Saturday, September 11, 2013
Story Dated: September 11, 2013 at 9:39 pm IST
റോഡിലെ കൂട്ടക്കുരുതികള്‍ക്ക് ആരാണ് ഉത്തരവാദി
പുന്നയൂർക്കുളം സെയ് നുദ്ദീൻ
യാതൊരു അടിസ്ഥാന യോഗ്യതയുമില്ലാത്തവരാണ് ഭൂരിഭാഗം ഡ്രൈവര്‍മാരും. സ്വകാര്യ ബസ് ഡ്രൈവര്‍മാരാണ് അപകടമുണ്ടാക്കുന്നതില്‍ കൂടുതലും. അവരില്‍ പലരും റോഡരികിലെ ട്രാഫിക് ബോര്‍ഡ് പോലും വായിച്ചെടുക്കാന്‍ കഴിയാത്തവരാണ്.
സര്‍വീസ് വാഹനങ്ങളിലെ (ടാക്സി, കാര്‍, ബസ്, ലോറി മുതലായ വാഹനങ്ങള്‍) ഡ്രൈവര്‍മാര്‍ക്ക് അടിസ്ഥാന യോഗ്യത നിശ്ചയിക്കേണ്ടതാണ്. വാഹനം ഓടിക്കാന്‍ പരിശീലിച്ച് പുറത്തിറങ്ങുന്ന ഡ്രൈവര്‍മാര്‍ക്ക് വാഹനങ്ങളെ കുറിച്ചുള്ള അടിസ്ഥാന വിവരങ്ങള്‍ പഠിപ്പിക്കേണ്ടതാണ്. വാഹനങ്ങള്‍ എടുക്കുന്നതിനു മുന്‍പേ ടയര്‍ കണ്ടീഷന്‍ പരിശോധിക്കുക, റേഡിയേറ്ററിനകത്ത് കൂളന്റ് ഉണ്ടോ, എഞ്ചിനകത്ത് ആവശ്യത്തിനുള്ള ഓയില്‍ ഉണ്ടോ, ബ്രേക്ക് കണ്ടിഷനാണോ എന്നിത്യാദി പ്രാഥമിക പരിശോധനകള്‍ എത്ര ഡ്രൈവര്‍മാര്‍ നിര്‍വഹിക്കുന്നുണ്ട്? മിക്കവാറും ഡ്രൈവര്‍മാര്‍ മദ്യപാനികളും ദുസ്വഭാവക്കാരുമാണ്. പലര്‍ക്കും വിശ്രമമില്ലാതെ വണ്ടിയോടിക്കേണ്ടി വരികയും തന്മൂലം ഡ്രൈവിങ്ങിനിടെ ഉറങ്ങുകയും ചെയ്യുന്നു. വാഹനങ്ങളുടെ മത്സരയോട്ടവും മോശം വാഹനങ്ങളും റോഡിന്റെ ശോചനീയാവസ്ഥയും അപകടങ്ങള്‍ക്കുള്ള മറ്റു പ്രധാന കാരണങ്ങളാണ്.
കുന്നംകുളത്ത് നിന്ന് തൃശൂരിലേക്കുള്ള ഹൈവേയിലൂടെ ഒരു പ്രഭാതത്തില്‍ ഈയുള്ളവന് ബൈക്ക് ഓടിക്കുകയായിരുന്നു. അല്പം മുന്നിലായി ഒരു സുഹൃത്തും മറ്റൊരു ബൈക്കിലുണ്ട്. ഏകദേശം ഒരു വര്‍ഷമെങ്കിലും ആയിക്കാണും ഞാന്‍ നാട്ടിലെ നിരത്തിലൂടെ വണ്ടിയോടിച്ചിട്ട്. ദുബൈയിലെ നിരത്തിലൂടെ ഒരു കെട്ടുവള്ളത്തില്‍ യാത്ര ചെയ്യുന്നതു പോലുള്ള സുഖലോലുപതയൊക്കെ ഓര്‍മയില്‍ ഉണ്ടെങ്കിലും ഇടയ്കിടെ ചാടുന്ന കുഴികള്‍ എന്റെ നടുവൊടിച്ചു കൊണ്ടിരുന്നു. ഒപ്പം വാഹനത്തിന്റെ നിയന്ത്രണം അവതാളത്തിലാകുകയും. പെട്ടന്നാണ് ഞാന്‍ മരണത്തെ മുന്നില്‍ കണ്ടത്. മുരട്ടു കാളയെ പോലെ മുക്രയിട്ടു കൊണ്ട് ഒരു വലിയ ബസ് എനിക്ക് നേരെ കുതിച്ചു വരുന്നു. എന്തൊരതിശയം! ഞാന്‍ ഡ്രൈവ് ചെയ്തു കൊണ്ടിരിക്കുന്നത് എന്റെ ട്രാക്കിലൂടെ തന്നെയല്ലേ? കൂടുതല്‍ ചിന്തിക്കാന്‍ നേരമുണ്ടായില്ല, അപ്പോഴേക്ക് എന്റെ ബൈക്ക് വഴിയോരത്തെ ഇളനീര് കച്ചവടക്കാരന്റെ സ്റ്റാളിലേക്ക് കയറിയിരുന്നു. അവിടെയുണ്ടായിരുന്ന ചുരിദാര്‍ ധരിച്ച യുവതിയും ചെറുപ്പക്കാരനും ഇളനീര് താഴെയിട്ടു കൊണ്ട് ഓടി. ഒരു വിധം ബ്രേക്ക് ചെയ്ത് നിറുത്തിയെകിലും തറയില്‍ ഉരഞ്ഞ് എന്റെ ഇടതു കാലിനു കാര്യമായ പരുക്ക് പറ്റിയിരുന്നു. ഇതിനിടെ സുഹൃത്ത് എന്നെ കാണാതെ തിരികെ എത്തിയിരുന്നു. പുള്ളിക്ക് നേരെയും ഒരു ‘കൊലപാതക ശ്രമം നടന്നതായി’ അയാള്പറഞ്ഞു.
‘ഭാഗ്യത്തിന് കാര്യമായി ഒന്നും പറ്റിയില്ല.’ ഇളനീര് കടക്കരാന്‍ പറഞ്ഞു.
‘നിങ്ങള്‍ കണ്ടിരുന്നോ ഞാന്‍ എന്റെ ട്രാക്കിലൂടെയല്ലേ വണ്ടിയോടിച്ചു കൊണ്ടിരുന്നത്?’
‘കണ്ടിരുന്നു. റോഡ് വണ്‍വേ ആയിട്ടൊന്നും കാര്യമില്ല സര്. മുന്നില്‍ എത്ര വണ്ടിയുണ്ടോ അതിനെയൊക്കെ ഓവര്‍ടേക്ക് ചെയ്ത് അവന്മാര് വരും. കാലന്മാര് പോത്തിന് പകരം ബസിലാണ് വരുന്നതെന്ന് മാത്രം. ട്രാക്കൊന്നും അവര്‍ക്ക് പ്രശ്നമല്ല. പിന്നെ ഇവരൊക്കെ ട്രാഫിക് ഉദ്യോഗസ്ഥന്മാരുമായി നല്ല ടേമിലാ…’ അതും പറഞ്ഞു അയാള്‍ ഉറക്കെ ചിരിച്ചു. അപ്പോള്‍ എതിര് ട്രാക്കിലൂടെ വന്ന കാവി ചായം തേച്ച ഒരു തമിഴ് നാടന്‍ ലോറി അയാളുടെ കട തകര്‍ക്കാന്‍ വന്നു. കടയില്‍ തൂക്കിയിട്ടിരുന്ന കളിപ്പാട്ടങ്ങള്‍ ചാഞ്ചാടുകയും ബലൂണുകള്‍ നൂല് പൊട്ടി പറക്കുകയും ചെയ്തു. ‘എന്താണിത് ചേട്ടാ?’ ഞാന്‍ വിറയാര്‍ന്ന സ്വരത്തില്‍ ചോദിച്ചു. ‘നിങ്ങള്‍ക്കിതെല്ലാം പുത്തരി, ഞാനിതെല്ലാം എത്ര കണ്ടതാ.’ അയാള്‍ വെറ്റിലക്കറ പിടിച്ച പല്ലുകള്‍ കാട്ടി ചിരിച്ചു. തിളക്കം കുറഞ്ഞു പോയ ആ കണ്ണുകളില്‍ ആര്‍ദ്രതയുടെയും നിരാശയുടെയും നിഴല്‍ കാണാമായിരുന്നു.
‘നിങ്ങക്കറിയാവോ? എന്റെ കണ്മുന്നില് കിടന്നാ ആ ബാലന് മരിച്ചത്. 12 വയസ്സ് കാണും. അച്ഛനും അമ്മയും നോക്കി നില്‍ക്കെ. അമിത വേഗതയില്‍ വന്ന ഒരു ബസ്. അന്‍പതും അറുപതും സ്പീഡാണെന്നൊക്കെ അവര്‍ പറയും 120- 130ലുമൊക്കെയല്ലേ ഈ ഗതി പിടിക്കാത്ത റോഡില്‍ വണ്ടിയോടിക്കുന്നത്.’
ഡ്രൈവര്‍ കഴിഞ്ഞാല്‍ ഉത്തരവാദിത്തം വാഹന ഉടമകള്‍ക്കാണ്. അവരാണ് കമ്മിഷന് കൊടുത്തും വാഗ്ദാനങ്ങള്‍ നല്‍കിയുമൊക്കെ ഡ്രൈവര്‍മാരെ മരണ പാച്ചിലിനു പ്രേരിപ്പിക്കുന്നത്. ബസില്‍ കയറിയെത്തുന്ന ഇത്തരം ‘കാലമാടന്മാര്ക്ക്’ (ഡ്രൈവര്‍മാര്‍ക്ക്) ഒത്താശ ചെയ്തു കൊടുക്കുന്നത് ട്രാഫിക് പൊലിസുകാരാണെന്നാണ് ജന സംസാരം. അവര്‍ പരിശോധന പൂര്‍ത്തിയാക്കുന്നത് കൈയിലേക്ക് തിരുകുന്ന കറന്‍സിയിലൂടെയാണ്. ട്രാഫിക് പോലീസുകാരെ വേണ്ടവിധം പരിശീലിപ്പിക്കേണ്ടതുണ്ട്. അവരെ നിരീക്ഷിക്കുകയും വേണം. മോശമായ വാഹനങ്ങള്‍ നിരത്തില്‍ കണ്ടാല്‍ വാഹനമുടമയ്ക്കും ഡ്രൈവര്‍ക്കും കനത്ത പിഴ നല്‍കണം.ഡ്രൈവര്‍ക്ക് ലൈസന്‍സില്‍ ബ്ലാക്ക് പോയിന്റ് നല്‍കുകയും ആവര്‍ത്തിക്കുമ്പോള്‍ ലൈസന്‍സ് റദ്ദാക്കുകയും വേണം. മദ്യപിച്ച് വാഹനമോടിക്കുന്നവര്‍ക്കെതിരെയുള്ള നടപടികള്‍ ശക്തമാക്കണം. ഉടമസ്ഥന് പിഴ നല്‍കുന്നതോടൊപ്പം വേണ്ടി വന്നാല്‍ വാഹനം കണ്ടുകെട്ടുകയും വേണം. ഇങ്ങനെ പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ മണല്‍ മാഫിയയുടെ പിടിച്ചെടുത്ത വാഹനങ്ങള്‍ വര്‍ഷങ്ങളോളം ഇട്ടു നശിപ്പിക്കുന്നത് പോലെ ചെയ്യാതെ ദ്രുതഗതിയില്‍ കേസ് തീര്‍പ്പാക്കി ഉടമസ്ഥന് വിട്ടുകൊടുക്കുകയോ അതിനു കഴിയാത്തതാണെങ്കില്‍ ലേലത്തില്‍ വില്ക്കുകയോ ചെയ്യാവുന്നതാണ്. സര്‍ക്കാരിലേക്ക് പിഴ ചുമത്തുന്നതിനു പകരം സ്വന്തം പോക്കറ്റിലേക്ക് ‘പിഴ’ ഈടാക്കുന്നവരെ നിരീക്ഷിച്ചു ശിക്ഷിക്കേണ്ടതാണ്. നിലവിലുള്ള നിയമങ്ങള്‍ പോരെങ്കില്‍ കൂടുതല്‍ ഫലപ്രദമായ നിയമങ്ങള്‍ ഉണ്ടാക്കുകയും ഫലപ്രദമായി നടപ്പാക്കുകയും വേണം.
അഴിമതി നടത്താനും സ്വന്തം പോക്കറ്റ് വീര്‍പ്പിക്കാനും നടക്കുന്ന മന്ത്രിമാരും എം എല്‍ എമാരുമാണ് നമ്മുടെ ശാപം. അതുപോലെ തന്നെ ശാപമാണ് ആവശ്യത്തിനും അനാവശ്യത്തിനും ആളുകളെ കൂലി കൊടുത്തും പ്രലോഭിപ്പിച്ചും തെരുവിലിറക്കി തെരുവ് യുദ്ധം സംഘടിപ്പിക്കുന്ന പ്രതിപക്ഷത്തിന്റെ രീതിയും. ഇത് പുരോഗതിയെ തടസ്സപ്പെടുത്തുമെന്ന കാര്യത്തില്‍ ഒരു സംശയുവുമില്ല. സമരങ്ങള്‍ നിലവിലുള്ള സര്‍ക്കാരിനെ മറിച്ചിടാന്‍ വേണ്ടിയാകുമ്പോള്‍ തീര്‍ച്ചയായും അത് പ്രശ്നാധിഷ്ഠതമാകും. ഇത് ഒരു പ്രത്യേക പാര്‍ട്ടിയെ ഉദ്ദേശിച്ചല്ല പറയുന്നത്. എതു പാര്‍ട്ടി പ്രതിപക്ഷത്തിരുന്നാലും സംഭവിക്കുന്നത് തഥൈവ.
ഈയിടെ ഒരു സിനിമാ നടന് ചാനലുകാരെ വിളിച്ചു വരുത്തി റോഡു നന്നാക്കി മാതൃക കാണിച്ചു. ചിലപ്പോള്‍ പബ്ലിസിറ്റിക്കു വേണ്ടിയാകാം, എന്തായാലും ചെയ്ത കാര്യം നല്ലതാണല്ലോ? നമ്മുടെ പല റോഡുകളും പഴയ കാലത്തെ നടപ്പാതകള്‍ റോഡാക്കി മാറ്റിയെടുത്തതാണെന്ന ഒരു വിരോധാഭാസവും പലയിടങ്ങളിലും നിലനില്‍ക്കുന്നുണ്ട്. ആസൂത്രണത്തിന്റെ കുറവ് അതില്‍ വ്യക്തമാണ്. സമയാ സമയങ്ങളില്‍ അറ്റകുറ്റ പണികള്‍ നടത്താത്തതാണ് ഏറെ പ്രശ്നം സൃഷ്ടിക്കുന്നത്. പാതയോരങ്ങളില്‍ വേണ്ടത്ര മുന്നറിയിപ്പ് ബോര്‍ഡുകളും കാണില്ല. പലപ്പോഴും വലിയ ഹമ്പുകളില്‍ തട്ടി തെറിച്ചു വീഴുമ്പോഴാണ് ബൈക്ക് യാത്രക്കാരന് ഹമ്പിനെക്കുറിച്ചറിയുന്നത്. പിന്നെ റോഡിലെ മരണക്കുഴികളും.
സര്‍ക്കാരും പ്രതിപക്ഷവും ഈ കാര്യത്തില്‍ കൂട്ടായി ഉചിതമായ തീരുമാനങ്ങള്‍ എടുക്കണം. സര്‍ക്കാര്‍, നിയമങ്ങള്‍ നടപ്പാക്കണം. റോഡിലെ ഒരു കൂട്ടക്കുരുതി കഴിയുമ്പോള്‍ അത് മറക്കുകയും പിന്നീടു മറ്റൊന്ന് ഉണ്ടാകുമ്പോള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കുകയും ചെയ്യുന്നതില്‍ കാര്യമില്ല.
പുന്നയൂര്‍ക്കുളം സെയ്നുദ്ദീന്‍
http://varthamanam.com/?p=31335 www.varthamanam.com