളുടെ അമ്മ 2അബായയാണ് ധരിച്ചിരിക്കുന്നത്. ശിരോവസ്ത്രം ധരിച്ചിട്ടുണ്ടെങ്കിലും മുഖം മറച്ചിട്ടില്ല. അബായക്കുള്ളില്‍ ധരിച്ചിരിക്കുന്ന നീല ജീന്‍സും പിങ്ക് നിറത്തിലുള്ള ഷര്‍ട്ടും ഭാഗികമായി കാണാം. മേലങ്കിയുടെ മധ്യഭാഗത്തുള്ള ഏതാനും ബട്ടണുകള്‍ മാത്രമേ അവര്‍ ധരിച്ചിരുന്നുള്ളൂ.
‘‘വിസിറ്റില്‍ വന്നതാണ്. രണ്ടുമാസംകൊണ്ട് പോകും’’, അബുഅലി കുടുംബത്തെ പരിചയപ്പെടുത്തിയശേഷം പറഞ്ഞു.
‘‘ആക്ച്വലി ഐയാം നോട്ട് ഇന്‍ററസ്റ്റഡ് ടു റിട്ടേണ്‍ ബഗ്ദാദ്.’’ ബഗ്ദാദിലേക്ക് തിരിച്ചുപോകാന്‍ തീരെ താല്‍പര്യമില്ലെന്നാണ് സമീറ പറയുന്നത്. അവള്‍ നന്നായി ഇംഗ്ളീഷ് സംസാരിക്കുന്നുണ്ട്. അബുഅലിയാകട്ടെ ഇംഗ്ളീഷ് ഏതാണ്ടൊക്കെ പറഞ്ഞൊപ്പിക്കുമെന്നു മാത്രം. ഇടക്കിടെ അറബി കയറിവരും.
ആറു ലക്ഷത്തിലധികം മനുഷ്യരെ കൊന്നൊടുക്കിയ ഇറാഖ് യുദ്ധത്തിനുശേഷം രാജ്യം വളരെ മാറിപ്പോയിരുന്നു. ആറു ലക്ഷമെന്നത് ദ ലാന്‍സറ്റ് എന്ന (The Landcet) സയന്‍റിഫിക് മെഡിക്കല്‍ ജേണലിന്‍െറ കണക്കാണ്. ഔദ്യാഗിക കണക്കുകളും മീഡിയകളുടെ കണക്കുകളും ഇതില്‍ താഴെയാണ്.
യുദ്ധത്തിലൂടെ ഒരു രാജ്യത്തെ എങ്ങനെ തകര്‍ക്കാമെന്നതിന്‍െറ ഏറ്റവും വലിയ ഉദാഹരണമാണ് 2003ലെ ഇറാഖ് യുദ്ധം. യുദ്ധവെറിയന്മാരായ ചില അമേരിക്കന്‍ ഭരണാധികാരികള്‍ പക്ഷേ, ലോകം മുഴുവന്‍ നേരിടേണ്ടിവന്ന സാമ്പത്തിക യുദ്ധത്തെക്കുറിച്ച് അറിയാതെപോയി. അല്ലെങ്കില്‍ മന$പൂര്‍വം അജ്ഞത നടിച്ചു. ഏറ്റവും കൂടുതല്‍ ആളോഹരി വരുമാനമുണ്ടായിരുന്ന(percapita income) രാജ്യങ്ങളില്‍ മുന്‍പന്തിയിലായിരുന്നു ഇറാഖ്. മികച്ച മൂല്യമുള്ള നാണയമായിരുന്നു ഇറാഖ് ദിനാര്‍. യുദ്ധം കഴിഞ്ഞതോടെ ഒരു ദിനാറുണ്ടായിരുന്ന പെപ്സിക്ക് മുപ്പത്താറ് ദിനാര്‍ കൊടുക്കണമെന്ന അവസ്ഥവരെയെത്തി. ഇപ്പോഴത്തെ അവിടെനിന്നുള്ള കഥകള്‍ ഞെട്ടിക്കുന്നതാണ്. യൂഫ്രട്ടീസ്, ടൈഗ്രീസ് നദികളെക്കുറിച്ചൊക്കെ വാതോരാതെ സംസാരിക്കുന്ന അബുഅലിയെ ഒടുവില്‍ കാണുമ്പോള്‍ നെഞ്ചുതകരുന്ന അവസ്ഥയായിരുന്നു. ഇറാഖ്യുദ്ധം മറ്റേതൊരു യുദ്ധത്തെയുംപോലെ അല്ലെങ്കില്‍ അതിനെക്കാളുപരി ബുദ്ധിശൂന്യമായ ഒരേര്‍പ്പാടായിരുന്നുവെന്ന് ലോകം ഏറെ വൈകിയാണ് തിരിച്ചറിഞ്ഞത്. 2001ല്‍ അധികാരത്തിലേറിയ ജോര്‍ജ് ബുഷ് അദ്ദേഹത്തിന്‍െറ എട്ടു വര്‍ഷ ഭരണകാലംകൊണ്ട് ലോകത്തിന് വലിയ സാമ്പത്തിക പ്രതിസന്ധിയാണുണ്ടാക്കിയത്. ലീമാന്‍പോലുള്ള ബാങ്കുകള്‍ പൊളിഞ്ഞതോടെ അമേരിക്ക സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്താന്‍ തുടങ്ങുകയായിരുന്നു. ഡോളറിലുള്ള വിനിമയം ഒന്നുകൊണ്ടുമാത്രമാണ് അമേരിക്ക പ്രതിസന്ധി (ഏറക്കുറെ) തരണം ചെയ്തത്. ഡോളര്‍ ഉപയോഗിക്കുന്ന അന്താരാഷ്ട്ര ഇടപെടലുകള്‍ക്ക് ഏതു രാജ്യവും തങ്ങളുടെ ഒരു വിഹിതം അമേരിക്കയെ കരകയറ്റാന്‍ അറിഞ്ഞുകൊണ്ടല്ലാതെതന്നെ വിനിയോഗിക്കണമെന്ന ഒരവസ്ഥയുണ്ടായി. അതിന്‍െറ മറ്റൊരു അവസ്ഥയാണ് നമ്മള്‍ ഇന്ന് ഇന്ത്യയില്‍ അനുഭവിക്കുന്ന സാമ്പത്തിക പ്രതിസന്ധി. കഥാപാത്രം ജോര്‍ജ്ബുഷല്ല. രാജ, യെദിയൂരപ്പ തുടങ്ങിയ കഥാപാത്രങ്ങള്‍. ഇങ്ങനെ ഒരുപാടുപോര്‍ ഉണ്ടാക്കിവെക്കുന്ന ബാധ്യതകള്‍ നികുതി വര്‍ധനയിലൂടെ പിഴിഞ്ഞെടുത്ത് പരിഹരിക്കാനല്ലാതെ സര്‍ക്കാറിനു മറ്റെന്തുകഴിയും?
ഗള്‍ഫ്പോലുള്ള വിദേശരാജ്യങ്ങളില്‍നിന്നുള്ള വരുമാനം ആശ്രയിച്ച് ഇഷ്ടംപോലെ നികുതി പിരിച്ചെടുത്ത് ഭരണം സുഗമമായി മുന്നോട്ടുകൊണ്ടുപോകാമെന്ന് ഭരണാധികാരികള്‍ കരുതുന്നുണ്ടെങ്കില്‍ മൗഢ്യമാണ്. കാര്‍ഷിക പുരോഗതിയും വ്യവസായ പുരോഗതിയും കൈവരിച്ച് സ്വയം പര്യാപ്തത നേടാന്‍ ഭരണാധികാരികള്‍ ഒരുപാട് യത്നിക്കേണ്ടിയിരിക്കുന്നു.
അബുഅലിയെ ഞാന്‍ ഒടുവില്‍ കണ്ടുമുട്ടിയത് 2013 ഫെബ്രുവരിയിലാണ്. ദേരയിലെ അല്‍ഹായ് മോട്ടോഴ്സില്‍വെച്ചുതന്നെ. ബി.എം.ഡബ്ള്യു, ബെന്‍റലെ റോള്‍സ് റോയ്സ് തുടങ്ങിയ വിലകൂടിയ, ഉപയോഗിച്ച വാഹനങ്ങള്‍ നിര്‍ത്തിയിട്ട വലിയ ഷോറൂം. അതിനിടയിലൂടെ സ്പാനറും പിടിച്ച് മഞ്ഞ യൂനിഫോം ധരിച്ച അബുഅലി. മുഖത്ത് തീരെ പ്രസാദമില്ല. ‘‘അവനെക്കൊണ്ട് ഇനിയൊന്നിനും പറ്റില്ല സാര്‍.’’ നീല യൂനിഫോം ധരിച്ച കുട്ടി (പത്മനാഭന്‍ കുട്ടി) എന്നോട് പറഞ്ഞു.
‘‘അവന്‍െറ വീട്ടില്‍ (ബഗ്ദാദില്‍) അതിക്രമിച്ചു കയറിയ ചെറുപ്പക്കാര്‍ ഭാര്യയെയും കുഞ്ഞുങ്ങളെയും വീട്ടിനുള്ളില്‍ ബന്ദികളാക്കി. എതിര്‍ക്കാന്‍ ശ്രമിച്ച ഭാര്യയുടെ ചേട്ടത്തിയുടെ ഇടതുതോളിന് അക്രമികള്‍ വെടിവെച്ചു. അവന്‍െറ അമ്മായിയമ്മ വീട്ടിലുണ്ടായിരുന്ന മുഴുവന്‍ ആഭരണങ്ങളും പണവും നല്‍കിയശേഷം മാത്രമാണ് വിട്ടയച്ചത്.’’
ഞാന്‍ അബുഅലിയുടെ അടുത്തേക്ക് ചെന്നു. സ്പാനര്‍ അടക്കം അവന്‍ എന്‍െറ രണ്ടു കൈകളും കൂട്ടിപ്പിടിച്ചു. അവന്‍െറ നെഞ്ചോടു ചേര്‍ത്തുപിടിച്ച എന്‍െറ കൈകളില്‍ ചൂടുള്ള കണ്ണുനീരിറ്റുവീണു. അബുഅലിക്കെന്നോടൊന്നും പറയാന്‍ കഴിഞ്ഞില്ല; എനിക്കവനോടും...
ഞാനവന്‍െറ പുറത്തു പതിയെ തട്ടി.
സമീറയുടെ വാക്കുകള്‍ പ്രതിധ്വനിക്കുന്നു:
‘‘ബഗ്ദാദ് ഇപ്പോള്‍ പഴയ ബഗ്ദാദല്ല.’’ ശരിയാണ് സമീറാ. പഴയ ബാബിലോണ്‍ പുരാതന ഏഴു ലോകാദ്ഭുതങ്ങളില്‍ ഒന്നായ നെബുകദ് നാസര്‍ നിര്‍മിച്ച തൂങ്ങിക്കിടക്കുന്ന ഉദ്യാനവുമെല്ലാം ചരിത്രത്തില്‍ നിലനിര്‍ത്താന്‍തന്നെ വലിയ പാടാണ്.
l
1. ഇത് എന്‍െറ മകളാണ്.
2.അബായ-മേലങ്കിപോലെ അറബി സ്ത്രീകള്‍ ധരിക്കുന്ന വസ്ത്രം.
Visit Madhyamam Weekly www.madhyamamweekly.com

No comments:

യാത്ര വാസിത് തണ്ണീർത്തടം സഞ്ചാരികളെ മാടി വിളിക്കുന്നു പുന്നയൂർക്കുളം സെയ്‌നുദ്ദീൻ MATHRUBHUMI 20.12.19 വടക്കൻ ഷാർജയുടെ പ്രാന്ത പ്ര...